This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളി

പച്ചക്കറിയായും മസാലവ്യഞ്‌ജനമായും ഉപയോഗിക്കപ്പെടുന്ന വാണിജ്യ പ്രാധാന്യമുള്ള ഒരു വിള, ലിലിയേസീ കുടുംബത്തിൽ പെടുന്നു. ശാ.നാ.: അലിയം സീപ്പ (Allium cepa). ഇംഗ്ലീഷിൽ ഇതിനെ ഒണിയന്‍ (Onion) എന്നു പറയുന്നു. ഇറാന്‍, അഫ്‌ഗാനിസ്‌താന്‍, ബലൂചിസ്‌താന്‍, പലസ്‌തീന്‍ എന്നീ രാജ്യങ്ങളിലാണ്‌ ഉള്ളി ആദ്യമായുണ്ടായത്‌. ഇന്ത്യയിൽ ഉദ്ദേശം 87,000 ഹെക്‌ടർ സ്ഥലത്ത്‌ വയൽവിളയായും തോട്ടവിളയായും ഉള്ളി കൃഷി ചെയ്യപ്പെടുന്നുണ്ട്‌. കൂടാതെ കരിമ്പ്‌, മഞ്ഞള്‍ തുടങ്ങിയവയോടൊപ്പം ഒരു മിശ്രവിളയായും കൃഷിചെയ്യുക സാധാരണമാണ്‌.

A. ഉള്ളി B. നെടുകെ മുറിച്ചത്‌ 1. ശല്‌കപത്രങ്ങള്‍ 2. അഗ്രമുകുളം 3. ശല്‌കകന്ദം 4. കക്ഷ്യമുകുളം C. കുറുകെ മുറിച്ചത്‌

സമുദ്രനിരപ്പിൽനിന്നു 2,000 മീ. വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഉള്ളി സമൃദ്ധമായി ഉണ്ടാവും. ശ.ശ. 30-100 സെ.മീ. മഴ കിട്ടുന്ന പ്രദേശങ്ങളാണ്‌ ഉള്ളിക്കൃഷിക്ക്‌ അനുയോജ്യം. ഈ വിളയ്‌ക്ക്‌ വെള്ളം ധാരാളം വേണ്ടതാണെങ്കിലും അതിവർഷം ഇതിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയാണ്‌ പതിവ്‌. ധാരാളം സൂര്യപ്രകാശം നല്ല വിളവിനു സഹായിക്കും. ഏപ്രിൽ മുതൽ ആഗസ്റ്റുവരെയുള്ള മാസങ്ങളിലാണ്‌ സാധാരണയായി ഉള്ളി കൃഷി ചെയ്യുന്നത്‌. മിക്കവാറും എല്ലായിനം മച്ചിലും കൃഷിചെയ്യാമെങ്കിലും, നല്ല നീർവാർച്ചയുള്ളതും ജൈവാംശം കൂടുതലുള്ളതുമായ മച്ചാണ്‌ ഉള്ളിക്കൃഷിക്ക്‌ ഉത്തമം. ക്ഷാരമച്ചും താഴ്‌ന്ന ചതുപ്പുപ്രദേശങ്ങളും ഇതിന്‌ ഒട്ടും യോജിച്ചവയല്ല.

ഒരു ഓഷധിയാണ്‌ ഉള്ളി. ഒന്നിനുമീതെ ഒന്നായി അടുക്കിയിരിക്കുന്ന വീർത്ത പർണാധരങ്ങളാണ്‌ "ഉള്ളിക്കുട'മായി രൂപാന്തരപ്പെടുന്നത്‌. ഇതിന്റെ പരന്ന്‌ ഡിസ്‌ക്‌പോലെയുള്ള ചെറുതണ്ടിൽനിന്ന്‌ പർണാധരങ്ങള്‍ മുകളിലേക്കും, നേർത്ത നാരുവേരുകള്‍ അടിയിലേക്കും പുറപ്പെടുന്നു. സിലിണ്ടർ രൂപത്തിലുള്ള ഇലകള്‍ നേർത്തു നീണ്ടതും മാംസളവും അകം പൊള്ളയായതുമാണ്‌. പൂക്കള്‍ കുലയായിട്ടാണ്‌ കാണപ്പെടുക. പൂങ്കുലത്തണ്ട്‌ നിവർന്ന്‌ നില്‌ക്കുന്നതും അറ്റം കൂർത്തതും അകം പൊള്ളയായതുമാണ്‌. തണ്ടിന്റെ അഗ്രത്ത്‌ ഒരു കുലയായി പൂക്കള്‍ കുടംപോലെ വിടർന്നുനില്‌ക്കുന്നു. ആകൃതി, വലുപ്പം, നിറം, കേടുകൂടാതെ സൂക്ഷിക്കാവുന്ന കാലദൈർഘ്യം, എരിവ്‌, പാചകഗുണം എന്നിവയെ ആസ്‌പദമാക്കി പല ഇനങ്ങളായി ഉള്ളി തരംതിരിക്കപ്പെട്ടിട്ടുണ്ട്‌. 5-10 സെ.മീ. വ്യാസമുള്ള വലിയ ഉള്ളിയെ കപ്പയുള്ളി അഥവാ സവാള (big onion) എന്നു വിളിക്കുന്നു. 1-3 സെ.മീ. വ്യാസമുള്ള ചെറിയ ഉള്ളി ചുവന്നുള്ളി(onion) എന്നറിയപ്പെടുന്നു. വലിയയിനം ഉള്ളി ചെറിയയിനത്തെ അപേക്ഷിച്ച്‌ മിതമായ ഗന്ധമുള്ളതും തീഷ്‌ണത കുറഞ്ഞതുമാണ്‌. ചുവന്നയിനം തീഷ്‌ണതകൂടിയതും കൂടുതൽ കാലം സൂക്ഷിച്ചുവയ്‌ക്കാന്‍ പറ്റിയതുമാകുന്നു.

ഇടവപ്പാതിക്കൃഷിയെക്കാള്‍ തുലാവർഷക്കൃഷിക്കു കൂടുതൽ തവണ ജലസേചനം വേണ്ടിവരും. വേനൽക്കാലക്കൃഷിക്ക്‌ ആഴ്‌ചയിൽ ഒരിക്കൽ നനയ്‌ക്കണം. പറിച്ചെടുക്കുന്നതിന്‌ രണ്ടുദിവസം മുമ്പുവരെ ഉള്ളി നനയ്‌ക്കേണ്ടതാണ്‌. 3-5 മാസത്തിനകം ഉള്ളി വിളവെടുക്കാന്‍ പാകമാകും. തൈകള്‍ നട്ടുവളർത്തിയ വലിയതരം ഉള്ളി വിളവെത്താന്‍ മൂന്നരമാസവും, അല്ലികള്‍ നട്ടുവളർത്തിയ വലിയ ഉള്ളി 4 മാസവുമെടുക്കുന്നു. ചെറിയ ഉള്ളിക്ക്‌ മൂപ്പെത്താന്‍ 3 മാസം മതി. ഇല മഞ്ഞളിച്ച്‌ വാടുന്നതാണ്‌ മൂപ്പെത്തിയതിന്റെ ലക്ഷണം. ധാരാളം വായുവും വെളിച്ചവും കടക്കുന്ന മുറിയിൽ ഈർപ്പമില്ലാത്ത തറയിലോ റാക്കുകളിലോ ആണ്‌ ഉള്ളി സൂക്ഷിക്കുക. വിത്തിനുള്ള ഉള്ളി തണ്ടോടുകൂടിത്തന്നെ മുളയിലോ കയറിലോ കെട്ടിത്തൂക്കിയിടുന്നു. ഉള്ളിയുടെ ഇനമനുസരിച്ച്‌ അത്‌ കേടുകൂടാതെ സൂക്ഷിച്ചുവയ്‌ക്കാവുന്ന കാലദൈർഘ്യം വ്യത്യസ്‌തമായിരിക്കും. 0ºC-3ºC വരെ താപനിലയുള്ള ശീതസംഭരണികളിൽ ഉള്ളി വളരെക്കാലത്തോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്‌. കൃഷിചെയ്യുന്ന കാലം, നടാന്‍ ഉപയോഗിക്കുന്ന വിത്തിനം, വളം ചേർക്കൽ, മച്ചിന്റെ തരം എന്നിവയെ ആശ്രയിച്ച്‌ വിളവും വ്യത്യസ്‌തമായിരിക്കും. അല്ലികള്‍ നട്ടുവളർത്തുന്ന ഉള്ളിയിലേതിനെക്കാള്‍ 25 ശതമാനം കൂടുതൽ വിളവ്‌ തൈകള്‍ നട്ടുവളർത്തുന്ന ഉള്ളിയിൽനിന്നു കിട്ടും. ഏറ്റവും അനുകൂലമായ ചുറ്റുപാടിൽ ഒരു ഹെക്‌ടറിൽ നിന്ന്‌ പരമാവധി 30,000-40,000 കിലോഗ്രാം ഉള്ളി വിളവു ലഭിക്കാറുണ്ട്‌.

വലിയതരം കപ്പ ഉള്ളിയും ചെറിയ ചുമന്നുള്ളിയും കറിമസാലയായും പച്ചക്കറിയായും ധാരാളം ഉപയോഗിച്ചുവരുന്നു. ജീവകം-ബി, ജീവകം-സി, ഇരുമ്പ്‌, കാത്സ്യം എന്നിവ ഉള്ളിയിൽസാമാന്യമായി അടങ്ങിയിട്ടുണ്ട്‌. അലിൽ-പ്രാപ്പൈൽ-ഡൈസള്‍ഫൈഡ്‌ എന്ന ബാഷ്‌പശീലതൈലം ഉള്ളിയിൽ അടങ്ങിയിരിക്കുന്നതിനാലാണ്‌ അതിന്‌ എരിവും മണവും ഉള്ളത്‌. ഉള്ളിയിലെ ഘടകങ്ങളിൽ 85 ശതമാനത്തോളം വെള്ളമാണ്‌. ബാക്കിയുള്ളതിൽ ഏറിയപങ്കും കാർബോഹൈഡ്രറ്റ്‌ ആകുന്നു. പ്രാട്ടീന്‍, ഫാറ്റ്‌, കാത്സ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌, മറ്റു ധാതുലവണങ്ങള്‍, ജീവകങ്ങള്‍, നിക്കോട്ടിനിക്‌ ആസിഡ്‌, റിബോഫ്‌ളേവിന്‍ എന്നിവയും നാമമാത്രമായി ഉള്ളിയിൽ അടങ്ങിയിരിക്കുന്നു.

അല്ലിയം ബള്‍ബെല്ലിഫെറ എന്നയിനം "ഈജിപ്‌ഷ്യന്‍ ഉള്ളി' എന്നറിയപ്പെടുന്നു. ഇവയ്‌ക്ക്‌ പൂക്കളുടെ സ്ഥാനത്ത്‌ ബള്‍ബലുകള്‍ (ചെറിയ "ഉള്ളിക്കുട'ങ്ങള്‍) ആണുള്ളത്‌. ഇറാനിലും അടുത്ത പ്രദേശങ്ങളിലും കാണപ്പെടുന്നയിനമാണ്‌ അ.മള്‍ട്ടിപ്ലിക്കാന്‍സ്‌. ഇതിന്റെ കുടങ്ങള്‍ വിഭജിതമായിരിക്കും. സൈബീരിയയിൽ കാണപ്പെടുന്ന "വെൽഷ്‌ ഒണിയ'ന്‌ (അ. ഫിസ്റ്റ്‌ലേസാം) വ്യക്തമായ ഉള്ളിക്കുടങ്ങള്‍ കാണുകയില്ല. ചെടിയുടെ അടിഭാഗം വികസിതമായിരിക്കുമെന്നു മാത്രം. സിറിയയിൽ കാണപ്പെടുന്നതും നീണ്ടുകൂർത്ത ഉള്ളിക്കുടങ്ങളോടുകൂടിയതുമായ ഇനമാണ്‌ അ. അസ്‌കലോനിക്കം.

ഉപയോഗങ്ങള്‍. ഉള്ളിയിലടങ്ങിയിരിക്കുന്ന എച്ച നാഡീശക്തി വർധിപ്പിക്കുന്നതിനും, മൂത്രം കൂടുതൽ പോകുന്നതിനും ചുമശല്യം ഒഴിവാക്കുന്നതിനും ശക്തമാണ്‌. ഉള്ളിച്ചാറിന്‌ വാജീകരണ (aphrodisiac) ശക്തിയുണ്ട്‌. പച്ചയുള്ളി കഴിക്കുന്നത്‌ പചനനാളത്തെയാകെ ശുദ്ധിയാക്കുന്നതിന്‌ ഉത്തമമെന്നു കരുതപ്പെടുന്നു. പനി, നീർദോഷം (catarrh), ബ്രാങ്കൈറ്റിസ്‌ എന്നിവയ്‌ക്ക്‌ ഉള്ളി പറ്റിയ ഔഷധമാണ്‌. കുടലിലുണ്ടാകുന്ന വേദനയ്‌ക്കും സ്‌കർവിക്കും പെട്ടെന്നു ചെയ്യാവുന്ന പ്രതിവിധിയാണ്‌ കറിയുപ്പുമായി ചേർത്ത്‌ ഉള്ളി കഴിക്കുന്നത്‌. ബോധക്ഷയം, കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന സന്നി (convulsion), തലവേദന, അപസ്‌മാരം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉള്ളി ഔഷധമായി ഉപയോഗിക്കാം. തേള്‍, കടന്നൽ തുടങ്ങിയവയുടെ കുത്തുകൊണ്ട ഭാഗത്ത്‌ ഉള്ളി വച്ചുകെട്ടുന്നത്‌ നല്ലതാണ്‌. പുകയില വിഷത്തിന്‌ മറുമരുന്നായും ഉള്ളി ഉപയോഗിക്കുന്നു. സമം കടുകെച്ച ചേർത്തെടുക്കുന്ന മിശ്രിതം വാതസംബന്ധമായ വേദനയ്‌ക്ക്‌ പ്രത്യൗഷധമാണ്‌. വിനാഗിരിയുമായി ചേർത്തുകഴിച്ചാൽ തൊണ്ടവേദന ശമിക്കും. മഞ്ഞപ്പിത്തം, പ്ലീഹവീർക്കൽ, അഗ്നിമാന്ദ്യം എന്നിവയ്‌ക്ക്‌ വിനാഗിരിയിൽ വേവിച്ച ഉള്ളി മെച്ചമാണ്‌. കരുപ്പെട്ടിയുമായി ഉള്ളി ചേർത്തുകൊടുക്കുന്നത്‌ കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക്‌ ഉത്തമമാകുന്നു. അർശസ്സിനും ഉള്ളി നല്ല ഔഷധമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍