This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപാന്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉപാന്ത്രം
Vermiform appendix
വന്‍കുടലിന്റെ ആദ്യഭാഗമായ സീക്കത്തിൽ നിന്നാരംഭിക്കുന്ന പൊള്ളയായ ഒരു ചെറുകുഴൽ. സീക്കത്തിൽനിന്ന് ഒരു വിരയുടെ ആകൃതിയിൽ തൂങ്ങിക്കിടക്കുന്ന ഉപാന്ത്ര(vermiform appendix)ത്തിന്റെ സ്വതന്ത്രാഗ്രം സംവൃതം (closed)ആണ്. മനുഷ്യർ, ആള്‍ക്കുരങ്ങുകള്‍, വെരുക് (civet), സേഞ്ചിമൃഗങ്ങള്‍, കരണ്ടുതീനികള്‍, പരിണാമപരമായി താണ ചില സസ്‌തനികള്‍ എന്നിവയിലാണ് ഈ അവയവം കാണപ്പെടുന്നത്. പ്രയോജനപ്രദമല്ലാത്ത ഒരു അവശോഷാംഗം (vestigial organ) ആയിട്ടാണ് ഇതു കരുതപ്പെടുന്നതെങ്കിലും ശരീരശാസ്‌ത്രരംഗത്തു നടക്കുന്ന നൂതനഗവേഷണങ്ങള്‍ ഇത് ഉപയോഗപ്രദവും വിശേഷവത്‌കൃതവുമായ ഒരു അവയവമാണെന്ന് സൂചിപ്പിക്കുന്നു. പൂർവികജീവികളിൽ സെല്ലുലോസിന്റെ ദഹനത്തിനുവേണ്ടി സീക്കത്തിലുണ്ടായിരുന്ന ഒരു അവയവമായിരുന്നു ഉപാന്ത്രം എന്നൊരു പക്ഷമുണ്ട്.
മനുഷ്യരിൽ ഉപാന്ത്രത്തിന് 2 മുതൽ 20 സെ.മീ. വരെ നീളം കാണാറുണ്ട്. എന്നാലും ഇതിന്റെ ശരാശരി നീളം 9 സെ.മീ. ആണ്; വ്യാസം 2 മില്ലിമീറ്ററും. പ്രായപൂർത്തിയായ ഒരാളിന്റെ ഉപാന്ത്രത്തെക്കാള്‍ കുട്ടികളുടെ ഉപാന്ത്രത്തിന് നീളക്കൂടുതലുണ്ട്. മധ്യവയസ്സാകുന്നതോടെ ഉപാന്ത്രം ക്ഷയിക്കാനും ചെറുതാകാനും തുടങ്ങുന്നു.
വിവിധ വ്യക്തികളിൽ ഉപാന്ത്രത്തിന്റെ സ്ഥാനത്തിന് അല്‌പം വ്യതിയാനം കാണാറുണ്ട്. ഒരേ വ്യക്തിയിൽത്തന്നെ കാലഭേദമനുസരിച്ച് ഇതിന്റെ സ്ഥാനത്തിന് വ്യത്യാസം സംഭവിക്കാം. ചിലരിൽ ഉപാന്ത്രം ഭാഗികമായി പെരിറ്റോണിയൽ കാവിറ്റിക്കു വെളിയിലായും കാണാറുണ്ട്. ഉപാന്ത്രത്തിനുള്ളിൽ ഒരു കോടരം (cavity)ഉണ്ട്. ഇത് സീക്കഭാഗത്തേക്കു വരുന്തോറും ഇടുങ്ങിയതായിത്തീരുന്നു. പ്രായമാകുന്നതോടെ ഉപാന്ത്രത്തിനുള്ളിലെ കോടരം അടയാന്‍ തുടങ്ങും. സ്വതന്ത്രാഗ്രഭാഗത്തുതുടങ്ങി ആധാരവശത്തേക്കാണ് ഈ പ്രക്രിയ നടക്കുന്നത്. സീക്കത്തിൽനിന്നും ചില ദ്രാവകങ്ങള്‍ ഉപാന്ത്രത്തിൽ എത്തിച്ചേരാറുണ്ട്. സാധാരണഗതിയിൽ ഉപാന്ത്രഭിത്തിയിലെ പേശികളുടെ സങ്കോചംമൂലം ഈ ദ്രാവകങ്ങള്‍ തിരികെ സീക്കത്തിലേക്ക് തള്ളപ്പെടുന്നു. എന്നാൽ സീക്കത്തിലേക്കുള്ള ഉപാന്ത്രത്തിന്റെ ഇടുങ്ങിയ ദ്വാരം എന്തെങ്കിലും വസ്‌തുകൊണ്ടു (ഉദാ. faecal stone) അടഞ്ഞുപോയാൽ ഉള്ളിലെ ദ്രാവകം അവിടെ ബന്ധിതമാവുന്നു. ഉപാന്ത്രത്തിലെ ലസികാകോശങ്ങള്‍ ടോണ്‍സിൽസിന്റേതിനോട് സാദൃശ്യമുള്ളവയാണ്. ഈ കോശങ്ങളിലേക്കുള്ള രക്‌തവാഹിനികളുടെ അപര്യാപ്‌തതമൂലം ഇവ വളരെ വേഗം ബാക്‌റ്റീരിയയുടെ ആക്രമണത്തിന് വിധേയമാവാറുണ്ട്. ഉള്ളിലെ ദ്രാവകം കെട്ടിക്കിടക്കുകയും ബാക്‌റ്റീരിയയുടെ ആക്രമണം ഉണ്ടാവുകയും ചെയ്യുന്നതുമൂലം അതികഠിനമായ വേദന അനുഭവപ്പെടുന്നു. തക്കസമയത്ത് വേണ്ട വൈദ്യശുശ്രൂഷ ലഭ്യമാവാതെ വന്നാൽ ഉപാന്ത്രം പൊട്ടുന്നതിനിടയാകുന്നു. പലപ്പോഴും ഇത് മാരകമായിത്തീരാറുണ്ട്. ശസ്‌ത്രക്രിയവഴി ഉപാന്ത്രം നീക്കം ചെയ്യുകയാണ് ഏക പ്രതിവിധി.
ഉപാന്ത്രത്തിന്റെ പേശീഘടന കുടലിന്റെ ഘടനയോടു സാദൃശ്യം വഹിക്കുന്നു. കുടൽഭിത്തിയിൽ കാണപ്പെടുന്നതുപോലെതന്നെ സീറസ്, മസ്‌ക്കുലർ, സബ്‌മ്യൂക്കസ്, മ്യൂക്കസ് എന്നീ സ്‌തരങ്ങള്‍ ഉപാന്ത്രത്തിലും കാണപ്പെടുന്നുണ്ട്. ഇലിയോ കോളിക് ധമനിയുടെ കീഴ്‌ഭാഗത്തു നിന്നുള്ള ഒരു ശാഖയാണ് ഉപാന്ത്രത്തിന്റെ പ്രധാന രക്തവാഹിനി. ഉപാന്ത്രത്തിന്റെ ആധാരഭാഗത്ത് ഇത് നിരവധി ചെറുശാഖകളുടെ ഒരു ജാലമുണ്ടാക്കുന്നു. ഇവിടെനിന്നും ആരംഭിക്കുന്ന ഉപാന്ത്രധമനി ഉപാന്ത്രത്തിന്റെ അഗ്രംവരെ ചെന്നെത്തുന്നു.
ചില ജന്തുക്കളിൽ ദഹനേന്ദ്രവ്യവസ്ഥയുമായി ബന്ധപ്പെട്ട ഒരു സഞ്ചിയുടെ രൂപത്തിൽ ഉപാന്ത്രം വളരാറുണ്ട്. ഈ ജീവികളിൽ സെല്ലുലോസിനെ ദഹിപ്പിച്ചെടുക്കാനുള്ള ഒരു അവയവമായാണ് ഉപാന്ത്രം വർത്തിക്കുന്നത്.ഉപയോഗപ്രദമല്ലാത്ത ഒരു അവശോഷാംഗമായി കരുതപ്പെട്ടിരുന്ന ഉപാന്ത്രം വിശേഷവത്‌കൃതമായ ഒരു അവയവമാണെന്ന് ശരീരക്രിയാശാസ്‌ത്രത്തിൽ നടന്നുവരുന്ന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രാഥമിക സസ്‌തനികളിൽ ഉപാന്ത്രം കാണാറില്ലാത്തതിനാൽ ഇതിനെ ഒരു അവശോഷാംഗമായി കണക്കാക്കാനാവില്ലെന്നും ഒരു പക്ഷമുണ്ട്. ശരീരക്രിയാത്മകങ്ങളായ നിരവധി ധർമങ്ങള്‍ ഉപാന്ത്രത്തിനുണ്ടെന്നു കരുതപ്പെടുന്നു. കുടലിന്റെ തരംഗിത ചലനത്തിനു കാരണമാകുന്ന അനൈച്ഛികചേഷ്‌ടകള്‍ വഴി മലവിസർജനത്തെ സഹായിക്കുക, കാത്സ്യമടങ്ങിയ ശ്ലേഷ്‌മത്തെ സ്രവിക്കുക, രക്തത്തിലെ രോഗാണുക്കളെ കുടലിലേക്ക് വിസർജിക്കുക, ഇതുവരെ വ്യവച്ഛേദിച്ചിട്ടില്ലാത്ത ചില ഹോർമോണുകളെ ഉത്‌പാദിപ്പിക്കുക തുടങ്ങി നിരവധി കർമങ്ങള്‍ ഉപാന്ത്രം നടത്തുന്നുണ്ടെന്നാണ് നൂതന ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ രോഗസംക്രമണത്തെ ചെറുത്തു നിർത്തുന്നതിൽ പ്രധാനപങ്കുള്ള ലസികാകല(Lymphoid tissue)കളുടെ സാന്നിധ്യവും ഉപാന്ത്രത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. നോ. അപ്പെന്‍ഡിസൈറ്റിസ്