This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയംപേരൂർ സൂനഹദോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയംപേരൂർ സൂനഹദോസ്‌

ഉദയംപേരൂർ മതസമ്മേളനം (Synod of Diamper) എന്നാണ്‌ ഇതിന്‌ അർഥം. സൂനഹദോസ്‌ എന്നത്‌ സിനോദോസ്‌ (Synodos)എന്ന ഗ്രീക്കുപദത്തിൽ നിന്നാണ്‌ നിഷ്‌പന്നമായത്‌ (syn = together, hodos = a way). സമ്മേളനം, മതസമ്മേളനം എന്ന്‌ ഇതിനെ പരിഭാഷപ്പെടുത്താം.

വൈക്കത്തിനും തൃപ്പൂണിത്തുറയ്‌ക്കും ഇടയ്‌ക്ക്‌ കോട്ടയം-എറണാകുളം റോഡ്‌ കടന്നുപോകുന്ന ഒരു സ്ഥലമാണ്‌ ഉദയംപേരൂർ (ഉദിയന്‍ പേരൂർ). അവിടത്തെ സുറിയാനിപ്പള്ളിയിൽവച്ച്‌ 1599-ൽ (കൊ.വ. 774-ൽ) ഗോവയിലെ പോർച്ചുഗീസ്‌ മെത്രാപ്പൊലീത്ത ഡോ. അലക്‌സ്‌ ദെ മെനെസിസിന്റെ നേതൃത്വത്തിൽ നടത്തിയ സൂനഹദോസും ആ സമ്മേളനം അംഗീകരിച്ച കാനോനകളും (Canons, നിയമങ്ങളും) കേരളത്തിലെ ക്രിസ്‌തുമതവികാസചരിത്രത്തിൽ പ്രധാനമായ ഒരു പങ്കുവഹിക്കുന്നു.

പശ്ചാത്തലം. പോർച്ചുഗീസ്‌ നാവികനായ വാസ്‌കോ ദെ ഗാമ 1498-ൽ കോഴിക്കോട്ടു വന്നതിനുശേഷം, സു. ഒരു നൂറ്റാണ്ടു കഴിഞ്ഞ്‌ 1599-ൽ ആണ്‌ ആ പാശ്ചാത്യശക്തിയുടെ ആഭിമുഖ്യത്തിൽ ഈ സൂനഹദോസ്‌ നടന്നത്‌. എ.ഡി.ഒന്നാം നൂറ്റാണ്ടിൽ (52-മാണ്ടിടയ്‌ക്ക്‌) മാർതോമാ ശ്ലീഹാ ഇവിടെവന്ന്‌ ക്രിസ്‌തുമതം പ്രചരിപ്പിച്ചു എന്നാണ്‌ പരമ്പരാഗതമായ വിശ്വാസം. ഈ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നവരുണ്ടെങ്കിലും ഇവിടത്തെ ക്രസ്‌തവ ചരിത്രത്തിന്റെ പുരാതനതത്ത്വത്തിൽ ആർക്കും സംശയമില്ല. എന്നാലും ആദിമഘട്ടം ഇരുളിൽ മറഞ്ഞുകിടന്നതേ ഉള്ളൂ. 1549-നുശേഷം അവർ അന്തോഖ്യാ പാത്രിയാർക്കിസിന്റെ ആത്മീയാധികാരത്തിൽ അമരുകയും നെസ്റ്റോറിയന്‍ സിദ്ധാന്തങ്ങള്‍ക്കു വിധേയരാവുകയും ചെയ്‌തു. കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാർക്കിസായിരുന്ന നെസ്റ്റോറിയസ്‌, ക്രിസ്‌തുവിന്റെ ദിവ്യവ്യക്തിത്വത്തിന്‌ കൊടുത്ത വ്യാഖ്യാനമാണ്‌ നെസ്റ്റോറിയന്‍ എന്ന വിഭാഗത്തിന്റെ ആവിർഭാവത്തിനു കാരണമായത്‌. പാഷണ്ഡമതമെന്ന്‌ യൂറോപ്പിൽ മിക്കവാറും നിഷേധിക്കപ്പെട്ട ഈ സിദ്ധാന്തം പേർഷ്യയിലും ഈജിപ്‌ത്‌ മുതലായ ദേശങ്ങളിലും പ്രചരിച്ച കൂട്ടത്തിൽ കേരളത്തിലും വേരൂന്നി. മാർപ്പാപ്പയുടെ ആധിപത്യത്തെ ആദരിച്ച റോമന്‍ കത്തോലിക്കാവിശ്വാസപ്രമാണങ്ങളിൽ നിന്നു വിഭിന്നമായിരുന്നു നെസ്റ്റോറിയന്‍ സിദ്ധാന്തം. അതിനാൽ നെസ്റ്റോറിയന്‍ പ്രരണയുണ്ടായിരുന്ന കേരളത്തിലെ സുറിയാനിക്കാരുടെ റീത്തിനെ നിഷിദ്ധാചാരമായി ലത്തീന്‍ റീത്തുകാർ കരുതാന്‍ ഇടയായി. ഈ വൈരുധ്യം കേരളത്തിലെ മാർതോമാ ക്രിസ്‌ത്യാനികളും പോർച്ചുഗീസുകാരും തമ്മിലുണ്ടായ ബന്ധത്തിൽ സംഘർഷത്തിനു വഴിതെളിച്ചു.

സുറിയാനികളും പോർച്ചുഗീസുകാരും. പോർച്ചുഗീസുകാരുടെ ആഗമനം ഇവിടത്തെ ക്രസ്‌തവ ജനങ്ങള്‍ക്ക്‌ ആദ്യം ആത്മവീര്യം ഉളവാക്കി. വിമതസ്ഥരോട്‌ വിശേഷിച്ച്‌ മുസ്‌ലിങ്ങളോട്‌ അവർക്കുണ്ടായിരുന്ന മാത്സര്യത്തിന്‌ പോർച്ചുഗീസ്‌ സഹായം ശമനം വരുത്തുമെന്ന്‌ അവർ ആശിച്ചു. ആദ്യഘട്ടത്തിൽ ആ പ്രത്യാശ സഫലമാകയും ചെയ്‌തു. സുറിയാനി ക്രിസ്‌ത്യാനികളോട്‌ ആദ്യം സ്‌നേഹപൂർവം സഹകരിച്ച പോർച്ചുഗീസുകാർ ക്രമേണ സുറിയാനികളുടെ നെസ്റ്റോറിയന്‍ ചായ്‌വിൽ നീരസം പ്രകടിപ്പിച്ചുതുടങ്ങി. കച്ചവടമായിരുന്നു പോർച്ചുഗീസുകാരുടെ മുഖ്യ ലക്ഷ്യമെങ്കിലും ആദ്യം മുതൽ മതപ്രചാരണത്തിലും അവർ ജാഗരൂകരായിരുന്നു. കടൽത്തീരത്തെ മുക്കുവരെയായിരുന്നു അധികമായും അവർ മതപരിവർത്തനം ചെയ്യിച്ചത്‌. 1557-ൽ കൊച്ചി ആസ്ഥാനമാക്കി ഒരു ലത്തീന്‍കത്തോലിക്കാ ഇടവക ഉണ്ടാക്കാന്‍ പോപ്പ്‌ കല്‌പന കൊടുക്കുകയും ചെയ്‌തു. ഈ പരിപാടിയിൽ തൃപ്‌തിവരാതെ അവർ സുറിയാനി ക്രിസ്‌ത്യാനികളുടെ റീത്തിൽ ഇടപെടാന്‍ കൂടി തുടങ്ങിയപ്പോള്‍ സ്‌നേഹബന്ധം മത്സരത്തിനു വഴിമാറിക്കൊടുത്തു. ഗോവയിലെ പോർച്ചുഗീസ്‌ മെത്രാപ്പൊലീത്തയ്‌ക്ക്‌ കൊച്ചിയിലും മലബാറൊട്ടാകെയും മതാധികാരം ഉണ്ടായിരിക്കണമെന്ന്‌ പോർച്ചുഗീസുകാർ ആഗ്രഹിച്ചു.

മലങ്കരസുറിയാനികള്‍ക്ക്‌ പണ്ടേ ഉണ്ടായിരുന്ന സ്വാതന്ത്യ്രം നിലനിർത്താനുള്ള അഭിലാഷവും പോർച്ചുഗീസുകാർക്ക്‌ ആധിപത്യം സ്ഥാപിക്കാനുള്ള ദുർമോഹവും പല സംഘട്ടനങ്ങളിലേക്കും വഴിതെളിച്ചുവെന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. സിറിയന്‍റീത്ത്‌ മാറ്റി ലത്തീന്‍റീത്ത്‌ ഏർപ്പെടുത്താന്‍ പോർച്ചുഗീസുകാരും ജെസ്യൂട്ട്‌ പാതിരിമാരും ചെയ്‌ത ശ്രമത്തെ ഇവിടത്തെ സുറിയാനിവിഭാഗക്കാർ ശക്തമായി എതിർത്തു. 1546-ൽ കൊടുങ്ങല്ലൂരിൽ ഒരു ഫ്രാന്‍സിസ്‌കന്‍ കോളജ്‌ സ്ഥാപിച്ചതും ഇവിടത്തെ പല സുറിയാനിവിദ്യാർഥികളെയും അവിടെ ചേർത്ത്‌ ലത്തീന്‍ റീത്ത്‌ പഠിപ്പിച്ചതും ആ വൈദികവിദ്യാർഥികളെ ഇവിടത്തെ സുറിയാനിക്കാർ അംഗീകരിക്കാതെ പോയതും ശ്രദ്ധേയമാണ്‌.

ഡോ. മെനെസിസിന്റെ യത്‌നം. ഈ സ്ഥിതിയിലായിരുന്നു അലക്‌സ്‌ ദെ മെനെസിസിനെ പോർച്ചുഗീസുകാർ ഗോവയിലെ ആർച്ച്‌ബിഷപ്പ്‌ സ്ഥാനത്തു നിയമിച്ചത്‌. ഇവിടെ ലത്തീന്‍റീത്ത്‌ ഏർപ്പെടുത്തുന്നതിനും ക്രസ്‌തവ മതകാര്യങ്ങളിൽ പോപ്പിന്റെ പരമാധികാരം അംഗീകരിക്കുന്നതിനും സുറിയാനിക്കുപകരം ലത്തീന്‍ ഏർപ്പെടുത്തുന്നതിനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. എന്നാൽ മെനെസിസിന്റെ ഈ ലക്ഷ്യത്തിന്‌ പ്രത്യാഖ്യാനമായിരുന്നു കേരളത്തിലെ സുറിയാനികളുടെ വൈദിക പ്രമുഖനായിരുന്ന അങ്കമാലി അർക്കദിയാക്കോന്‍ ജോർജ്‌ നടത്തിയ സൂനഹദോസ്‌. അതിനുശേഷം അർക്കദിയാക്കോന്‍ ജെസ്യൂട്ട്‌ പാതിരിമാരെ സുറിയാനിപ്പള്ളികളിൽ നിന്നു ബഹിഷ്‌കരിക്കുകയും ചെയ്‌തു.

ഈ പ്രതിസന്ധിയിൽ തന്റെ ലക്ഷ്യം നിർവഹിക്കാന്‍ മെനെസിസ്‌ കേരളം സന്ദർശിച്ചു. കാഞ്ഞൂർ പള്ളിയിൽവച്ച്‌ ഡോ. മെനെസിസ്‌ അർക്കദിയാക്കോനുമായി സംഭാഷണം നടത്തി. അതുകൊണ്ട്‌ മെനെസിസിന്‌ ഉദ്ദേശ്യം നിറവേറ്റാന്‍ സാധ്യമായില്ല. പിന്നെ കൊച്ചിരാജാവിന്റെ സൈനികസഹായത്തോടെ ആർക്കദിയാക്കോനെ ജാതിഭ്രഷ്‌ടനാക്കിക്കൊണ്ട്‌ മെനെസിസ്‌ കല്‌പന പുറപ്പെടുവിച്ചു. വേറെ പോംവഴി കാണാതെ അർക്കദിയാക്കോന്‍ മെനെസിസിന്റെ മുന്നിലെത്തി പരാജയം സമ്മതിച്ചു. നെസ്റ്റോറിയന്‍ സിദ്ധാന്തം ഉപേക്ഷിക്കാമെന്നും മാർപ്പാപ്പയുടെ പരമാധികാരം ആദരിച്ചുകൊള്ളാമെന്നും മറ്റും അർക്കദിയാക്കോന്‍ സമ്മതിച്ചു. അതിനുശേഷം തന്റെ വിജയം ദൃഢതരമാക്കുന്നതിനും ലത്തീന്‍റീത്ത്‌ സുറിയാനിക്കാരുടെ ഇടയിൽ സ്ഥിരപ്പെടുത്തുന്നതിനും വേണ്ടി മെനെസിസ്‌ ഉദയംപേരൂർ വിളിച്ചുകൂട്ടിയ മതസമ്മേളനമാണ്‌ ചരിത്രപ്രസിദ്ധമായ "ഉദയംപേരൂർ സൂനഹദോസ്‌'.

സൂനഹദോസ്‌. ഈ സുപ്രധാന സൂനഹദോസിലേക്ക്‌ മെനെസിസും അർക്കദിയാക്കോന്‍ ജോർജും ഒപ്പിട്ട ക്ഷണക്കത്തുകള്‍ മലങ്കരയിലെ പള്ളികളിലേക്ക്‌ അയച്ചു. അതനുസരിച്ച്‌ 150 പട്ടക്കാരും 663 അൽമായ പ്രതിനിധികളും സൂനഹദോസിൽ സംബന്ധിച്ചു. ജോർജ്‌ (ഗീവർഗീസ്‌) അർക്കദിയാക്കോനും രണ്ടു പള്ളിക്കാരും ഹാജരായില്ലെന്ന്‌ ചില ചരിത്രകാരന്മാർ പറയുന്നു. ഡോ. മെനെസിസിന്റെ മുന്‍കരുതലനുസരിച്ച്‌ കൊച്ചിയിലെ പോർച്ചുഗീസ്‌ ഗവർണറും ഒരു സംഘം പട്ടാളവും സമ്മേളനസ്ഥലത്ത്‌ സന്നിഹിതരായിരുന്നു. തയ്യാറാക്കിക്കൊണ്ടുചെന്ന പ്രമേയങ്ങള്‍ അംഗീകരിപ്പിക്കുന്നതിന്‌ മെനെസിസിന്‌ പ്രയാസമുണ്ടായില്ല. സുറിയാനികളിൽ ഒരു വിഭാഗം എതിർപ്പുകള്‍ ഉള്ളിലൊതുക്കിക്കൊണ്ട്‌ ആ സമ്മേളനത്തിൽ പങ്കുകൊണ്ടു.

1599 ജൂണ്‍ 20 മുതൽ 26 വരെ (കൊ.വ. 774 മിഥുനം) പൊതുയോഗങ്ങളിൽ വച്ച്‌ 267 കാനോനകള്‍ അംഗീകൃതങ്ങളായി. റോമിലെ മാർപ്പാപ്പയ്‌ക്കു കീഴ്‌വഴങ്ങുക, നെസ്റ്റോറിയന്‍ അബദ്ധങ്ങളെ തിരുത്തുക, സുറിയാനിയിലും മലയാളത്തിലും എഴുതപ്പെട്ടിരുന്ന നെസ്റ്റോറിയന്‍ ഗ്രന്ഥങ്ങള്‍ എല്ലാം ചുട്ടു നശിപ്പിക്കുക, പട്ടക്കാർ വിവാഹം ചെയ്യാതിരിക്കുക, നിലവിലുള്ള ഭാര്യമാരെ ഉപേക്ഷിക്കുക, യാതൊരു കാരണവശാലും പട്ടക്കാർ പുനർവിവാഹം ചെയ്യാതിരിക്കുക ഇത്യാദിയായിരുന്നു കാനോനകളുടെ ചുരുക്കം.

പ്രത്യാഘാതങ്ങള്‍. ഉദയംപേരൂർ സൂനഹദോസ്‌ പോർച്ചുഗീസുകാർക്ക്‌ താത്‌കാലികവിജയം നല്‌കിയെങ്കിലും അത്‌ ഇവിടത്തെ സുറിയാനി ക്രിസ്‌ത്യാനികള്‍ക്ക്‌ പോർച്ചുഗീസുകാരോട്‌ ഉണ്ടായിരുന്ന വിരോധം വർധിപ്പിച്ചു. അതിന്റെ പരിണതഫലം "കൂനന്‍കുരിശുപ്രഖ്യാപന'ത്തിലൂടെ പ്രത്യക്ഷപ്പെട്ടു. സൂനഹദോസിനുശേഷം അരനൂറ്റാണ്ടുകഴിഞ്ഞ്‌ (1652-ൽ) മട്ടാഞ്ചേരിപ്പള്ളിയുടെ മുന്‍വശത്തെ കുരിശിൽ നീണ്ട ഒരു ആലാത്തുകെട്ടി, അതിൽ പിടിച്ചുനിന്നുകൊണ്ട്‌ അനേകായിരം സുറിയാനി ക്രിസ്‌ത്യാനികള്‍ പോർച്ചുഗീസുകാരോടു ശത്രുത പ്രഖ്യാപനം ചെയ്‌തു. കയറുകെട്ടി വലിച്ചപ്പോള്‍ ഒരു വശത്തേക്കു ചരിഞ്ഞ ആ കുരിശിനെ ആധാരമാക്കിയാണ്‌ അന്നത്തെ അവരുടെ ശപഥത്തെ "കൂനന്‍കുരിശു സത്യ'മെന്നു പറഞ്ഞുവരുന്നത്‌ നോ. കൂനന്‍കുരിശു സത്യം

കാനോനകളുടെ മലയാളപരിഭാഷ. ഉദയംപേരൂർ സൂനഹദോസ്‌ കേരളീയ ക്രസ്‌തവചരിത്രത്തിൽ സ്‌മരണീയമായിരിക്കുന്നതുപോലെ ആ സമ്മേളനത്തിൽ പോർച്ചുഗീസ്‌ ഭാഷയിൽ അവതരിപ്പിച്ച കാനോനകളുടെ മലയാള വിവർത്തനം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ സുപ്രധാനമാണ്‌. മലയാളഗദ്യപുരോഗതിയുടെ പഠനത്തിന്‌ വിലപ്പെട്ട ഒരു കൃതി എന്ന നിലയ്‌ക്ക്‌ അത്‌ പരിഗണന അർഹിക്കുന്നു. ഗദ്യമാതൃകകളായി കൗടലീയം ഭാഷാവ്യാഖ്യാനം, നമ്പ്യാർ തമിഴ്‌ പ്രബന്ധങ്ങള്‍, ദൂതവാക്യം, ബ്രഹ്മാണ്ഡപുരാണം മുതലായ ഗ്രന്ഥങ്ങളും പല ഗ്രന്ഥവരികളും അതിനുമുമ്പും ഉണ്ടായിരുന്നു. എന്നാൽ സൂനഹദോസ്‌ വിവർത്തനം അന്നത്തെ വ്യവഹാരഭാഷയുടെ വിശേഷിച്ച്‌ ക്രസ്‌തവവ്യവഹാരശൈലിയുടെ മാതൃക എന്ന നിലയ്‌ക്ക്‌ ശ്രദ്ധേയമാണ്‌. "എല്ലാവർക്കും വായിപ്പാനും അറിയിപ്പാനും തക്ക മലയാംപേച്ചിലും എഴുത്തിലും സുന്നഹദൊസ എഴുത്തുപെട്ട' എന്നാണ്‌ വിവർത്തനത്തെപ്പറ്റി ഗ്രന്ഥാവസാനഭാഗത്തു പറഞ്ഞിട്ടുള്ളത്‌. ആ കാലത്തെ പല വ്യവഹാരഭാഷാരൂപങ്ങളും കുറെ സുറിയാനി വാക്കുകളും പ്രയോഗിച്ചിട്ടുണ്ട്‌. ദീർഘമായ "ഏ' "ഓ' കള്‍ക്ക്‌ ഹ്രസ്വലിപികള്‍ (F, -H, sI, sIm) തന്നെയാണ്‌ ഉപയോഗിച്ചിട്ടുള്ളതെന്നത്‌ ഭാഷാവികാസചരിത്രത്തിൽ ശ്രദ്ധേയമായ ഒരു വസ്‌തുതയാണ്‌.

സൂനഹദോസ്‌ കാനോനകളുടെ രചനയിൽ അർധ "ഉ' കാരത്തിന്‌ ചിഹ്നമോ പൂർണവിരാമമോ ഉണ്ടായിരുന്നില്ല. ഉദാഹരണങ്ങള്‍ താഴെകൊടുക്കുന്നു.

"ശുദ്ധമാന കത്തോലിക്കാവിശ്വാസത്തിന്റെ മുഴുപ്പിനും ംരം (Cu) ഇടവകയിലെ പട്ടക്കാരുടെയും എണങ്ങരുടെയും മര്യാദകള്‍ക്കും വെണ്ടുന്ന വെടിപ്പിനും സുറിയാനി പുസ്‌തകങ്ങളുടെ തൂമയ്‌ക്കും മാനം കാലൂന്നിയ തികത്തുള്ള പള്ളികളൊടും ംരം പള്ളി ഐകമൊത്യപ്പെട്ടു ഒന്നിപ്പാനും നസ്രാണികള്‍ക്കൊക്കെക്കും തലവനായ ശുദ്ധമാന പാപ്പാനെ വെണ്ടുന്ന വണക്കത്തിനും വെണ്ടീട്ടു ംരം സൂനാദൊസ തുടങ്ങണമെന്ന മിശിഹായാലെ സ്‌നെഹിക്കപ്പെട്ട എന്റെ പുത്രരും ജെഷ്‌ടനനുജന്മാരുമാകുന്ന തങ്ങള്‍ക്ക്‌ തൊന്നുന്നതൊ ഇതെല്ലാവരൊടും കൂടി ചോദിച്ചാറെ വെണമെന്നവർ ചൊല്ലുകയും ചെയ്‌തു. അപ്പൊഴൊ മെത്രാന്‍ അവരൊടു പട്ടക്കാരെ സ്‌നെഹപ്പെട്ട ജെഷ്‌ടനനുജന്മാരെ തമ്പുരാന്റെ ലൊകരെ ംരം സൂനദൊസ തുടങ്ങണമെന്ന്‌ നിങ്ങള്‍ക്കു തൊന്നിയതി നാം പക്കം തമ്പുരാനൊടു അനെകം നമസ്‌കരിച്ച ഇരുന്നുകൊണ്ടു വെണം ംരം സൂനദൊസ തുടങ്ങാന്‍ (ഒന്നാം കാനോന). "നസ്രാണികളിൽ ചില ആശാന്മാരു പരതെവരെ വച്ചു കുമ്പിടുന്നു. എന്ന ംരം ശുദ്ധമാന സൂനഹദൊസ്‌ കെട്ടു. എന്നാൽ ആ വച്ചം ആരാനും ചെയ്യുന്നവരുണ്ടെങ്കിൽ പട്ടക്കാരും എണങ്ങരും കൂടെ അവിടെക്കുചെന്ന അവരൊടു അത അരുതെന്ന വിലക്കണം അത അവരു കെട്ടില്ലെങ്കിൽ അവർക്ക മഹറൊനും ചൊല്ലണം. അവരു അങ്ങിനെയിരുന്നുമരിക്കിൽ അവരുടെ ചവം ശുദ്ധമാന എടത്തിൽ എങ്ങും അടക്കുകയും അരുതു. അവർക്കുവെണ്ടി നമസ്‌കരിക്കയും അനിതാ ചൊല്ലുകയും അരുതു എന്നു ശുദ്ധമാന സൂനഹദൊസ കല്‌പിക്കുന്നു. (12-ാം കാനോന).

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍