This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈശോസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈശോസഭ

കത്തോലിക്കാസഭയിലെ ഒരു സന്ന്യാസി സമൂഹം. വിദ്യാഭ്യാസം, മിഷനറി പ്രവര്‍ത്തനം, സാമൂഹ്യസേവനം, ശാസ്‌ത്ര-സാഹിത്യ-മത-തത്ത്വശാസ്‌ത്രപ്രസിദ്ധീകരണം തുടങ്ങിയ രംഗങ്ങളില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. എ.ഡി. 1540-ല്‍ ഇഗ്നേഷ്യസ്‌ ലയോള ആണ്‌ ഈ സഭ സ്ഥാപിച്ചത്‌. നോ. ഇഗ്നേഷ്യസ്‌, ലയോളയിലെ വിശുദ്ധ 1539-ല്‍ ഇഗ്നേഷ്യസ്‌ എഴുതിയ ഭരണഘടനയ്‌ക്ക്‌ 1540-ലാണ്‌ പോള്‍ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചത്‌. പില്‌ക്കാലത്ത്‌ ഇത്‌ ഈശോസഭ(Society of Jesus)യുടെ ആദര്‍ശങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്ന അടിസ്ഥാനപ്രമാണമായി സ്വീകരിക്കപ്പെട്ടു.

"ആധ്യാത്മിക ശിക്ഷണം', "ജനറല്‍ എക്‌സാമിന്‍' എന്നിവയാണ്‌ ഈശോസഭയുടെ പ്രമാണരേഖകള്‍. താളംതെറ്റിയ ജീവിതത്തില്‍ നിന്ന്‌ വ്യക്തിയെ സമുദ്ധരിച്ച്‌ സംസ്‌കരിച്ചെടുക്കുവാനും ലൗകികമായനേട്ടങ്ങള്‍ ഉപേക്ഷിച്ച്‌ യേശുദേവനെ പിന്തുടര്‍ന്ന്‌ അലൗകികജീവിതത്തിലേക്ക്‌ അവനെ നയിക്കുവാനും ആധ്യാത്മിക ശിക്ഷണം സഹായിക്കുന്നു എന്നതാണ്‌ ഈ സഭയുടെ കാതലായ സന്ദേശം.

പരിപൂര്‍ണതയും ആത്മരക്ഷയും സ്വായത്തമാക്കുന്നതോടൊപ്പം അവ അന്യര്‍ക്കുവേണ്ടിക്കൂടി എങ്ങനെ നേടാനാകും എന്ന്‌ വെളിപ്പെടുത്തുന്ന ഒരുത്‌കൃഷ്‌ട പ്രമാണമാണ്‌ ജനറല്‍ എക്‌സാമിന്‍. "ലക്ഷ്യപ്രാപ്‌തിക്കു വേണ്ടി യത്‌നിക്കുവാന്‍ ദൈവത്തിന്റെ മാഹാത്മ്യം' എന്ന മുദ്രാവാക്യം സഭാംഗങ്ങളില്‍ ആവേശം പകരാന്‍ പര്യാപ്‌തമാണ്‌. വ്യക്തിഗതമായി യേശുവിനെ അനുധാവനം ചെയ്യുക എന്നതാണ്‌ ഈശോസഭക്കാരുടെ ആന്തരിക ജീവിതത്തിന്റെ അടിസ്ഥാനതത്ത്വം. ഈ സഭാനുയായികള്‍ (Jesuits) സ്വയം വരിക്കുന്ന ദാരിദ്യ്രവ്രതം ദ്രവ്യേച്ഛ വെടിഞ്ഞ്‌ അവനവന്റെ ജോലികൊണ്ട്‌ ഉപജീവനം നയിക്കാന്‍ അവരെ പ്രാപ്‌തരാക്കുന്നു. സാമ്പത്തിക സ്ഥിതിസമത്വത്തിലും ലളിതജീവിതത്തിലും സംതൃപ്‌തരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു എന്ന്‌ അവര്‍ വിശ്വസിക്കുന്നു. അനശ്വരമായ ആധ്യാത്മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ വേണ്ടി നശ്വരമായ ധനം ത്യജിക്കുന്നതാണുചിതം എന്ന്‌ അവര്‍ കരുതുന്നു. ക്രിസ്‌തുവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന തീക്ഷ്‌ണമായ ആത്മീയജീവിതം, സേവനവ്യഗ്രത, സകലതിനെയും നിഷ്‌കളങ്കമായി സ്‌നേഹിക്കുവാനുള്ള പരിശീലനം എന്നിവ ബ്രഹ്മചര്യവ്രതത്തെ സുഗമവും സുസാധ്യവുമാക്കുന്നു. സംഘടിതമായ ആധ്യാത്മിക പ്രവര്‍ത്തനത്തിനുവേണ്ടി അവര്‍ പാലിക്കുന്ന അനുസരണ ശീലം പുത്രന്മാരില്‍നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ളതാണ്‌ അല്ലാതെ ദാസന്മാരുടേതല്ല.

നിയമാനുസൃതമായ പ്രായശ്ചിത്തമോ പ്രത്യേകവേഷമോ നിശ്ചിതസമയങ്ങളില്‍ ഒരുമിച്ചുള്ള പ്രാര്‍ഥനയോ ആവശ്യമില്ല, ജനായത്തരീതിയിലുള്ള ഭരണസമ്പ്രദായത്തിനു പകരം തെരഞ്ഞെടുക്കപ്പെടുന്ന "ജനറലി'ല്‍ സര്‍വാധികാരവും നിക്ഷിപ്‌തമാക്കുന്ന ഒരു ഭരണഘടനയാണ്‌ പിന്തുടരേണ്ടത്‌ എന്നിങ്ങനെ നൂതനതത്ത്വങ്ങള്‍ സഭയില്‍ ഇഗ്നേഷ്യസ്‌ ആവിഷ്‌കരിച്ചു.

ഈശോസഭാംഗങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ പതിനാറു വര്‍ഷത്തെ പരിശീലനം ആവശ്യമായിരുന്നു. ലത്തീന്‍, ഗ്രീക്ക്‌ എന്നീ ഭാഷകളിലൂടെ നേടിയിരുന്ന പൊതുവിജ്ഞാനത്തിനും സംസ്‌കാരത്തിനും അന്ന്‌ പ്രാധാന്യം കല്‌പിച്ചു. ഇന്നാകട്ടെ അതിനു പകരം ഓരോ വിഷയത്തിലുമുള്ള പ്രത്യേക പാടവം നേടിയെടുക്കുന്നതിന്‌ (specialisation) ഊന്നല്‍ നല്‌കിവരുന്നു.

മനുഷ്യന്റെ ആധ്യാത്മികവും സദാചാരപരവും സാമൂഹികവും വിദ്യാഭ്യാസപരവും മതപരവും ആയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്‌തു കൊടുക്കുന്നതില്‍ വ്യാപൃതരാണ്‌ ഈശോസഭക്കാര്‍.

ചരിത്രം. നാലരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈശോസഭയുടെ ചരിത്രത്തെ രണ്ടു ഘട്ടങ്ങളായി വേര്‍തിരിക്കാം: 1540 മുതല്‍ 1773 വരെയുള്ള ആദ്യഘട്ടം; 1814-നുശേഷമുള്ള രണ്ടാംഘട്ടം. (1773 മുതല്‍ 1814 വരെ റഷ്യയിലൊഴികെ മറ്റെല്ലായിടത്തും ഈശോസഭ നിരോധിക്കപ്പെട്ടിരുന്നു.) ഈശോസഭയുടെ ചരിത്രത്തിന്റെ ആദ്യശതകം ദ്രുതഗതിയിലുള്ള വികാസത്തിന്റെയും അകത്തോലിക്കരില്‍ നിന്നുള്ള എതിര്‍പ്പിന്റെയും കാലഘട്ടമായിരുന്നു. ഈശോസഭക്കാരുടെ ശ്രമഫലമായി കത്തോലിക്കാജീവിതത്തിന്‌ പൊതുവേ ഒരു നവീകരണം അനുഭവപ്പെടുകയുണ്ടായി. ഈശോസഭക്കാരുടെ ഏറ്റവും പ്രശസ്‌തരായ ദൈവശാസ്‌ത്രപണ്ഡിതന്മാര്‍ ട്രന്റ്‌ സുനഹദോസില്‍ പങ്കെടുത്തിരുന്നതായി കാണുന്നു. അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിനും പുതിയ കോളജുകള്‍ ആരംഭിക്കുന്നതിനും മതപരമായ പരിശീലനം നല്‌കുന്നതിനുമുള്ള ശ്രമങ്ങള്‍ അന്നു നടന്നു. സഭയുടെ ശ്രമഫലമായി റോമന്‍ കോളജ്‌ 1551-ലും ജര്‍മന്‍ കോളജ്‌ 1552-ലും സ്ഥാപിക്കപ്പെട്ടു.

ആധ്യാത്മികശിക്ഷണത്തെ ആധാരമാക്കിയുള്ള ധ്യാനം പ്രചാരത്തില്‍ വന്നു. ഏതെല്ലാം രാജ്യങ്ങളില്‍ കത്തോലിക്കരുടെ ജീവിതഭദ്രതയ്‌ക്കു കോട്ടംതട്ടുമാറ്‌ പ്രാട്ടസ്റ്റന്റുകാര്‍ പ്രവര്‍ത്തിച്ചുവോ അവിടെയെല്ലാം കത്തോലിക്കസഭയ്‌ക്കുവേണ്ടി ഈശോസഭക്കാര്‍ പോരാടി.

1541-ലാണ്‌ വിദേശമിഷനുകള്‍ ആരംഭിക്കുന്നത്‌; അങ്ങനെയാണ്‌ ഈശോസഭയുടെ പ്രശസ്‌താംഗങ്ങളില്‍ ഒരാളായ ഫ്രാന്‍സിസ്‌ സേവ്യര്‍ തെക്കേ ഇന്ത്യയില്‍ എത്തിയത്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഗോവ, മലബാര്‍ തുടങ്ങി പലയിടത്തും വിശ്വാസികളുടെ സമൂഹം രൂപംകൊണ്ടു. 1546-ല്‍ സേവ്യര്‍ മൊളൂക്കസ്സിലും 1549-ല്‍ ജപ്പാനിലും എത്തി ക്രിസ്‌തുമതവിശ്വാസം പ്രചരിപ്പിച്ചു. മറ്റ്‌ ഈശോസഭാമിഷനറിമാര്‍ 1547-ല്‍ കോങ്‌ഗോയിലും 1548-ല്‍ മൊറോക്കോയിലും 1549-ല്‍ ബ്രസീലിലും എത്യോപ്യയിലും സഞ്ചരിച്ച്‌ മിഷന്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി.

1556-ല്‍ ഇഗ്നേഷ്യസ്‌ ലയോള അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഭയില്‍ ആയിരം അംഗങ്ങളും നൂറുസ്ഥാപനങ്ങളും പന്ത്രണ്ടു പ്രാദേശികഘടകങ്ങളും (provinces) ഉണ്ടായിരുന്നു.

പേരെടുത്തു പറയേണ്ട ഈശോസഭാ ജനറലായിരുന്ന അക്വവിവായുടെ ഭരണകാലത്ത്‌ (1581-1615) അംഗസംഖ്യ 5000-ത്തില്‍ നിന്ന്‌ 13,000 ആയും കോളജുകള്‍ ഇരുന്നൂറായും വര്‍ധിച്ചു. ഇക്കാലത്താണ്‌ മത്തേയൊറിച്ചി ക്രിസ്‌തുമതം ചൈനയിലെ ചക്രവര്‍ത്തിയുടെ മുന്നില്‍ അവതരിപ്പിച്ചത്‌. ഈശോസഭക്കാര്‍ ഫിലിപ്പീന്‍സ്‌, ഇന്തോചൈന, കാനഡ, പരാഗ്വേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചതും ഇക്കാലത്തായിരുന്നു. വിശുദ്ധന്മാരായ പീറ്റര്‍ കനീഷ്യസ്‌, റോബര്‍ട്ട്‌ ബലര്‍മിന്‍, അലോഷ്യസ്‌ ഗോണ്‍സാഗാ, അല്‍ഫോണ്‍സസ്‌ റോഡ്രിഗ്വസ്‌ പീറ്റര്‍ ക്ലേവര്‍, ബേനര്‍ഡിന്‍ റിയലീനി എന്നിവര്‍ ഇതിനുശേഷം വന്നവരാണ്‌. ഈശോസഭക്കാര്‍ അവരുടെ വിശ്വാസത്തിനുവേണ്ടി ഇന്ത്യ, ജപ്പാന്‍, ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളില്‍ രക്തം ചൊരിഞ്ഞതും പ്രസിദ്ധരായ ഏതാനും ദൈവശാസ്‌ത്ര പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ജീവിച്ചിരുന്നതും ഇതേ കാലയളവില്‍ തന്നെയായിരുന്നു.

നിരോധനവും പുനഃസ്ഥാപനവും. 18-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടമായപ്പോഴേക്കും എല്ലാ വിജ്ഞാനമണ്ഡലങ്ങളിലും ഈശോസഭക്കാര്‍ പ്രമുഖ സ്ഥാനങ്ങള്‍ക്ക്‌ അര്‍ഹരായിക്കഴിഞ്ഞിരുന്നു. സംസ്‌കൃത പാണ്ഡിത്യത്തിനു പേരെടുത്ത റോബര്‍ട്ട്‌ ഡി നോബിലി, കേരളത്തിലെ അര്‍ണോസ്‌ പാതിരി (ഹാങ്‌ സ്ലെയ്‌ഡന്‍ ഏണസ്‌തുസ്‌) എന്നിവര്‍ എക്കാലവും സ്‌മരണീയരാണ്‌. ഈശോസഭയുടെ നേരെയുള്ള ആക്രമണം നിര്‍ണായകമായത്‌ 200 വര്‍ഷത്തിലധികം അതിന്റെ സേവനം ലഭിച്ച സ്‌പെയിന്‍, ഫ്രാന്‍സ്‌, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലായിരുന്നു. ഈ എതിര്‍പ്പിനു കാരണം അതതു രാജ്യത്തെ മന്ത്രിമാര്‍ക്ക്‌ ഉണ്ടായ വൈദികവിദ്വേഷവും സഭയോടുള്ള നീരസവുമായിരുന്നു. പോര്‍ച്ചുഗലിലെയും ഫ്രാന്‍സിലെയും ഗവണ്‍മെന്റുകള്‍ ഈശോസഭക്കാരെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്‌തു. അതുകൊണ്ടും തൃപ്‌തരാകാതെ ആഗോളവ്യാപകമായി ഈശോസഭയെ അടിച്ചമര്‍ത്താനും നിരോധിക്കാനും വേണ്ടി അക്കൂട്ടര്‍ മാര്‍പ്പാപ്പയുടെ മേല്‍ സമ്മര്‍ദം ചെലുത്തി; വേണ്ടിവന്നാല്‍ റോമില്‍നിന്ന്‌ വേര്‍പെട്ട്‌ സ്വതന്ത്രദേശീയസഭകള്‍ സ്ഥാപിക്കുമെന്ന്‌ ഇക്കൂട്ടര്‍ ഭീഷണിമുഴക്കിയപ്പോള്‍ മാര്‍പ്പാപ്പ ക്ലമന്റ്‌ തകകക അതിനെ ധീരതയോടെ നേരിടുകയും ഈ അധര്‍മം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ മാര്‍പ്പാപ്പ ക്ലമന്റ്‌ തകഢ ഗത്യന്തരമില്ലാതെ സമാധാന സംരക്ഷണത്തിനെന്ന പേരില്‍ 1773-ല്‍ ഈശോസഭയെ നിരോധിച്ചു. ഇപ്രകാരം ബഹിഷ്‌കൃതരായ ഈശോസഭാംഗങ്ങള്‍ അനുവദിക്കപ്പെട്ടിടത്തെല്ലാം വൈദികവൃത്തിയിലും പഠനത്തിലും മുഴുകി ജീവിച്ചു. ഫ്രഞ്ചുവിപ്ലവകാലത്ത്‌ അവരില്‍ ഇരുപത്തിമൂന്നു പേര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായി. ബഹിഷ്‌കൃതരായ ഈശോസഭക്കാരില്‍ അമ്പത്തഞ്ചുപേര്‍ക്ക്‌ മെത്രാന്‍ പദവി നല്‌കി മാര്‍പ്പാപ്പ ആദരിക്കുകയുണ്ടായി. അവരില്‍ സര്‍വാദരണീയനായ ജോണ്‍ കാറള്‍ മെത്രാപൊലീത്തയാണ്‌ യു.എസ്സില്‍ കത്തോലിക്കാസഭ സ്ഥാപിച്ചതെന്ന കാര്യം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

റഷ്യയില്‍ മാത്രം ഈശോസഭ നിരോധിക്കപ്പെട്ടില്ല. അവര്‍ക്ക്‌ മാര്‍പ്പാപ്പ പയസ്‌ ഢക-ന്റെ രഹസ്യമായ അംഗീകാരം 1783-ലും പയസ്‌ ഢകക-ന്റെ അംഗീകാരം 1801-ലും ലഭിച്ചിരുന്നു. ഈശോസഭക്കാര്‍ മുമ്പത്തെപ്പോലെ അവരുടെ വിദ്യാഭ്യാസ-മിഷനറി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന മുറവിളി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഉയര്‍ന്നപ്പോള്‍ 1814-ല്‍ മാര്‍പ്പാപ്പ പയസ്‌ ഢകക ഈശോസഭയ്‌ക്ക്‌ വീണ്ടും അംഗീകാരം നല്‌കി.

ഫാദര്‍ റൂത്താല്‍ ജനറലായിരിക്കുമ്പോള്‍ (1829-53) സഭയുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ അതിലംഘിക്കത്തക്കവിധം വിദ്യാഭ്യാസരംഗത്തും മിഷനറി പ്രവര്‍ത്തനമേഖലയിലും കര്‍മനിരതമായി. അതോടൊപ്പം തന്നെ ഓരോ രാജ്യത്തും നിലനിന്ന രാഷ്‌ട്രീയഘടനയ്‌ക്കനുസൃതമായി ഈശോസഭക്കാര്‍ക്ക്‌ പീഡനങ്ങളും ഏല്‌ക്കേണ്ടിവന്നു. സഭയുടെ പൂര്‍വകാലചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വളര്‍ച്ചയും വികാസവും ഫാദര്‍ ലെഡകേംസ്‌കി ജനറലായിരിക്കുമ്പോള്‍ കൈവന്നു. എടുത്തു പറയത്തക്ക പുരോഗതിയാണ്‌ ഇംഗ്ലീഷിന്‌ പ്രചാരമുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ യു.എസ്സില്‍, ഈശോസഭയ്‌ക്കുണ്ടായത്‌. പേരുകേട്ട ഇംഗ്ലീഷ്‌ കവി ഫാദര്‍ ജെറാള്‍ഡ്‌ മാന്‍ലി ഹോപ്‌കിന്‍സ്‌ (1844-89) ജസ്യൂട്ട്‌ ആണ്‌.

നാസികള്‍ ജര്‍മനി ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടാം ലോകയുദ്ധത്തിനു തൊട്ടു മുമ്പും പിമ്പും കനത്ത പ്രഹരമാണ്‌ ഈശോസഭയ്‌ക്കു നേരിട്ടത്‌. ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭക്കാര്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം മിക്കവാറും ബഹിഷ്‌കൃതരായി. വിദ്യാഭ്യാസരംഗം. ഇന്ന്‌ 112 രാജ്യങ്ങളില്‍ വിവിധ പ്രവര്‍ത്തന മേഖലകളിലായി 18,000 വരുന്ന ഈശോസഭക്കാര്‍ ആഗോള കത്തോലിക്കാസഭയുടെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസരംഗത്താണ്‌ ഈശോസഭക്കാരുടെ ഏറ്റവും പ്രശംസനീയമായ സേവനം. വിദ്യാലയങ്ങളും കലാലയങ്ങളും കൂടാതെ യു.എസ്‌., ജപ്പാന്‍, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളില്‍ ഇരുപതോളം സര്‍വകലാശാലകളും അവര്‍ നടത്തുന്നുണ്ട്‌. വൈദികവിദ്യാര്‍ഥികളുടെ പരിശീലനത്തിനുവേണ്ടിയുള്ള ഗ്രിഗോറിയന്‍ സര്‍വകലാശാല, റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ഓറിയന്റല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നീ അന്തര്‍ദേശീയ സ്ഥാപനങ്ങളും, ഇറ്റലി, സ്‌പെയിന്‍, ആസ്‌ട്രിയ, യു.എസ്‌., ഇന്ത്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ കലാലയങ്ങളും അവര്‍ നടത്തിവരുന്നു. "ധ്യാനം നടത്തിക്കൊടുക്കുന്നത്‌' ഈശോസഭക്കാര്‍ വളര്‍ത്തിയെടുത്ത ഒരു പ്രത്യേക ആധ്യാത്മികസേവനമാണ്‌. അഭയാര്‍ഥികള്‍ക്കുവേണ്ടിയും രാജ്യത്തുനിന്നും നിഷ്‌കാസിതരായവര്‍ക്കുവേണ്ടിയും 51 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട്‌ റെഫ്യൂജി സര്‍വീസ്‌ (Jesuit Refugee Service-JRS) ഈശോസഭാ ജനറലായ പേദ്രാ അരൂപ്പോയുടെ കാലത്ത്‌ ആരംഭിച്ച സംരംഭമാണ്‌. ഇന്ത്യയില്‍ 27 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 9 അധ്യാപകപരിശീലന സ്ഥാപനങ്ങള്‍, 11 മാനേജ്‌മെന്റ്‌ സ്ഥാപനങ്ങള്‍, 11 ഗവേഷണസ്ഥാപനങ്ങള്‍, 4 കമ്യൂണിറ്റി കോളജുകള്‍, 54 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, 108 ഹൈസ്‌കൂളുകള്‍, 22 ടെക്‌നിക്കല്‍ സ്‌കൂളുകള്‍, 38 യു.പി. സ്‌കൂള്‍, 84 പ്രമറി സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തനനിരതമാണ്‌.

ഇവയില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌ ഭുവനേശ്വര്‍, സേവ്യര്‍ ലേബര്‍ റിലേഷന്‍സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ജംഷഡ്‌പൂര്‍, സെന്റ്‌ ജോസഫ്‌ കോളജ്‌ തിരുച്ചിറപ്പിള്ളി, സെന്റ്‌ സേവിയര്‍ കോളജ്‌ മുംബൈ, സെന്റ്‌ സേവിയേഴ്‌സ്‌ കോളജ്‌ കൊല്‍ക്കത്ത, സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സോഷ്യല്‍ സര്‍വീസ്‌ റാഞ്ചി, ലയോളകോളജ്‌ ചെന്നൈ, ആന്ധ്ര എന്നിവ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഈശോസഭാ സ്ഥാപനങ്ങളാണ്‌.

ഈശോസഭ ആയിരത്തിലധികം ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്‌. സഭയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ശാസ്‌ത്രം, സാഹിത്യം, തത്ത്വശാസ്‌ത്രം, ദൈവശാസ്‌ത്രം എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളും അവര്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണത്തിന്റെ മേല്‍നോട്ടം ഈശോസഭയെയാണ്‌ മാര്‍പ്പാപ്പ ഏല്‌പിച്ചിരിക്കുന്നത്‌.

നവീകരണം. 1962 ഒ. 11-ന്‌ ആരംഭിച്ച രണ്ടാം വത്തിക്കാന്‍ സുനഹദോസ്‌ കത്തോലിക്കാസഭയെ നവീകരിക്കുന്നതിനു തുടക്കം കുറിച്ചു. ആധുനിക ജീവിതാവശ്യങ്ങള്‍ മുന്‍നിര്‍ത്തി ക്രസ്‌തവജീവിതം രൂപപ്പെടുത്താനും നവീകരിക്കാനും വേണ്ടി കാള്‍ റാണറെപ്പോലുള്ള ഈശോസഭയിലെ ദൈവശാസ്‌ത്രപണ്ഡിതന്മാര്‍ നടത്തിയ ശ്രമങ്ങള്‍ മാനവചിന്താമണ്ഡലത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കൃതികള്‍ 47 ഭാഷകളിലേക്കു തര്‍ജുമ ചെയ്‌തിട്ടുണ്ട്‌. സ്വതന്ത്രചിന്ത, വ്യക്തിത്വത്തോടുള്ള ആദരവ്‌, കര്‍ത്തവ്യനിരതമായ സ്വാതന്ത്യ്രം, മനഃസാക്ഷിയുടെ പ്രാമുഖ്യം, ഇതര മതങ്ങളുമായുള്ള സംവാദം എന്നിവയ്‌ക്കു മുന്‍തൂക്കം നല്‌കിയതോടുകൂടി പരമ്പരാഗതമായ ചിന്താഗതിക്കും കീഴ്‌വഴക്കങ്ങള്‍ക്കും മാറ്റം വന്നു. സ്വാതന്ത്യ്രത്തോടൊപ്പം ഉത്തരവാദിത്തബോധവും ഉത്തരവാദിത്തത്തില്‍ സ്വതന്ത്ര ചിന്താഗതിയും കൈവരിക്കുവാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. കത്തോലിക്കാസഭയില്‍ അനുഭവപ്പെട്ട മാറ്റം സ്വാഭാവികമായി ഈശോസഭയിലും ഉണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം യാഥാസ്ഥിതികമനോഭാവവും ആധുനീകരണത്തിനുവേണ്ടിയുള്ള ആവേശവും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഈശോസഭയ്‌ക്കും സാരമായ ക്ഷതം പറ്റാതിരുന്നില്ല.

ജെസ്യൂട്ട്‌ എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവന്‍ എന്നാണ്‌. കൂടാതെ വിശ്വാസത്തിനുവേണ്ടിയുള്ള സേവനം സാമൂഹികനീതിക്കുവേണ്ടിയുള്ളതായിരിക്കണമെന്നത്‌ തത്ത്വത്തില്‍ മാത്രമല്ല പ്രവൃത്തിയിലും സ്വീകരിക്കേണ്ടതാണെന്ന്‌ അനുശാസിക്കുന്നു. ഇന്ത്യയില്‍ ഈശോസഭയുടെ 17 പ്രവിശ്യകളും 4,000-ത്തോളം അംഗങ്ങളുമുണ്ട്‌. അവയില്‍ ഒന്നാണ്‌ കേരളത്തിലെ ഘടകം. ലോകമൊട്ടാകെ ഇവര്‍ക്കുള്ള ഹൈസ്‌കൂളുകളും ആറ്‌ ഭൂഖണ്ഡങ്ങളിലായി അവര്‍ക്കുള്ള സര്‍വകലാശാലകളും കോളജുകളും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്‌. ഈശോസഭയില്‍ നാമകരണം ചെയ്യപ്പെട്ട 51 വിശുദ്ധന്മാരും (Saints) 150 അനുഗൃഹീതരും (Blessed) 115 ദൈവദാസന്മാരും (Servants of God) ഉണ്ടായിട്ടുണ്ട്‌. ഇന്ത്യയുടെ സാംസ്‌കാരിക-രാഷ്‌ട്രീയ-വിജ്ഞാനരംഗങ്ങളിലും ഈശോസഭ ഏറെ സംഭാവനകള്‍ നല്‌കിക്കൊണ്ടിരിക്കുന്നു. ഈശോസഭയിലെ അംഗമായാണ്‌ കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ (2013) പരമാധ്യക്ഷനായ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ (ജോര്‍ജ്‌ മാരിഓ ബര്‍ഗോളിഓ, ജ. 1936) സ്വന്തം ആധ്യാത്മിക ജീവിതത്തിനു തുടക്കമിട്ടത്‌.

(റവ. ഡോ. എസ്‌.ജെ. മുരിക്കന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%B6%E0%B5%8B%E0%B4%B8%E0%B4%AD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍