This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റർ ദ്വീപ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈസ്റ്റർ ദ്വീപ്‌

Easter Island

പസിഫിക്‌ സമുദ്രത്തില്‍ തെക്കേ അമേരിക്കന്‍ തീരത്തുനിന്നും 3,680 കി.മീ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപ്‌. റാപാനൂയി എന്നും പേരുണ്ട്‌. 27o 8' തെക്ക്‌; 109o 24' പടിഞ്ഞാറ്‌ 130 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ അഗ്നിപര്‍വത ദ്വീപ്‌ ചിലിയുടെ അധീനതയിലാണ്‌. ദ്വീപിന്റെ കടലോരങ്ങള്‍ ചെങ്കുത്തായി കാണുന്നതിന്റെ വെളിച്ചത്തില്‍ സമുദ്രത്തറയില്‍നിന്നു പൊങ്ങിയ ഒരു അഗ്നി പര്‍വതത്തിന്റെ ജലോപരിതലത്തിനുപരി എഴുന്നുനില്‌ക്കുന്ന ശിഖരമാണ്‌ ഈ ദ്വീപെന്നാണ്‌ ഭൂവിജ്ഞാനികളുടെ കണ്ടെത്തല്‍. ഉപോഷ്‌ണ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌; സാമാന്യമായ തോതില്‍ മഴ പെയ്യുന്നു. ലുപ്‌തങ്ങളായ അഗ്നിപര്‍വതങ്ങളുടെ സ്‌ഫോടഗര്‍ത്തങ്ങള്‍ ജലം നിറഞ്ഞ്‌ കൂപങ്ങളായിത്തീര്‍ന്നിട്ടുള്ളതൊഴിച്ചാല്‍ ഈ ദ്വീപില്‍ മറ്റു ജലാശയങ്ങളോ ആറുകളോ ഇല്ല.

1722-ലെ ഈസ്റ്റര്‍ദിനത്തില്‍ ഡച്ച്‌ നാവികനായ റോഗെറീന്‍ ഈ ദ്വീപ്‌ കണ്ടെത്തിയതിനാല്‍ ഇതിന്‌ ഈസ്റ്റര്‍ ദ്വീപ്‌ എന്ന പേരു നല്‌കപ്പെട്ടു. അതിനുമുമ്പുതന്നെ പോളിനേഷ്യന്‍ ജനതയാണ്‌ ഈ ദ്വീപില്‍ അധിവസിച്ചിരുന്നത്‌. അടിമവ്യാപാരത്തിലൂടെ തദ്ദേശീയരില്‍ നല്ലൊരു സംഖ്യ ദ്വീപില്‍ നിന്നു കടത്തപ്പെട്ടു. ചെറുത്തുനില്‌പില്‍ മൃതിയടഞ്ഞും രോഗബാധമൂലവും പോളിനേഷ്യര്‍ ക്രമേണ വംശനാശത്തെ അഭിമുഖീകരിച്ചതായി പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 1872-ല്‍ കേവലം 175 മാത്രമായിരുന്നു ദ്വീപിലെ തദ്ദേശീയരുടെ സംഖ്യ. 1888-ല്‍ ചിലിയുടെ അധീനതയിലായിത്തീര്‍ന്നതോടെ സ്ഥിതിഗതികള്‍ അഭിവൃദ്ധിപ്പെട്ടു. തദ്ദേശീയജനതയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള ബഹുവിധ സംവിധാനങ്ങളുണ്ടായി. 1960-ല്‍ ഈ ദ്വീപില്‍ പോളിനേഷ്യരുടെ എച്ചം 860 ആയി. പോളിനേഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇവരുടെ മുഖ്യ ഉപജീവനമാര്‍ഗം ആടുവളര്‍ത്തലാണ്‌. ഇവിടെ ശുദ്ധജലം ദുര്‍ലഭമാണെങ്കിലും ചെറിയ തോതില്‍ ചോളം, ഗോതമ്പ്‌, ചേമ്പ്‌, ഫലവര്‍ഗങ്ങള്‍ എന്നിവ കൃഷിചെയ്‌തു വരുന്നുണ്ട്‌.

ഈസ്റ്റര്‍ ദ്വീപിന്റെ പ്രശസ്‌തിക്കു നിദാനം സമൃദ്ധമായ പുരാവസ്‌തു ശേഖരമാണ്‌. ഇവയില്‍ സ്‌തൂപങ്ങള്‍, പാത്രങ്ങള്‍, പ്രതിമകള്‍, സ്‌മാരകശിലകള്‍, ശിരോരൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ലാവാശിലകളില്‍ കൊത്തിയെടുത്തിട്ടുള്ള ഒറ്റക്കല്‍ ശിരോരൂപങ്ങളാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത്‌. 9 മീറ്ററിലേറെ ഉയരവും 508 ക്വിന്റല്‍ തൂക്കമുള്ള ഭീമാകാരമായ ഒറ്റക്കല്‍ ശില്‌പവും ഇവിടെ ഉണ്ട്‌. ലാവാഖണ്ഡങ്ങള്‍ വിദൂരസ്ഥലങ്ങളിലേക്കു നീക്കം ചെയ്‌താണ്‌ ശിരോരൂപങ്ങള്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ശിരോരൂപങ്ങളില്‍ ഉഷ്‌ണീഷങ്ങള്‍ കൊത്തിച്ചേര്‍ത്തിരിക്കുന്നതില്‍ നിന്ന്‌ ഇവയ്‌ക്ക്‌ മതപരമായ പ്രധാന്യം ഉണ്ടായിരുന്നുവെന്ന്‌ ഊഹിക്കേണ്ടിയിരിക്കുന്നു. അതിപ്രാചീനമായ സാംസ്‌കാരികപാരമ്പര്യം സൂചിപ്പിക്കുന്നവയാണ്‌ ഈ പുരാവസ്‌തുക്കള്‍.

ചിലിയിലെ വാല്‍പൊറൈസോ പ്രവിശ്യയുടെ ഒരു ഭാഗമായാണ്‌ ഭരണപരമായ കാര്യങ്ങളില്‍ ഈസ്റ്റര്‍ദ്വീപ്‌ ഗണിക്കപ്പെട്ടുവരുന്നത്‌. ചിലി, താഹിതി എന്നിവിടങ്ങളുമായി വ്യോമബന്ധം ഏര്‍പ്പെടുത്തപ്പെട്ടതോടെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രമെന്ന നിലയില്‍ ഈസ്റ്റര്‍ ദ്വീപ്‌ പ്രചാരം നേടിയിരിക്കുന്നു. ജനസംഖ്യ: 5761 (2012) തലസ്ഥാനം: ഹാങ്ങരോവ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍