This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദരം

വക്ഷസ്സി(thorax)നും ശ്രാണീ പ്രദേശത്തിനും (pelvis) ഇടയ്‌ക്കായുള്ള ശരീരഭാഗം. അകശേരുകികളായ ആർത്രാപ്പോഡുകളുടെ ശരീരത്തിന്റെ പശ്ച(posterior)ഭാഗത്തെ ഉദരം എന്നു വിവക്ഷിക്കാറുണ്ട്‌. എന്നാൽ കശേരുകികളിൽ ശരീരസ്‌തംഭ(trunk)ത്തിന്റെ പശ്ചഭാഗമാണ്‌ ഉദരം. സസ്‌തനികളിൽ ഉദരത്തിന്റെ മുകള്‍സീമാന്തത്തിലായാണ്‌ പ്രാചീരം (diaphragm) സ്ഥിതിചെയ്യുന്നത്‌.

മനുഷ്യരുടെ ഉദരകോടര(abdominal cavity)ത്തെ ഉദരമെന്നും ശ്രാണീപ്രദേശമെന്നും തിരിച്ചിരിക്കുന്നു. എന്നാൽ ശ്രാണീപ്രദേശവും ഉദരവും തമ്മിൽ വ്യക്തമായ വേർതിരിവു കാണപ്പെടുന്നില്ല. ഉദരത്തിനുള്ളിൽ ആമാശയം, കരള്‍, പിത്താശയം, പ്ലീഹ (spleen), അഗ്ന്യാശയം (pancreas), ആന്ത്രനാളികള്‍ (intestinal tract), അവയുമായി ബന്ധപ്പെട്ട രക്തവാഹികള്‍; നാഡികള്‍ എന്നിവ കാണപ്പെടുന്നു. പെരിട്ടോണിയം (peritoneum) എന്ന പേരുള്ള ഒരു ചർമാവരണത്താൽ പൊതിയപ്പെട്ട നിലയിലാണ്‌ വിവിധ അവയവങ്ങള്‍ ഉദരത്തിൽ സ്ഥിതിചെയ്യുന്നത്‌. ശരീരഭിത്തിയിൽനിന്നുള്ള പെരിട്ടോണിയ പാളികള്‍ വിവിധാവയവങ്ങളെ ബന്ധിച്ചു നിർത്തുന്നു.

ഉദരത്തിന്റെ പിന്‍ഭാഗത്തായി മേരുദണ്ഡവും (spinal column) പിന്‍പേശികളും (backmuscles) കാണപ്പെടുന്നു. വശങ്ങളിൽ വാരിയെല്ലു(ribs)കളുടെ താഴറ്റങ്ങളും പേശികളുമാണ്‌ ഉള്ളത്‌. ഉദരത്തിന്റെ മുന്‍ഭാഗം പേശികളാൽ ആവൃതമാണ്‌. വ്യക്തമായി വേർതിരിക്കാനാവുകയില്ലെങ്കിലും ഉദരത്തെ ഒമ്പത്‌ ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്‌. നാഭിക്കു മുകളിലായി വാരിയെല്ലുകള്‍ക്കിടയിലായുള്ള മധ്യഭാഗത്തെ അധിജഠര(epigastric)ഭാഗം എന്നും നാഭിക്കു ചുറ്റുമായുള്ള ഉദരത്തെ നാഭീ(umbilical)ഭാഗം എന്നും പറയുന്നു. നാഭിപ്രദേശത്തിനും ജഘനാസ്ഥിക്കും ഇടയ്‌ക്കുള്ള ഭാഗത്തിന്‌ അധോജഠര (hypogastric) ഉദരമെന്നാണ്‌. പേര്‌. ഈ ഭാഗങ്ങളെ വീണ്ടും നാഭിക്കു മുകളിലും അടിയിലുമായി ഇടംവല ചതുർഥാംശ(quadrant)ങ്ങളായും തിരിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%A6%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍