This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയമാർത്താണ്ഡവർമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയമാർത്താണ്ഡവർമ

1. കൊല്ലവർഷസ്ഥാപകന്‍ എന്നു വിശ്വസിക്കപ്പെടുന്ന പ്രശസ്‌തനായ വേണാട്ടു രാജാവ്‌. കൊല്ലം പട്ടണം അന്ന്‌ വേണാടിന്റെ തലസ്ഥാനവും പല രാജ്യങ്ങളിൽനിന്ന്‌ കപ്പൽ വന്നടുക്കുന്ന വാണിജ്യകേന്ദ്രവും ആയിരുന്നു. ഉദയമാർത്താണ്ഡവർമ ജ്യോതിഷപണ്ഡിതന്മാരോട്‌ ആലോചിച്ചശേഷം തന്റെ രാജധാനിയിൽ വച്ച്‌ ഈ പുതിയ അബ്‌ദം തുടങ്ങിയെന്ന്‌ തിരുവിതാംകൂർ ചരിത്രകാരന്മാരായ പി. ശങ്കുച്ചിമേനോനും ടി.കെ. വേലുപ്പിള്ളയും പ്രസ്‌താവിച്ചിട്ടുണ്ട്‌. എ.ഡി. 825 ആഗ.15-ന്‌ ആയിരുന്നു കൊല്ലവർഷം തുടങ്ങിയത്‌.

ഈ വർഷഗണന ഏർപ്പെടുത്തിയത്‌ ഉദയമാർത്താണ്ഡവർമ ആയിരുന്നോ എന്നു സംശയിക്കുന്നവരും ഉണ്ട്‌. കൊല്ലവർഷം എന്നുള്ള നാമവും കൊല്ലം അക്കാലത്ത്‌ വേണാടിന്റെ തലസ്ഥാനമായിരുന്നു എന്ന വസ്‌തുതയും അനുസ്‌മരിച്ചാൽ ഉദയമാർത്താണ്ഡകഥ വിശ്വസനീയമാണ്‌. ഈ അബ്‌ദം കേരളം മുഴുവന്‍ അംഗീകരിച്ചുവെന്നത്‌ ഉദയമാർത്താണ്ഡവർമയുടെ അധികാരവ്യാപ്‌തിയെയാണു കാണിക്കുന്നത്‌. ഈ രാജാവ്‌ എ.ഡി. 830-ൽ (കൊ.വ. 5) അന്തരിച്ചതായി പറഞ്ഞുകാണുന്നു.

എന്നാൽ കൊല്ലവർഷാരംഭത്തിനടുത്ത്‌ ഈ പേരോടുകൂടിയ ഒരു വേണാട്ടുരാജാവ്‌ ഉണ്ടായിരുന്നോ എന്നു പോലും ചില ചരിത്രകാരന്മാർ സന്ദേഹിക്കുന്നു. ഇത്‌ മഹോദയപുരത്തെ കുലശേഖരന്മാരുടെ വാഴ്‌ചാക്കാലമായതിനാൽ വേണാട്ടു രാജാവിനു ഒരു സാമന്തപദവി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ആ സ്ഥിതിക്ക്‌ വേണാട്ടുരാജാവു തുടങ്ങിയ കൊല്ലവർഷത്തിനു കേരളം മുഴുവന്‍ അംഗീകാരവും പ്രചാരവും ലഭിക്കുക സാധ്യമല്ലെന്ന വാദമാണ്‌ അവർ ഉയർത്തുന്നത്‌. കുലശേഖര ചക്രവർത്തിയായ രാജശേഖരവർമനാണ്‌ കൊല്ലവർഷം തുടങ്ങിയതെന്നും ഇവർക്ക്‌ അഭിപ്രായമുണ്ട്‌.

2. എ.ഡി. 1173 മുതൽ 1189 വരെ (കൊ.വ. 348-364) വേണാട്‌ വാണ രാജാവ്‌. ഗോദമാർത്താണ്ഡവർമ, ശ്രീവീര ഉദയമാർത്താണ്ഡവർമ തിരുവടി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇദ്ദേഹത്തിന്റെ കാലത്താണ്‌ വേണാടിന്റെ തെക്കേ അതിർത്തി പാണ്ടിനാട്ടിലേക്കു വ്യാപിച്ചത്‌. ഈ രാജാവിന്റെ പുത്രി ആയ ത്രിഭുവനദേവിയെ പാണ്ഡ്യരാജാവായ മാറവർമന്‍ ശ്രീവല്ലഭന്‍ പരിണയിച്ചപ്പോള്‍ പാണ്ടിനാട്ടിൽ വള്ളിയൂരും മറ്റുമായിരുന്നു സ്‌ത്രീധനമായി വിട്ടുകൊടുത്തത്‌. ഈ ഉദയമാർത്താണ്ഡവർമ ആയിരുന്നു തിരുവട്ടാർ ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയിച്ചത്‌.

അന്ന്‌ കൊല്ലമായിരുന്നു രാജധാനി എങ്കിലും ശ്രീപദ്‌മനാഭസ്വാമിക്ഷേത്രകാര്യങ്ങള്‍ക്കായി രാജാവ്‌ തിരുവനന്തപുരത്തും താമസിക്കുക പതിവായിരുന്നു. അങ്ങനെ 364-ാമാണ്ട്‌ തിരുവനന്തപുരത്ത്‌ ചോമായിക്കുടി (സോമയാജിക്കുടി) കോയിക്കൽ താമസിക്കേ കിളിമാനൂരിനടുത്തുള്ള ദേവിദേവേശ്വരം ക്ഷേത്രത്തിലെ സഭക്കാർ അദ്ദേഹത്തെ സന്ദർശിക്കുകയും അവരുടെ ക്ഷേത്രത്തിലേക്ക്‌ പുതിയ പ്രശസ്‌തിപത്രം എഴുതിവാങ്ങിക്കുകയും ചെയ്‌തു. 974-ൽ (കൊ.വ. 149) വേണാടു വാണിരുന്ന ശ്രീവല്ലഭന്‍ കോതയുടെ മാതാവ്‌ പ്രതിഷ്‌ഠിച്ച ദേവിദേവേശ്വരം ക്ഷേത്രത്തിന്‌ കൊടുത്തിരുന്ന ബ്രഹ്മസ്വം പ്രശസ്‌തിരേഖ പഴകി മങ്ങിപ്പോയതിന്‌ പകരമായിരുന്നു പുതിയ രേഖ കൊടുത്തത്‌. പലയിനം ക്ഷേത്രകാര്യങ്ങള്‍ക്കുവേണ്ടി വമ്പിച്ച ഭൂസ്വത്ത്‌ ആ ദാനശാസനത്തിൽ ഉള്‍പ്പെടുത്തിയിരുന്നു. ഉദയമാർത്താണ്ഡവർമയുടെ ആ രേഖ അന്നത്തെ ചരിത്രത്തിൽ വളരെ വെളിച്ചം വീശുന്നു. ക്ഷേത്രകാര്യങ്ങള്‍ക്കും മറ്റും സഭകള്‍ ഉണ്ടായിരുന്നെന്നും പൂജകള്‍ക്കുപുറമേ മഹാഭാരതപാരായണം പോലെയുള്ള സാംസ്‌കാരിക പ്രവർത്തനങ്ങളും ക്ഷേത്രത്തിൽ നടത്തിയിരുന്നെന്നും ഈ രേഖയിൽ നിന്നു മനസ്സിലാക്കാം. കോളംബാധീശ്വരനായിരുന്ന ഈ കോത (കോഉദയ) മാർത്താണ്ഡവർമയുടെ ഛത്രവാഹി ആയിരുന്ന ആദിത്യരാമന്‍ ഒരു രജതഡിണ്ഡിമം (വെള്ളിയിൽ നിർമിച്ച വാദേ്യാപകരണം) പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ഗോഷ്‌ഠാലയത്തിന്‌ (തിരുവമ്പാടിക്ക്‌) കാണിക്ക വച്ചതായി അവിടെ ശിലാരേഖയുണ്ട്‌. ഉദയമാർത്താണ്ഡന്റെ സ്‌മാരകമായി അദ്ദേഹത്തിന്റെ ദൗഹിത്രന്‍ ഇളയപെരുമാള്‍ ഉദയമാർത്താണ്ഡ മണ്ഡപം സ്ഥാപിച്ചു.

3. എ.ഡി. 1251 (കൊ.വ. 426) അടുപ്പിച്ച്‌ വേണാട്‌ വാണ രാജാവ്‌. "വേണാടുവാച്ചരുളുകിന്റ കീഴ്‌പേരൂർ ശ്രീവീരഇരവി ഉദയമാർത്താണ്ഡവർമ ചിറവാമൂത്തതിരുവടി' എന്നാണ്‌ പൂർണനാമം.

426-ാമാണ്ട്‌ മേടമാസം 19-ന്‌ മലമണ്ഡലത്തു കച്ചന്നൂർദേശത്തു പൂവങ്കവിളാകത്തു കാണിയാളർ കുലത്തിൽ ശൈവാചാരമായ കാര്യത്തുറ തമ്പി ഇരവികേരളവിക്രമ ഉടയാർക്ക്‌ മുത്തളക്കുറിച്ചി ശ്രീവീരകേരളപുരത്തെ മഹാദേവർ കോവിലിൽ മേല്‌ക്കോയ്‌മ ഊരാണ്‍മസ്ഥാനം അനുവദിച്ചുകൊടുത്തത്‌ ഈ രാജാവാണ്‌.

വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ 1252-ാമാണ്ടത്തെ (കൊ.വ. 427) ഒരു വട്ടെഴുത്തുരേഖയിൽ പരാമർശിക്കുന്ന ശ്രീ വീരപദ്‌മനാഭമാർത്താണ്ഡവർമ തിരുവടി ഈ ഉദയമാർത്താണ്ഡവർമതന്നെ എന്നു തോന്നുന്നു. പദ്‌മനാഭദാസന്‍ എന്ന അർഥത്തിലായിരിക്കാം രാജാവ്‌ തന്റെ പേരിൽ പദ്‌മനാഭനാമം കൂടി ചേർത്തിരിക്കുന്നത്‌. വേണാട്ടുരാജാക്കന്മാരിൽ ആർക്കും പദ്‌മനാഭവർമ എന്ന പേര്‌ കാണുന്നില്ല എന്നുള്ളത്‌ ഈ ഊഹത്തെ പിന്താങ്ങുന്നു.

1252-ൽ (കൊ.വ. 427) പദ്‌മനാഭമാർത്താണ്ഡവർമയുടെ അധികാരിമാർ വർക്കലക്ഷേത്രം പുതുക്കിപ്പണിയിച്ചു. "വർക്കല ഉദയമാർത്താണ്ഡപുരം' എന്നു രേഖയിൽ കാണുന്നതുകൊണ്ട്‌ ഈ രാജാവിന്റെ നാമം ആ സ്ഥലത്തിന്‌ കൊടുത്തതായി കരുതാം.

വിഖ്യാതനായ രവിവർമ സംഗ്രാമധീരചക്രവർത്തിയുടെ പൂർവഗാമി ആയിരുന്നു ഉദയമാർത്താണ്ഡവർമ.

4. ദക്ഷിണഭാരതചക്രവർത്തി ആയിത്തീർന്ന വേണാട്ടടികള്‍ സംഗ്രാമധീരരവിവർമയുടെ അനന്തരഗാമി. എ.ഡി. 1316 (കൊ.വ. 491) ഈ ഉദയമാർത്താണ്ഡവർമയുടെ നാലാമത്തെ ഭരണവർഷമായിരുന്നു എന്നു (കേരളപുരം ശിവക്ഷേത്രത്തിലെ ശിലാരേഖ) കാണുന്നു. രവിവർമയ്‌ക്കുശേഷം ആയിരിക്കണമല്ലോ ഉദയമാർത്താണ്ഡവർമ വേണാട്ടിൽ സ്ഥാനാരോഹണം ചെയ്‌തത്‌. അപ്പോള്‍ കൊ.വ. 491-ാമാണ്ട്‌ ഉദയമാർത്താണ്ഡന്റെ 4-ാം വർഷമായിരുന്നതുകൊണ്ട്‌ രവിവർമ എ.ഡി. 1313-ൽ കാലഗതി പ്രാപിച്ചു എന്നും, ഉദയമാർത്താണ്ഡവർമ ആ ആണ്ടിൽ രാജാവായി എന്നും കരുതാം.

"വേണാട്ടുവാച്ചരുളുകിന്റ ശ്രീവീര ഉതൈയ മാർത്താണ്ഡവർമതിരുവടിയർ വീരപാണ്ടിയതേവർ' എന്നാണ്‌ കേരളപുരം ശിലാരേഖയിൽ ഇദ്ദേഹത്തിന്റെ പേര്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. "വീരപാണ്ടിയ' ശബ്‌ദം കൂടി പേരിനോടു ചേർത്തിരിക്കുന്നതുകൊണ്ട്‌ വീരപാണ്ഡ്യന്റെ സാമന്തനായിരുന്നു ഉദയമാർത്താണ്ഡന്‍ എന്ന ഒരു വ്യാഖ്യാനവും നിലവിലുണ്ട്‌. നേരേമറിച്ച്‌ ഉദയമാർത്താണ്ഡവർമ വീരപാണ്ഡ്യനെ തോല്‌പിച്ചതുകൊണ്ട്‌ സ്വീകരിച്ച ബിരുദമാണ്‌ ഇതെന്നു മറ്റു ചിലർ കരുതുന്നു. ഈ രേഖ നിർമിച്ച 1316-ന്‌ നാല്‌ വർഷം മുമ്പ്‌ വേണാട്ടുരാജാവായിരുന്ന സംഗ്രാമധീരരവിവർമയുടെ സൈന്യം വീരപാണ്ഡ്യനെ തോല്‌പിച്ച്‌ കൊങ്കണദേശത്തിന്‌ വടക്കുള്ള വനാന്തരങ്ങളിലേക്ക്‌ ഓടിച്ചതായി കാഞ്ചീപുരത്ത്‌ ശിലാരേഖയുണ്ട്‌. അന്ന്‌ വേണാട്ടിൽ യുവരാജാവായിരുന്ന ഉദയമാർത്താണ്ഡന്‍ വീരപാണ്ഡ്യനെ തോല്‌പിച്ചു എന്നും അതുകൊണ്ട്‌ ആ ബിരുദം സ്വീകരിച്ചു എന്നും കല്‌പിക്കുന്നതാണ്‌ യുക്തം. ഉദയമാർത്താണ്ഡവർമ അന്തരിച്ചത്‌ 1333 (കൊ.വ. 508)-ാമാണ്ടിനു മുമ്പാണ്‌.

5. എ.ഡി. 1382 മുതൽ 1444 വരെ (കൊ.വ. 557-619) വേണാടു ഭരിച്ച രാജാവ്‌. ചേര ഉദയമാർത്താണ്ഡവർമ എന്ന പേരിലും അറിയപ്പെടുന്നു. വേണാട്ടുരാജാക്കന്മാരിൽ ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ചത്‌ ഇദ്ദേഹമാണ്‌. ഇരണിയലിന്‌ അടുത്തുള്ള ആള്‍വാർകോയിൽ വിഷ്‌ണുക്ഷേത്രത്തിൽ 1404-ലെ (കൊ.വ. 578) ഒരു ശിലാരേഖയിൽ പരാമൃഷ്‌ടനായ കീഴ്‌പേരൂർ വീരകേരള മാർത്താണ്ഡവർമ ഇദ്ദേഹം ആയിരിക്കാനാണ്‌ സാധ്യത. തമിഴ്‌നാട്ടിൽ തിരുവിതാംകൂറിന്‌ നഷ്‌ടപ്പെട്ടിരുന്ന പ്രദേശങ്ങള്‍ ഇദ്ദേഹം വീണ്ടെടുത്തു. അവിടെ വള്ളിയൂർ, ചേരമഹാദേവി എന്നീ സ്ഥലങ്ങളിലായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ വാസം. ശാന്തനായിരുന്ന ഇദ്ദേഹത്തിന്റെ അധികാരത്തെ ധിക്കരിക്കാന്‍ തമിഴ്‌നാട്ടിലെ ചില പ്രഭുക്കന്മാർ മുതിർന്നു. ഇദ്ദേഹം ഒരിക്കൽ തിരുവനന്തപുരത്തു താമസിക്കെ റെട്ടിയാപുരം പ്രഭു വള്ളിയൂർ പിടിച്ചെടുത്തു. അന്ന്‌ ആ യുദ്ധത്തിൽ പരാജിതനായ വേണാട്ട്‌ ഇളയരാജാവ്‌ അഭിമാനഭംഗത്താൽ ആത്മഹത്യ ചെയ്‌തതായി പറയുന്നു. എന്നാൽ ഈ കഥ ശരിയാണെന്നു തോന്നുന്നില്ല. ഇളമുറരാജാവായിരുന്ന രവിവർമ കൊ.വ. 592-ാമാണ്ട്‌ കരുവേലംകുളം, നിത്യനട മുതലായ സ്ഥലങ്ങളിൽ വച്ച്‌ യുദ്ധംചെയ്‌ത്‌ ജയിച്ചതായി ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിൽ രേഖയുണ്ട്‌. ആ യുദ്ധങ്ങളിൽ സംഭവിച്ച നരഹത്യയ്‌ക്ക്‌ ഉത്തരപ്പാട്‌ (പ്രായശ്ചിത്തം) ആയി ക്ഷേത്രത്തിൽ ഒരാനയെ ഉരുവിരുത്തി, ആറ്‌ വെള്ളിക്കുടവും 5,000 പണവും കൊടുത്തു. ഉദയമാർത്താണ്ഡവർമ കൊട്ടാരക്കര ഇളയിടത്തേക്ക്‌ താമസം മാറ്റിയെന്ന്‌ തിരുവിതാംകൂർ ചരിത്രത്തിൽ ശങ്കുച്ചിമേനോന്‍ പറഞ്ഞിട്ടുണ്ട്‌. ഈ രാജാവ്‌ 1444 (കൊ.വ. 619) അന്തരിച്ചു.

6. പ്രശസ്‌തനായ മറ്റൊരു വേണാടു രാജാവ്‌ (എ.ഡി. 1500 മുതൽ 1535 വരെ-കൊ.വ. 675-710) ശ്രീവീരരാമമാർത്താണ്ഡവർമ, കളക്കാട്ടുരാജാവ്‌ ശങ്കരനാരായണവെന്റുമണ്‍കൊണ്ട ഭൂതലവീര ശ്രീവീര ഉദയമാർത്താണ്ഡവർമ എന്ന പേരുകളിലും വിഖ്യാതന്‍.

വേണാട്ടു രാജകുടുംബത്തിൽപ്പെട്ട ദേശിംഗനാട്ട്‌ (കൊല്ലം) ശാഖയിലെ മുത്തതിരുവടി എന്ന നിലയ്‌ക്ക്‌ ആ താവഴിയുടെ പ്രത്യേക പരദേവതയായ നാവായിക്കുളം ശങ്കരനാരായണന്റെ തിരുനാമം ചേർത്തായിരുന്നു "ചേതുങ്കനാട്ടു ചങ്കരനാരായണവെന്റുമണ്‍കൊണ്ട പൂതല വീര ശ്രീവീര ഉതൈയ മാർത്താണ്ഡവർമ തിരുപ്പാപ്പൂർ മൂത്തവർ' എന്ന നാമം (കന്യാകുമാരി ശിലാരേഖ T.A.S.II, 126). യുദ്ധം ചെയ്‌ത്‌ രാജ്യം പിടിച്ചടക്കിയ എന്ന അർഥത്തിലാണ്‌ "വെന്റുമണ്‍കൊണ്ട' എന്ന ബിരുദം. ആ കാലഘട്ടത്തിലെ ചില വേണാട്ടുരാജാക്കന്മാർക്ക്‌ ഈ ബിരുദം ഉണ്ടായിരുന്നു. പാണ്ഡ്യരാജാക്കന്മാരെ തോല്‌പിച്ച്‌ തമിഴ്‌നാട്ടിൽ സ്ഥലങ്ങള്‍ വെട്ടിപ്പിടിച്ച വീരാപാദനത്തെ സൂചിപ്പിക്കുന്നതിനാണ്‌ ഈ ബിരുദം. ചക്രവർത്തിപദത്തെ സൂചിപ്പിക്കാനാണ്‌ ഭൂതലവീരവിശേഷണം. ദേശിംഗനാട്ട്‌ മൂത്ത തിരുവടി ആയിരുന്ന ഇദ്ദേഹത്തിന്‌ 1494-ൽ ചിറവാ മൂപ്പും 1512-ൽ തൃപ്പാപ്പൂർ മൂപ്പും കിട്ടി.

ആ ഘട്ടത്തിൽ വേറെ രണ്ടു തിരുവടിമാർകൂടി വേണാട്ടുരാജകുടുംബത്തിൽ ഉണ്ടായിരുന്നു: ഇരവിവർമയും ഇരവി ആദിത്യവർമയും. എങ്കിലും പരാക്രമശാലി ആയിരുന്ന ഉദയമാർത്താണ്ഡവർമയാണ്‌ രാജാവായി അധികാരമേറ്റത്‌. ചോളവംശബന്ധം. പാണ്ടിനാടിന്റെ തെക്കന്‍ പ്രദേശങ്ങളിലും സിലോണിന്റെ ഉത്തരഭാഗങ്ങളിലും ഇദ്ദേഹം അധികാരം നടത്തി. ഒരു ചോള രാജകുമാരിയെ പാണിഗ്രഹണം ചെയ്‌ത ഇദ്ദേഹത്തെ ആ ബന്ധത്തെ അനുസ്‌മരിച്ച്‌ പുലിമാർത്താണ്ഡവർമയെന്നും വിളിച്ചുപോന്നു. ചോളരാജവംശമുദ്ര ആയിരുന്നു "പുലി'. ആ വിവാഹത്തിൽ സ്‌ത്രീധനമായിക്കിട്ടിയ കളക്കാട്ട്‌ അദ്ദേഹം രാജധാനി സ്ഥാപിച്ചു. അവിടെ "അഗരശീർമയിൽ വെന്റുമണ്‍കൊണ്ട ചതുർവേദിമംഗലം' എന്നായിരുന്നു ഇദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നാമം. തന്റെ പത്‌നിയുടെ ബഹുമാനാർഥം ആ രാജഗൃഹത്തിന്‌ ചോളകുലവല്ലിപുരം എന്നും പേരു നല്‌കി.

ശിലാലിഖിതങ്ങള്‍. ഉദയമാർത്താണ്ഡവർമയുടെ ശിലാലിഖിതങ്ങള്‍ തെക്കന്‍തിരുവിതാംകൂറിലും തമിഴ്‌നാട്ടിലും ധാരാളം കാണുന്നുണ്ട്‌. തമിഴ്‌നാട്ടിലുള്ളവ-പള്ളയ്‌ക്കൽ (എ.ഡി. 1503); ബ്രഹ്മദേശം (1515); അംബാസമുദ്രം (1517;1519;1525); മന്നാർകോവിൽ (1523;1524); കല്ലിടക്കുറിച്ചി (1525;1531); തെങ്കാശി (1525); തിരുക്കാലൂർ (1532); ശ്രീവില്ലിപുത്തൂർ (1534); എന്നിവയത്ര. തെങ്കാശിയിലും ആള്‍വാർ തിരുനഗരിയിലും ഉള്ള വിജയനഗരയുദ്ധത്തെ സൂചിപ്പിക്കുന്ന ലിഖിതങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. തെക്കന്‍തിരുവിതാംകൂറിലെ പ്രധാന ലിഖിതങ്ങള്‍-നാഗർകോവിൽ (1521), കന്യാകുമാരിക്കടുത്ത്‌ മുട്ടം (1526), കന്യാകുമാരി (1532), വടശ്ശേരി (1532), താഴക്കുടി (1532), തോവാള (1533) എന്നിവയാണ്‌.

സൈന്യശക്തി. പോർച്ചുഗീസുകാരുടെ ആഗമനഘട്ടത്തിനിടയ്‌ക്കായിരുന്നു ഉദയമാർത്താണ്ഡവർമയുടെ കാലം. 1514-ൽ കൊല്ലം സന്ദർശിച്ച ഡുവാർട്ടേ ബാർബോസയുടെ അഭിപ്രായത്തിൽ കായംകുളം (ഓടനാട്‌) ദേശിംഗനാട്ടിൽ ഉള്‍പ്പെട്ടിരുന്നു. ഉദയമാർത്താണ്ഡവർമയുടെ രാജ്യം തിരുനെൽവേലിയിൽ കായൽപട്ടണം വരെ വ്യാപിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌. സമ്പത്തിലും സൈന്യശക്തിയിലും ഉദയമാർത്താണ്ഡവർമ മികച്ചുനിന്നു എന്നും, 50,000 വില്ലാളികള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നെന്നും ബാർബോസ പറഞ്ഞിട്ടുണ്ട്‌. അസ്‌ത്രപ്രയോഗ സമർഥകളായ അഞ്ഞൂറോളം സ്‌ത്രീകള്‍ ഇദ്ദേഹത്തിന്റെ അംഗരക്ഷയ്‌ക്കുണ്ടായിരുന്നു. വിജയനഗരത്തിലെ നരസിംഹരാജാവുമായി പലപ്പോഴും യുദ്ധത്തിലേർപ്പെട്ടിരുന്നുവെങ്കിലും ഇദ്ദേഹം സ്വരാജ്യത്തിന്റെ സുരക്ഷിതത്വത്തിനു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നരസിംഹരാജാവുമായി ഉണ്ടായിരുന്ന യുദ്ധത്തെപ്പറ്റി അൽഫോന്‍സോ അൽബുക്കർക്കിന്റെ യാത്രാവിവരണഗ്രന്ഥത്തിലും സൂചിപ്പിച്ചിട്ടുണ്ട്‌.

വിജയനഗരയുദ്ധം. ഉദയമാർത്താണ്ഡവർമയുടെ ശക്തിവർധന വിജയനഗരത്തിന്‌ ഈർഷ്യാഹേതുകമായി. ഉദയമാർത്താണ്ഡവർമയുടെ രാജ്യവ്യാപനവും ചില നടപടികളും വിജയനഗരത്തെ പ്രകോപിപ്പിച്ചിരുന്നു. വിജയനഗരസൈന്യത്താൽ പരാജിതനായ തൊണ്ടമണ്ഡലത്തിലെ വിജയനഗരസാമന്തന്‍ ഉദയമാർത്താണ്ഡവർമയെ ശരണം പ്രാപിച്ചത്‌ വിജയനഗരത്തിന്റെ ഈർഷ്യയ്‌ക്ക്‌ കാരണമായി. അക്കാലത്ത്‌ രാമനാട്ടിലെ പ്രഭുവായിരുന്ന ഇമ്പിച്ചി നായിക്കനും ഉദയമാർത്താണ്ഡന്റെ പിന്തുണയോടുകൂടി പാണ്ഡ്യരാജാവിന്‌ എതിരായി സമരകാഹളം മുഴക്കി. പാണ്ഡ്യരാജാവ്‌ വിജയനഗരത്തിന്റെ സഹായം അപേക്ഷിച്ചപ്പോള്‍ ഉദയമാർത്താണ്ഡവർമയ്‌ക്കു നേരെ തിരിയാന്‍ അവർക്കു സന്ദർഭം കിട്ടി. എന്നാൽ, വിജയനഗരരാജാവായിരുന്ന കൃഷ്‌ണദേവന്‍ യുദ്ധത്തിനു സൈന്യത്തെ അയയ്‌ക്കുന്നതിനു മുമ്പ്‌ പെട്ടെന്ന്‌ ചരമഗതിയടഞ്ഞു (1529). അതിനാൽ കൃഷ്‌ണദേവന്റെ അനന്തരഗാമി അച്യുതദേവരായരായിരുന്നു തിരുവിതാംകൂറിനോടു യുദ്ധത്തിനു പുറപ്പെട്ടത്‌.

അച്യുതദേവരായരുടെ പരിപാടി ഒരു യുദ്ധയാത്രയും തീർഥാടനവും കൂടിയായിരുന്നു. തിരുപ്പതിയിൽ നിന്നു പുറപ്പെട്ട്‌ പല ക്ഷേത്രങ്ങളും സന്ദർശിച്ച്‌ ശ്രീരംഗത്തു വന്നശേഷം, തിരുവിതാംകൂർ ആക്രമണത്തിന്‌ തന്റെ സ്യാലനും പ്രധാനമന്ത്രിയുമായിരുന്ന തിരുമലദേവനെയാണ്‌ ഇദ്ദേഹം നിയോഗിച്ചത്‌. ആക്രമണത്തെ എതിരിടാന്‍ ഉദയമാർത്താണ്ഡവർമയുടെ സേന സഹ്യാദ്രിയുടെ കിഴക്കുഭാഗത്ത്‌ താമ്രപർണീതീരത്ത്‌ പാളയമടിച്ചു (കൊ.വ. 707). ഈ യുദ്ധത്തെപ്പറ്റി നമുക്കുള്ള അറിവ്‌ അച്യുതരായരുടെ സദസ്യനായിരുന്ന രാജനാഥഡിണ്ഡിമന്‍ രചിച്ച അച്യുതരായാഭ്യുദയം എന്ന സംസ്‌കൃതകാവ്യത്തിൽനിന്ന്‌ ആണ്‌. വിജയനഗരം ജയിച്ചുവെന്നും, താമ്രപർണീതീരത്ത്‌ വിജയസ്‌തംഭം നാട്ടിയെന്നും, അച്യുതരായർ പാണ്ഡ്യരാജപുത്രിയെ പാണിഗ്രഹണം ചെയ്‌തെന്നും മറ്റും രാജനാഥന്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. വിജയനഗരസേനാപതി സകലതിമ്മതിരുമലദേവന്‍ അനന്തശയനത്ത്‌ (തിരുവനന്തപുരത്ത്‌) ഭജനം നടത്തിയെന്നും ചെല്ലപ്പനെ വീണ്ടെടുത്തുവെന്നും പ്രസ്‌താവമുണ്ട്‌.

രാജനാഥന്റെ പ്രസ്‌താവങ്ങള്‍ക്ക്‌ വേറെ തെളിവില്ല. യുദ്ധം സന്ധിയിലവസാനിച്ചതായി വിചാരിക്കാനേ തരമുള്ളൂ. 1541-ൽ, അതായത്‌ താമ്രപർണീയുദ്ധം കഴിഞ്ഞ്‌ 9 വർഷത്തിനുശേഷം, തിരുനൽവേലിയിൽ പള്ളയ്‌ക്കൽ വിഷ്‌ണുക്ഷേത്രത്തിന്‌ "ഉദയമാർത്താണ്ഡവിച്ചവർ എമ്പെരുമാന്‍' എന്ന്‌ നാമകരണം ചെയ്‌തതായും, ചെമ്പകരാമന്‍ ശാന്തി ഏർപ്പെടുത്തിയതായും കാണുന്നു.

പ്രശസ്‌തഭരണം. യുദ്ധത്തിലെന്നപോലെ ഭരണകാര്യത്തിലും ഉദയമാർത്താണ്ഡവർമയുടെ മഹിമ പ്രത്യക്ഷമായിരുന്നു. തമിഴ്‌നാട്ടിൽ കളക്കാട്ട്‌ രാജധാനിസ്ഥാപിച്ചതും, വീരപ്പുലിയണ കെട്ടിച്ചതും,നാണയങ്ങള്‍ അടിച്ചു പ്രചരിപ്പിച്ചതും സ്‌മരണീയമാണ്‌. അനേകം ഹിന്ദുദേവാലയങ്ങള്‍ക്കെന്നപോലെ നാഗർകോവിലിൽ ജൈനക്ഷേത്രത്തിനും കുമരിമുട്ടത്ത്‌ ക്രസ്‌തവപ്പള്ളിക്കും ചെയ്‌ത ദാനങ്ങള്‍ ഇദ്ദേഹത്തിന്റെ ഹൃദയവിശാലതയ്‌ക്കു നിദർശനമാണ്‌. നാഗർകോവിൽ ജൈന(ഇപ്പോള്‍ ഹിന്ദു)ക്ഷേത്രത്തിലെ ചെലവുകള്‍ക്കുവേണ്ടി ക്ഷേത്രകാര്യക്കാരന്മാരായിരുന്ന ഗുണവീരപണ്ഡിതനും കമലവാഹനപണ്ഡിതനും ധാരാളം വസ്‌തുക്കള്‍ വിട്ടുകൊടുത്തു.

കന്യാകുമാരി മുട്ടം പള്ളിയിലെ 1526-ലെ ഒരു ശിലാരേഖ സ്ഥലവാസികളായവർക്ക്‌ ഒരു അഞ്ചിനാംപുകലിടം (അഞ്ചിനാം-പുകൽ-ഇടം-അഭയസ്ഥാനം) അനുവദിച്ചുകൊടുത്തതിനെ സംബന്ധിച്ചാണ്‌. കുമരിമുട്ടത്ത്‌ അവശപരവക്രിസ്‌ത്യാനികളെ ശല്യപ്പെടുത്താതെയിരിക്കാന്‍ അവിടത്തെ ഹൈന്ദവമുക്കുവരുടെ മൂത്തകങ്കനും ഇളയകങ്കനും കൊടുത്ത കല്‌പനയായിരുന്നു അത്‌. അഞ്ചിനാംപുകലിടം ഉണ്ടാകുന്ന പതിവ്‌ അന്ന്‌ നിലവിലിരുന്നു. അദ്ദേഹം കളക്കാട്ടുകോയിക്കൽവച്ച്‌ 1535-ൽ (കൊ.വ. 710 കർക്കടകം 26-നു) അന്തരിച്ചു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍