This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിഗ്ഗോദവർമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉണ്ണിഗ്ഗോദവര്‍മ

എ.ഡി. 15-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കൊച്ചിയില്‍ വാണിരുന്ന രാജാവ്‌. ഗോദവര്‍മ കോയില്‍ തിരുമുല്‍പ്പാട്‌, ഉച്ചിഗ്ഗോദവര്‍മ കോയില്‍ തിരുമുല്‍പ്പാട്‌ എന്ന പേരുകളിലും പ്രഖ്യാതനായിരുന്നു. പോര്‍ച്ചുഗീസുകാരോട്‌ ആദ്യമായി ഉടമ്പടിയുണ്ടാക്കി കൊച്ചിയെ സാമൂതിരിക്കു കിടനില്‌ക്കത്തക്കവിധം ശക്തമാക്കിയത്‌ ഇദ്ദേഹമാണ്‌.

പോര്‍ച്ചുഗീസ്‌ ബന്ധം. എ.ഡി. 1500 (കൊ.വ. 675) ഡി. 24-ന്‌ പോര്‍ച്ചുഗീസ്‌ നാവികമേധാവി പെദ്രാ അല്‍വാരിസ്‌ കബ്രാള്‍ കോഴിക്കോട്ടെ സംഘര്‍ഷത്തിനുശേഷം കൊച്ചിയിലെത്തിയപ്പോള്‍ ഉച്ചിഗ്ഗോദവര്‍മ അദ്ദേഹത്തെ സന്തോഷപൂര്‍വം സ്വീകരിച്ച്‌ പോര്‍ച്ചുഗീസുകാരുമായി സന്ധിയിലേര്‍പ്പെട്ടു. സാമൂതിരിയെ തോല്‌പിച്ച്‌ കോഴിക്കോട്‌ കൊച്ചിക്കു കൈവശപ്പെടുത്തിക്കൊടുക്കാമെന്ന്‌ കബ്രാള്‍ വാഗ്‌ദാനം നല്‌കി. ഉച്ചിഗ്ഗോദവര്‍മ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഒരു പണ്ടികശാലയ്‌ക്കുള്ള അനുവാദം കൊടുക്കുകയും ചെയ്‌തു.

കബ്രാളിന്റെ പക്കല്‍ ഗോദവര്‍മ പോര്‍ച്ചുഗല്‍ രാജാവിന്‌ തങ്കത്തകിടില്‍ ഒരെഴുത്തും രാജ്ഞിക്ക്‌ വിലപിടിപ്പുള്ള രത്‌നങ്ങള്‍, പട്ടുകള്‍ എന്നിവയും കൊടുത്തയച്ചു. എന്നാല്‍ ഈ സൗഹാര്‍ദത്തിന്‌ നിരക്കാത്തതരത്തില്‍ കബ്രാള്‍ പെരുമാറി; ജാമ്യത്തിന്‌ പോര്‍ച്ചുഗീസുകാരുടെ കപ്പലില്‍ അയച്ച നായന്മാരെ പോര്‍ച്ചുഗലിലേക്കു കൊണ്ടുപോയി. എന്നിട്ടും കൊച്ചിയില്‍ പാര്‍ത്തിരുന്ന പോര്‍ച്ചുഗീസുകാരോട്‌ ഗോദവര്‍മ വളരെ ഔദാര്യപൂര്‍വമാണ്‌ പെരുമാറിയത്‌. ഗോദവര്‍മയുടെ ഈ നയം പോര്‍ച്ചുഗീസുകാരുടെ മൈത്രി സമ്പാദിക്കാന്‍ പ്രയോജനപ്പെട്ടു.

എ.ഡി. 1502-ല്‍ പോര്‍ച്ചുഗലില്‍നിന്ന്‌ വാസ്‌കൊ ദ ഗാമ രണ്ടാമതും കേരളത്തിലേക്കു വന്നപ്പോള്‍ പറങ്കികളുമായുള്ള മൈത്രി സുദൃഢമാക്കാന്‍ ഗോദവര്‍മയ്‌ക്കു സാധിച്ചു. 20 കപ്പലുകളില്‍ സൈന്യസജ്ജീകരണത്തോടെ വന്ന ഗാമ കോഴിക്കോട്ടു വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തിയതിനുശേഷമായിരുന്നു കൊച്ചിയിലേക്കു തിരിച്ചത്‌ (1502 ന. 7). ഗോദവര്‍മയുടെ സൗഹാര്‍ദനയത്തില്‍ സന്തുഷ്‌ടനായ ഗാമ അദ്ദേഹത്തെ സന്ദര്‍ശിച്ച്‌ പോര്‍ച്ചുഗല്‍ രാജാവിന്റെ എഴുത്തും ഒരു സ്വര്‍ണക്കിരീടമുള്‍പ്പെടെയുള്ള സമ്മാനങ്ങളും കൈമാറി. തുടര്‍ന്ന്‌ ഗോദവര്‍മയുമായി ഒരു കച്ചവട ഉടമ്പടി ഉണ്ടാക്കുകയും ചെയ്‌തു.

സാമൂതിരിയുമായി യുദ്ധം. ഗാമ മടങ്ങിപ്പോയതോടെ പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളില്‍ പ്രകോപിതരായ സാമൂതിരിപ്പാടും അറബികളും ഗോദവര്‍മയുടെ നേരെ തിരിഞ്ഞു. ഇദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ പാര്‍ത്തിരുന്ന പോര്‍ച്ചുഗീസുകാരെ വിട്ടുകൊടുക്കണമെന്ന സാമൂതിരിയുടെ ആവശ്യത്തെ ഗോദവര്‍മ പാടെ നിരസിച്ചു. കൊച്ചിരാജവംശത്തിലെ ചില അംഗങ്ങളും കുറേ പ്രഭുക്കന്മാരും സാമൂതിരിയുടെ വശത്തേക്ക്‌ ചായ്‌വ്‌ കാണിച്ചെങ്കിലും ഗോദവര്‍മ ഉറച്ചുതന്നെ നിന്നു. 50,000 പേരടങ്ങിയ കാലാള്‍പ്പടയോടുകൂടി സാമൂതിരിയും കൂട്ടരും ഇടപ്പള്ളിയില്‍ വന്ന്‌ പാളയം അടിച്ചു (1503 മാ. 3). ഇടപ്പള്ളി രാജാവ്‌ സാമൂതിരിയുടെ പക്ഷത്തായിരുന്നു.

സാമൂതിരിയുടെ ആക്രമണം ഗോദവര്‍മ ഒരു വിധത്തില്‍ തടഞ്ഞുനിര്‍ത്തി. സാമൂതിരി കോഴകൊടുത്ത്‌ കൊച്ചിയില്‍ ചിലരെ വശപ്പെടുത്തി. അവസാനം അരൂര്‍ വച്ചുനടന്ന യുദ്ധത്തില്‍ കൊച്ചിയിലെ ഇളമുറത്തമ്പുരാക്കന്മാര്‍ (ഇളയരാജാവും രണ്ടു യുവരാജാക്കന്മാരും) ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഈ പരാജയം ഗോദവര്‍മയെ അസ്‌ത്രവീര്യനാക്കിയില്ല. ശേഖരിക്കാന്‍ കഴിഞ്ഞിടത്തോളം സൈനികശക്തിയോടുകൂടി ഗോദവര്‍മ ശത്രുക്കളെ നേരിട്ടുവെങ്കിലും ഗത്യന്തരമില്ലാതെ വൈപ്പിന്‍ സങ്കേതത്തില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ഈ സങ്കേതത്തില്‍ യുദ്ധം ചെയ്‌തുകൂടാ എന്നായിരുന്നു മാമൂല്‍. ഗോദവര്‍മയും സൈന്യവും രക്ഷപ്രാപിച്ചെങ്കിലും കൊച്ചിരാജ്യം ശത്രുക്കളുടെ കൊള്ളയ്‌ക്കിരയായി. മഴക്കാലം വന്നതോടെ ഒരു സൈന്യവിഭാഗത്തെ കൊച്ചിയില്‍ നിര്‍ത്തിയിട്ട്‌ സാമൂതിരി കോഴിക്കോട്ടേക്കു മടങ്ങി.

ഈ ദുര്‍ഘടഘട്ടത്തില്‍ പോര്‍ച്ചുഗീസ്‌ നാവികാധിപതി ഫ്രാന്‍സിസ്‌കോ ദെ ആല്‍ബുക്കര്‍ക്കും സഹായി ദുവാര്‍തേ പച്ചിക്കോയും എത്തിച്ചേര്‍ന്നത്‌ ഗോദവര്‍മയുടെ ഭാഗ്യോദയം കുറിച്ചു. ഫ്രാന്‍സിസ്‌കോ ഗോദവര്‍മയ്‌ക്ക്‌ 10,000 ഡക്കറ്റ്‌ (വരാഹന്‍) പാരിതോഷികം നല്‌കുകയും, വിജയാഘോഷത്തോടെ അദ്ദേഹത്തെ കൊച്ചിയില്‍ കൊണ്ടുപോയി വാഴിക്കയും ചെയ്‌തു. ഫ്രാന്‍സിസ്‌കോയും സഹോദരനായ അല്‍ഫോണ്‍സോയും ചേര്‍ന്ന്‌ ഇടപ്പള്ളി കൊള്ളയടിച്ചു. ഈ വിജയത്തില്‍ സന്തുഷ്‌ടനായിത്തീര്‍ന്ന ഗോദവര്‍മ പോര്‍ച്ചുഗീസുകാര്‍ക്ക്‌ കൊച്ചിയില്‍ ഒരു കോട്ട നിര്‍മിക്കാന്‍ അനുവാദം കൊടുത്തു. അതിലേക്കുവേണ്ട ചെലവും രാജാവുതന്നെ വഹിച്ചു. പോര്‍ച്ചുഗല്‍ രാജാവിനെ ബഹുമാനിച്ച്‌ കോട്ടയ്‌ക്ക്‌ മാനുവല്‍ കോട്ട എന്നു പേരിട്ടു. ഇതായിരുന്നു ഇന്ത്യയില്‍ യൂറോപ്യന്മാര്‍ സ്ഥാപിച്ച ഒന്നാമത്തെ കോട്ട (1503 സെപ്‌. 23).

പച്ചിക്കോയുടെ സഹായം. 1504-ല്‍ ആല്‍ബുക്കര്‍ക്ക്‌ സഹോദരന്മാര്‍ പച്ചിക്കോയെ കൊച്ചിയുടെ സഹായത്തിന്‌ നിയോഗിച്ചശേഷം യൂറോപ്പിലേക്കു മടങ്ങിപ്പോയി. പച്ചിക്കോയെ സഹായിക്കാന്‍ 150 പോര്‍ച്ചുഗീസുകാരും 300 നാട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ അവസരത്തില്‍ അറബിപ്പടയാളികള്‍ ഉള്‍പ്പെടെ 60,000 പേര്‍ വരുന്ന സാമൂതിരിയുടെ സൈന്യം കൊച്ചിയെ ആക്രമിക്കാന്‍ സന്നദ്ധമായി. ഇളമുറ സാമൂതിരിയായ ഇളങ്കൂര്‍ നമ്പ്യാതിരിയും ഇടപ്പള്ളി രാജാവും നയിച്ച ഈ വമ്പിച്ച സൈന്യം കൊച്ചി കീഴടക്കാന്‍ പര്യാപ്‌തമായിരുന്നു. എന്നിരിക്കിലും പച്ചിക്കോയുടെ സഹായത്തോടെ അഞ്ചുമാസത്തോളം പിടിച്ചുനില്‍ക്കാന്‍ ഗോദവര്‍മയ്‌ക്ക്‌ കഴിഞ്ഞു. പോര്‍ച്ചുഗീസുകാരുടെ വന്‍തോക്കുകളും മറ്റ്‌ ആയുധങ്ങളും ആ യുദ്ധത്തില്‍ നിര്‍ണായകമായിരുന്നു. സാമൂതിരിക്കും പീരങ്കികള്‍ ഉണ്ടായിരുന്നെങ്കിലും അവ മോശപ്പെട്ടവയായിരുന്നു. ചാരന്മാര്‍ മുഖേന ശത്രുപക്ഷത്തെ നീക്കങ്ങള്‍ ചോര്‍ത്തിയെടുക്കുവാന്‍ സാധിച്ചതും കൊച്ചിയുടെ വിജയത്തിന്‌ സഹായകമായി. സാമൂതിരിക്ക്‌ കനത്ത നാശനഷ്‌ടങ്ങള്‍ വരുത്തുവാന്‍ ഗോദവര്‍മയ്‌ക്കു കഴിഞ്ഞു. സ്വപക്ഷത്ത്‌ ഗണ്യമായ നഷ്‌ടം ഉണ്ടായതുമില്ല. കൊച്ചിയില്‍നിന്നു പിന്മാറിയ സാമൂതിരി തന്റെ സാമന്തരാജ്യമായിരുന്ന കൊടുങ്ങല്ലൂരില്‍ താവളം ഉറപ്പിച്ചു. ഈ ഭീഷണിയെ നേരിടാനും ഗോദവര്‍മയ്‌ക്ക്‌ യഥാകാലം പോര്‍ച്ചുഗീസ്‌ സഹായം സിദ്ധിച്ചു. പോര്‍ച്ചുഗല്‍ രാജാവിന്റെ സമ്മാനങ്ങളുമായി വന്നുചേര്‍ന്ന ലോപൊസൊവാറസ്‌ കൊടുങ്ങല്ലൂരില്‍ വച്ച്‌ സാമൂതിരിയുടെ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. പോര്‍ച്ചുഗീസുകാര്‍ കാണിച്ച ക്രൂരത-വിശേഷിച്ചും മുസ്‌ലിങ്ങളോടും ജൂതന്മാരോടും-ഹൃദയഭേദകമായിരുന്നു. അതിനുശേഷം ഏറെത്താമസിയാതെ സൊവാറസും പച്ചിക്കോയും പോര്‍ച്ചുഗലിലേക്കു മടങ്ങി. ഗോദവര്‍മയ്‌ക്ക്‌ മിത്രബലം നഷ്‌ടപ്പെട്ടുവെങ്കിലും കൊച്ചിയുടെ ശക്തി അപ്പോഴേക്കും സ്ഥിരപ്രതിഷ്‌ഠയായി കഴിഞ്ഞിരുന്നു.

കൊച്ചിയുടെ ശക്തിസ്ഥാപനം. പോര്‍ച്ചുഗീസുകാരുടെ സഹായത്തോടെയെങ്കിലും സാമൂതിരിക്കെതിരെ നേടിയ വിജയം കൊച്ചിയുടെ ശക്തിയും യശസ്സും ഗണ്യമായി വര്‍ധിപ്പിച്ചു. അറബികള്‍ക്ക്‌ കോഴിക്കോട്ടും കൊച്ചിയിലും കച്ചവടം അസാധ്യമായിത്തീര്‍ന്നു. അറേബ്യയിലേക്കു തിരിച്ചുപോകാന്‍ തയ്യാറായി പന്തലായനിയില്‍ നിന്ന നിരവധി അറബികളെ ലോപൊസൊവാറസ്‌ നിര്‍ദയമായി കൊലപ്പെടുത്തി. ഇത്‌ അറബികള്‍ക്ക്‌ എന്നപോലെ സാമൂതിരിക്കും കനത്ത ഒരു ആഘാതമായിരുന്നു. കൊച്ചിക്ക്‌ വമ്പിച്ച നേട്ടവും. ഈ വിപത്‌സന്ധിയില്‍ മിക്ക അറബിക്കച്ചവടക്കാരും ഗോദവര്‍മയെ അഭയം പ്രാപിച്ചത്‌ കൊച്ചിയിലെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തി.

പോര്‍ച്ചുഗീസുകാരുമായി ഗോദവര്‍മ കൈക്കൊണ്ട ധീരമായ നിലപാട്‌ അദ്ദേഹത്തെപ്പറ്റി മാനുവല്‍ രാജാവിനുണ്ടായിരുന്ന സ്‌നേഹബഹുമാനങ്ങളെ വര്‍ധിപ്പിച്ചു. ഒരു സ്വര്‍ണക്കിരീടമണിയിച്ച്‌ ഗോദവര്‍മയെ ബഹുമാനിക്കണമെന്ന്‌ പോര്‍ച്ചുഗല്‍ രാജാവ്‌ നിശ്ചയിക്കുകയും ചെയ്‌തു. പൗരസ്‌ത്യദേശത്തെ വാണിജ്യാദികാര്യങ്ങള്‍ക്ക്‌ മേലധികാരം വഹിക്കാന്‍ ഒരു പോര്‍ച്ചുഗീസ്‌ വൈസ്രായിയെ നിയമിക്കേണ്ട ആവശ്യകത അന്നു സംജാതമായിരുന്നു. 1505 (കൊ.വ. 680)-ല്‍ ഫ്രാന്‍സിസ്‌കോ ദെ അല്‍മേദ വൈസ്രായിയായി കേരളത്തിലേക്ക്‌ നിയുക്തനായി.

സിംഹാസനത്യാഗം. എന്നാല്‍ അതിനകംതന്നെ ലൗകികകാര്യങ്ങളില്‍ വിരക്തനായ ഗോദവര്‍മ സിംഹാസനം പരിത്യജിച്ച്‌ സന്ന്യാസവൃത്തി സ്വീകരിച്ചു. രാജ്യഭാരം അനന്തരവനായ രാമവര്‍മ (ഉണ്ണിരാമകോയില്‍ തിരുമുല്‍പ്പാട്‌)യെ ഏല്‌പിച്ചിരുന്നു. അല്‍മേദയ്‌ക്ക്‌ താന്‍ കൊണ്ടുവന്ന സ്വര്‍ണക്കിരീടം രാമവര്‍മയെ അണിയിച്ച്‌ തൃപ്‌തനാകേണ്ടിവന്നു. ഉണ്ണിഗ്ഗോദവര്‍മ 1510 (കൊ.വ.685)-ല്‍ അന്തരിച്ചു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍