This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉടുമ്പന്‍ചോല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉടുമ്പന്‍ചോല
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്. ഇടുക്കി ജില്ലയില്‍പ്പെട്ട ഈ താലൂക്ക് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏലക്കൃഷികേന്ദ്രങ്ങളില്‍ ഒന്നാണ്. മുമ്പ് ദേവികുളം, പീരുമേട് എന്നീ താലൂക്കുകളില്‍ ഉള്‍പ്പെട്ടിരുന്ന ഏതാനും പ്രദേശങ്ങള്‍ വേര്‍തിരിച്ചാണ് ഉടുമ്പന്‍ചോല താലൂക്ക് രൂപവത്‌കരിച്ചിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 1,080 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം കുമിളിയില്‍നിന്ന് 59 കി. മീ. അകലെയാണ്. മതികെട്ടാന്‍ചോല ദേശീയോദ്യാനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഉടുമ്പന്‍ചോല താലൂക്കിന്റെ ആസ്ഥാനം നെടുങ്കണ്ടം ആണ്; താലൂക്ക് ആപ്പീസും മറ്റു ഗവണ്‍മെന്റുസ്ഥാപനങ്ങളും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
1940-ന് ശേഷമാണ് ഉടുമ്പന്‍ചോല താലൂക്കില്‍ ജനവാസം അഭിവൃദ്ധിപ്പെട്ടത്. ഏലക്കൃഷിവികസനത്തെത്തുടര്‍ന്ന് പടിഞ്ഞാറ് തിരുവിതാംകൂര്‍ ഭാഗത്തു നിന്നും കിഴക്ക് തമിഴ്‌നാട്ടില്‍നിന്നും സഹസ്രക്കണക്കിന് തോട്ടപ്പണിക്കാര്‍ ഇവിടെ കുടിയേറിപ്പാര്‍ത്തു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ജനകീയ ഗവണ്‍മെന്റ് കോളനി വ്യവസ്ഥയില്‍ സ്ഥിരമായി പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത് കുടിയേറ്റക്കാരെ പ്രാത്സാഹിപ്പിച്ചു. ഇവയില്‍ ആദ്യത്തെ കുടിയേറ്റ കേന്ദ്രം "പട്ടം കോളനി' എന്നറിയപ്പെടുന്നു. ജനനിബിഡമായ മറ്റൊരു അധിവാസകേന്ദ്രമാണ് കല്ലാര്‍കോളനി; വണ്ടന്‍മേട്, രാജാക്കാട്, ശാന്തന്‍പാറ തുടങ്ങിയവയാണ് ഈ താലൂക്കിലെ മറ്റ് അധിവാസകേന്ദ്രങ്ങള്‍. ജനകേന്ദ്രങ്ങളോടനുബന്ധിച്ച് തോട്ടങ്ങളും ഇതര കൃഷിനിലങ്ങളും അഭിവൃദ്ധിപ്പെട്ടു കാണുന്നു. ഏലക്കൃഷിക്കാണ് മുന്‍തൂക്കമുള്ളത്. കാട്ടാനകളുടെ ശല്യം ഇവിടത്തെ കര്‍ഷകരുടെ ശാപമായി തുടരുന്നു.
ഹിഡുംബന്‍ചോല എന്ന പദത്തിന്റെ തദ്‌ഭവമാണ് ഉടുമ്പന്‍ചോല എന്നു കരുതപ്പെടുന്നു. ഭീമസേനന്‍ ഹിഡുംബനെ വധിച്ചത് ഇവിടെ വച്ചാണെന്നാണ് ഐതിഹ്യം. സമീപസ്ഥ സ്ഥലങ്ങളുടെ വല്ലരക്കന്‍പാറ, സേനാപതിപ്പാറ എന്നീ നാമങ്ങളും ഈ ഐതിഹ്യ പ്രമാണത്തിന് ഉപോദ്‌ബലകങ്ങളായി ഉദ്ധരിക്കപ്പെടാറുണ്ട്.
(എസ്. ജയശങ്കര്‍)