This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉതി
അനാക്കാർഡിയേസീ (Anacardiaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു മരം. ശാ.നാ.: ഒഡൈനാ വുഡിയെർ (Odina wodier). പൂർണമായ വളർച്ചയെത്തിയ ഒരു മരത്തിന് ഏതാണ്ട് 25 മീ. പൊക്കവും 75 സെ.മീ. വ്യാസവും വരും. മരത്തിന്റെ തൊലി 10-15 മി.മീ. കനമുള്ളതും ചാരനിറത്തോടു കൂടിയതുമാണ്. പ്രായംകുറഞ്ഞ മരങ്ങളുടെ തൊലി മിനുസമുള്ളതായിരിക്കുമെങ്കിലും പ്രായംകൂടിയവയിൽ ഇല പൊഴിഞ്ഞുപോയതിന്റെ വട്ടത്തിലുള്ള അടയാളം കാണാന്‍ കഴിയും. കാതൽ താരതമ്യേന ചെറുതും മുറിക്കുമ്പോള്‍ ഇളം പാടലവർണത്തോടുകൂടിയതുമാണ്; മുറിച്ചു കുറേ കഴിയുമ്പോള്‍ ഇരുണ്ട നിറമാകുന്നു.
ഇന്ത്യയിൽ മിക്കവാറും എല്ലാ സ്ഥലത്തും ഈ മരം വളരുന്നു. ഹിമാലയത്തിന്റെ താഴ്‌വരപ്രദേശങ്ങളിലും സാൽവനങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. മിശ്രിതപർണപാതി വനത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 300 മീ. ഉയരത്തിൽവരെ സാധാരണയായി കാണുന്ന ഒരു മരമാണിത്.
ഉഷ്‌ണകാലാരംഭത്തോടെ ഇലപൊഴിയുക ഇവയുടെ ഒരു സ്വഭാവമാണ്. ഡിസംബർ-ജനുവരി തുടങ്ങി മേയ്-ജൂണ്‍ വരെ ഇവയിൽ ഇലകള്‍ കാണുകയില്ല. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മരങ്ങള്‍ വെള്ളപ്പൂക്കള്‍ക്കൊണ്ടു നിറയുന്നു. അസംഖ്യം ചെറിയ പൂക്കള്‍ റെസിമോസ് പുഷ്‌പക്രമത്തിലാണുണ്ടാവുക. തന്മൂലം ഈ സമയം മരങ്ങള്‍ കാണുക മനോഹരമാണ്. മേയ്-ജൂലായോടുകൂടി പഴങ്ങള്‍ പാകമാകുന്നു. ഈ സമയം മരത്തിൽ കുലകളായി ആമ്രകങ്ങള്‍ കാണപ്പെടുന്നു. പാകമായ ആമ്രകം ദീർഘായതവും (oblong) സമ്മർദിതവും (compressed)ഏതാണ്ട് 10-15 മില്ലിമീറ്റർ നീളമുള്ളതുമായിരിക്കും. ചുവന്ന നിറത്തോടുകൂടിയ ആമ്രകത്തിനു കട്ടികുറഞ്ഞു മൃദുവായ ബാഹ്യഫലവും കട്ടികൂടിയ വിത്തും ഉണ്ടായിരിക്കും. ബാഹ്യഫലം പക്ഷികള്‍ ഭക്ഷിക്കുകവഴി വിത്തുവിതരണം നടക്കുന്നു. വിത്തിന് ജീവനക്ഷമത കുറവാണ്.
ഇവയുടെ വളർച്ചയ്‌ക്ക് ധാരാളം സൂര്യപ്രകാശം അത്യാവശ്യമാണ്. ഹിമപാതം താങ്ങിനിൽക്കാന്‍ ഇവയ്‌ക്കു ശക്തി കുറവാണ്. എന്നാൽ കഠിനമായ വരള്‍ച്ച ചെറുത്തുനിൽക്കാന്‍ ഇവയ്‌ക്കു കഴിയും. ഉതി, വിത്തുകള്‍ മുഖേനയോ കമ്പുനട്ടോ വളർത്താവുന്നതാണ്. താരതമ്യേന ഉപയോഗം കുറഞ്ഞ ഒരു മരമാണിത്. തടിയുടെ കാതൽ കാർഷികോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും നിർമാണത്തിനുപയോഗിക്കാറുണ്ടെങ്കിലും അത്ര ഈടുള്ളതല്ല. തണ്ടും ഇലയും കന്നുകാലികള്‍ക്കും ആനയ്‌ക്കും തീറ്റയായി ഉപയോഗിക്കാറുണ്ട്. തൊലിയിൽനിന്ന് എടുക്കുന്ന തവിട്ടുനിറത്തിലുള്ള പശ നേപ്പാളികള്‍ കടലാസ് ഒട്ടിക്കുന്നതിനുപയോഗിക്കുന്നു. തുണി പ്രിന്റുചെയ്യുന്നതിനും ഈ പശ ഉപയോഗിക്കാറുണ്ട്. ഉതിയുടെ തൊലിക്ക് ഔഷധഗുണമുള്ളതിനാൽ പലവിധ ആയുർവേദമരുന്നുകള്‍ക്കും ഉപയോഗപ്പെടുത്തിവരുന്നു.
(പി.എന്‍. ചന്ദ്രശേഖരന്‍ നായർ)