This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌പാദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്‌പാദനം

Production

സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാന പ്രക്രിയ. സമ്പത്തുണ്ടാക്കുന്ന ഏതു പ്രവർത്തിയും ഉത്‌പാദനമാണ്‌. വസ്‌തുക്കള്‍ക്ക്‌ ഉപയോഗിത ഉണ്ടാക്കുകയോ അഥവാ അവയ്‌ക്ക്‌ മൂല്യമുണ്ടാക്കുകയോ ചെയ്യുന്നതും ഉത്‌പാദനമാണ്‌. ഉപയോഗമില്ലാതെ കിടക്കുന്ന ഒരു തടി ആശാരി ഉപയോഗമൂല്യമുള്ള ഒരു മേശയോ കസേരയോ ആയി രൂപാന്തരപ്പെടുത്തിയാൽ അത്‌ ഉത്‌പാദനമായി. മനുഷ്യാവശ്യങ്ങള്‍ നിറവേറ്റാനാണ്‌ ചരക്കുകള്‍ ഉത്‌പാദിപ്പിക്കുന്നതും സേവനങ്ങള്‍ നിർവഹിക്കുന്നതും. ഉപയോഗിത മാത്രം സൃഷ്‌ടിച്ചാൽ അത്‌ ഉത്‌പാദനമാകണമെന്നില്ല. ഉത്‌പാദനപ്രവർത്തനംകൊണ്ട്‌ വസ്‌തുവിന്‌ വിനിമയമൂല്യംകൂടി ഉണ്ടാകുന്നുവെങ്കിൽ മാത്രമേ ഉത്‌പാദനമാകുകയുള്ളൂ. മാർക്‌സിസ്റ്റു സിദ്ധാന്തമനുസരിച്ച്‌ മനുഷ്യചരിത്രത്തിന്റെ നിർണായകഘടകം ഉത്‌പാദന പ്രക്രിയയാണ്‌. "ഉത്‌പാദന'മെന്ന കേന്ദ്രസംവർഗത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്‌, മാർക്‌സ്‌ ചരിത്രപരമായ ഭൗതികവാദ'ത്തിനു രൂപംനല്‌കിയത്‌. ഉത്‌പാദനരീതികളിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച്‌, മാർക്‌സ്‌ ചരിത്രത്തെ വ്യത്യസ്‌തഘട്ടങ്ങളായി വിഭജിക്കുന്നു. വ്യവസായവിപ്ലവത്തെത്തുടർന്ന്‌ നിലവിൽവന്ന മുതലാളിത്ത ഉത്‌പാദന സമ്പ്രദായത്തിൽ മൂലധനത്തിനാണ്‌ ആധിപത്യമെന്ന്‌ മാർക്‌സ്‌ സിദ്ധാന്തിച്ചു. മുതലാളിത്തത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന മാർക്‌സിന്റെ കൃതിയുടെ ശീർഷകം തന്നെ "മൂലധനം' എന്നാണ്‌.

ജനതയുടെ ജീവിതനിലവാരവും ഉപഭോഗനിലവാരവും ഉത്‌പാദിപ്പിക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും അളവിനെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തികപ്രവർത്തനക്ഷമതയെ അളക്കുന്നതും ഉത്‌പാദനത്തിന്റെ അടിസ്ഥാനത്തിലാണ്‌. സാമ്പത്തികാഭിവൃദ്ധി കൊണ്ടുദ്ദേശിക്കുന്നത്‌ ഉത്‌പാദനവർധനവിനെയാണ്‌. വികസ്വരരാഷ്‌ട്രങ്ങളെ വികസിത രാഷ്‌ട്രങ്ങളിൽനിന്ന്‌ വേർതിരിച്ചുനിർത്തുന്നതും ഉത്‌പാദനനിരക്കിലുള്ള അന്തരമാണ്‌.

പ്രകൃതിയിലുള്ള ഭൗതികവസ്‌തുക്കളൊന്നും മനുഷ്യനിർമിതമല്ല. എന്നാൽ ഒരു ഭൗതികവസ്‌തുവിനെ മറ്റൊരു ഭൗതികവസ്‌തുവായി രൂപാന്തരപ്പെടുത്തുവാന്‍ മനുഷ്യനുകഴിയും. ഈ പ്രക്രിയയെ ഉത്‌പാദനം എന്നുവിളിക്കാം. തടിയുടെ കാര്യത്തിലെന്നപോലെ ഒരു കഷണം തുകലിനെ ചെരുപ്പുകുത്തി ചെരുപ്പാക്കി രൂപാന്തരപ്പെടുത്തിയാൽ അത്‌ ഉത്‌പാദനമായി. ഒരു കഷണം തുകലിൽ നിന്നു കിട്ടുന്ന ഉപയോഗിതയല്ല ചെരുപ്പിൽനിന്നു കിട്ടുന്നത്‌. അതുപോലെ അസംസ്‌കൃതപരുത്തി തുണിയായി രൂപാന്തരപ്പെടുത്തുമ്പോള്‍ അതും ഉത്‌പാദനമായിത്തീരുന്നു. ഉത്‌പാദനംമൂലം ഭൗതികവസ്‌തുവിനെ ജനിപ്പിക്കുവാന്‍ കഴിയുകയില്ല. നിലവിലുള്ള ഒരു ഭൗതികവസ്‌തുവിനെ മറ്റൊന്നായി രൂപാന്തരപ്പെടുത്താനേ മനുഷ്യനു കഴിയൂ. ഒരു ഭൗതികവസ്‌തുവിന്റെ ലക്ഷണം, ഗുണം, രൂപം, കനം, രുചി, മണം എന്നിവയിൽ ഏതിനെങ്കിലും മാറ്റംവരുത്തി കൂടുതൽ ഉപയോഗിത വരുത്തിയാൽ അത്‌ ഉത്‌പാദനമാകും. കല്ലും മണലും കുമ്മായവും കൂട്ടിച്ചേർത്ത്‌ വീടുകള്‍ ഉണ്ടാക്കുമ്പോഴും തടിക്കഷണങ്ങള്‍ക്ക്‌ മേശയുടെയോ കസേരയുടെയോ ആകൃതി കൊടുക്കുമ്പോഴും നെല്ലുകുത്തി അരിയാക്കുമ്പോഴും എല്ലാം ഭൗതികോപയോഗിത ഉണ്ടാക്കുന്ന ഉത്‌പാദനമാണ്‌ നടക്കുന്നത്‌. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക്‌ ഒരു വസ്‌തുവിനെ നീക്കംചെയ്യുമ്പോള്‍ അതിന്റെ ഉപയോഗിതയും വിനിമയമൂല്യവും വർധിച്ചാൽ അത്‌ ഉത്‌പാദനമായി. കാട്ടിലെ തേക്കുതടി വെട്ടി പട്ടണത്തിൽക്കൊണ്ടുവരുമ്പോള്‍ ഉപയോഗിത നല്‌കുന്നതും വിനിമയമൂല്യമുള്ളതുമായ ഒരു ചരക്കിന്റെ ഉത്‌പാദനം നടക്കുന്നു. ഒരു സമയത്ത്‌ ഉപയോഗിത കുറഞ്ഞ ചരക്കിനെ മറ്റൊരു സമയത്ത്‌ ഉപയോഗിക്കത്തക്കവച്ചം മാറ്റിവച്ചാൽ അതിന്റെ ഉപയോഗിത വർധിക്കുമെങ്കിൽ അതും ഉത്‌പാദനമാണ്‌. വിളവെടുപ്പുകാലത്ത്‌ നെല്ലു സംഭരിച്ച്‌ പഞ്ഞകാലത്ത്‌ ലഭ്യമാക്കിയാൽ നെല്ലിന്റെ ഉപയോഗികതയും വിനമയമൂല്യവും വർധിക്കുന്നു. അതും ഉത്‌പാദനം എന്നവാക്കിന്റെ നിർവചനത്തിൽപ്പെടുന്നു. ഭൗതികവസ്‌തുക്കള്‍ ഉണ്ടാക്കുന്നതുമാത്രമല്ല ഉത്‌പാദനം. സേവനോത്‌പന്നങ്ങള്‍ പ്രദാനം ചെയ്യുന്ന ഭിഷഗ്വരന്മാർ, വക്കീലന്മാർ, അധ്യാപകർ, നടീനടന്മാർ, സംഗീതജ്ഞർ, സർക്കസ്‌ കലാകാരന്മാർ തുടങ്ങിയ എല്ലാവരും ഉത്‌പാദകരാണെന്നു പറയാം. അവരുടെ പ്രവർത്തനങ്ങള്‍ക്ക്‌ ഉപയോഗിതയും വിനിമയമൂല്യവുമുണ്ടെന്നതാണ്‌ കാരണം. കൂടാതെ മനുഷ്യന്‌ ഹാനികരായ മദ്യം, കറുപ്പ്‌, കഞ്ചാവ്‌, വിഷം എന്നിവയുണ്ടാക്കുന്നവരുടെ പ്രവൃത്തികള്‍പോലും വിനിമയമൂല്യമുള്ള ചരക്കുകളെയും സേവനങ്ങളെയും പ്രദാനം ചെയ്യുന്നതുകൊണ്ട്‌ ഉത്‌പാദനമാണെന്നു സിദ്ധിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഉത്‌പാദനപരമല്ലാത്ത തൊഴിലുകള്‍ ഏതെന്നു പറയുക പ്രയാസമാണ്‌. ചില പ്രവൃത്തികള്‍ ഉത്‌പാദനപരമല്ല. ഉദാഹരണത്തിന്‌ മനുഷ്യവാസം അസാധ്യമായ മണലാരണ്യത്തിൽ ഒരു വീടു നിർമിക്കുന്നതുകൊണ്ടോ, ഒരു വീടിന്റെ പണി പൂർത്തീകരിക്കാതെ വച്ചതുകൊണ്ടോ മനുഷ്യന്‌ ഉപയോഗിതയോ വിനിമയമൂല്യമോ ഉള്ള ഒരു വസ്‌തു ഉത്‌പാദിപ്പിക്കപ്പെടുന്നില്ല. അതുപോലെ കള്ളന്മാരുടെയും കൊള്ളക്കാരുടെയും പ്രവൃത്തികളും ഉത്‌പാദനപരമല്ല. യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിക്ഷേപകരെ വഞ്ചിക്കുന്നതിനുവേണ്ടി നടത്തുന്ന ഊഹക്കച്ചവടപ്രവൃത്തികളും ഈ തരത്തിൽപ്പെടുത്താം. എന്നാൽ സത്യസന്ധമായുള്ള ഊഹക്കച്ചവടം മുതൽമുടക്കിനെയും ഉത്‌പാദനത്തെയും വർധിപ്പിക്കുമെന്നുള്ളതുകൊണ്ട്‌ അവ ഉത്‌പാദനപരം തന്നെയാണ്‌.

ഉത്‌പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന എന്തിനെയും ഉത്‌പാദനഘടകം എന്നു വിളിക്കാം. യഥാർഥത്തിൽ ഉത്‌പാദനഘടകമല്ല, അതിന്റെ സേവനങ്ങളാണ്‌ ഉത്‌പാദനത്തിൽ ഉപയോഗിക്കപ്പെടുന്നത്‌. ഉത്‌പാദനത്തിലെ പ്രാഥമികഘടകങ്ങള്‍ മനുഷ്യപ്രയത്‌നവും (തൊഴിൽ) അതിനുവേണ്ട വസ്‌തുക്കളു(പ്രകൃതിവിഭവങ്ങള്‍)മാണ്‌. ക്ലാസ്സിക്കൽ ധനശാസ്‌ത്രജ്ഞർ ഉത്‌പാദനഘടകങ്ങളുടെ കൂട്ടത്തിൽ മൂലധനവിഭവത്തെയും ഉള്‍പ്പെടുത്തി. മനുഷ്യപ്രയത്‌നം പ്രകൃതിവിഭവങ്ങളിൽ പ്രവർത്തിച്ച്‌ പ്രത്യുത്‌പാദനപരങ്ങളായ ചരക്കുകള്‍ ഉണ്ടാക്കുന്നു. ഉത്‌പാദനത്തിലുപയോഗിക്കുന്ന എല്ലാത്തരം ഉപകരണങ്ങളും യന്ത്രങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. മുതലാളിത്തവ്യവസ്ഥിതിയിൽ മൂലധനത്തിന്‌ നിർണായകമായ പങ്കു നല്‌കുമ്പോള്‍, കമ്യൂണിസ്റ്റ്‌ തത്ത്വസംഹിതയിൽ മൂലധനം മനുഷ്യനിർമിതവും അതിന്റെ ഉറവിടം മനുഷ്യപ്രയത്‌നവും ആണെന്നു സങ്കല്‌പിക്കുന്നു. ആധുനികോത്‌പാദനപ്രക്രിയയുടെ വിശേഷതയും തൊഴിൽവിഭജനവും വ്യവസായങ്ങളെ ശരിയായി ആസൂത്രണം ചെയ്‌തു നടത്തുന്നതിന്‌ ഒരു പുതിയതരം മനുഷ്യപ്രയത്‌നത്തെ ആവശ്യമാക്കിത്തീർത്തു. അതാണ്‌ സംഘടന എന്ന ഉത്‌പാദനഘടകം. പ്രാഫ. മാർഷൽ ആണ്‌ ഉത്‌പാദനത്തിൽ ഈ ഘടകത്തിനുള്ള പ്രാധാന്യം പ്രത്യേകം എടുത്തുകാട്ടിയത്‌. കാറൽ മാർക്‌സിന്റെ തത്ത്വങ്ങളെ, പ്രത്യേകിച്ചും ഉത്‌പന്നം അപ്പാടെ തൊഴിലാളിയുടെ വിഹിതമാണെന്ന വാദത്തെ ഖണ്ഡിക്കുന്നതിനുവേണ്ടിയാണ്‌ സംഘടനയെ നാലാമത്തെ ഉത്‌പാദനഘടകമായി അദ്ദേഹം അംഗീകരിച്ചത്‌. ഇപ്പോള്‍ പ്രകൃതിവിഭവങ്ങള്‍, തൊഴിൽ, മൂലധനം, സംഘടന എന്നിങ്ങനെയുള്ള ഉത്‌പാദനഘടകങ്ങളുടെ തരംതിരിക്കൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഉത്‌പാദനപ്രക്രിയയിൽ പ്രാഥമിക ഉത്‌പാദനഘടകമായ ഭൂമിയുടെ പങ്ക്‌ വളരെ പ്രധാനപ്പെട്ടതാണ്‌. എന്ത്‌ ഉത്‌പാദിപ്പിക്കാനും അല്‌പം ഭൂമിയെങ്കിലും വേണം. പ്രകൃതിവിഭവം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ചൂട്‌, കാറ്റ്‌, വായു, മഴ, മച്ച്‌, പ്രകൃതിസമ്പത്തുകള്‍ എന്നിവയാണ്‌. ഉത്‌പാദനഘടകങ്ങളിലെ മാനുഷികഘടകമാണ്‌ തൊഴിൽ. സമ്പത്തുത്‌പാദിപ്പിക്കുന്ന ഏതുതരം മനുഷ്യപ്രയത്‌നവും തൊഴിലാണ്‌. തൊഴിലാളിയുടെ വംശമഹിമ, നാട്ടിലെ കാലാവസ്ഥ, പോഷകാഹാരം, വസ്‌ത്രം, വിദ്യാഭ്യാസം എന്നിവയുടെ ലഭ്യത, വ്യക്തിപരമായ കഴിവുകള്‍, തൊഴിലിനു സഹായിക്കുന്ന യന്ത്രങ്ങളും പണിയായുധങ്ങളും, വ്യവസായശാലാന്തരീക്ഷം, സംഘാടകന്റെ കാര്യക്ഷമത, തൊഴിലാളിസംഘടനകളുടെ വീക്ഷണം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ തൊഴിലിന്റെ ഉത്‌പാദനക്ഷമതയെ നിർണയിക്കുന്നു. കൂടുതൽ സമ്പത്ത്‌ ഉണ്ടാക്കുന്നതിനുവേണ്ടി മാറ്റിവയ്‌ക്കപ്പെട്ട സമ്പത്താണ്‌ മൂലധനം. മൂലധനം സുപ്രധാനമായ ഒരു ഉത്‌പാദനോപാധിയാണ്‌. ഉത്‌പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന മൂലധനത്തിന്‌ കൂടുതൽ സമ്പത്തുണ്ടാക്കുന്നതിനുള്ള സാങ്കേതിക കഴിവുണ്ട്‌. ഒരു തയ്യൽയന്ത്രംകൊണ്ടു തുന്നുന്നതായാൽ കൈകൊണ്ടു തുന്നുന്നതിനേക്കാള്‍ വളരെക്കൂടുതൽ ഉത്‌പാദനം നിശ്ചിതസമയത്തിനുള്ളിൽ നടക്കുന്നു. യന്ത്രങ്ങളും ഉപകരണങ്ങളും ഉത്‌പാദനപ്രക്രിയയിൽ ഉപയോഗിക്കാനുണ്ടായ പ്രധാനകാരണവും ഇതാണ്‌. അധികോത്‌പാദനത്തിനുള്ള സാങ്കേതികകഴിവ്‌ മൂലധനഘടകത്തിനുണ്ട്‌. ഉത്‌പാദനത്തിന്റെ നടത്തിപ്പാണ്‌ സംഘടന ചെയ്യുന്നത്‌. പ്രകൃതിവിഭവങ്ങള്‍, തൊഴിൽ, മൂലധനം എന്നീ ഉത്‌പാദനഘടകങ്ങളെ സ്വരൂപിച്ച്‌ ഉത്‌പാദനം നടത്തുകയാണ്‌ സംഘടനയുടെ മുഖ്യകർത്തവ്യം. ഉത്‌പാദനത്തിന്റെ ആകമാനമുള്ള ചുമതലകള്‍ ഏറ്റെടുക്കുന്നത്‌ സംഘടനയാണ്‌.

ഉത്‌പാദനത്തിന്റെ തോത്‌ വിഭവങ്ങളുടെ ലഭ്യതയെയും തൊഴിൽവിഭജനത്തെയും ആശ്രയിച്ചിരിക്കുന്നു. മൊട്ടുസൂചിയുടെ നിർമാണം ഉദാഹരണമായി എടുത്ത്‌ തൊഴിൽവിഭജനം ഉത്‌പാദനത്തിന്റെ തോത്‌ വർധിപ്പിക്കുമെന്ന്‌ ആഡം സ്‌മിത്ത്‌ വാദിച്ചു. മൊട്ടുസൂചിയുടെ നിർമാണപ്രക്രിയ പല ഘട്ടങ്ങളായി വിഭജിച്ച്‌ പത്തുപേർക്കായി നൽകിയാൽ അവർക്ക്‌ ഒരാള്‍ തനിയെ ഒരുദിവസംകൊണ്ടുണ്ടാക്കുന്നതിന്റെ പത്തിരട്ടിയിൽക്കൂടുതൽ മൊട്ടുസൂചികള്‍ ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്ന്‌ സ്‌മിത്ത്‌ തെളിയിച്ചു. തൊഴിൽവിഭജനം കാര്യക്ഷമതയെയും ഉത്‌പാദനത്തെയും വർധിപ്പിക്കുന്നു. ആധുനിക വ്യാവസായികോത്‌പാദനത്തിൽ സങ്കീർണമായ തൊഴിൽവിഭജനം നടപ്പാക്കിയിരിക്കുന്നു. പ്രാഫ. സ്ലിച്ചർ ചൂണ്ടിക്കാണിച്ചതുപോലെ "നിസ്സാരമായ ചെരുപ്പിന്റെ നിർമാണത്തിൽ തൊച്ചൂറുഘട്ടങ്ങളായി തൊഴിൽ വിഭജിച്ചിരിക്കുന്നു. കോട്ടു തുന്നുന്നതിൽ നൂറ്റമ്പതും'. മോട്ടോർകാറിന്റെ ഉത്‌പാദനത്തിൽ എത്രയോ അധികം ഘട്ടങ്ങളായി ഉത്‌പാദനപ്രക്രിയ വിഭജിക്കപ്പെട്ടിരിക്കുന്നു.

ധാതുസമ്പത്തുക്കളുടെ ലഭ്യത, ചുരുങ്ങിയ കൂലിക്ക്‌ ധാരാളമായി കിട്ടുന്ന വിദഗ്‌ധ തൊഴിൽ, ഗതാഗതസൗകര്യങ്ങള്‍, വിപണിയുമായുള്ള അടുപ്പം, രാഷ്‌ട്രീയസമാധാനനില, ഭരണസുസ്ഥിരത, അനുയോജ്യമായ കാലാവസ്ഥ, മൂലധനത്തിന്റെ ലഭ്യത, ചുരുങ്ങിയ നിരക്കിൽ കിട്ടുന്ന വിദ്യുച്ഛക്തി, കൽക്കരി, മറ്റിന്ധനങ്ങള്‍ എന്നിവ സ്ഥലനിർണയനത്തിനും ഉത്‌പാദനകേന്ദ്രീകരണത്തിനും വഴിതെളിക്കുന്നു. മേൽസൂചിപ്പിച്ച വസ്‌തുതകള്‍ ഗതാഗതച്ചെലവും ഉത്‌പാദനച്ചെലവും പരമാവധി കുറയ്‌ക്കുകയും ഉത്‌പാദനം പരമാവധി വർധിപ്പിക്കുകയും ചെയ്യുന്നു.

യന്ത്രവത്‌കരണവും ഉയർന്ന സാങ്കേതിക പരിജ്ഞാനവും ആധുനിക മാനേജ്‌മെന്റ്‌ നയങ്ങളും വന്‍തോതിലുള്ള ഉത്‌പാദനം സാധ്യമാക്കുന്നു. വന്‍തോതിൽ ഉത്‌പാദനം നടത്തുന്ന വന്‍കിട വ്യവസായഘടകങ്ങളിൽ രണ്ടുതരത്തിലുള്ള വലുപ്പത്തിന്റേതായ അഥവാ തോതിന്റേതായ സാമ്പത്തികമാപകങ്ങള്‍ നേരിടേണ്ടതായിട്ടുണ്ട്‌. ആദ്യത്തേത്‌ വ്യാവസായിക ഘടകത്തിനകത്തുനിന്നും ഉദ്‌ഭവിക്കുന്നതുകൊണ്ട്‌ അവ വലുപ്പത്തിന്റേതായ ആന്തരികമാപകങ്ങള്‍ എന്നറിയപ്പെടുന്നു. രണ്ടാമത്തേത്‌, ഘടകത്തിനു പുറത്താകുന്നതും ഒരുപോലെ എല്ലാ ഘടകങ്ങള്‍ക്കും പൊതുവായി ലഭിക്കുന്നതുമായ വലുപ്പത്തിന്റെ ബാഹ്യസാമ്പത്തിക മാപകങ്ങളാണ്‌. വന്‍തോതിലുള്ള ഉത്‌പാദനത്തിലുണ്ടാകുന്ന ആന്തരികമാപകങ്ങള്‍ അഞ്ചെച്ചമാണ്‌: സാങ്കേതിക-സാമ്പത്തിക സമ്പദ്‌വ്യവസ്ഥ, നിർവാഹക സമ്പദ്‌വ്യവസ്ഥ, കമ്പോളസമ്പദ്‌വ്യവസ്ഥ. വിത്തീയസമ്പദ്‌വ്യവസ്ഥ, ഹാനിഭയവാഹകസമ്പദ്‌വ്യവസ്ഥ, ഉത്‌പാദനം വന്‍തോതിലുണ്ടായാൽ സാന്ദ്രീകരണ സമ്പദ്‌വ്യവസ്ഥ, സൂചനാസമ്പദ്‌വ്യവസ്ഥ, വിഘടന സമ്പദ്‌വ്യവസ്ഥ എന്നീ മൂന്നുതരത്തിലുള്ള ബാഹ്യസാമ്പത്തികമാപകങ്ങള്‍ കിട്ടുന്നു. വന്‍തോതിലുള്ള ഉത്‌പാദനം ചിലപ്പോള്‍ കുത്തകാവസ്ഥയ്‌ക്കു കളമൊരുക്കുന്നു. വന്‍തോതിലുള്ള ഉത്‌പാദനവും വ്യാപാരവും കാര്യക്ഷമതയോടെ സംഘടിപ്പിക്കാന്‍ സംഘാടകനുവേണ്ട ഗുണങ്ങള്‍ ദീർഘദൃഷ്‌ടി, വിവേകം, യുക്തി, വിവേചനം, പ്രായോഗിക വീക്ഷണം, ശാസ്‌ത്ര-സാങ്കേതിക വിജ്ഞാനവും പരിചയവും, നഷ്‌ടസംഭവ്യതകള്‍ മുന്‍കൂട്ടിക്കണ്ട്‌ അത്‌ തടയുവാനും കുറയ്‌ക്കുവാനുമുള്ള കഴിവ്‌ എന്നിവയാണ്‌. ഏക സംഘാടക ഉടമസ്ഥത, പങ്കാളിത്തസ്ഥാപനം, കൂട്ടുമുതൽ കമ്പനി, സഹകരണസംഘം, പൊതുമേഖലാസ്ഥാപനം എന്നീ വിവിധതരത്തിലുള്ള സംഘടനകളാണ്‌ ഉത്‌പാദനവും വിതരണവും ഇന്ന്‌ നിയന്ത്രിക്കുന്നത്‌.

ഉത്‌പാദനനിയമങ്ങള്‍. ഭൂമി, തൊഴിൽ, മൂലധനം, സംഘടന എന്നീ ഉത്‌പാദനഘടകങ്ങള്‍ താരതമ്യേന ദുർലഭമാണ്‌. തൊഴിലിന്റെ ലഭ്യത വികസിപ്പിക്കാമെങ്കിലും ഭൂമിയുടെ ലഭ്യത അത്രയും വേഗത്തിലും എളുപ്പത്തിലും വർധിപ്പിക്കാന്‍ സാധ്യമല്ല. ഉത്‌പാദകർ ഇക്കാര്യം പരിഗണിച്ചാണ്‌ വിഭവസംയോജനം നടത്തി ഉത്‌പാദനം സംഘടിപ്പിക്കേണ്ടത്‌. നിലവിലുള്ളതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ലഭ്യമായ വിഭവങ്ങള്‍ യുക്തിപരമായി വ്യത്യസ്‌തമായ തോതിൽ സംയോജിപ്പിച്ച്‌ പരമാവധി ഉത്‌പാദനം സാധിക്കുന്ന തരത്തിലും ചെലവു ചുരുക്കിയും വേണം ഉത്‌പാദനപ്രക്രിയ നടത്താന്‍. ഏതുതോതിൽ വിഭവങ്ങള്‍ സംയോജിപ്പിച്ചാൽ ഉത്‌പാദനച്ചെലവ്‌ ചുരുക്കാമെന്നുള്ളതാണ്‌ കാതലായ പ്രശ്‌നം. ഉത്‌പാദനനിയമങ്ങള്‍ ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിന്‌ മാർഗനിർദേശം നല്‌കുന്നു. വിഭവങ്ങളെ ചരക്കുകളായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ്‌ ഉത്‌പാദനമെന്നു സങ്കല്‌പിച്ചാൽ ഉത്‌പാദനധർമം എന്ന സംജ്ഞ എളുപ്പത്തിൽ മനസ്സിലാക്കാം. വിഭവങ്ങളും അവയുടെ സംയോജനത്തിൽ നിന്നുണ്ടാകുന്ന ഉത്‌പാദനവും തമ്മിലുള്ള ബന്ധമാണ്‌ ഉത്‌പാദനധർമത്തിന്റെ അടിസ്ഥാനം. ഏറ്റവും കുറച്ച്‌ വിഭവങ്ങള്‍ ഉപയോഗിച്ച്‌ പരമാവധി ഉത്‌പാദനം ഉണ്ടാക്കാന്‍ സഹായിക്കുന്ന ഉത്‌പാദനധർമമാണ്‌ വിഭവദൗർലഭ്യം നേരിടുന്ന ഏതൊരു സമ്പദ്‌വ്യവസ്ഥയിലും തെരഞ്ഞെടുക്കേണ്ടത്‌. ഉത്‌പാദനധർമത്തെ ഇപ്രകാരം എഴുതാം.

x = f(q1, q2), ഇതിൽ x ഉത്‌പാദനം, q1- തൊഴിൽ, q2- ഭൂമി, f- ധർമം. ഉത്‌പാദനധർമം ഉത്‌പാദനപ്രക്രിയയിൽ ഉള്‍ക്കൊണ്ടിട്ടുള്ള സാങ്കേതിക-എന്‍ജിനീയറിങ്ങിന്റെ ഒരു പ്രതിഫലനമായതുകൊണ്ട്‌ അതിനെ ഒരു എന്‍ജിനീയറിങ്‌ ധർമമെന്നു വിളിക്കാം. താരതമ്യേന കൂടുതൽ സുലഭവും അതുകൊണ്ടുതന്നെ വിലക്കുറവുള്ളതുമായ വിഭവം കൂടുതലായി ഉപയോഗിക്കാവുന്നതാണ്‌ ഉത്‌പാദനച്ചെലവു പരമാവധി കുറയ്‌ക്കുന്ന ധർമം.

മൂന്നു നിയമങ്ങള്‍ ഉത്‌പാദനധർമം എന്ന സംജ്ഞ വ്യക്തമാക്കുന്നു. സ്ഥിരപ്രതിലാഭനിയമം, ചുരുങ്ങും പ്രതിലാഭ നിയമം, വളരും പ്രതിലാഭ നിയമം. വിഭവങ്ങളുടെ സംയോജനത്തിൽ ഏതെങ്കിലും ഒരു വിഭവത്തിന്റെ അനുപാതം വർധിപ്പിക്കുകയാണെങ്കിൽ, പ്രസ്‌തുത വിഭവത്തിന്റെ അവസാനഘട്ടത്തിൽ നിന്നുമുള്ള പ്രതിലാഭം ഒരു പരിധിവരെ ക്രമേണ കൂടിവരുന്നതാണ്‌. ഇതാണ്‌ വളരും പ്രതിലോമനിയമം. അതിന്റെ പ്രവർത്തനംമൂലമാണ്‌ നേരത്തേ വിവരിച്ച വലുപ്പത്തിന്റേതായ ആന്തരികവും ബാഹ്യവുമായ മേന്മകള്‍ കിട്ടുന്നത്‌. വിഭവങ്ങളുടെ അവിഭാജ്യത കാരണം ഒരു പരിധിവരെ ഉത്‌പാദനവർധനയോടൊപ്പം സീമാന്തോത്‌പാദനച്ചെലവ്‌ ചുരുങ്ങുന്നു. വിഭവങ്ങളുടെ സംയോജനത്തിൽ ഏതെങ്കിലും ഒരു വിഭവത്തിന്റെ അനുപാതം വർധിപ്പിക്കുകയാണെങ്കിൽ പ്രസ്‌തുത വിഭവത്തിന്റെ അവസാനഘടകത്തിൽ നിന്നുമുള്ള പ്രതിലാഭം സ്ഥിരമായി നില്‌ക്കുന്നതാണ്‌ സ്ഥിരപ്രതിലാഭനിയമം. സീമാന്തപ്രതിലാഭം സ്ഥിരമായി നില്‌ക്കുന്നതുകൊണ്ട്‌ സീമാന്തച്ചെലവും സ്ഥിരമായി നിൽക്കും. വിഭവങ്ങളുടെ സംയോജനത്തിൽ ഏതെങ്കിലും ഒരു വിഭവത്തിന്റെ അനുപാതം വർധിപ്പിക്കുകയാണെങ്കിൽ പ്രസ്‌തുത വിഭവത്തിന്റെ അവസാനഘടകത്തിൽ നിന്നുമുള്ള പ്രതിലാഭം ക്രമേണ കുറഞ്ഞുവരുന്നതാണ്‌ ചുരുങ്ങുംപ്രതിലാഭം. സീമാന്തപ്രതിലാഭം ചുരുങ്ങുന്നതുകൊണ്ട്‌ സീമാന്തപ്രതിലാഭച്ചെലവ്‌ വർധിക്കുന്നു. ചുരുങ്ങും പ്രതിലാഭനിയമത്തിനു പ്രധാനകാരണം വിഭവങ്ങള്‍ തമ്മിലുള്ള പ്രതിസ്ഥാപിതത്വത്തിന്റെ കുറവാണ്‌. തൊഴിലും മൂലധനവും പ്രതിസ്ഥാപനങ്ങളല്ല. അതുപോലെ ഭൂമിയും തൊഴിലും പ്രതിസ്ഥാപനങ്ങളല്ല. ഭൂമിയുടെ ലഭ്യത കുറവെന്നുകണ്ട്‌ ഭൂമിക്കുപകരം മറ്റു വിഭവങ്ങള്‍ കൂടുതലായി ഉപയോഗിച്ച്‌ ലാഭകരമായ ഉത്‌പാദനം നിർവഹിക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ്‌ ലോകജനതയ്‌ക്കാവശ്യമായ ഭക്ഷ്യവസ്‌തുക്കള്‍ മുഴുവന്‍ പരിമിതമായ കൃഷിഭൂമിയിൽനിന്ന്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയാത്തത്‌. ചുരുങ്ങും പ്രതിലാഭനിയമം കൃഷിയുടെ കാര്യത്തിൽ പ്രത്യേകമായി കാണുന്ന ഒരു പ്രതിഭാസമാണ്‌.

വിഭവസംയോജനത്തിൽ ഒരു വിഭവം മാത്രം അസ്ഥിരമായും മറ്റുള്ളവ സ്ഥിരമായും സങ്കല്‌പിച്ചാൽ മേൽസൂചിപ്പിച്ച മൂന്നു ഉത്‌പാദനനിയമങ്ങളും പ്രവർത്തിക്കുന്നതാണ്‌. എന്നാൽ വിഭവസംയോജനത്തിൽ എല്ലാ വിഭവങ്ങളും ഒരേ അനുപാതത്തിൽ വർധിപ്പിച്ചാൽ അതേ അനുപാതത്തിൽത്തന്നെ ഉത്‌പാദനം വർധിക്കുന്നുവെങ്കിൽ ഉത്‌പാദനവും വിഭവപ്രതിലാഭബന്ധവും സ്ഥിര പ്രതിലാഭനിയമത്തെ അനുസരിക്കുന്നുവെന്നു പറയാം. ചുരുങ്ങിയ അനുപാതത്തിൽ മാത്രമേ ഉത്‌പാദനം വർധിക്കുന്നുള്ളുവെങ്കിൽ വിഭവപ്രതിലാഭബന്ധം ചുരുങ്ങും പ്രതിലാഭനിയമത്തെയും, വർധിച്ച അനുപാതത്തിൽ ഉത്‌പാദനം വർധിക്കുന്നുവെങ്കിൽ വിഭവപ്രതിലാഭബന്ധം വളരും പ്രതിലാഭനിയമത്തെയും അനുസരിക്കുന്നുവെന്നു പറയാം. യഥാർഥത്തിൽ വിഭവസംയോജനത്തിൽ ഉത്‌പാദനവർധനവിനുവേണ്ടി വിഭവങ്ങളുടെ അളവ്‌ ആനുപാതികമായി വർധിപ്പിച്ചാൽ അതേ അനുപാതത്തിൽ ഉത്‌പാദനം വർധിക്കുകയില്ല. വിഭവങ്ങളുടെ പ്രതിസ്ഥാപിതത്വത്തിന്റെ കുറവും അവിഭാജ്യതയുമാണ്‌ ഉത്‌പാദനത്തിൽ പ്രതിലാഭനിയമങ്ങള്‍ പ്രവർത്തിക്കുവാനുള്ള പ്രധാനകാരണം. ഉത്‌പാദനത്തിൽ ഉണ്ടാകുന്ന വിഭവപ്രതിലാഭബന്ധം (അഥവാ ഉത്‌പാദനധർമം) വിഭവസംയോജനത്തിൽ സംഘാടകർക്ക്‌ വ്യക്തമായ മാർഗനിർദേശം നല്‌കുന്നു. ഉത്‌പാദനം ഏറ്റെടുക്കണമോ തുടരണമോ ചുരുക്കണമോ വർധിപ്പിക്കണമോ എന്നും മറ്റും തീരുമാനിക്കാന്‍ ഉത്‌പാദനനിയമങ്ങള്‍ സഹായിക്കുന്നു.

(ഡോ. കെ. രാമചന്ദ്രന്‍നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍