This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമാകേരളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമാകേരളം

ഉള്ളൂർ എസ്‌. പരമേശ്വരയ്യർ രചിച്ച മലയാളമഹാകാവ്യം. 1913 അവസാനമാണ്‌ ഇത്‌ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ഉമാകേരളപ്രകാശനത്തിനു മുമ്പുതന്നെ മലയാളത്തിൽ അഴകത്ത്‌ പദ്‌മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസവും (1894 മുതൽ ഖണ്ഡശഃ)പന്തളത്ത്‌ കേരളവർമത്തമ്പുരാന്റെ രുഗ്മാംഗദചരിതവും (1912) ദണ്ഡി നിർണയിച്ചിട്ടുള്ള മഹാകാവ്യലക്ഷണങ്ങള്‍ക്കനുസൃതമായി പുറത്തുവന്നു കഴിഞ്ഞിരുന്നുവെങ്കിലും ഉമാകേരളത്തിനെ "ഭാവനാവൈശദ്യംകൊണ്ടും കല്‌പനാമഹത്ത്വംകൊണ്ടും ഘടനാരാമണീയകത്വംകൊണ്ടും... അതിലെ സർഗങ്ങളുടെ വലുപ്പംകൊണ്ടെന്നപോലെതന്നെ സംസ്‌കൃതസാഹിത്യത്തിലെ പ്രസിദ്ധ മഹാകാവ്യമായ നൈഷധീയചരിതം എന്ന ശ്രീഹർഷകൃതിയുമായി, കേരളവർമ വലിയകോയിത്തമ്പുരാന്‍ ഔചിത്യത്തോടുകൂടി താരതമ്യം ചെയ്‌തിട്ടുണ്ട്‌. ഉമാകേരളത്തിനു മുമ്പും അതിനുശേഷം വളരെക്കാലത്തേക്കും മലയാളത്തിലുണ്ടായിട്ടുള്ള മഹാകാവ്യങ്ങള്‍ പുരാണേതിഹാസങ്ങളിലെ ആഖ്യാനോപാഖ്യാനങ്ങളെയാണ്‌ ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്‌; എന്നാൽ കേരളവർമ പറഞ്ഞതുപോലെ "ചരിത്രശുഷ്‌കാസ്ഥികളെ കല്‌പനാവൈചിത്യ്രമാകുന്ന രക്തമാംസങ്ങള്‍കൊണ്ട്‌ അതിഗംഭീരമായി ആവരണം ചെയ്‌ത്‌' പുറത്തുവന്ന ഏക മലയാളകാവ്യം എന്ന സവിശേഷത ഉമാകേരളത്തിനാണുള്ളത്‌.

എ.ഡി. 17-ാം നൂറ്റാണ്ടിൽ വേണാട്‌ ഭരിച്ചിരുന്ന ആദിത്യവർമ, ഉമയമ്മറാണി എന്നിവരുടെ കാലത്തെ ആസ്‌പദമാക്കിയുള്ള ചില ചരിത്രസംഭവങ്ങളും ഐതിഹ്യങ്ങളുമാണ്‌ 19 സർഗവും 2,022 ശ്ലോകങ്ങളുമുള്ള ഉമാകേരളത്തിന്റെ ഇതിവൃത്തം. രാജസ്ഥാനത്തെ നശിപ്പിച്ച്‌ അധികാരം കൈയടക്കാനുള്ള എട്ടുവീട്ടിൽ പിള്ളമാർ എന്ന മാടമ്പിസമൂഹത്തിന്റെ ഉപജാപങ്ങളും കലാപങ്ങളും അതോടൊപ്പം നടന്ന മുകിലന്മാരുടെ ആക്രമണവും അതിന്റെ പരാജയവും പറഞ്ഞുകേട്ടറിവുള്ള ഏതാനും ചരിത്രവസ്‌തുതകളുടെമേൽ കെട്ടിപ്പടുത്തിട്ടുള്ളവയാണ്‌. ആദിത്യവർമയുടെ കൊട്ടാരം തീവച്ചു നശിപ്പിക്കുന്നതും അദ്ദേഹത്തെ വിഷംകൊടുത്തും ഉമയമ്മറാണിയുടെ കുട്ടികളെ കളിപ്പാന്‍കുളത്തിൽ മുക്കിയും കൊല്ലുന്നതും ഒരു മുഗള്‍സർദാർ വേണാടാക്രമിക്കുന്നതും അയാളെ പരാജയപ്പെടുത്താന്‍ റാണി വടക്കന്‍ കോട്ടയത്തുനിന്ന്‌ കേരളവർമരാജാവിനെ വരുത്തുന്നതും കേരളവർമ ശത്രുവിച്ഛേദം വരുത്തുന്നതും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച്‌ അഞ്ചുതെങ്ങിൽ ഒരു കോട്ടകെട്ടാന്‍ റാണി ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിക്ക്‌ അനുവാദം നൽകുന്നതുമായ സംഭവങ്ങളാണ്‌ കഥയുടെ മുഖ്യതന്തു.

ഇവയെല്ലാം യഥാർഥത്തിൽ നടന്ന സംഭവങ്ങളാണോ എന്ന കാര്യത്തിൽ ചരിത്രകാരന്മാരുടെ ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്‌. എന്നാൽ സാസ്‌പദങ്ങളോ അല്ലാതെയോ ആയുള്ള ഈ സംഭവപരമ്പരയ്‌ക്ക്‌ നാടകീയത വരുത്താന്‍ കവിയുടെ കല്‌പനാശക്തി ഏതാനും ചില കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിട്ടുള്ളത്‌ കാവ്യമൂല്യത്തിന്റെ മാറ്റുകൂട്ടുന്നുവെന്നാണ്‌ സാഹിത്യവിമർശകന്മാരുടെ അഭിപ്രായം. ആദിത്യവർമയുടെ പുത്രി കല്യാണിയെന്ന യുവസുന്ദരിയും രവിവർമത്തമ്പാന്‍ എന്ന മന്ത്രിയുമായുള്ള പ്രമം പല തടസ്സങ്ങളെയും തരണംചെയ്‌ത്‌ ഒടുവിൽ സാഫല്യത്തിലെത്തുന്നത്‌ ഉമാകേരളത്തിലെ ഒരു സമാന്തരകഥയാണ്‌. കല്യാണിയെ ആദ്യം ഒരു മാടമ്പിയും പിന്നീട്‌ അയാളിൽ നിന്ന്‌ മുഗള്‍സർദാറും അപഹരിക്കുന്നുണ്ട്‌. സർദാറിൽനിന്ന്‌ അവളെ വീണ്ടെടുക്കുന്നത്‌ രവിവർമയാണ്‌. സർദാറിന്റെയും രാമനാമഠത്തിന്റെയും വധത്തിനുശേഷം രാജ്യത്ത്‌ സമാധാനം പുനഃസ്ഥാപിതമായി. അപ്പോഴേക്കും "ദൂരത്തെഴുന്നൊരു തുരുത്തിലുമല്‌പമാകും നേരത്തിലെത്തി വിരുതേടിറിടുമിസ്സിതാസ്യർ'ക്ക്‌ ഒരു പണ്ടകശാല കെട്ടാന്‍ റാണി മന്ത്രിയുടെ ഉപദേശപ്രകാരം അനുമതിയും നല്‌കുന്നു.

ദണ്ഡി നിർദേശിച്ചിട്ടുള്ള നഗരാർണവശൈലാദികളുടെ വാചാലമായ വർണനകള്‍ ആദ്യന്തം നിറഞ്ഞതാണ്‌ ഈ മഹാകാവ്യം. ലോലവും കൃശവുമായ ഇതിവൃത്തത്തിന്മേൽ വർണനകളുടെ ദുർമേദസ്‌ പൊതിയുന്ന മഹാകാവ്യ രചനാപദ്ധതി സംസ്‌കൃതത്തിലുള്ളതുപോലെ ഇതിലും കവി പകർത്തിയിരിക്കുന്നു. കേരളവർമ പറയുന്നതുപോലെ "അത്യദ്‌ഭുതകരമായ ചമത്‌കാരവും അനുപമമായ ലാളിത്യ'വും അതുപോലെ അപണ്ഡിതനായ അനുവാചകന്‌ അനഭിഗമ്യമായ കല്‌പനോപബൃംഗണങ്ങളും കൊണ്ട്‌ നിറഞ്ഞ ഉമാകേരളം മഹാകാവ്യം മലയാളത്തിലുണ്ടായിട്ടുള്ള സഹോദരകൃതികള്‍ക്ക്‌ ഉപരിയായി ഒരു പദവി എക്കാലവും വഹിച്ചുപോന്നിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍