This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉബൈദ്‌, ടി. (1908 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉബൈദ്‌, ടി. (1908 - 72)

ടി. ഉബൈദ്‌

"മാപ്പിളപ്പാട്ടുകള്‍' എന്ന അറബി-മലയാള സാഹിത്യശാഖയിൽ കൃതഹസ്‌തനായ കവി. എം. അലികുഞ്ഞ്‌ ഹാജിയുടെയും സൈനബാബീവിയുടെയും പുത്രനായി 1908 ഒ. 7-ന്‌ കാസർകോട്‌ താലൂക്കിലെ തളങ്കരഗ്രാമത്തിൽ ജനിച്ച ടി. ഉബൈദിന്‌ മലയാളത്തിനു പുറമേ അറബി-കർണാടക ഭാഷകളിൽ അഗാധമായ അവഗാഹവും തമിഴ്‌-സംസ്‌കൃതങ്ങളുമായി സാമാന്യപരിചയവുമുണ്ടായിരുന്നു. സ്വദേശത്ത്‌ മലയാള പാഠശാലകള്‍ ഇല്ലാതിരുന്നതിനാൽ ഒരു കർണാടക സ്‌കൂളിൽ ചേർന്നാണ്‌ ഇദ്ദേഹം പ്രാഥമികവിദ്യാഭ്യാസം നിർവഹിച്ചത്‌. മാതാപിതാക്കള്‍ അബ്‌ദുറഹിമാന്‍ എന്ന പേരാണ്‌ കൊടുത്തിരുന്നതെങ്കിലും സാഹിത്യജീവിതം ആരംഭിച്ചതോടെ അദ്ദേഹം "വിനീതദാസന്‍' എന്ന അർഥമുള്ള "ഉബൈദ്‌' എന്ന നാമം സ്വീകരിക്കുകയും ആ പേരിൽത്തന്നെ പ്രശസ്‌തി ആർജിക്കുകയും ചെയ്‌തു.

വിദ്യാലയത്തിൽ എട്ടാംതരം മുഴുമിക്കുന്നതിനു മുമ്പുതന്നെ 1924-ൽ ഉബൈദ്‌ ചില അറബിപാഠശാലകളിൽ അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു. 1931-ൽ സ്ഥാപിതമായ മുഇസ്സുൽ ഇസ്‌ലാംസംഘത്തിന്റെ കാര്യദർശിപദവും സംഘം നടത്തിയിരുന്ന ഹയർ എലിമെന്ററി സ്‌കൂളിൽ അധ്യാപകജോലിയും ഏറ്റെടുത്ത ഉബൈദ്‌, അത്‌ ഒരു ഹൈസ്‌കൂളായി ഉയർത്തിയശേഷം 1946 മുതൽ 69 വരെ അതിലെ പ്രഥമാധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. അധ്യാപനവൃത്തിയിൽ ചെയ്‌ത സേവനങ്ങള്‍ക്ക്‌ അംഗീകാരമായി ഉബൈദ്‌ കേരളഗവണ്‍മെന്റിന്റെ അവാർഡിന്‌ അർഹനായി; ഇതിനു പുറമേ കേന്ദ്രഗവണ്‍മെന്റിന്റെ കലാ-സാംസ്‌കാരിക ഗവേഷണവകുപ്പിന്റെ ഒരു പാരിതോഷികവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

സമസ്‌തകേരളസാഹിത്യപരിഷത്ത്‌, കർണാടകസാഹിത്യപരിഷത്ത്‌, കേരളസാഹിത്യഅക്കാദമി, കേരളസംഗീത നാടകഅക്കാദമി, കാസർകോട്ടെ മുഇസ്സുൽ ഇസ്‌ലാം തുടങ്ങിയ നിരവധി കലാസാംസ്‌കാരികസംഘടനകളിൽ അംഗത്വമുണ്ടായിരുന്ന ഉബൈദ്‌ മലയാള മഹാനിഘണ്ടു, സർവവിജ്ഞാനകോശം എന്നിവയുടെ നിർമിതിയിലും സാരമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌.

മലയാളത്തിലും കന്നഡയിലും തുല്യപ്രതിഭയോടെ കവിതാരചന നടത്തുവാന്‍ ചാതുര്യം നേടിയ ഉബൈദിന്റെ സാഹിത്യസൃഷ്‌ടികളിൽ അറബിസംസ്‌കാരത്തിന്റെയും ഇസ്‌ലാംമതത്തിന്റെയും അതിപ്രസരം ദൃശ്യമാണ്‌. ഗേയസുഭഗത തുളുമ്പുന്ന മാപ്പിളപ്പാട്ടുകളുടെ ശൈലിയിലും ശീലിലുമാണ്‌ ഉബൈദിന്റെ മിക്ക കൃതികളും രചിക്കപ്പെട്ടിട്ടുള്ളത്‌. പലയിടത്തായി ചിതറിക്കിടന്ന മാപ്പിളപ്പാട്ടുകളുടെ പുനരുദ്ധാരണത്തിനും പുനഃപ്രകാശനത്തിനും ഇദ്ദേഹം മുന്‍കൈ എടുത്തു. മാപ്പിളപ്പാട്ടുകളെക്കുറിച്ച്‌ ഒരു സമഗ്രപഠനവും ഒരു വൃത്തശാസ്‌ത്രഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. നവരത്‌നമാലിക, ബാഷ്‌പധാര (വിലാപകാവ്യം), സമുദായദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി തുടങ്ങിയ കവിതാഗ്രന്ഥങ്ങള്‍ക്കു പുറമേ തിരുമുൽക്കാഴ്‌ച, ഹസ്രത്‌ മാലിക്‌ ദീനാർ, ഖാസിമർഹൂം, അബ്‌ദുല്ലഹാജി, മുഹമ്മദ്‌ ശെറൂൽ സാഹിബ്‌, മച്ചിലേക്കു മടങ്ങി എന്ന ശിവരാമകാരന്ത്‌ എഴുതിയ കന്നഡനോവലിന്റെ പരിഭാഷ തുടങ്ങി ഏതാനും ഗദ്യകൃതികളുമാണ്‌ മലയാളത്തിൽ ഇദ്ദേഹത്തിന്റെ പ്രധാന സാഹിത്യസംഭാവനകള്‍. കൂടാതെ കാരന്തിന്റെ നമ്മുടെ നദികള്‍ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയും കന്നഡ ചെറുകഥകളുടെ ഒരു മലയാള വിവർത്തനവും ഇദ്ദേഹം നിർവഹിച്ചിട്ടുണ്ട്‌. ഏതാനും വള്ളത്തോള്‍ കവിതകളും (വള്ളത്തോള്‍ കവിതഗളു), കുമാരനാശാന്റെ വീണപൂവും (പതിതപുഷ്‌പ), ഇക്‌ബാലിന്റെ കവിതകളുടെ ഒരു സമാഹാരവും (മുസ്‌ളിമനമൊഗൈളു), ഖാസിഅബ്‌ദുല്ലഹാജി എന്ന ജീവചരിത്രഗ്രന്ഥവും അദ്ദേഹം കന്നഡഭാഷയിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഏതാനും മാസക്കാലം മലയാളശബ്‌ദം എന്ന ഒരു വാരികയുടെ പത്രാധിപരായും ഉബൈദ്‌ പ്രവർത്തിച്ചിട്ടുണ്ട്‌. 1972 ഒ. 3-ന്‌ കാസർകോട്ടുവച്ച്‌ ഉബൈദ്‌ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍