This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴുന്ന്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഴുന്ന്‌

ഉഴുന്ന്‌. ഉള്‍ച്ചിത്രം: പൂവും കായും

ലഗുമിനോസേ സസ്യകുടുംബത്തിലെ പാപ്പിലോണേസീ ഉപകുടുംബത്തിൽപ്പെട്ട ഒരു ചെടി. "ബ്ലാക്ക്‌ ഗ്രാം' എന്ന്‌ ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ശാ.നാ.: ഫാസിയോളസ്‌ മുംഗോ (Phaseolus mumgo). ജന്മദേശം ഇന്ത്യയാണെന്ന്‌ കരുതപ്പെടുന്നു. പ്രധാനമായി ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലുമാണ്‌ ഇത്‌ കൃഷിചെയ്‌തുവരുന്നത്‌; ഇന്ത്യയെക്കൂടാതെ പ്രധാനമായും പാകിസ്‌താന്‍, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിലാണ്‌ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്‌. ഉദ്ദേശം മുക്കാൽ മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടിലും ഇലകളിലും തവിട്ടു നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞിരിക്കും. മഞ്ഞനിറത്തിലുള്ള പൂക്കള്‍ "റസീം' എന്നതരം പൂങ്കുലകളായി കാണപ്പെടുന്നു. ഉരുണ്ട കായ്‌കള്‍ക്ക്‌ 6-7 സെ.മീ. നീളമുണ്ടായിരിക്കും. ഒരു കായിൽ എട്ടു മുതൽ പതിനഞ്ചുവരെ വിത്തുകള്‍ കാണാം. വിത്തിന്റെ തൊലിക്കു കറുപ്പുനിറവും പരിപ്പിനു വെള്ളനിറവുമാണ്‌. ഉഴുന്നിന്റെ വിത്തിലകള്‍ക്കു നല്ല വെളുപ്പുനിറമായിരിക്കും. ഇന്ത്യയൊട്ടാകെ പ്രചാരമുള്ള ഈ വിളയുടെ കൃഷി പ്രധാനമായും മധ്യപ്രദേശ്‌, ഉത്തർപ്രദേശ്‌, പഞ്ചാബ്‌, മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍, ആന്ധ്ര, കർണാടകം എന്നീ സംസ്ഥാനങ്ങളിലാണ്‌ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉഴുന്ന്‌ ഉത്‌പാദിക്കുന്നത്‌ ആന്ധ്രപ്രദേശാണ്‌.

ഉഴുന്ന്‌ മേയ്‌-ജൂണ്‍ മാസങ്ങളിൽ കാലവർഷാരംഭത്തോടെയോ അല്ലെങ്കിൽ കാലവർഷം കഴിഞ്ഞ്‌ സെപ്‌തംബർ-ഒക്‌ടോബർ മാസങ്ങളിലോ ആണ്‌ വിതയ്‌ക്കുന്നത്‌. ചില പ്രദേശങ്ങളിൽ ഉഴുന്നും എള്ളും പരിക്രമമായി കൃഷിചെയ്യുന്നതും പതിവാണ്‌. പരുത്തി, ചോളം, മക്കച്ചോളം, മറ്റു ചെറു ധാന്യവിത്തുകള്‍ എന്നിവയോടുചേർത്തു മിശ്രവിളയായും ഉഴുന്ന്‌ കൃഷിചെയ്യുന്നുണ്ട്‌. തെക്കേ ഇന്ത്യയിൽ പല ഭാഗങ്ങളിലും ആദ്യത്തെ വിളയായി നെല്ല്‌ എടുത്തശേഷം, വയലിൽ ശേഷിക്കുന്ന ഈർപ്പം ഉപയോഗപ്പെടുത്തി ഉഴുന്ന്‌ കൃഷിചെയ്യുന്നു. ഉഴുന്ന്‌ ഒരു പച്ചിലവളമായി ഉപയോഗപ്പെടുത്താന്‍ ഈ വിളയിൽനിന്ന്‌ മൂത്തതും മൂക്കാത്തതുമായ കായ്‌കള്‍ പറിച്ചെടുത്തശേഷം ചെടികള്‍ മച്ചിൽ ഉഴുതുചേർക്കുന്നു.

വിത്തിട്ട്‌ ഏഴുമുതൽ പത്തു ദിവസത്തിനകം ഉഴുന്നുചെടികള്‍ മുളച്ചു വളർന്നുയർന്നു കഴിയും. ഏഴാഴ്‌ചയ്‌ക്കകം ഉഴുന്നുചെടികള്‍ പൂക്കാനാരംഭിക്കുന്നു. മൂന്നുമാസത്തിനുള്ളിൽ കായ്‌കള്‍ കൊയ്‌ത്തിനു പാകമാകും. കൊയ്‌ത്തിനു പാകമായ ചെടികള്‍ വേരോടെ പിഴുതെടുത്ത്‌ കളത്തിൽ കൂട്ടിവയ്‌ക്കുന്നു. പിന്നീട്‌ അവ മെതിച്ചെടുക്കുന്നു. തനിവിളയായി കൃഷിചെയ്യുമ്പോള്‍ ഒരു ഹെക്‌ടറിൽനിന്ന്‌ 500-700 കിലോഗ്രാം വിത്തും 1600 കിലോഗ്രാം കാലിത്തീറ്റയും ലഭിക്കുന്നു. വിത്ത്‌ നല്ലപോലെ ഉണക്കി വൃത്തിയാക്കിയശേഷം മണ്‍പാത്രങ്ങളിലോ വയ്‌ക്കോൽ കുട്ടകളിലോ ഇട്ട്‌ മീതെ ഒരു നിര മണലിട്ട്‌ സൂക്ഷിക്കുന്നതായാൽ അതിനെ ഒരു പരിധിവരെ കൃമികീടങ്ങളുടെ ബാധയിൽനിന്നു രക്ഷിക്കാം. വേരുചീയൽ, മൂടുചീയൽ, ഇലപ്പുള്ളിരോഗം, ശലഭാക്രമണം, കൊച്ചിലരോഗം, വൈറസ്‌ രോഗം തുടങ്ങി പല രോഗങ്ങളും ഉഴുന്നുചെടിയെ ബാധിക്കാറുണ്ട്‌.

വളരെയധികം പ്രാട്ടീന്‍ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യസാധനമാണ്‌ ഉഴുന്ന്‌. ഉഴുന്നുവിളയിൽ നിന്നു ലഭിക്കുന്ന സസ്യാവശിഷ്‌ടം കറവപ്പശുക്കള്‍ക്ക്‌ നല്ല തീറ്റയാണ്‌. ഉഴുന്നിലടങ്ങിയിട്ടുള്ള പ്രാട്ടീന്‍ മാംസത്തിലടങ്ങിയിട്ടുള്ള പ്രാട്ടീനിന്‌ ഏതാണ്ട്‌ തുല്യമാണെന്ന്‌ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ബലം, കഫം, ശുക്ലം എന്നിവ വർധിപ്പിക്കുവാന്‍ ഒരു പ്രത്യേകശക്തിതന്നെ ഉഴുന്നിനുണ്ടെന്ന്‌ സുശ്രുതസംഹിതയിൽ പറഞ്ഞിരിക്കുന്നു.

ഉഴുന്നുപരിപ്പിൽ 10.9 ശതമാനം ജലാംശം, 24 ശതമാനം പ്രാട്ടീന്‍, 1.4 ശതമാനം കൊഴുപ്പ്‌, 59.6 ശതമാനം അന്നജം, 0.20 ശതമാനം കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌. ഉഴുന്നിന്റെ ജാതിവ്യത്യാസവും അതു വളർന്ന മച്ചിന്റെ പ്രത്യേകതകളും അതിന്റെ ഗുണത്തെ ബാധിക്കുന്നു. മറ്റു പയറുവർഗങ്ങളിലുള്ളതിന്റെ അഞ്ചോ ആറോ ഇരട്ടി ഫോസ്‌ഫറസ്‌ ഉഴുന്നിലടങ്ങിയിട്ടുണ്ട്‌. തെക്കേ ഇന്ത്യയിൽ ദോശയും ഇഡ്ഡലിയും വടയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ്‌ ഉഴുന്ന്‌ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍