This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്രശ്ശീവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്രശ്ശീവേലി

ആലംതുരുത്തി, കരുനാട്ടുകാവ്‌, പടപ്പാട്ട്‌ എന്നീ പുരാതന ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയായ ഭഗവതി(ദുർഗ)യുടെ തിടമ്പ്‌ (കോലം) തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ എഴുന്നള്ളിച്ചിരുത്തി മീനമാസം ഉത്രംനാള്‍ നടത്തുന്ന ഉത്സവം.

മീനമാസത്തിലെ മകയിരം നാളിൽ ആലംതുരുത്തി, കരുനാട്ടുകാവ്‌, പടപ്പാട്ട്‌ എന്നീക്ഷേത്രങ്ങളിൽ കൊടിയേറ്റി എട്ടുദിവസം ഉത്സവം നടത്തുന്നു. രണ്ടാം ഉത്സവംമുതൽ തിരുവല്ലാപ്രദേശത്തെ മിക്കവാറും എല്ലാ കരകളിലും ഭഗവതിയുടെ തിടമ്പ്‌ എഴുന്നള്ളിക്കാറുണ്ട്‌. അതതു കരക്കാർ നടത്തുന്ന എതിരേല്‌പിന്‌ "തിരുപന്തം' എന്നാണു പേർ. കോലം (ജീവിത) ചുമലിലേറ്റിയ രണ്ടുപേർ താളത്തോടെ ചുവടുവച്ചു നടത്തുന്ന ജീവിതകളി ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങാണ്‌. അതതു ദേശക്കാർ രണ്ടുവഴിപാടിനത്തിൽ കൊടുക്കുന്ന "പറ'കളും സ്വീകരിച്ചശേഷം ഭഗവതിമാർ മടങ്ങുന്നു. പൂരം ദിവസം മുത്തൂർ കവലയ്‌ക്കടുത്തുള്ള ശ്രീനാരായണപുരം എന്ന പുരാതന വിഷ്‌ണുക്ഷേത്രത്തിൽ ഒന്നിച്ചുകൂടി ദേശപര്യടനം സമാപിപ്പിച്ച്‌ ഭഗവതിമാർ സ്വന്തം ക്ഷേത്രങ്ങളിൽ തിരികെയെത്തുന്നു. എട്ടാംദിവസം കൊടിയിറക്കി ആറാട്ടിന്‌ എഴുന്നള്ളിക്കുന്നു. അന്നുരാത്രി പത്തുമണിയോടുകൂടി തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ എത്തുന്നു. ആണ്ടിൽ ഒരിക്കൽ, ഭഗവതിമാരുടെ പ്രവേശനത്തിനുമാത്രം തുറക്കുന്ന വടക്കേഗോപുരത്തിൽക്കൂടി അകത്തു പ്രവേശിക്കുന്ന ദേവിമാരോടൊത്ത്‌ ശ്രീവല്ലഭന്‍, സുദർശനം (പടിഞ്ഞാറേനട) എന്നീ ദേവന്മാർ ശ്രീബലി പ്രദക്ഷിണം നടത്തുന്നു. ശ്രീവല്ലഭനു പുറംതിരിഞ്ഞ്‌ ഭഗവതിമാർ നില്‌ക്കാറില്ല. കരുനാട്ടുകാവ്‌, പടപ്പാട്ടു ഭഗവതിമാർ പാർശ്വങ്ങളിൽ അകമ്പടിയായിട്ടും ആലംതുരുത്തിൽ ഭഗവതി അഭിമുഖമായി പുറകോട്ട്‌ എഴുന്നള്ളിയുമാണ്‌ ശ്രീബലി നടക്കുന്നത്‌. അവിടെയും ജീവിതകളി പ്രധാനമാണ്‌. ജയദേവരുടെ ഗീതഗോവിന്ദത്തിലെ ഗാനങ്ങള്‍ നാഗസ്വരത്തിൽ വായിക്കുകയും തദനുസരണം താളത്തിൽ "മുറിച്ചെണ്ട' (വീക്കുചെണ്ട) കൊട്ടുകയും ചെയ്യുന്നു. "ഉരുട്ടുചെണ്ട' ഉപയോഗിക്കാറില്ല. ഏതാണ്ട്‌ വെളുപ്പിന്‌ അഞ്ചുമണിക്കാണ്‌ ശ്രീബലി സമാപിക്കുന്നത്‌. ശ്രീവല്ലഭനെയും സുദർശനനെയും അകത്തെഴുന്നള്ളിക്കുകയും ഭഗവതിമാർ തുകലശ്ശേരി ആറ്റുകടവിൽവന്ന്‌ ആറാട്ടു നടത്തുകയും ചെയ്യുന്നു.

ആറാട്ടുകഴിഞ്ഞ്‌ ഉത്രശ്ശീവേലിയുടെ പിറ്റേന്നാള്‍ ഉച്ചയ്‌ക്ക്‌ ശ്രീബലിക്ക്‌ ശ്രീവല്ലഭനെ എഴുന്നള്ളിക്കുമ്പോള്‍ ആലംതുരുത്തിൽ ഭഗവതി എത്തിച്ചേരുന്നു. ഭഗവതിയുടെ ദർശനത്തിൽ ശ്രീവല്ലഭനെ എഴുന്നള്ളിക്കുന്നയാള്‍ നൃത്തം തുടങ്ങുന്നു. വെളിപാടുകൊണ്ട്‌ ഏതാണ്ട്‌ അബോധാവസ്ഥയിലാണ്‌ ഈ നൃത്തം നടത്താറുള്ളത്‌. അന്ന്‌ ശ്രീവല്ലഭവിഗ്രഹം തലയിൽ എഴുന്നള്ളിക്കുന്നു. വിഗ്രഹം തലയിലിരിക്കെ മലർത്തിപ്പിടിക്കുന്ന കൈകളിൽ ഭക്തജനങ്ങള്‍ കാണിക്കയായി നാണയങ്ങള്‍ ഇട്ടുകൊടുക്കാറുണ്ട്‌. കൈ നിറഞ്ഞു കഴിഞ്ഞാൽ നാണയം ഭഗവതിക്ക്‌ എറിഞ്ഞുകൊടുക്കുകയാണ്‌ പതിവ്‌. ഈ തുകയുടെ അവകാശം ആലംതുരുത്തി ഭഗവതിക്കാണ്‌.

ഉച്ചശ്രീബലി കഴിഞ്ഞ്‌ ആലംതുരുത്തിയിലേക്ക്‌ ഭഗവതിയെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്നു. അപ്പോള്‍ത്തന്നെ വടക്കേഗോപുരം അടയ്‌ക്കുന്നു. കരുനാട്ടുകാവ്‌, പടപ്പാട്ടു ഭഗവതിമാർ ഉച്ചയ്‌ക്കുള്ള ചടങ്ങിൽ സംബന്ധിക്കാറില്ല. രണ്ടു ഭഗവതിമാരും തുകലശ്ശേരിയിൽ ആറാട്ടുകഴിഞ്ഞ്‌ രാവിലെ പത്തുമണിയോടുകൂടി അവരവരുടെ ക്ഷേത്രങ്ങളിലേക്കുപോകുന്നു. വടക്കന്‍ കേരളത്തിലെ പൂരങ്ങളുടേതിൽനിന്ന്‌ അല്‌പം വ്യത്യസ്‌തമായ ചടങ്ങാണ്‌ പ്രസ്‌തുത ആഘോഷത്തിനുള്ളത്‌.

(എം.പി. മഹേശ്വരന്‍ ഭട്ടതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍