This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തങ്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തങ്കന്‍

ഒരു മഹാഭാരത കഥാപാത്രം. മഹാഭാരതപ്രസിദ്ധനായ ഈ മുനി ഉതങ്കന്‍, ഉദങ്കന്‍ എന്ന പേരുകളിലും അറിയപ്പെടുന്നു. മഹാഭാരതം ആദിപർവത്തിലെ വിവരണങ്ങളനുസരിച്ച്‌, വേദന്‍ എന്ന മഹർഷിയുടെ ശിഷ്യനായ ഉത്തങ്കനെ ഗുരുപത്‌നി കാമിച്ചെങ്കിലും അയാളതിനു വംശവദനായില്ല. അതിൽ കുപിതയായ ഗുരുപത്‌നി പ്രതികാരം ചെയ്യാന്‍ അവസരം പാർത്തിരിക്കുകയായിരുന്നു. താന്‍ എന്താണ്‌ ഗുരുദക്ഷിണയായി തരേണ്ടതെന്ന്‌ അയാള്‍ ഗുരുവിനോടു ചോദിച്ചപ്പോള്‍ തന്റെ പത്‌നി ആവശ്യപ്പെടുന്നത്‌ കൊണ്ടുവന്നാൽ മതിയെന്നാണ്‌ വേദന്‍ നിർദേശിച്ചത്‌. പൗഷരാജപത്‌നി ധരിക്കുന്ന രത്‌നകുണ്ഡലങ്ങളാണ്‌ അവർ ദക്ഷിണയായി ആവശ്യപ്പെട്ടത്‌. വഴിയിൽ പല പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തും അപകടങ്ങളെ നേരിട്ടും അയാള്‍ രാജ്ഞിയെ കണ്ട്‌ ഒരുവിധത്തിൽ കുണ്ഡലങ്ങള്‍ കരസ്ഥമാക്കി തിരിച്ചുവരവെ അവയെ തക്ഷകന്‍ എന്ന നാഗരാജാവ്‌ തട്ടിയെടുത്തുകൊണ്ട്‌ പാതാളത്തിലേക്കു പോയി. ഇന്ദ്രന്റെ സഹായംകൊണ്ട്‌ അവ വീണ്ടെടുത്ത്‌ നിശ്ചിതസമയത്തുതന്നെ ഗുരുപത്‌നിക്കു കാഴ്‌ചവയ്‌ക്കാന്‍ ഉത്തങ്കന്‌ സാധിച്ചു. തക്ഷകനോടു പ്രതികാരം ചെയ്യാന്‍ ഉത്തങ്കന്‍ ജനമേജയരാജാവിനെ പ്രരിപ്പിച്ച്‌ സർപ്പസത്രം നടത്തിയ കഥയും മഹാഭാരതത്തിലുണ്ട്‌. മഹാഭാരതം അശ്വമേധപർവത്തിലെ "ഉത്തങ്കോപാഖ്യാനം' ആദിപർവത്തിലേതിൽനിന്നും ചില ഭാഗങ്ങളിൽ വ്യത്യാസപ്പെട്ടു കാണുന്നു. അശ്വമേധപർവത്തിൽ അഹല്യാപതിയായ ഗൗതമന്‍ തന്റെ പുത്രിയെ ശിഷ്യോത്തംസമായ ഉത്തങ്കന്‌ വിവാഹം കഴിച്ചുകൊടുത്തതായി പ്രസ്‌താവിച്ചിരിക്കുന്നു. ഭാരതയുദ്ധം ഒഴിവാക്കാന്‍ ആത്മാർഥമായി ശ്രമിച്ചില്ലെന്നു കുറ്റപ്പെടുത്തി ശ്രീകൃഷ്‌ണനെ ശപിക്കാനൊരുമ്പെട്ട ഉത്തങ്കന്‍ കൃഷ്‌ണാധ്യാത്മകഥനം കേട്ട്‌ ഭഗവദ്‌ഭക്തനായി മാറി. മരുഭൂമിയിൽ വച്ചു ദേവേന്ദ്രന്റെ പരീക്ഷയിൽ ജയിക്കാതെ ദാഹാർത്തനായി വലഞ്ഞ ഉത്തങ്കനെ ശ്രീകൃഷ്‌ണന്‍ ആശ്വസിപ്പിക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന മരുപ്രദേശങ്ങളിൽ "ഉതങ്കമേഘങ്ങള്‍' എന്നു ഭാവിയിൽ അറിയപ്പെടുന്ന കാർമേഘങ്ങള്‍ ജലം വർഷിക്കുമെന്ന്‌ അരുളിച്ചെയ്യുകയും ചെയ്‌തു.

എഴുത്തച്ഛന്‍ മഹാഭാരതം കിളിപ്പാട്ടിൽ "ഉത്തങ്കോപാഖ്യാന'ത്തിന്‌ ആദിപർവത്തിലെ കഥയാണ്‌ അവലംബമാക്കിയിട്ടുള്ളത്‌ (മഹാഭാരതം കിളിപ്പാട്ട്‌-പൗലോമം). ഗുളികന്‍ എന്ന വനചരന്‍ ഉത്തങ്കന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കവേ അദ്ദേഹത്തിന്റെ സാരോപദേശംകൊണ്ടു മാനസാന്തരപ്പെട്ട്‌ മോക്ഷം പ്രാപിച്ചുവെന്നും അതിനുശേഷം മഹാവിഷ്‌ണുവിന്റെ നിർദേശപ്രകാരം ഉത്തങ്കന്‍ ബദരീനാഥത്തിൽച്ചെന്ന്‌ തപസ്സുചെയ്‌തു സായൂജ്യംനേടി എന്നും നാരദീയപുരാണത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍