This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌വുഡ്‌ ക്ലിന്റ്‌ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈസ്റ്റ്‌വുഡ്‌ ക്ലിന്റ്‌ (1930 - )

Eastwood Clint

ഈസ്റ്റ്‌വുഡ്‌ ക്ലിന്റ്‌

ഹോളിവുഡ്‌ നടനും സംവിധായകനും. 1930 മേയ്‌ 31-ന്‌ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ജനിച്ചു. 1955-ല്‍ പുറത്തിറങ്ങിയ "റിവെഞ്ച്‌ ഒഫ്‌ ദ്‌ ക്രിയേച്ചര്‍' എന്ന ചിത്രത്തിലൂടെയാണ്‌ ഈസ്റ്റ്‌വുഡ്‌ ചലച്ചിത്ര ലോകത്തേക്ക്‌ രംഗപ്രവേശം ചെയ്‌തത്‌. അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച വെസ്റ്റേണ്‍ (westerns) ചിത്രങ്ങളും, നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള കുറ്റാന്വേഷണ ചിത്രങ്ങളുമാണ്‌ ഈസ്റ്റ്‌വുഡിനെ പ്രശസ്‌തനാക്കിയത്‌; അക്രമത്തിനും ചടുലക്രിയകള്‍ക്കും മുന്‍തൂക്കമുള്ള ഈ ചലച്ചിത്രങ്ങളിലെ നായകനായി ഇദ്ദേഹം ജനഹൃദയങ്ങളില്‍ പ്രതിഷ്‌ഠ നേടി.

മനുഷ്യ സ്വഭാവത്തെക്കുറിച്ചുള്ള വിഷാദാത്മക വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഭൗതികമായ അതിമോഹം, ക്രൂരത തുടങ്ങിയവയ്‌ക്ക്‌ മുന്‍തൂക്കമുള്ള ഈ ചലച്ചിത്രങ്ങള്‍ ബ്ലാക്ക്‌ കോമഡി വിഭാഗത്തില്‍പ്പെടുന്നു. ഇതിനകം അറുപതിലധികം ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്‌. "നെവര്‍ സെ ഗുഡ്‌ബൈ', "എ ഫിസ്റ്റ്‌ ഫുള്‍ ഒഫ്‌ ഡോളേഴ്‌സ്‌', "ദി ഗുഡ്‌ബാഡ്‌ ആന്‍ഡ്‌ അഗ്ലി', "ഹാര്‍ട്ട്‌ ബ്രക്ക്‌ റിഡ്‌ജ്‌', "വൈറ്റ്‌ ഹണ്ടര്‍ ബ്ലാക്ക്‌ ഹാര്‍ട്ട്‌', "അണ്‍ ഫോര്‍ഗീവന്‍', "ഇന്‍ ദ്‌ ലൈന്‍ ഒഫ്‌ ഫയര്‍', "ബ്ലഡ്‌ വര്‍ക്ക്‌', "ഗ്രാന്‍ ടോറിനോ' തുടങ്ങിയവയാണ്‌ ഇദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

1971-ല്‍ പുറത്തിറങ്ങിയ "പ്ലെ മിസ്റ്റി ഫോര്‍ മി' ആയിരുന്നു ഈസ്റ്റ്‌വുഡ്‌ സംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. 25-ലധികം ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. "ബ്രീസി', "ഫയര്‍ ഫോക്‌സ്‌', "സഡന്‍ ഇംപാക്‌ട്‌', "അണ്‍ഫോര്‍ഗീവന്‍', "സ്‌പെയിസ്‌ കൗബോയ്‌സ്‌', "മിസ്റ്റിക്‌ റിവര്‍', "ഫ്‌ളാഗ്‌സ്‌ ഒഫ്‌ അവര്‍ ഫാദര്‍', "ചെയ്‌ഞ്ച്‌ലിങ്‌' തുടങ്ങിയവ ഇദ്ദേഹം സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളില്‍പ്പെടുന്നു. ഇതില്‍ പല ചിത്രങ്ങളുടെയും നിര്‍മാതാവും ഇദ്ദേഹം തന്നെയായിരുന്നു. 50 വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന ഈസ്റ്റ്‌വുഡിന്റെ ചലച്ചിത്ര ജീവിതത്തില്‍ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. 1993-ലും 2003-ലും മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചത്‌ ഇദ്ദേഹത്തിനാണ്‌. 1993-ല്‍ "അണ്‍ഫോര്‍ഗീവനും' 2003-ല്‍ "മിസ്റ്റിക്‌ റിവറു'മായിരുന്നു പ്രസ്‌തുത പുരസ്‌കാരങ്ങള്‍ക്കര്‍ഹമായ ചിത്രങ്ങള്‍. 1995-ല്‍, ഓസ്‌കാര്‍ അവാര്‍ഡ്‌ദാന വേദിയില്‍ വച്ച്‌, മികച്ച സിനിമാനിര്‍മാതാവിനുള്ള ഇര്‍വിങ്‌.ജി. താല്‍ബെര്‍ഗ്‌ മെമ്മോറിയല്‍ പുരസ്‌കാരം ഇദ്ദേഹം നേടി. 1996-ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലൈഫ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ഇദ്ദേഹത്തിനാണ്‌ ലഭിച്ചത്‌. ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ്‌, സീസര്‍ അവാര്‍ഡ്‌, ഡിസീല്‍.ബി.ഡെമിലി അവാര്‍ഡ്‌ തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിനു ലഭിച്ച മറ്റു പുരസ്‌കാരങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍