This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉണ്ണിക്കളത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉണ്ണിക്കളത്രം
മാവേലിക്കര കണ്ടിയൂര്‍ ശിവക്ഷേത്രത്തിലെ ഒരു വട്ടെഴുത്ത് ശിലാലേഖയിലൂടെ സ്‌മരിക്കപ്പെടുന്ന സ്‌ത്രീ. "കണ്ടിയൂര്‍ തേവടിച്ചി കുറുംകുടി ഉണ്ണിക്കളത്തിരം' എന്നാണ് രേഖയില്‍ (തേവടിച്ചി എന്നാല്‍ ദേവദാസി എന്നാണര്‍ഥം). 1218 (കൊ.വ. 393)-ല്‍ കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കളത്രം "മഹാദേവരുടെ തിരുവുടമ്പും ശ്രീപീഠവും ഒഴിയ ശ്രീവിമാനവും അവിക്കിണറും (ഗവാക്ഷവും) വിളക്കുമാടവും' പണി ചെയ്യിച്ചു. കലശം മുടിച്ചരുളിയത് ഓടനാട്ടു (ഓണാട്ടുകര-കായംകുളം) വാണരുളിയ ഉതൈചിരമങ്‌ഗലത്തു ശ്രീവീര പെരുമറ്റത്തു ഇരാമന്‍ കോതവര്‍മ തിരുവടിയായിരുന്നു. ഉണ്ണിക്കളത്രത്തിന്റെ അപേക്ഷയനുസരിച്ച് വേണാട്ടുടയ കീഴ്‌പ്പേരൂര്‍ തൃപ്പാപ്പൂര്‍ മൂപ്പ് ഇരവി കേരളവര്‍മ (ഭ.കാ. 390-412) തിരുപ്പണി ചെയ്യിക്കാന്‍ ഏര്‍പ്പാടു ചെയ്‌തു. ഉണ്ണിക്കളത്രം എന്നത് സംജ്ഞാനാമമാണോ സ്ഥാനനാമമാണോ എന്ന് നിശ്ചയമില്ല. ഇളയ ഭാര്യ എന്നാണ് ആ ശബ്‌ദത്തിന്റെ അര്‍ഥം. ഈ സ്‌ത്രീ വേണാട്ടടികളുടെ ഇളയ ഭാര്യയായിരുന്നിരിക്കാം.
ഈ ശിലാരേഖയ്‌ക്ക് ഒരു വിശേഷ പ്രാധാന്യമുണ്ട്. കൊ.വ. 392 എന്നത് കണ്ടിയൂര്‍ വര്‍ഷം 394 എന്ന് രേഖയില്‍ കാണുന്നു. കൊ.വ. തുടങ്ങുന്നതിന് രണ്ടുവര്‍ഷം മുമ്പ് കണ്ടിയൂര്‍ വര്‍ഷം തുടങ്ങി എന്ന് വ്യക്തം. കണ്ടിയൂര്‍ പ്രതിഷ്‌ഠയെ അനുസ്‌മരിച്ചായിരിക്കാം ആ വര്‍ഷം തുടങ്ങിയത്.
വേണാട്ടിലെയും ഓടനാട്ടിലെയും അന്നത്തെ രാജാക്കന്മാരെയും പല ജീവനക്കാരെയും രേഖയില്‍ സ്‌മരിച്ചിട്ടുണ്ട്.
(ശൂരനാട്ടു കുഞ്ഞന്‍പിള്ള)