This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈർപ്പനാശിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈർപ്പനാശിനി

Dehumidifier

അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയ്‌ക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണം. ഈര്‍പ്പനാശിനികള്‍ പൊതുവേ മൂന്നു തരത്തിലുണ്ട്‌. (1) ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയുന്ന രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവ; (2) നിശ്ചിത സംഘനനതാപനില വരെ (dew point) തണുപ്പിക്കുക എന്ന തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ; (3) സമ്മര്‍ദന-ശീതന-സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നവ.

1. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ളവ. ഈയിനം ഈര്‍പ്പനാശിനികള്‍ ശോഷകങ്ങളായ രാസപദാര്‍ഥങ്ങള്‍ (sorbant chemicals) ഉപയോഗിക്കുന്നു. ഇവ ഖരരൂപത്തിലും ദ്രവരൂപത്തിലും ഉണ്ട്‌. സക്രിയ സിലിക്കാജെല്‍, അലൂമിന, അലുമിനിയം, ബോക്‌സൈറ്റ്‌ എന്നീ ഖര ശോഷകങ്ങളും ലിഥിയം ക്ലോറൈഡ്‌, ലിഥിയം ബ്രാമൈഡ്‌, കാല്‍സ്യം ക്ലോറൈഡ്‌ (ഹാലജന്‍ ലവണങ്ങള്‍), എഥിലിന്‍, ഡൈ എഥിലിന്‍, ട്രൈ എഥിലിന്‍ എന്നിവയുടെ ഗ്ലൈക്കോളുകള്‍ (കാര്‍ബണിക ദ്രാവകങ്ങള്‍) മുതലായ ദ്രവ ശോഷകങ്ങളുമാണ്‌ ഈര്‍പ്പനാശിനികളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളത്‌. ഖര ശോഷകപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ഈര്‍പ്പനാശിനികളില്‍ത്തന്നെ പല വിധമുണ്ട്‌.


Vol4_508_1.jpgthumb

ചില സന്ദര്‍ഭങ്ങളില്‍ ശോഷക പദാര്‍ഥങ്ങള്‍ പാക്കറ്റുകളിലാക്കി ഈര്‍പ്പം കുറയ്‌ക്കേണ്ട അന്തരീക്ഷത്തില്‍ വയ്‌ക്കുന്നു. ഈ പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന്‌ ഈര്‍പ്പം വലിച്ചെടുത്ത്‌ സംപൂരിതനിലയില്‍ (saturated) എത്തുമ്പോള്‍ അവയില്‍ ചേര്‍ത്തിട്ടുള്ള ചില പ്രത്യേക വര്‍ണ പദാര്‍ഥങ്ങളുടെ നിറം മാറുന്നു. ഈ ഘട്ടത്തില്‍ ശോഷക പദാര്‍ഥങ്ങള്‍ നീക്കം ചെയ്‌ത്‌ ഒന്നു രണ്ടു മണിക്കൂര്‍ നേരം 300-350 °C വരെ ചൂടാക്കി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണം. ഇത്തരം സംവിധാനങ്ങളോടുകൂടിയവ സ്ഥിതിക-ഈര്‍പ്പനാശിനികള്‍ (static dehumidifiers)എന്നറിയപ്പെടുന്നു. ഈര്‍പ്പം തട്ടി കേടു സംഭവിക്കാനിടയുള്ള യന്ത്രാപകരണങ്ങളിലും ഇലക്‌ട്രാണികോപകരണങ്ങളിലും മറ്റും ഇവ ഉപയോഗിക്കാറുണ്ട്‌.


ഖര ശോഷകങ്ങള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്ന മറ്റൊരിനം ഈര്‍പ്പനാശിനികളാണ്‌ ഗതിക-ഈര്‍പ്പനാശിനികള്‍ (dynamic dehumidifiers). വായുചംക്രമണത്തിനുള്ള ഒരു ഫാന്‍, ഒന്നോ, രണ്ടോ തട്ടുകളിലായി ക്രമീകരിച്ചിട്ടുള്ള ശോഷക പദാര്‍ഥങ്ങള്‍, സംപൂരക നിലയിലെത്തിയ ശോഷക പദാര്‍ഥത്തെ ചൂടാക്കി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള വൈദ്യുതഹീറ്റര്‍ എന്നിവയാണ്‌ ഇത്തരം ഈര്‍പ്പനാശിനികളുടെ പ്രധാന ഘടകങ്ങള്‍.


ഇത്തരം ഉപകരണങ്ങള്‍ രണ്ടു മൂന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി ഈര്‍പ്പം വലിച്ചെടുക്കുന്നു. അതിനുശേഷം 10-45 മിനിട്ടുനേരം ഹീറ്ററും ഫാനും പ്രവര്‍ത്തിപ്പിച്ച്‌ ശോഷകപദാര്‍ഥത്തെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്‌. ഇങ്ങനെ ഇടവിട്ടിടവിട്ട്‌ ഈര്‍പ്പം വലിച്ചെടുക്കുകയും ശോഷകം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരിനം ഈര്‍പ്പനാശിനിയാണ്‌ ചിത്രം 1-ല്‍ കാണിച്ചിരിക്കുന്നത്‌.

ഇതേ ഉപകരണത്തില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തി തുടര്‍ച്ചയായി ഈര്‍പ്പം വലിച്ചെടുക്കാവുന്ന വിധത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള ഈര്‍പ്പനാശിനികളും ഉണ്ട്‌. ഇതില്‍ ശോഷക പദാര്‍ഥങ്ങള്‍ യഥാക്രമം രണ്ട്‌ തട്ടുകളിലായി ക്രമീകരിക്കപ്പെടുന്നു. ഒരു തട്ട്‌ ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ മറ്റേത്‌ പദാര്‍ഥത്തെ പുനഃപ്രവര്‍ത്തനക്ഷമമാക്കുന്നു (ചിത്രം 2). ദ്രാവകരൂപത്തിലുള്ള ശോഷക പദാര്‍ഥങ്ങള്‍ ഉപയോഗിക്കാവുന്ന ഗതിക-ഈര്‍പ്പനാശിനികളുമുണ്ട്‌ (ചിത്രം 3). ഇവയുടെ സംവിധാനത്തില്‍ ചില മാറ്റങ്ങളുണ്ടെന്നു മാത്രം. ഒരു മുഖ്യ വായു ചംക്രമണ പങ്ക, ശോഷകവും വായുവും തമ്മില്‍ ബന്ധപ്പെടുന്നതിനുള്ള സംവിധാനം, ശോഷക പമ്പ്‌, പുനഃപ്രവര്‍ത്തന സംവിധാനങ്ങള്‍ (ഫാന്‍, ഹീറ്റര്‍, ശീതീകരണക്കുഴലുകള്‍) എന്നിവയാണിതിന്റെ മുഖ്യഘടകങ്ങള്‍. ഇത്തരം ഈര്‍പ്പനാശിനികള്‍ ഉപയോഗിച്ച്‌ ഈര്‍പ്പം തുടര്‍ച്ചയായി നീക്കം ചെയ്യാവുന്നതാണ്‌. ഉപകരണം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ശോഷകപദാര്‍ഥത്തിന്റെ ഒരു ഭാഗം പുനഃപ്രവര്‍ത്തനക്ഷമമാക്കപ്പെടുന്നുണ്ടെന്നതാണ്‌ ഇതിനു കാരണം. ഈര്‍പ്പം തുടര്‍ച്ചയായി നീക്കം ചെയ്‌തുകൊണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഈ ഉപകരണമാണ്‌ പൊതുവേ ഉപയോഗിക്കാറുള്ളത്‌.

2. തണുപ്പിക്കുന്ന രീതി ഉപയോഗിച്ചുള്ളവ. സംഘനന താപനില വരെ തണുപ്പിക്കുന്ന രീതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈര്‍പ്പനാശിനികളില്‍ പ്രധാനമായും ചംക്രമണ പങ്കയും നിരവധി ശീതീകരണക്കുഴലുകളുമുണ്ടായിരിക്കും. ശീതീകരണക്കുഴലുകളിലൂടെ റിഫ്രിജെറേഷന്‍ പ്ലാന്റില്‍ നിന്നുള്ള തണുത്തവെള്ളം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. തത്‌ഫലമായി ചുറ്റുപാടുമുള്ള വായുവിന്റെ സംഘനന താപനില താഴുകയും വായുവില്‍ അടങ്ങിയിട്ടുള്ള ജലബാഷ്‌പം ഘനീഭവിച്ച്‌ വേര്‍തിരിയുകയും ചെയ്യുന്നു. ക്രമേണ വായുവില്‍ ഈര്‍പ്പം കുറയുന്നു. വേനല്‍ക്കാല വാതാനുകൂല സംവിധാനങ്ങളില്‍ ഈ രീതി ഉപയോഗിക്കാറുണ്ട്‌.


3. സമ്മര്‍ദന-രീതി ഉപയോഗിച്ചുള്ളവ. സമ്മര്‍ദവിധേയമാക്കിയിട്ടുള്ള വായുവിലെ ഈര്‍പ്പം കുറയ്‌ക്കുന്നതിന്‌ സാധാരണയായി ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചുവരുന്നു. സ്വചാലിത നിയന്ത്രണോപകരണങ്ങള്‍ (automatic controlling instruments) പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന സമ്മര്‍ദിത വായുവിന്റെ ഈര്‍പ്പനില പലപ്പോഴും കുറയ്‌ക്കേണ്ടിവരും.

വായു, സമ്മര്‍ദ വിധേയമാക്കിയശേഷം തണുപ്പിച്ച്‌, സമ്മര്‍ദനം മൂലമുണ്ടായ താപം നീക്കം ചെയ്യുമ്പോള്‍ ഈര്‍പ്പം ഘനീഭവിച്ച്‌ വേര്‍തിരിയുന്നു. ഈ തത്ത്വത്തെ അടിസ്ഥാനമാക്കി ആവിഷ്‌കരിച്ചിട്ടുള്ള ഒരിനം ഈര്‍പ്പനാശിനിയാണ്‌ ചിത്രം 4-ല്‍ കാണിച്ചിരിക്കുന്നത്‌. സമ്മര്‍ദനത്തിനാവശ്യമായ ശക്തി (power) വളരെ കൂടുതലാകയാല്‍ സാധാരണ ആവശ്യങ്ങള്‍ക്ക്‌ ഇത്തരം ഈര്‍പ്പനാശിനികള്‍ ഉപയോഗിക്കാറില്ല.

(കെ.കെ. കൃഷ്‌ണകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍