This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമി

നെല്ല്‌, ഗോതമ്പ്‌ മുതലായവയുടെ ഉള്ളരിയെ പൊതിഞ്ഞുസൂക്ഷിക്കുന്ന ബാഹ്യകവചം(husk)). തോണിയുടെ ആകൃതിയിലുള്ള രണ്ടുഭാഗങ്ങള്‍ ചേർന്നതാണ്‌ ഇതിന്റെ ഘടന. നെല്ലിന്‍പൂവിലെ ബാഹ്യാവരണങ്ങളായ "പാലിയ'യും "ലെമ്മ'യും രൂപപ്പെട്ടാണ്‌ ഇവയുണ്ടായിട്ടുള്ളത്‌. നെല്ലിന്‍പൂങ്കുലയിലെ ഒരു ഏകകമായ സ്‌പൈക്കികം(spikelet) ഒരൊറ്റപുഷ്‌പത്തെ പ്രതിനിധാനം ചെയ്യുന്നു. പൂവിന്റെ മൃദുലഭാഗങ്ങളായ അണ്ഡാശയം, കീലം, കീലാഗ്രം, കേസരങ്ങള്‍ എന്നിവയെ പൊതിഞ്ഞുസൂക്ഷിക്കുന്ന ജോലിയാണ്‌ ഉമിക്കുള്ളത്‌. പൂവിടരുന്ന സമയത്ത്‌ അണ്ഡാശയത്തിനിരുവശത്തുമുള്ള ലോഡിക്യൂളുകളുടെ പ്രവർത്തനംകൊണ്ട്‌ ഉമികള്‍ അകലുന്നു. പരാഗണം കഴിഞ്ഞാലുടന്‍തന്നെ അവ വീണ്ടും ചേർന്നടയുന്നു. അവയ്‌ക്കുള്ളിൽ അണ്ഡാശയം വികസിച്ച്‌ അരിയായിത്തീരും. നെല്ലുകുത്ത്‌യന്ത്രങ്ങള്‍ സാർവത്രികമാകുന്നതുവരെ ഉണങ്ങിയ നെല്ല്‌ ഉരലിലിട്ട്‌ ഉലക്കകൊണ്ട്‌ കുത്തി ഉമി വേർതിരിച്ചെടുക്കുകയായിരുന്നു പതിവ്‌. ചിലതരം നെല്ലിൽ ഉമിയായ ലെമ്മായുടെ അറ്റത്ത്‌ കൂർത്ത "ഓവ്‌' (awn)ഉണ്ടായിരിക്കും. കാർഡ്‌ബോർഡ്‌, ആൽക്കഹോള്‍, ഫർഫ്യൂറാൽ എന്നിവയുണ്ടാക്കാനും തീ കത്തിക്കാനും പല്ലുതേയ്‌ക്കാനുള്ള ഉമിക്കരി തയ്യാറാക്കാനും ഉമിയുപയോഗിക്കുന്നു. വളരെനേരം എരിഞ്ഞുകൊണ്ടിരിക്കുമെന്നതുകൊണ്ട്‌ തീ കെടാതെ (ഹോമകുണ്‌ഠങ്ങളിലും നെരിപ്പോടിലും മറ്റും) സൂക്ഷിക്കുന്നതിനും ഇതുപയോഗിക്കുന്നുണ്ട്‌. ഉമിത്തീയിൽ നീറ്റിക്കൊല്ലുക എന്നത്‌ പഴയകാലത്തെ കഠിനശിക്ഷാവിധികളിലൊന്നായിരുന്നു.

ഉമി തിന്ന്‌ തവിടുതേടുക (ബുദ്ധിമുട്ടി ജീവിച്ച്‌ സമ്പാദ്യമുണ്ടാക്കുക), ഉമിക്കരിപ്രായം (ഉമിക്കരിപോലെ വിരസം), നെഞ്ചിൽ ഉമിത്തീ (ഹൃദയത്തിൽ നീറിനീറിപ്പിടിക്കുന്ന വികാരം) എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ മലയാള സാഹിത്യത്തിൽ സ്ഥലംപിടിച്ചിട്ടുണ്ട്‌.

(ആർ. ഗോപിമണി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AE%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍