This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയവർമ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദയവർമ
കൊല്ലവർഷാരംഭത്തിനു മുമ്പ് എ.ഡി. 8-ാംശതകത്തിൽ കോലത്തുനാടു വാണിരുന്ന ഒരു രാജാവ്. അവിടെ എമ്പ്രാന്തിരിമാരെ (തുളുബ്രാഹ്മണരെ) കുടിപാർപ്പിച്ചത് ഈ കോലത്തിരി ആയിരുന്നു. 16-ാം ശതകത്തിൽ (കൊ.വ. 7-ാം ശ.) ജീവിച്ചിരുന്ന രവിവർമ കോലത്തിരി രചിച്ച ഉദയവർമചരിതം, തൃത്താഴത്തുകാരന്‍ ഒരു എമ്പ്രാന്തിരി നിർമിച്ച ബ്രഹ്മപ്രതിഷ്‌ഠ, അജ്ഞാതനാമാവായ ഒരു ബ്രാഹ്മണന്‍ രചിച്ച ദേശ്യഷ്‌ടകം എന്നിവ ഈ ഉദയവർമയെക്കുറിച്ചു കിട്ടിയിട്ടുള്ള കൃതികളാണ് (കേ.സാ.ച., ഉള്ളൂർ ഭാ. കക 82-84).
രവിവർമയുടെ ഉദയവർമചരിതം ആണ് പ്രധാനഗണന അർഹിക്കുന്നത്. രവിവർമയുടെ ഭരണകാലം 1492 മുതൽ 1506 വരെ (കൊ.വ. 667-681) ആയിരുന്നു. പറയത്തക്ക സാഹിത്യസിദ്ധി ഇല്ലായിരുന്ന രവിവർമ തന്റെ പൂർവികനെ പ്രകീർത്തിക്കാനുള്ള ആഗ്രഹത്താൽ പ്രരിതനായി മാത്രം നിർമിച്ച കൃതിയാണ് ഉദയവർമചരിതം. വില്വമംഗലത്തു സ്വാമിയാർ ശിവപുരം ദേശത്തു വച്ച് ശൃംഖലക്രാഡന്‍ എന്ന ബ്രാഹ്മണനോട് ഉദയവർമയുടെ കഥ പറഞ്ഞ പ്രകാരത്തിലാണ് ആഖ്യാനം നിർവഹിച്ചിരിക്കുന്നത്.
സോമവംശത്തിലെ മൂന്നു ക്ഷത്രിയസ്‌ത്രീകള്‍ ഗോകർണത്ത് ശിവനെ ഭജിച്ചുകൊണ്ട് താമസിച്ചപ്പോള്‍ കേരളരാജാവായ ചേരമാന്‍ പെരുമാള്‍ അവിടെ തീർഥാടനത്തിനായിപ്പോകയും ആ മൂന്നുസ്‌ത്രീകളെയും പരിഗ്രഹിക്കുകയും ചെയ്‌തു. അവരിൽ ഒരു സ്‌ത്രീയിൽ ജനിച്ച അംബാലിക, പെരുമാള്‍ക്കുശേഷം നാടുവാണു. അംബാലികയ്‌ക്ക് രവിവർമ എന്ന ഭർത്താവിൽനിന്നു എ.ഡി. 724-ൽ ജനിച്ച കേരളവർമ കോലവംശം (കോലത്തുനാടു രാജവംശം) സ്ഥാപിച്ചു. ഈ കഥ അതുലന്റെ മൂഷികവംശം കാവ്യത്തിലെ കഥയിൽനിന്നു വ്യത്യസ്‌തമാണ്. 746-ൽ കേരളവർമയുടെ ഭാഗിനേയിക്കു ജനിച്ച പുത്രനായിരുന്നു ഉദയവർമ.
കേരളവർമയ്‌ക്കുശേഷം ഉദയവർമ രാജാവായി. അദ്ദേഹത്തെ പെരുംചെല്ലൂർ ഗ്രാമ(തളിപ്പറമ്പ്)ത്തിലെ നമ്പൂതിരിമാർ ഒരിക്കൽ അവഹേളിക്കുകയുണ്ടായി. ആ പകപോക്കാന്‍ ഗോകർണത്തു നിന്ന് തുളുബ്രാഹ്മണരെ കോലത്തുനാട്ടിൽ വരുത്തിയത് നമ്പൂതിരിമാർക്ക് ഉണ്ടായിരുന്ന വിശേഷാവകാശങ്ങള്‍ക്ക് കുറവു വരുത്തി.
തുളുബ്രാഹ്മണർ ഒരു വ്യവസ്ഥയനുസരിച്ചായിരുന്നു ഉദയവർമയുടെ ക്ഷണം സ്വീകരിച്ചത്. ഗോകർണത്തിലെ കോടി തീർഥം മൂന്നു ദിവസം കൊണ്ട് നവീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ഉദയവർമയുടെ ഭൃത്യഗണം മൂന്നു മുഹൂർത്തംകൊണ്ട് ആ നവീകരണം നിർവഹിച്ചുപോലും. "വൃദ്ധിദാംബാ' എന്ന കലിവർഷത്തിൽ (എ.ഡി. 793) ആയിരുന്നു ഈ സംഭവം (കേ.സാ.ച. ഉള്ളൂർ. ഭാ. കക 83). ഗോകർണത്തിൽ ഗുണവന്തം, ദീപപത്തനം (വിളക്കൂർ), ഇഡുകുഞ്‌ജം (ഇഡുകുഞ്ചി) എന്നീ സ്ഥലങ്ങളിൽനിന്ന് ഉദയവർമ കൊണ്ടുവന്നു പാർപ്പിച്ച തുളുബ്രാഹ്മണരുടെ സന്തതിപരമ്പരയാണ് കേരളത്തിലെ എമ്പ്രാന്തിരിമാർ.
ബ്രഹ്മപ്രതിഷ്‌ഠ എന്ന സംസ്‌കൃതകൃതിയിലും ഉദയവർമ എമ്പ്രാന്തിരിമാരെ കുടിപാർപ്പിച്ച കഥ പറയുന്നു. സുപ്രഭന്‍ എന്ന ഗന്ധർവനോട് നാരദന്‍ പറഞ്ഞ കഥ, സൂതന്‍ ബ്രാഹ്മണരോട് ആഖ്യാനം ചെയ്യുന്നതായിട്ടാണ് ഇതിലെ കല്‌പന. ഇതനുസരിച്ച് കുടിയേറ്റം എ.ഡി. 1089-ൽ ആയിരുന്നു. തിരുവില്ലാദേശികളെ (237 തുളുബ്രാഹ്മണരെ) ഉദയവർമ കോലത്തുനാട്ടിൽ കുടിപ്പാർപ്പിച്ചു എന്നും ഇതിൽ പറയുന്നു. തൃത്താഴം, അറത്തിൽ എന്ന രണ്ടു ക്ഷേത്രത്തിലെ അധികാരം അവർക്കു കൊടുത്തതായും പ്രസ്‌താവിക്കുന്നുണ്ട്.
സ്രഗ്‌ധരാവൃത്തത്തിൽ എട്ട് സംസ്‌കൃതശ്ലോകത്തിൽ നിബന്ധിച്ചിട്ടുള്ള ദേശ്യഷ്‌ടകത്തിലും ഉദയവർമ തുളു ബ്രാഹ്മണരെ കോലത്തുനാട്ടിൽ കുടിപ്പാർപ്പിച്ച കഥ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. ഉദയവർമയുടെ അപേക്ഷ അനുസരിച്ച് ശ്രീശങ്കരാചാര്യർ കേരളബ്രാഹ്മണർക്ക് കാലവിചാരം, യാഗം മുതലായവയിൽ ചില നിയമങ്ങള്‍ നടപ്പാക്കിയതും കാണുന്നു. നോ. ഉദയവർമ, കോലത്തിരി
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)