This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഴുത്തിര (കുഞ്ഞന്‍) വാരിയർ, തൃത്താല (1872 - 1943)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഴുത്തിര (കുഞ്ഞന്‍) വാരിയർ, തൃത്താല (1872 - 1943)

കേരളീയകവിയും പണ്ഡിതനും. മലപ്പുറം ജില്ലയിൽ പൊന്നാനിതാലൂക്കിലുള്ള തൃത്താല മങ്കുളങ്ങരവാരിയത്ത്‌ 1872 മേയ്‌ മാസത്തിൽ ജനിച്ച ഉഴുത്തിര (രുദ്ര) വാരിയർ (ഉഴുത്രവാര്യർ എന്നും പേരുണ്ട്‌) ചെറുപ്പം മുതൽ അറിയപ്പെട്ടുവന്നത്‌ കുഞ്ഞന്‍ വാരിയർ എന്ന പേരിലാണ്‌. സംസ്‌കൃതഭാഷയിലും വൈദ്യശാസ്‌ത്രത്തിലും പ്രാവീണ്യം നേടിയ ഇദ്ദേഹം കൊച്ചിരാജകുടുംബത്തിലെ കുട്ടികളെ അധ്യയനം ചെയ്യിക്കുന്നതിനായി തൃപ്പൂണിത്തുറയാണ്‌ പില്‌ക്കാല ജീവിതം നയിച്ചത്‌. അവിടെയും മുന്‍കൊച്ചിരാജ്യത്തിന്റെ വിവിധ ദേശങ്ങളിലുമുള്ള ഏതാനും ഹൈസ്‌കൂളുകളിൽ മുന്‍ഷിയായും ഇദ്ദേഹം സേവനം അനുഷ്‌ഠിക്കുകയുണ്ടായി. ഉദ്യോഗത്തിൽനിന്ന്‌ വിരമിച്ചശേഷം കോഴിക്കോട്ടും ചെറുതുരുത്തിയിലും ആയുർവേദവൈദ്യശാലകള്‍ സ്ഥാപിച്ച്‌ ചികിത്സാവൃത്തി തുടർന്നു. 1943-ൽ അന്തരിച്ചു. സംസ്‌കൃതത്തിൽ ശ്രീരാമവർമവിജയം, ദേവീസ്‌തവമാലിക എന്നീ രണ്ടു പദ്യനിബന്ധങ്ങളും ജനകോപദേശം, ഒരു പ്രാർഥന, ഷഷ്‌ടിപൂർത്തിഗാഥ, ബാലകൃഷ്‌ണ സങ്കീർത്തനം, വിശ്വംഭരവിലാസം, കൊച്ചിക്കുള്ള മെച്ചം, കനകധ്വജോത്സവം (തുള്ളൽ), ജൂബിലിവിജയം, മാനധാതൃശൈലേശ്വരീസ്‌തവം, മുക്തിസ്ഥലവിലാസം, ഉത്തരയാത്ര, ശ്രീരാമഹരി എന്നീ ഭാഷാകാവ്യങ്ങളുമാണ്‌ വാരിയരുടെ സാഹിത്യസംഭാവനകളിൽ പ്രാധാന്യമർഹിക്കുന്നവ. മാനവേദചമ്പു ഇദ്ദേഹം ഭാഷയിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഇവയിലെല്ലാം വാരിയരുടെ ഉഭയകവീശ്വരത്വവും രചനാവൈശദ്യവും തെളിഞ്ഞുകാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍