This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്യാനവിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദ്യാനവിജ്ഞാനീയം

Horticulture

ഫലങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, ഉദ്യാന-അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ കൃഷിയെയും പരിപാലനത്തെയുംപറ്റി പ്രതിപാദിക്കുന്ന കാർഷികശാസ്‌ത്രീയ ശാഖ. ഹോർത്തൂസ്‌ (ഉദ്യാനം), കോളീർ (കൃഷിചെയ്യുക) എന്നീ ലത്തീന്‍പദങ്ങളിൽ നിന്നുമാണ്‌ ആംഗലേയഭാഷയിലെ "ഹോർട്ടികള്‍ച്ചർ' എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌. മലയാളത്തിൽ ഉദ്യാനനിർമാണം, ഉദ്യാനനിർമാണ കല എന്നീ അർഥങ്ങളിലും ഹോർട്ടികള്‍ച്ചർ എന്ന പദം ഉപയോഗിക്കാറുണ്ട്‌. വിശാലാർഥത്തിൽ ഭക്ഷ്യയോഗ്യമായ പച്ചക്കറികള്‍, ഫലവർഗങ്ങള്‍ എന്നിവയുടെ ഉത്‌പാദനം, സംസ്‌കരണം, വിതരണം എന്നിവയും ഹോർട്ടികള്‍ച്ചർ എന്ന ശാസ്‌ത്രശാഖയുടെ പ്രതിപാദനപരിധിക്കുള്ളിൽ വരും. ചുരുക്കത്തിൽ മനുഷ്യവിനിയോഗത്തിനാവശ്യമായ സസ്യകൃഷിയുടെ ശാസ്‌ത്രവും സാങ്കേതികതയും വിപണനവും പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖയാണ്‌ ഉദ്യാനവിജ്ഞാനീയം. അലങ്കാരസസ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഭൂരൂപനിർമാണകലയും (Landscaping) ഉദ്യാനവിജ്ഞാനീയത്തിന്റെ ഭാഗം തന്നെ.

വർത്തമാനകാലഘട്ടത്തിൽ ഹോർട്ടികള്‍ച്ചർ ഒരു വ്യവസായമായും വിനോദമായുമാണ്‌ പരിഗണിക്കപ്പെടുന്നത്‌. മുമ്പ്‌ ഹോർട്ടികള്‍ച്ചർ വിളകളിൽ ഭൂരിഭാഗവും ഉദ്യാനങ്ങളിലാണ്‌ വളർത്തിയിരുന്നത്‌. എന്നാൽ ഇപ്പോഴാകട്ടെ ഇവയിൽ ഭൂരിഭാഗവും വാണിജ്യാടിസ്ഥാനത്തിൽ ഫാമുകളിലോ ഹരിതഗൃഹങ്ങളിലോ നഴ്‌സറികളിലോ ഒർക്കാഡുകളിലോ ഒക്കെയാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌. പച്ചക്കറികള്‍, ഫലങ്ങള്‍, അലങ്കാരസസ്യങ്ങള്‍ എന്നിവയുടെയെല്ലാം പ്രധാന ഉത്‌പാദന സ്രാതസ്സും ഹോർട്ടികള്‍ച്ചർ തന്നെ. ഹോർട്ടികള്‍ച്ചർ വിനോദമായി പരിഗണിക്കുമ്പോള്‍ പുഷ്‌പാലങ്കാരകലയും ഉദ്യാനനിർമാണവും അതിന്റെ പരിധിയിൽ വരും.

പഠനഗവേഷണരംഗത്ത്‌ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്‌ത്രശാഖയാണ്‌ ഹോർട്ടികള്‍ച്ചർ. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ഭൂവിജ്ഞാനീയം, ജീവശാസ്‌ത്രം തുടങ്ങിയ ശുദ്ധശാസ്‌ത്രശാഖകളുമായി ബന്ധപ്പെട്ടാണ്‌ ഹോർട്ടികള്‍ച്ചർ വികസിച്ചിട്ടുള്ളത്‌. സസ്യരോഗലക്ഷണശാസ്‌ത്രം, മച്ചുശാസ്‌ത്രം, കീടവിജ്ഞാനീയം (entomology), കളവിജ്ഞാനീയം എന്നീ ശാസ്‌ത്രശാഖകളുമായും ഉദ്യാനവിജ്ഞാനീയത്തിന്‌ അഭേദ്യമായ ബന്ധമുണ്ട്‌. അഥവാ ഹോർട്ടികള്‍ച്ചർ സംബന്ധമായ പഠന-ഗവേഷണങ്ങള്‍ക്ക്‌ ഈ വിജ്ഞാനശാഖകള്‍ പ്രദാനം ചെയ്യുന്ന അറിവ്‌ അനുപേക്ഷണീയമാണ്‌ എന്നു സാരം. സാമൂഹികശാസ്‌ത്രവിഭാഗങ്ങളായ വിദ്യാഭ്യാസം, കച്ചവടം, വിപണനം, ആരോഗ്യസുരക്ഷ എന്നിവയിലെ അറിവും ഹോർട്ടികള്‍ച്ചറിന്റെ വളർച്ചയ്‌ക്ക്‌ അനിവാര്യമാംവിധം പ്രയോജനപ്പെടുത്തുന്നുണ്ട്‌.

ഹോർട്ടികള്‍ച്ചറിനെ ഒന്‍പതു ഉപശാഖകളായി തിരിച്ചിരിക്കുന്നു:

1. അർബോറി കള്‍ച്ചർ- ചിരന്തനവൃക്ഷങ്ങള്‍ നട്ടുവളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന ശാഖ.

2. ഫ്‌ളോറികള്‍ച്ചർ- പുഷ്‌പങ്ങളുടെ ഉത്‌പാദനത്തെയും വിപണനത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ.

3. ലാന്റ്‌സ്‌കേപ്‌ ഹോർട്ടികള്‍ച്ചർ- പ്രകൃതിശില്‌പങ്ങള്‍ നിർമിക്കുന്നതിനുവേണ്ടിയുള്ള അലങ്കാരസസ്യങ്ങളുടെ ഉത്‌പാദനവും പരിപാലനവും വിപണനവും പ്രതിപാദിക്കുന്ന ശാഖ.

4. ടർഫ്‌ മാനേജ്‌മെന്റ്‌- കായികവിനോദാവശ്യങ്ങള്‍ക്കും മനോഹാരിതയ്‌ക്കും വേണ്ടിയുള്ള പുൽത്തകിടി നിർമാണവും പരിപാലനവും.

5. ഒലെറികള്‍ച്ചർ-പച്ചക്കറികളുടെ ഉത്‌പാദനവും വിതരണവും പ്രതിപാദിക്കുന്ന ഹോർട്ടികള്‍ച്ചർ ശാഖ.

6. പോമോളജി- പഴവർഗങ്ങളുടെ ഉത്‌പാദനത്തെയും വിപണനത്തെയുംപറ്റി പ്രതിപാദിക്കുന്ന ഹോർട്ടികള്‍ച്ചർ ശാഖ.

7. വിറ്റികള്‍ച്ചർ- മുന്തിരിയുടെ ഉത്‌പാദനവും വിപണനവും പ്രതിപാദിക്കുന്ന ഹോർട്ടികള്‍ച്ചർ ശാഖ.

8. ഈനോളജി- വൈന്‍ നിർമാണവും മറ്റ്‌ അനുബന്ധമേഖലകളും.

9. പോസ്റ്റ്‌ ഹാർവെസ്റ്റ്‌ ഫിസിയോളജി- വിളവെടുപ്പിനുശേഷം വിളകളുടെ ഗുണമേന്മ നിലനിർത്തുന്നതിനും ദീർഘനാള്‍ കേടുകൂടാതെ സംസ്‌കരിക്കുന്നതിനുംവേണ്ടി അവലംബിക്കേണ്ട മാർഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാഖ. നോ. അലങ്കാരസസ്യങ്ങള്‍; ഫലവർഗ വിജ്ഞാനീയം, പച്ചക്കറിക്കൃഷി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍