This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയ്‌പൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയ്‌പൂർ

ലേക്‌ പാലസ്‌: ഉദയ്‌പൂർ

1. രാജസ്ഥാനിൽ ഉദയ്‌പൂർ ജില്ലയുടെ ആസ്ഥാനമായ നഗരം. ജയ്‌പൂരിൽനിന്ന്‌ 403 കി.മീ. ദൂരെ സമുദ്രനിരപ്പിൽനിന്ന്‌ 700 മീ. ഉയരത്തിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. 1568-ൽ അക്‌ബർ ചിത്തോർ പിടിച്ചടക്കിയതിനെത്തുടർന്ന്‌ റാണാഉദയസിംഹന്‍ നിർമിച്ച ഗിരിപ്രാകാരമാണ്‌ ഇന്നത്തെ ഉദയ്‌പൂർ ആയിത്തീർന്നത്‌. പ്രാചീന നഗരം കോട്ടമതിലിനാലും അതിനെ ചുറ്റിയുള്ള അഗാധമായ കിടങ്ങിനാലും സംരക്ഷിതമായിരുന്നു; കോട്ട ഇന്നും നിലനിന്നുപോരുന്നു. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത്‌ മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങി രാജകാലപ്രഭാവം വിളിച്ചോതുന്ന രമ്യഹർമ്യങ്ങളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങള്‍ സമീപത്തുള്ള പച്ചോളാതടാകത്തിൽ നിദർശിതമാവുന്നത്‌ മനോഹരമായ കാഴ്‌ചയാണ്‌. തടാകമധ്യത്ത്‌ യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വാസ്‌തുശില്‌പങ്ങള്‍ നിർമിക്കപ്പെട്ടിരിക്കുന്നു.

വലുപ്പംകൊണ്ട്‌ രാജസ്ഥാനിലെ നാലാമത്തെ നഗരമാണിത്‌. സ്വർണം, വെള്ളി, ദന്തം എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍, മറ്റ്‌ അലങ്കാരവസ്‌തുക്കള്‍, കസവുവസ്‌ത്രങ്ങള്‍, വാള്‍, കഠാരി തുടങ്ങിയ ആയുധങ്ങള്‍ എന്നിവയുടെ നിർമാണത്തിന്‌ ഉദയ്‌പൂർ പ്രശസ്‌തിയാർജിച്ചിരിക്കുന്നു. അടുത്തകാലത്തായി ചെറുകിടവ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഈ മേഖലയിലെ വിദ്യാഭ്യാസസംസ്‌കാരകേന്ദ്രമെന്ന നിലയിലും ഉദയ്‌പൂർ പ്രാധാന്യമർഹിക്കുന്നു.

ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠപ്രദേശത്താണ്‌ ഉദയ്‌പൂർ സ്ഥിതിചെയ്യുന്നത്‌. കഠിനശിലകളാൽ സംരചിതമായ ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി പൊതുവേ വടക്കുകിഴക്കോട്ടു ചാഞ്ഞിറങ്ങുന്ന മട്ടിലാണ്‌. ഉദയ്‌പൂരിന്റെ മൂന്നിൽ രണ്ടുഭാഗവും നിരപ്പുള്ള പ്രദേശമാണ്‌. തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ബനാസ്‌ നദിയുടെ ശീർഷസ്ഥാനം പൊതുവേ നിമ്‌നോന്നതവും ദുർഗമവുമാണ്‌; ഇവിടെ ജയ്‌സമന്ത്‌ (ഡേബർ), രാജ്‌സമന്ത്‌, ഉദയസാഗർ, പച്ചോള തുടങ്ങി നൈസർഗികവും മനുഷ്യനിർമിതവുമായ അനേകം തടാകങ്ങളുണ്ട്‌; ക്വാർട്ട്‌സൈറ്റ്‌ ആധാത്രിയായുള്ള ഗർത്തങ്ങളിൽ ഒഴുകിക്കൂടിയ ജലൗഘങ്ങളാണ്‌ തടാകങ്ങളായിത്തീർന്നിരിക്കുന്നത്‌. ഇവിടത്തെ ശരാശരി വർഷപാതം 25-60 സെ.മീ. ആണ്‌; തികച്ചും അനിയമിതമായാണ്‌ മഴ പെയ്യുന്നത്‌. ജോവാർ, ബാജ്‌റ, ഗോതമ്പ്‌, കടല, പരുത്തി, പുകയില, എച്ചക്കുരുക്കള്‍ തുടങ്ങിയവ കൃഷിചെയ്‌തുവരുന്നു; ആട്‌, ഒട്ടകം എന്നിവയാണ്‌ പ്രധാന വളർത്തുമൃഗങ്ങള്‍.

2. ഇന്ത്യയിൽ സ്വാതന്ത്ര്യപ്രാപ്‌തിക്കു മുമ്പു നിലവിലുണ്ടായിരുന്ന ഒരു നാട്ടുരാജ്യം. വടക്ക്‌ അക്ഷാംശം 23o49' മുതൽ 25o24' വരെയും കിഴക്ക്‌ രേഖാംശം 73o01' മുതൽ 75o49' വരെയും ആയി 34,110 ച.കി.മീ. വ്യാപിച്ചുകിടന്നിരുന്ന ഉദയ്‌പൂർ രാജപുത്താനയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു.

രജപുത്രപാരമ്പര്യവും പ്രഭാവവും കാത്തുസൂക്ഷിച്ചുപോന്ന ഈ പ്രദേശം മേവാഡ്‌ എന്ന പേരിലും അറിയപ്പെടുന്നു. മേഷ്‌പാദ്‌ എന്ന സംസ്‌കൃതപദത്തിന്റെ അപഭ്രംശമാണ്‌ മേവാഡ്‌; മേഷങ്ങളുടെയും മേശ്രജാതിക്കാരുടെയും നിവാസസ്ഥാനം എന്ന അർഥത്തിലാണ്‌ മേവാഡ്‌ എന്ന പേരു ലഭിച്ചത്‌. 728-ൽ ബാപ്പാ റാവൽ ആണ്‌ മേവാഡ്‌ രാജവംശം സ്ഥാപിച്ചത്‌. ഈ വംശത്തിലെ സമർഥരും യുദ്ധനിപുണരുമായ രാജാക്കന്മാർ മേവാഡിന്റെയും രജപുത്രരുടെയും ആധിപത്യം ഉറപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്‌. സൂര്യവംശവുമായി ബന്ധപ്പെടുത്തി, ശ്രീരാമന്റെ പിന്മുറക്കാരായ ക്ഷത്രിയരാണ്‌ തങ്ങളെന്ന്‌ മേവാഡ്‌ രാജാക്കന്മാർ അവകാശപ്പെട്ടിരുന്നു; റാവൽ, റാണ, മഹാറാണാ എന്നീ സ്ഥാനപ്പേരുകളും അവർ സ്വീകരിക്കുകയുണ്ടായി. രജപുത്രർ മേവാഡിനെ പവിത്രഭൂമിയായി കരുതിപ്പോരുന്നു. നോ. ഉദയേശ്വരക്ഷേത്രം ഇപ്പോള്‍ രാജസ്ഥാന്‍ സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ ഉദയ്‌പൂർ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍