This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഷ

1. ഒരു പുരാണ കഥാപാത്രം. അസുര ചക്രവർത്തിയായ ബാണന്റെ പുത്രിയും മഹാബലിയുടെ പൗത്രിയുമാണ്‌ ഉഷ. ഒരു വൈശാഖശുക്ലദ്വാദശി ദിവസം രാത്രിയിൽ ശ്രീകൃഷ്‌ണന്റെ പൗത്രനും പ്രദ്യുമ്‌നന്റെ പുത്രനുമായ അനിരുദ്ധനെ ഉഷ സ്വപ്‌നത്തിൽ കാണാനിടയായി. (പാർവതീപരമേശ്വരന്മാരുടെ സംയോഗരംഗം ഒരിക്കൽ ഒളിച്ചുനിന്നു കാണാനിടയായ ഉഷയ്‌ക്ക്‌ പാർവതിയുടെ അനുഗ്രഹത്തോടുകൂടിയാണ്‌ അനിരുദ്ധനെ സ്വപ്‌നംകാണാനിടയായതെന്ന്‌ ഭാഗവതം ദശമസ്‌കന്ധത്തിൽ 61-63 അധ്യായങ്ങളിൽ പരാമർശമുണ്ട്‌.) സ്വപ്‌നദൃഷ്‌ടനായ ആ യുവാവിൽ അവള്‍ അനുരക്തയായി. പക്ഷേ ആരാണ്‌ തന്റെ ഹൃദയദയിതനായ ആ യുവാവെന്നു കണ്ടുപിടിക്കുവാന്‍ അവള്‍ക്ക്‌ ഇഷ്‌ടതോഴിയായ ചിത്രലേഖയുടെ സഹായം തേടേണ്ടിവന്നു എന്നാണ്‌ കഥ. ചിത്രലേഖ എല്ലാലോകത്തിലുമുള്ള രാജകുമാരന്മാരെയും ചിത്രത്തിലെഴുതി കാണിച്ചുകൊടുത്തു. അവരിൽ അനിരുദ്ധന്റെ ചിത്രം കണ്ടപ്പോള്‍ ഉഷയ്‌ക്കു തിരിച്ചറിയുവാന്‍ സാധിച്ചു. സ്വപ്‌നദൃഷ്‌ടനായ യുവാവ്‌ അനിരുദ്ധനാണെന്നു തീരുമാനമായപ്പോള്‍ ചിത്രലേഖ തന്റെ മന്ത്രസിദ്ധികൊണ്ട്‌ ഉറങ്ങുന്ന അനിരുദ്ധനെ ദ്വാരകയിൽനിന്ന്‌ ആരുമറിയാതെ ഉഷാഗൃഹത്തിലെത്തിച്ചുകൊടുത്തു. അനിരുദ്ധനും ഉഷയും പരസ്‌പരപ്രണയബദ്ധരായി. കൊട്ടാരത്തിൽ രഹസ്യമായി കഴിഞ്ഞുകൂടവേ ഒരിക്കൽ ആ വിവരം ബാണാസുരന്റെ അറിവിൽപ്പെട്ടു. അദ്ദേഹം ഉടന്‍തന്നെ അസുരശത്രുവായ ശ്രീകൃഷ്‌ണന്റെ പൗത്രനായ അനിരുദ്ധനെ ബന്ധനസ്ഥനാക്കി. പ്രസ്‌തുതവാർത്ത അറിഞ്ഞ കൃഷ്‌ണന്‍ ബലരാമപ്രഭൃതികളോടുകൂടി സൈന്യസമേതം എത്തി ബാണാസുരനെ യുദ്ധത്തിൽ പരാജയപ്പെടുത്തി. ശിവഭക്തനായ ബാണാസുരനെ ഗോപുരദ്വാരത്തിൽ കാവൽനിന്നു രക്ഷിക്കുവാന്‍ ശിവന്‍തന്നെ തയ്യാറായിട്ടുണ്ടായിരുന്നു; എങ്കിലും യുദ്ധത്തിൽ ബാണാസുരന്‍ തോല്‌ക്കുകയാണുണ്ടായത്‌. ശ്രീകൃഷ്‌ണന്‍ അനിരുദ്ധനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ച്‌ ഉഷയെയും സ്വീകരിച്ച്‌ ദ്വാരകയിലേക്കു മടങ്ങി.

പുരാണപ്രതിപാദിതങ്ങളായ അനേകം പ്രമകഥകളിൽ ആവേശം പകരുന്നതും രസഭൂയിഷ്‌ഠവുമായ ഒന്നാണ്‌ ഉഷാനിരുദ്ധകഥ. ഉഷാനിരുദ്ധകഥ വിവിധ സാഹിത്യപ്രസ്ഥാനങ്ങളിൽ നിരവധി കലാസൃഷ്‌ടികള്‍ നടത്താന്‍ കവികള്‍ക്കും സാഹിത്യകാരന്മാർക്കും ആദികാലം മുതൽ പ്രചോദനം നൽകിയിട്ടുണ്ട്‌. കേരളത്തിൽ ഈ പുരാണകഥയെ ഉപജീവിച്ച്‌ സംസ്‌കൃതത്തിലും മലയാളത്തിലും പല സാഹിത്യസൃഷ്‌ടികളും ഉണ്ടായിട്ടുണ്ട്‌. രാമപാണിവാദനിൽ കർത്തൃത്വം ആരോപിതമായിട്ടുള്ള ഉഷാകല്യാണം എന്ന ഒരു ഭാഷാചമ്പുവിന്‌ പുറമേ ഒരു കൈകൊട്ടിക്കളിപ്പാട്ടും ഈ പുരാണേതിവൃത്തത്തെ ആസ്‌പദമാക്കി രചിച്ചിട്ടുണ്ട്‌. നീലഞ്ചേരി ശങ്കരന്‍നായരും കുട്ടമത്ത്‌ കുഞ്ഞമ്പുക്കുറുപ്പും ഉഷാനിരുദ്ധം ഭാഷാനാടകങ്ങള്‍ എഴുതിയിട്ടുണ്ട്‌. കവിയൂർ വെങ്കിടാചലമയ്യർ ഉഷാകല്യാണമെന്ന സംഗീതനാടകമെഴുതി. നീലകണ്‌ഠദീക്ഷിതരുടെ വംശജനായ വെങ്കിടേശ്വരദീക്ഷിതർ സംസ്‌കൃതത്തിൽ ഈ ഇതിവൃത്തത്തെ ഉപജീവിച്ചെഴുതിയ നാടകത്തിന്റെ പേര്‌ ഉഷാഹരണമെന്നാണ്‌. ആമ്പല്ലൂർ ഇളയിടത്ത്‌ ഭട്ടതിരിയും ഉഷാപരിണയം എന്ന പേരിൽ ഒരു ചമ്പു രചിച്ചിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ബാണയുദ്ധം എന്ന പേരിൽ പ്രകാശിതമായിട്ടുള്ള നിരവധി കൃതികളും ഈ പുരാണ കഥയുടെ അസ്‌തിവാരത്തിൽ പടുത്തിട്ടുള്ള സാഹിത്യസൗധങ്ങളായി പരിലസിക്കുന്നു. അജ്ഞാതകർത്തൃകങ്ങളായ രണ്ടെച്ചമുള്‍പ്പെടെ അഞ്ചിൽ കുറയാതെ ബാണയുദ്ധം ആട്ടക്കഥകള്‍ കിട്ടിയിട്ടുണ്ട്‌; മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്‍, തുപ്പന്‍നമ്പൂതിരി എന്നിവരുടെ ഓരോ കൃതിയും ഈ വിഷയത്തെ ആസ്‌പദമാക്കി ലഭ്യമാണെങ്കിലും സാഹിത്യചരിത്രത്തിലും രംഗവേദിയിലും ഏറ്റവും പ്രചാരം നേടിയിരിക്കുന്നത്‌ പാലക്കാട്ട്‌ ബാലരാമ കവിശാസ്‌ത്രികളുടെ കൃതിയാണ്‌. മഴമംഗലം നമ്പൂതിരിയുടെ ഒരു ചമ്പുവും കൊടുങ്ങല്ലൂർ കൊച്ചുച്ചിത്തമ്പുരാന്റെയും നെയ്‌തല്ലൂർ വീരകേരളവർമത്തമ്പുരാന്റെയും ഓരോ സംസ്‌കൃതകാവ്യവും ബാണയുദ്ധം എന്ന പേരിൽ പ്രസിദ്ധിനേടിയിട്ടുണ്ട്‌. കോട്ടയം കേരളവർമ കിളിപ്പാട്ടായും ഐക്കണത്തുശങ്കുച്ചിക്കൈമള്‍ കൈകൊട്ടിക്കളിപ്പാട്ടായും ബാണയുദ്ധം എഴുതി. ഇവയ്‌ക്കെല്ലാം പുറമെയാണ്‌ കുഞ്ചന്‍നമ്പ്യാരുടെ പ്രസിദ്ധമായ ബാണയുദ്ധം ഓട്ടന്‍തുള്ളൽ. ഈ പേരുകളിലല്ലാതെ ഉഷാനിരുദ്ധകഥയെ ഉപജീവിച്ചെഴുതിയ സാഹിത്യസൃഷ്‌ടികളിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ളത്‌ വള്ളത്തോള്‍ നാരായണമേനോന്റെ ബന്ധനസ്ഥനായ അനിരുദ്ധന്‍ ആണ്‌. ഇതിനെ തുടർന്ന്‌ ബന്ധനമുക്തനായ അനിരുദ്ധന്‍ തുടങ്ങിയ പേരുകളിലും ചില കൃതികള്‍ ഉണ്ടാകാതിരുന്നിട്ടില്ല. ശ്രീകൃഷ്‌ണവിജയം, ശ്രീകൃഷ്‌ണവിലാസം മുതലായ കാവ്യങ്ങളിലും ഉഷാനിരുദ്ധകഥയ്‌ക്ക്‌ കവികള്‍ പ്രമുഖമായ സ്ഥാനം നല്‌കിയിട്ടുണ്ട്‌.

2. വിദർഭരാജാവായ സത്യരഥന്‍ ശത്രുക്കളാൽ വധിക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ പട്ടമഹിഷി പ്രസവിച്ച ശിശു വളർന്ന്‌ ഉഷ എന്ന പേരിൽ ഒരു മുനികന്യകയായിത്തീർന്ന കഥ ശിവപുരാണം പരാമർശിക്കുന്നുണ്ട്‌.

3. രാത്രിക്ക്‌ ഉഷ എന്ന അപരനാമമുള്ളതായി വിഷ്‌ണുപുരാണത്തിൽ കാണുന്നു. ക്ഷേത്രങ്ങളിലെ ഉഷഃകാലത്തെ പൂജയ്‌ക്കുള്ള (തിരുവാർപ്പു ക്ഷേത്രത്തിലെ "ഉഷ' പ്രസിദ്ധമാണ്‌) നൈവേദ്യവും "ഉഷ' എന്ന പേരിൽ അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍