This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപചാരങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപചാരങ്ങള്‍

അതിഥികളെ ബഹുമാനപൂർവം സ്വാഗതംചെയ്യുന്ന സത്‌കാരാദികള്‍. അടുത്തുപെരുമാറുക എന്നതാണ്‌ ഉപചാരം എന്ന പദത്തിന്റെ അർഥം. ഇവ അഞ്ച്‌, പത്ത്‌, പതിനാറ്‌, മുപ്പത്തിരണ്ട്‌ എന്നിങ്ങനെ പല സംഖ്യയിലുള്ളതായി ഭാരതീയധർമശാസ്‌ത്രഗ്രന്ഥങ്ങളിൽ പരാമർശങ്ങള്‍ കാണുന്നു. ദേവപൂജയ്‌ക്കുള്ള പഞ്ചോപചാരങ്ങളും ഇവയിൽപ്പെടും.

""ഗന്ധാദയോ നിവേദ്യാന്താഃ പൂജാഃ പഞ്ചോപചാരികാഃ എന്ന വചനപ്രകാരം ഗന്ധം, പുഷ്‌പം, ധൂപം, ദീപം, നൈവേദ്യം ഇവയാണ്‌ പഞ്ചോപചാരങ്ങള്‍. ഇവയോടൊപ്പം അർഘ്യം, പാദ്യം, ആചമനം, സ്‌നാനം, വസ്‌ത്രം ഇവ അഞ്ചും ചേരുമ്പോള്‍ ദശോപചാരങ്ങളായി. ഇവയോടുകൂടി ആസനം, സ്വാഗതം, ആഭരണം, മാല്യം, അനുലേപനം, നമസ്‌കാരം എന്നീ ആറെച്ചം ചേർന്നാൽ ഷോഡശോപചാരങ്ങളായിത്തീരുന്നു. മധുപർക്കം, ഉപസ്‌പൃശം, നീരാജനം, ഉപവീതം, ദർപ്പണദർശനം, പാനീയം, തോയം, കരോദ്വർത്തനം, താംബൂലം, പുഷ്‌പദാനം, ഗീതം, നൃത്തം, വാദ്യം, സ്‌തുതി, പ്രദക്ഷിണം, പുഷ്‌പാഞ്‌ജലി എന്നീ പതിനാറ്‌ ഉപചാരങ്ങളുംകൂടി ആയാൽ ആകെ മുപ്പത്തിരണ്ടെച്ചമായി. ആകെ അറുപത്തിനാല്‌ ഉപചാരങ്ങളുള്ളതായി ചില ഗ്രന്ഥങ്ങളിൽ പ്രസ്‌താവിച്ചുകാണുന്നു.

അതിഥികളെ ഈശ്വരതുല്യം പൂജിക്കുവാനുള്ള പ്രവണതയാണ്‌ ഭാരതത്തിൽ ആദ്യകാലംമുതൽതന്നെ നിലവിലിരുന്നത്‌. "അതിഥി ദേവോ ഭവ' എന്ന ആപ്‌തവാക്യംതന്നെ ഇതിനു പ്രമാണമാണ്‌. തിഥി നോക്കാതെ യാദൃച്ഛികമായി വന്നുചേരുന്ന ആളാണ്‌ അതിഥി. അങ്ങനെ എത്തിച്ചേരുന്ന വിരുന്നുകാരന്റെ സർവവിധ സുഖസൗകര്യങ്ങളും നോക്കുവാനുള്ള ബാധ്യത ആതിഥേയനുള്ളതായി വിശ്വസിച്ചുപോരുന്നു. അതിഥിസ്വീകരണം, ദേവപൂജ എന്നിവയ്‌ക്കു പുറമേ ശുശ്രൂഷ, പരിചരണം, ചികിത്സ തുടങ്ങിയ വിവക്ഷകളും ഉപചാരം എന്ന പദത്തിന്‌ സിദ്ധിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍