This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാസ്ഥി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപാസ്ഥി

Cartilage

വിശേഷവത്‌കൃതവും സാന്ദ്രവുമായ ഒരിനം സംയോജകകല (connective tissue)). ജന്തുക്കളുടെ ഘടനയിലെ പ്രാഥമിക സ്വഭാവമുള്ള സംയോജകകലയാണിത്‌. അസ്ഥിവത്‌കരണം (ossification) നടക്കുന്നതുവരെ സസ്‌തനി ഭ്രൂണത്തിന്റെ പ്രധാന അസ്ഥികൂടം ഉപാസ്ഥി(cartilage)കൊണ്ട്‌ നിര്‍മിതമായിരിക്കും. ഉപാസ്ഥി യഥാര്‍ഥ അസ്ഥികളായിമാറിക്കഴിഞ്ഞാലും, സന്ധികളുടെ അഗ്രഭാഗങ്ങളിലും ബാഹ്യകര്‍ണത്തിലും ശ്വസനനാളിയിലും വാരിയെല്ലുകളുടെ മുന്നഗ്രങ്ങളിലും ഉപാസ്ഥി കാണപ്പെടുന്നുണ്ട്‌.

കൊളാജന്‍ തന്തുക്കളുടെ സാന്ദ്രജലത്താലാണ്‌ ഉപാസ്ഥി രൂപമെടുക്കുന്നത്‌. ജെല്‍രൂപത്തിലുള്ള ഒരു ആധാരവസ്‌തുവിലാണ്‌ ഈ കൊളാജന്‍ തന്തുക്കള്‍ സ്ഥിതിചെയ്യുന്നത്‌. ഈ ആധാരവസ്‌തുവിന്റെ മുഖ്യഘടകം ജലമാണ്‌. ഈ തന്തുക്കള്‍ക്കിടയില്‍ ഉപാസ്ഥികോശങ്ങള്‍ (കോണ്‍ഡ്രാസൈറ്റുകള്‍) ഒറ്റതിരിഞ്ഞോ സംഘമായോ സ്ഥിതിചെയ്യുന്നു. ഈ പ്രത്യേകഘടന ഉപാസ്ഥിക്ക്‌ ഉറപ്പും ഭാരംതാങ്ങാനുള്ള കഴിവും പ്രദാനം ചെയ്യുന്നു. അതുപോലെതന്നെ ഇത്‌ ഉപാസ്ഥിക്ക്‌ ഇലാസ്‌തികതയും നല്‍കുന്നുണ്ട്‌. ഉപാസ്ഥിക്കുള്ളിലൂടെ രക്തചംക്രമണം നടക്കുന്നില്ലെങ്കിലും ഉപാസ്ഥികോശങ്ങള്‍ക്ക്‌ ആധാരവസ്‌തുവിലൂടെ പോഷകദ്രവ്യങ്ങള്‍ വിസരിതരൂപേണ ലഭ്യമാവുന്നുണ്ട്‌.

പ്രധാനമായും മൂന്നിനം ഉപാസ്ഥികളുണ്ട്‌: കാചാഭം(hyaline), തന്തുരൂപകം (fibrous)തന്തുരൂപ-ഇലാസ്‌തികം. ഏറ്റവും അധികമായി കാണപ്പെടുന്നത്‌ കാചാഭ ഉപാസ്ഥിയാണ്‌. വെള്ളനിറവും അര്‍ധതാര്യ (translucent) സ്വേഭാവവുമുള്ള ഈ ഇനം, അസ്ഥികളുടെ അഗ്രഭാഗത്തായാണ്‌ കാണപ്പെടുക. തന്തുരൂപ ഉപാസ്ഥി വാരിയെല്ലുകളുടെ ഇടയ്‌ക്കായുള്ള ഉപാസ്ഥി ശേഖരത്തിലും സന്ധികളിലും വലിയപേശികളുടെ ടെന്‍ഡനു(tendons)കളിലും കാണപ്പെടുന്നു. ബാഹ്യകര്‍ണം, എപ്പിഗ്ലോട്ടിസ്‌, കണ്‌ഠം എന്നീ ഭാഗങ്ങളിലുള്ള ഉപാസ്ഥി തന്തുരൂപ-ഇലാസ്‌തികവിഭാഗത്തിലുള്‍പ്പെടുന്നു.

മനുഷ്യരില്‍ ഉപാസ്ഥിയുടെ ഒരു പ്രത്യേക ധര്‍മം വളര്‍ച്ചാമാതൃക (growth model) അഥവാ അസ്ഥി-ഉപകരണം ആയി വര്‍ത്തിക്കുന്നു എന്നതാണ്‌. അസ്ഥി-രൂപമെടുക്കേണ്ടസ്ഥാനത്ത്‌ ആദ്യം ഉപാസ്ഥിയാണ്‌ ഗര്‍ഭസ്ഥശിശുവില്‍ പ്രത്യക്ഷപ്പെടുന്നത്‌. പിന്നീട്‌ ഉപാസ്ഥിയുടെ തന്തുഭാഗം ക്രമേണ കാത്സീകൃതമാവുകയും അവസാനം അസ്ഥികോശങ്ങള്‍ ഉപാസ്ഥിയെ പ്രതിസ്ഥാപിക്കുകയും ചെയ്യുന്നു. ജനനത്തിനുശേഷം, വളര്‍ച്ചാഘട്ടം അവസാനിക്കുന്നതുവരെ അസ്ഥികളുടെ വളരുന്ന അഗ്രങ്ങളില്‍ ഉപാസ്ഥിയുടെ ഒരു നേരിയ ഫലകം കാണപ്പെടുന്നു. ഈ ഉപാസ്ഥിഫലകത്തിന്റെ ഒരുവശത്ത്‌ ഉപാസ്ഥികോശങ്ങളുടെ വളര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ മറുഭാഗത്ത്‌ ഉപാസ്ഥികോശങ്ങളെ അസ്ഥികോശങ്ങള്‍പ്രതിസ്ഥാപിച്ചുകൊണ്ടിരിക്കുകയും തദ്വാരാ അസ്ഥി വളരുകയും ചെയ്യുന്നു. അസ്ഥിയുടെ വളര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ ഈ ഉപാസ്ഥിഫലകം അപ്രത്യക്ഷമാവുന്നു. ഈ ഫലകം അപ്രത്യക്ഷമായിക്കഴിഞ്ഞാല്‍ പിന്നീട്‌ അസ്ഥിവളര്‍ച്ച അസാധ്യമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍