This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌പത്തി പുസ്‌തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്‌പത്തി പുസ്‌തകം

ബൈബിളിലെ ഒന്നാമത്തെ പുസ്‌തകം. ഇതിൽ ദൈവത്തിന്റെ രക്ഷാകരപ്രവൃത്തിയുടെ വർണനയ്‌ക്കു പശ്ചാത്തലമൊരുക്കാന്‍ എല്ലാ വർഗങ്ങളെപ്പറ്റിയും പരാമർശിച്ചശേഷം ഇസ്രയേൽ ജനതയുടെ ചരിത്രം പ്രത്യേകമായി കാലികക്രമത്തിൽ അവതരിപ്പിക്കുന്നു. ഇംഗ്ലീഷിൽ ദ്‌ ബുക്ക്‌ ഒഫ്‌ ജെനിസിസ്‌ എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ഇതിന്റെ മൂലകൃതിയായി കരുതിവരുന്ന കൈയെഴുത്തുപ്രതിയുടെ ശീർഷകം ലോകാരംഭം (Origin of the World) എന്നർഥമുള്ള ജെനിസിസ്‌കോസ്‌മോസ്‌ (Genesis Kosmus)എന്നാണ്‌. എന്നാൽ മറ്റൊരു പുരാതന ഗ്രീക്ക്‌ കൈയെഴുത്തു പ്രതിയിൽ "ആരംഭങ്ങളുടെ പുസ്‌തകം' (The book of origins)എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. അടിസ്ഥാനപരമായി ഉത്‌പത്തി പുസ്‌തകം എബ്രായ ജനതയുടെയും സംസ്‌കാരത്തിന്റെയും ആരംഭത്തിന്റെയും കഥ പറയുന്നതിനാൽ പ്രസ്‌തുത ശീർഷകമാണ്‌ കൂടുതൽ അന്വർഥമെന്നാണ്‌ വേദപണ്ഡിതന്മാരുടെ അഭിപ്രായം. സൃഷ്‌ടിയുടെ ആരംഭത്തെക്കുറിച്ച്‌ ഇസ്രയേൽ മക്കള്‍ വച്ചുപുലർത്തുന്ന പരമ്പരാഗത വിശ്വാസങ്ങളാണ്‌ ഇതിന്റെ പ്രമേയം. ഇതിനോടൊപ്പം അവരുടെ ദേശീയ ചരിത്രവും വർണിക്കുന്നു. സൃഷ്‌ടിയിൽ ആരംഭിച്ച്‌ യോസഫിന്റെ മരണത്തിൽ അവസാനിക്കുന്ന തുടർച്ചയായുള്ള ആഖ്യാനമായാണ്‌ ഉത്‌പത്തി പുസ്‌തകം രചിച്ചിരിക്കുന്നത്‌. ഇതിന്റെ ഉള്ളടക്കത്തെ മൂന്നായിതിരിക്കാം-ആദ്യത്തെ പതിനൊന്ന്‌ അധ്യായങ്ങളിൽ സൃഷ്‌ടി, പാപം, പ്രളയം, ബാബേൽ ഗോപുരം എന്നിവയെപ്പറ്റിയും; 12 മുതൽ 36 വരെ അധ്യായങ്ങളിൽ ഗോത്രപിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌ എന്നിവരുടെ ജീവചരിത്രവും അവരുടെ വംശാവലികളും; 37 മുതൽ 50 വരെ അധ്യായങ്ങളിൽ യോസഫിന്റെ കഥയും വിവരിക്കുന്നു.

ബൃഹത്തായ ഒരു സാഹിത്യകൃതിയുടെ ഭാഗമായാണ്‌ ഉത്‌പത്തി പുസ്‌തകം ആദ്യം രചിക്കപ്പെട്ടത്‌. പില്‌ക്കാലത്ത്‌ അത്‌ പല പുസ്‌തകങ്ങളായി വിഭജിക്കപ്പെട്ടു. പെന്ററ്റ്യൂക്‌ (Pentateuch-പഞ്ചമഹാഗ്രന്ഥങ്ങള്‍) എന്നറിയപ്പെട്ടിരുന്ന ഇതിലെ വിഷയം പുരാതന ഇസ്രയേലിന്റെ മതചരിത്രമാണ്‌.

ആദ്യകാല സാഹിത്യകൃതികളിൽ ഒരു ഉന്നതസ്ഥാനം ഉത്‌പത്തി പുസ്‌തകം നേടിയിട്ടുണ്ട്‌. ദൈവം, മനുഷ്യന്‍, മരണം എന്നിവയെക്കുറിച്ച്‌ ഇതിലുള്ള പ്രതിപാദ്യം മനോഹരമാണ്‌. പ്രാരംഭത്തിലെ സൃഷ്‌ടിവൃത്താന്തം ഏദന്‍തോട്ടത്തിലെ പശ്ചാത്തലവിവരണത്തിൽ കാണുന്ന ശിശുസഹജമായ വിഭാവന, ദൈവത്തെ എതിർക്കുന്നതിലുള്ള ദുശ്ശാഠ്യം, അതിന്റെ ദുഷ്‌ഫലങ്ങള്‍, കായിന്‍-ഹാബേൽമാരുടെ കഥ, ജലപ്രളയത്തിലേക്കു നയിക്കുന്ന പാപം, എബ്രഹാം, ഇസഹാക്ക്‌, യാക്കോബ്‌ തുടങ്ങിയവരുടെ വൃത്താന്തങ്ങള്‍, അത്യാഹിതത്തിലാരംഭിച്ച്‌ ആഹ്ലാദത്തിലവസാനിക്കുന്ന യോസേഫ്‌ കഥ ഇവയെല്ലാം മനോഹര സാഹിത്യ സൃഷ്‌ടികളാണെന്നു പറയാം. സ്വഭാവ ചിത്രീകരണത്തിലും സമ്പൂർണ നിഷ്‌പക്ഷത പാലിച്ചിട്ടുണ്ട്‌. ഉത്‌പത്തി പുസ്‌തകത്തിൽ ഇതിന്റെ രചയിതാവിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. മോശെ ഈ പുസ്‌തകം എഴുതി എന്നാണ്‌ യഹൂദപണ്ഡിതന്മാരുടെ അഭിപ്രായം. എന്നാൽ മോശെയാണെന്ന്‌ പറയുന്നതിൽ ചില പൊരുത്തക്കേടുകളുണ്ട്‌. ഉത്‌പത്തി പുസ്‌തകത്തിന്റെ ഭാഷാപരവും ഘടനാപരവും മതപരവുമായ ഭാവങ്ങള്‍ ഇത്‌ ഏകരൂപമായ ഘടകങ്ങളുടെ സംയോജനമാണ്‌ എന്ന്‌ സൂചിപ്പിക്കുന്നു. ചരിത്രപരമായ ഒരു രേഖ എന്ന നിലയിലല്ല ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്‌. കാരണം ഇവയിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും ഇസ്രയേൽ മക്കളുടെ പാരമ്പര്യ വിശ്വാസങ്ങളിൽ അധിഷ്‌ഠിതമാണ്‌. ഗഹനവും പ്രാതിനിധ്യസ്വഭാവമുള്ളതുമായ ചില ആത്മീയ സത്യങ്ങള്‍ എങ്ങനെ ഇസ്രയേൽ മക്കളുടെ ചിന്താധാരയിൽ ഉരുത്തിരിഞ്ഞുവന്നു എന്നതിലേക്കാണ്‌ ഉത്‌പത്തി പുസ്‌തകം വെളിച്ചം വീശുന്നത്‌. പ്രസ്‌തുത ഗ്രന്ഥത്തിൽ ചരിത്രവും ദൈവികമായ വെളിപാടുകളും വേർപെടുത്താനാവാത്ത രീതിയിൽ അലിഞ്ഞുചേർന്നിരിക്കുന്നു എന്നാണ്‌ പണ്ഡിതമതം. ദൈവത്തെപ്പറ്റിയും ദൈവത്തിന്റെ സൃഷ്‌ടി-സ്ഥിതി-സംഹാര പ്രവർത്തനങ്ങളെപ്പറ്റിയും വ്യക്തമായ സൂചനകള്‍ ബൈബിളിലെ പഞ്ചമഹാഗ്രന്ഥങ്ങളിൽ ഒന്നാമത്തേതായ ഉത്‌പത്തി പുസ്‌തകം നല്‌കുന്നു. ഇതിൽ നാം കണ്ടെത്തുന്ന ഓരോ സ്‌ത്രീ-പുരുഷന്മാരും ഒരേ സമയം കഥാപാത്രങ്ങളും പ്രരൂപങ്ങളും ആകുന്നു. ദൈവം ലോകത്തിന്റെ വിധാതാവായിരിക്കുമ്പോള്‍ത്തന്നെ തങ്ങളുമായി ഒരു പ്രത്യേക ബന്ധത്തിലിരുന്നുവെന്നും, ചരിത്രത്തെ ദൈവം നിയന്ത്രിക്കുന്നുവെന്ന്‌ വെളിപ്പെടുത്തേണ്ട ചുമതല തങ്ങള്‍ക്കുള്ളതാണെന്നും ഇസ്രയേൽ ജനത വിശ്വസിച്ചു. ഈ ലക്ഷ്യമാണ്‌ ഉത്‌പത്തി പുസ്‌തകത്തിന്റെ രചനയ്‌ക്കാധാരം.

(ഡോ. ടി. ജോണ്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍