This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയാ സ്റ്റുഡിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയാ സ്റ്റുഡിയോ

ഉദയാ സ്റ്റുഡിയോ

കേരളത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമാണസ്ഥാപനം. ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിൽ 1947-ലാണ്‌ സ്റ്റുഡിയോ സ്ഥാപിതമായത്‌. മലയാള ചലച്ചിത്ര വ്യവസായത്തിലെ നാഴികക്കല്ലായിരുന്നു ഉദയാ സ്റ്റുഡിയോയുടെ പിറവി. സേവ്യർ വിന്‍സെന്റ്‌, ഹർഷന്‍പിള്ള, ടി.വി. തോമസ്‌, ഇ. ജോണ്‍ ഫിലിപ്പോസ്‌, ടി.എം. വർഗീസ്‌ എന്നിവർ ചേർന്നാണ്‌ സ്റ്റുഡിയോയ്‌ക്ക്‌ രൂപംനല്‌കിയത്‌. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം സ്റ്റുഡിയോയുടെ പ്രവർത്തനം പ്രതിസന്ധിയിലായതറിഞ്ഞ പ്രമുഖ വ്യവസായിയും ചലച്ചിത്ര സംവിധായകനും നിർമാതാവുമായ എം. കുഞ്ചാക്കോ(1912-76)യും ചലച്ചിത്ര വിതരണക്കാരനായ കെ.വി. കോശിയും ചേർന്ന്‌ സ്റ്റുഡിയോ ഏറ്റെടുത്തു.

കുഞ്ചാക്കോ

"വെള്ളിനക്ഷത്രം' ആണ്‌ ഉദയായിൽ നിർമിക്കപ്പെട്ട ആദ്യ ചലച്ചിത്രം. നിർമാണത്തോടൊപ്പം വിതരണവും ഉദയാ നിർവഹിച്ചിരുന്നു. ആദ്യകാലങ്ങളിൽ കുഞ്ചാക്കോയും കെ.പി. കോശിയും ചേർന്ന്‌ "നല്ലതങ്ക', "ജീവിതനൗക', "വിശപ്പിന്റെ വിളി' തുടങ്ങിയ ചലച്ചിത്രങ്ങള്‍ നിർമിച്ചു. ഏതാണ്ട്‌ 75-ഓളം മലയാള ചലച്ചിത്രങ്ങള്‍ ഉദയായിൽ പിറന്നു. "തച്ചോളി ഒതേനന്‍', "ഉച്ചിയാർച്ച', "പാലാട്ടുകോമന്‍', "ആരോമലുച്ചി' തുടങ്ങിയ വടക്കന്‍പാട്ട്‌ ചലച്ചിത്രങ്ങള്‍ വന്‍ പ്രദർശനവിജയം നേടിയവയായിരുന്നു. മലയാളചലച്ചിത്ര ചരിത്രത്തിലെ ആദ്യ സൂപ്പർഹിറ്റ്‌ ചലച്ചിത്രമായി (250-ഓളം ദിവസം പ്രദർശിപ്പിച്ചു) "ജീവിതനൗക' അറിയപ്പെടുന്നു.

"അച്ഛന്‍' എന്ന ചലച്ചിത്ര നിർമാണത്തിനിടെ കുഞ്ചാക്കോയും കോശിയും വഴിപിരിഞ്ഞതോടെ "അച്ഛന്‍', "അവന്‍ വരുന്നു', "കിടപ്പാടം' എന്നിവ കുഞ്ചാക്കോ സ്വതന്ത്രമായി നിർമിച്ചു. "കിടപ്പാടം' സാമ്പത്തിക പരാജയമായതോടെ ഉദയാ സ്റ്റുഡിയോ ഏതാനും വർഷം അടച്ചിട്ടു. കുഞ്ചാക്കോയുടെ അവസാന സംവിധാനസംരംഭം "കച്ചപ്പനുച്ചി'യായിരുന്നു.

1976-ൽ കുഞ്ചാക്കോ മരിച്ചതോടെ ഇദ്ദേഹത്തിന്റെ മകന്‍ ബോബന്‍ കുഞ്ചാക്കോ സ്റ്റുഡിയോയുടെ ചുമതല ഏറ്റെടുത്തു. ബോബന്‍ അഭിനയവും നിർമാണവും സംവിധാനവും നിർവഹിച്ചിരുന്നു. 2004-ൽ ബോബന്‍ കുഞ്ചാക്കോ അന്തരിച്ചതോടെ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനംനിലച്ചു. പിന്നീട്‌ സൂര്യമംഗലം ഗ്രൂപ്പ്‌ സ്റ്റുഡിയോ ഏറ്റെടുക്കുകയും പുതുക്കിപ്പണിയുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍