This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയനാപുരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയനാപുരം

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽപ്പെട്ട ഒരു ക്ഷേത്രസങ്കേതം. വൈക്കം ശിവക്ഷേത്രത്തിന്‌ സു. രണ്ടര കി.മീ. വടക്കു മാറിയുള്ള സുബ്രഹ്മണ്യക്ഷേത്രമാണ്‌ ഉദയനാപുരത്തിന്റെ പ്രശസ്‌തിക്ക്‌ മുഖ്യകാരണം. ഈ ക്ഷേത്രത്തിൽ ഭഗവതി പ്രതിഷ്‌ഠയാണു നടത്താനിരുന്നതെന്നും എന്നാൽ ദേവിയുടെ അരുളപ്പാടനുസരിച്ച്‌ സുബ്രഹ്മണ്യനുവേണ്ടി നിർമിക്കപ്പെട്ട കുമാരനല്ലൂരിൽ ഭഗവതിയെയും പകരം ഉദയനായകീപുര(ഉദയനാപുരം)ത്ത്‌ സുബ്രഹ്മണ്യനെയും പ്രതിഷ്‌ഠിക്കുകയാണുണ്ടായതെന്നും ഐതിഹ്യമുണ്ട്‌; ക്ഷേത്രം തുടർന്നും ഉദയനായകീപുരം എന്ന്‌ അറിയപ്പെടുകയും ചെയ്‌തു (നോ. കുമാരനല്ലൂർ). ഈ ക്ഷേത്രത്തിലെ ദാരുശില്‌പങ്ങള്‍, ശിലാശില്‌പങ്ങള്‍, ചുമർച്ചിത്രങ്ങള്‍ തുടങ്ങിയവ മനോഹര കലാരൂപങ്ങള്‍ ആണ്‌. വൈക്കത്തെ തൃക്കാർത്തിക മഹോത്സവത്തിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഉദയനാപുരത്തപ്പന്റെ ആറാട്ട്‌. ഇതിലേക്ക്‌ ഉദയനാപുരത്തപ്പനെ വൈക്കത്തെ ആറാട്ടുകുളത്തിലേക്ക്‌ എഴുന്നള്ളിക്കുകയും വൈക്കത്തപ്പന്റെ ഒപ്പം ശ്രീകോവിലിനുള്ളിൽ പ്രതിഷ്‌ഠിച്ച്‌ കൂടിപൂജ എന്നറിയപ്പെടുന്ന വിശേഷകർമം നിർവഹിക്കുകയും ചെയ്യുന്നു. തുടർന്ന്‌ ശ്രീകോവിലിനുമുമ്പിലുള്ള മണ്ഡപത്തിൽ ശിവ, സുബ്രഹ്മണ്യവിഗ്രഹങ്ങളെ അഭിമുഖമായി പ്രതിഷ്‌ഠിച്ച്‌ പ്രത്യേക പൂജ നടത്തുന്നു. ഉദയനാപുരത്തപ്പന്റെ മടക്കയാത്രയിൽ വൈക്കത്തപ്പന്‍ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരം വരെ അനുഗമിക്കുന്നതും ഒരു ചടങ്ങാണ്‌. കൂടിപൂജ കുട്ടികള്‍ക്ക്‌ ചോറൂണിനുള്ള വിശേഷാവസരമായി വിശ്വസിക്കപ്പെടുന്നു; പൂജാനിവേദ്യം കുട്ടികള്‍ക്കു നല്‌കിയാണ്‌ ചോറൂണു നടത്തുന്നത്‌. വൈക്കത്തഷ്‌ടമിക്ക്‌ തൊഴാനെത്തുന്ന ഭക്തജനങ്ങള്‍ സാധാരണയായി ഉദയനാപുരം ക്ഷേത്രം കൂടി സന്ദർശിക്കാറുണ്ട്‌. ഉദയനാപുരത്തെ മറ്റൊരു പ്രധാന ഉത്സവം തൈപ്പൂയം ആണ്‌; ഈ ദിവസം അഗ്നിക്കാവടി ഉള്‍പ്പെടെയുള്ള കാവടികള്‍ ആണ്‌ പ്രധാന വഴിപാട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍