This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരുളക്കിഴങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉരുളക്കിഴങ്ങ്‌

(A) ഉരുളക്കിഴങ്ങുചെടി (B) ഇല (C) പുഷ്‌പം (D) ഉരുളക്കിഴങ്ങ്‌ (E) ഉരുളക്കിഴങ്ങിന്റെ പരിച്ഛേദം

സൊളാനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങുവിള.

ശാ.നാ. സൊളാനം റ്റ്യൂബറോസം (Solanum tuberosum). സൊളാനം ജീനസിലെ നൂറോളം സ്‌പീഷീസുകള്‍ കിഴങ്ങുത്‌പാദിപ്പിക്കുന്നവയാണ്‌. ഒരു ശീതമേഖലാവിളയായ ഉരുളക്കിഴങ്ങ്‌, പാശ്ചാത്യരാജ്യങ്ങളിൽ വന്‍തോതിൽ കൃഷിചെയ്‌തു വരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത്‌ കൃഷിചെയ്യപ്പെടുന്ന കിഴങ്ങുവർഗവിളയാണിത്‌. പാശ്ചാത്യരുടെ ഭക്ഷണത്തിൽ സുപ്രധാനപങ്കുള്ള ഉരുളക്കിഴങ്ങിന്‌ അവിടെ ധാന്യവിളകളോളം തന്നെ പ്രാധാന്യമുണ്ട്‌. ചൈന കഴിഞ്ഞാൽ ഇന്ത്യ, റഷ്യ, ഉക്രയിന്‍, യു.എസ്‌.എ. എന്നിവിടങ്ങളിലാണ്‌ ഉരുളക്കിഴങ്ങ്‌ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്‌. ഹിമാചൽപ്രദേശ്‌, ഉത്തർപ്രദേശ്‌, ബിഹാർ, പഞ്ചാബ്‌, ഹരിയാന, അസം എന്നീ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉരുളക്കിഴങ്ങുകൃഷി വ്യാപകമാണ്‌. തെക്കേ ഇന്ത്യയിൽ ഇത്‌ കൃഷിചെയ്യാന്‍ തുടങ്ങിയത്‌ 19-ാം നൂറ്റാണ്ടിൽ മാത്രമാണ്‌. സമുദ്രനിരപ്പിൽനിന്നും വളരെ ഉയർന്ന നീലഗിരി, കൊടൈക്കനാൽ എന്നീ പ്രദേശങ്ങളിലാണ്‌ ദക്ഷിണേന്ത്യയിലെ ഉരുളക്കിഴങ്ങുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്‌. നീലഗിരിയിൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഉരുളക്കിഴങ്ങു കൃഷിചെയ്യുന്നുണ്ട്‌.

ഏകവർഷസസ്യമായ ഉരുളക്കിഴങ്ങുചെടി ഏകദേശം ഒരു മീ. നീളത്തിൽ വളരുന്നു. കാണ്ഡം നിവർന്നു നിൽക്കുന്നതോ ശയാനമോ(procumbent) ആകാം. ഇലകള്‍ പിച്ഛാകാര(pinnate) ത്തിലുള്ള സംയുക്തപത്രങ്ങളാണ്‌. സാധാരണയായി വെള്ളനിറമുള്ള പൂക്കള്‍ചേർന്നുള്ള പൂങ്കുലകള്‍ കണ്ടുവരുന്നു. നാലു ദളങ്ങള്‍ചേർന്ന സംയുക്താവസ്ഥ(gamopetalous)യിലുള്ള ദളപുടത്തിലാണ്‌ കേസരങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. തേന്‍ ഉത്‌പാദിപ്പിക്കാത്തതിനാൽ വിരളമായി മാത്രമേ പ്രാണികള്‍മൂലം പരാഗണം നടക്കുന്നുള്ളൂ. അണ്ഡാശയത്തിന്‌ രണ്ട്‌ അറകളുണ്ട്‌. ഒരു വർത്തിക മാത്രമേയുള്ളൂ. ഫലം ഭക്ഷ്യയോഗ്യമല്ലാത്ത ബെറിയാണ്‌. ഉള്ളിൽ പയറിന്റെ ആകൃതിയിലുള്ള ധാരാളം ചെറുവിത്തുകള്‍ ഉണ്ടായിരിക്കും. കാണ്ഡത്തിന്റെ ചുവട്ടിൽനിന്നു മച്ചിനടിയിലേക്കു വളരുന്ന ശാഖകളുടെ അറ്റത്താണ്‌ കിഴങ്ങുകളുണ്ടാകുന്നത്‌. കിഴങ്ങിന്റെ പുറന്തൊലിയിൽ ധാരാളം "കച്ചു'കള്‍ (eyes) കാണാം. ഓരോ "കച്ചി'ലും ഒന്നോ രണ്ടോ മുകുളങ്ങള്‍ വീതമുണ്ടായിരിക്കും. ഇവ മുളച്ച്‌ പുതിയ സസ്യങ്ങള്‍ ഉണ്ടാകുന്നു. ചെടി പുഷ്‌പിക്കുകയും കായ്‌ക്കുകയും ചെയ്യുമെങ്കിലും കിഴങ്ങുകള്‍ മുറിച്ചുനട്ടാണ്‌ വംശവർധനവു നടത്തുന്നത്‌.

മൊസാർട്ട്‌ (Mozart), അക്കോർഡ്‌ (Accord), അപ്പാച്ചി (Apache) എന്നിവ ചില പ്രധാനപ്പെട്ട വിദേശയിനം ഉരുളക്കിഴങ്ങുകളാണ്‌. ഫുൽവാ, ഡാർജിലിങ്‌ റെഡ്‌ റൗണ്ട്‌, ഡാർജിലിങ്‌ ബ്ലൂപർപ്പിള്‍, ആഗ്രാറെഡ്‌, കൂനൂർ റെഡ്‌, കൂനൂർ വൈറ്റ്‌, ദേശി, ഗോലാടൈപ്പ്‌ എ, ഗോലാടൈപ്പ്‌ ബി എന്നിവയാണ്‌ സുപ്രധാന നാടന്‍ ഇനങ്ങള്‍. നീലഗിരിയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന കുഫ്രി ഗിരിധാരി (Kufri giridari), കുഫ്രി ജ്യോതി (Kufri jyothi) എന്നയിനത്തിന്‌ പല മേന്മകളുമുണ്ട്‌. ഇന്ത്യയിൽ ഏകദേശം 18.10 ലക്ഷം ഹെക്‌ടർ സ്ഥലത്ത്‌ ഉരുളക്കിഴങ്ങ്‌ കൃഷിചെയ്യപ്പെടുന്നു. 413 ലക്ഷം ടണ്‍ ഉരുളക്കിഴങ്ങാണ്‌ 2012-ൽ ഉത്‌പാദിപ്പിക്കപ്പെട്ടത്‌. 1949-ൽ സ്ഥാപിതമായ കേന്ദ്ര ഉരുളക്കിഴങ്ങ്‌ ഗവേഷണകേന്ദ്രം ഇന്ത്യന്‍ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായ നിരവധി ഇനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്‌. അവയിൽ പ്രധാന ഇനങ്ങളാണ്‌ കുഫ്രി കിസാന്‍ (1958), കുഫ്രി നീല (1963), കുഫ്രി സിന്തൂരി (1967), കുഫ്രി ഷെർപ്പ (1983), കുഫ്രി സ്വർണ (1985), കുഫ്രി മേഘ (1989), കുഫ്രി ജവഹർ (1996), കുഫ്രി ആനന്ദ (1999) കിഴങ്ങിന്റെ ആകൃതി, നിറം എന്നിവ ഇനത്തിനനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. വടക്കേന്ത്യയിൽ സാധാരണ കൃഷിചെയ്‌തുവരുന്ന ഇനങ്ങള്‍ ഡാർജിലിങ്‌ റെഡ്‌ റൗണ്ട്‌, ഫുൽവ തുടങ്ങിയവയാണ്‌. ചൂടുകുറഞ്ഞ പ്രദേശങ്ങളിലാണ്‌ ഉരുളക്കിഴങ്ങു കൃഷിചെയ്യുന്നത്‌. കൃഷിക്കായി നിലം നല്ലവച്ചം ഉഴുതു പരുവപ്പെടുത്തണം. നിലമൊരുക്കുമ്പോള്‍ ഹെക്‌ടറിന്‌ 10 ടണ്‍ എന്ന കണക്കിൽ കാലിവളം മച്ചിൽ ഉഴുതുചേർക്കുന്നു. ഉത്തരേന്ത്യന്‍ സമതലങ്ങളിലും നീലഗിരിയിലും 30 സെ.മീ. ഉയരവും 30 സെ.മീ. അകലവുമുള്ള ചെറിയ പണകള്‍ ഉണ്ടാക്കി അവയിൽ കിഴങ്ങുകള്‍ നടുന്നു. മുറിവും ചതവുമില്ലാത്ത നല്ല വലുപ്പമുള്ള കിഴങ്ങുകളാണ്‌ വിത്തിനായി തെരഞ്ഞെടുക്കേണ്ടത്‌. വിളവെടുപ്പു കഴിഞ്ഞാൽ ആറാഴ്‌ചമുതൽ എട്ടാഴ്‌ചവരെ കിഴങ്ങുകള്‍ പ്രസുപ്‌താവസ്ഥ(dormancy)യിലായിരിക്കും. മുകുളങ്ങള്‍ കിളിർത്തതിനുശേഷം ഉരുളക്കിഴങ്ങുനടുകയാണ്‌ നല്ലത്‌. ഹെക്‌ടറിന്‌ 1250-2300 കിലോഗ്രാംവരെ വിത്തുവേണ്ടിവരുന്നു. ജലസേചനസൗകര്യമുള്ള പ്രദേശങ്ങളിൽ ഒക്‌ടോബർ-നവംബർ മാസങ്ങളിലും, മഴയെ ആശ്രയിച്ചു കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ മഴയുടെ ആരംഭത്തോടെയുമാണ്‌ നടുന്നത്‌.

നടുന്ന സമയത്ത്‌ ഹെക്‌ടറിന്‌ 400 കിലോഗ്രാം അമോണിയം സള്‍ഫേറ്റ്‌, 500 കിലോഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്‌, 140 കിലോഗ്രാം പൊട്ടാസ്യം സള്‍ഫേറ്റ്‌ എന്നിവ പ്രയോഗിക്കണം. നട്ട്‌ ഒരുമാസം കഴിയുമ്പോള്‍ മച്ചിളക്കുകയും ചെടിയുടെ ചുവട്ടിലേക്ക്‌ മച്ച്‌ അടുപ്പിച്ചുകൊടുക്കുകയും വേണം. അഞ്ചാഴ്‌ച കഴിഞ്ഞ്‌ ഒന്നുകൂടി ചുവട്ടിൽ മച്ച്‌ അടുപ്പിക്കണം. നടുന്ന സമയം, ഇനം, പ്രദേശം എന്നിവയനുസരിച്ച്‌ 3മ്മ മുതൽ 5 മാസം വരെ കഴിഞ്ഞാൽ കിഴങ്ങ്‌ കിളയ്‌ക്കാം. ഈ സമയത്ത്‌ ഇലകള്‍ ഉണങ്ങിയിരിക്കും. ഹെക്‌ടറിന്‌ 5000-6000 വരെ കിലോഗ്രാം വിളവു ലഭിക്കുന്നു.

ഉരുളക്കിഴങ്ങിൽ 75 ശതമാനം ജലാംശവും 20.6 ശതമാനം കാർബോഹൈഡ്രറ്റുകളും 2.1 ശതമാനം ആൽബുമിനോയ്‌ഡുകളും 0.3 ശതമാനം കൊഴുപ്പും 1.1 ശതമാനം നാരും 0.9 ശതമാനം ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്‌. ഉരുളക്കിഴങ്ങുവിളയെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍ ലേറ്റ്‌ ബ്ലൈറ്റ്‌ (Late blight), ഏർലി ബ്ലൈറ്റ്‌ (Early blight), കേരിംപൊറ്റരോഗം മുതലായവയാണ്‌.

ഉരുളക്കിഴങ്ങ്‌ ലോകത്തിലെ ഒരു സുപ്രധാന ഭക്ഷ്യവിളയാണ്‌. മറ്റുള്ള മിക്ക വിളകളെക്കാളും ഹെക്‌ടറിന്‌ കൂടുതൽ ഭക്ഷ്യവസ്‌തു നല്‌കുന്നുവെന്ന മേന്മ ഇതിനുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളിൽ മുഖ്യമായും ഭക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നു. ആൽക്കഹോള്‍ നിർമാണത്തിനുള്ള ഒരു പ്രധാന അസംസ്‌കൃതവസ്‌തുവാണ്‌ ഉരുളക്കിഴങ്ങ്‌. തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാർച്ച്‌ ഉണ്ടാക്കുവാനും ഉരുളക്കിഴങ്ങുപയോഗിക്കുന്നു. വന്‍തോതിൽ ഡെക്‌സ്‌ട്രിനും ഗ്ലൂക്കോസും ഉണ്ടാക്കാനും ഇത്‌ പ്രയോജനപ്പെടുത്തുന്നു. ജർമനി, നെതർലന്‍ഡ്‌സ്‌, അയർലണ്ട്‌ മുതലായ രാജ്യങ്ങളിൽ ആൽക്കഹോള്‍, സ്റ്റാർച്ച്‌, കാലിത്തീറ്റ എന്നിവയുടെ നിർമാണത്തിനുവേണ്ടി മാത്രം വളരെയധികം ഉരുളക്കിഴങ്ങ്‌ കൃഷിചെയ്‌തുവരുന്നു. യു.എസ്‌., കാനഡ എന്നീ രാജ്യങ്ങളിൽ ഭക്ഷണാവശ്യം കഴിഞ്ഞ്‌ മിച്ചമുള്ള വിളയാണ്‌, മേല്‌പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍