This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ്റോലിയന്‍ ലീഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:02, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈറ്റോലിയന്‍ ലീഗ്‌

Aetolian League

പ്രാചീന ഗ്രീസിലെ നാലു സൈനികശക്തികളിലൊന്നായ ഈറ്റോലിയയുടെ നേതൃത്വത്തിൽ രൂപവത്‌കരിച്ച സൈനികസഖ്യം. ബി.സി. നാലാം ശതകത്തിലാണ്‌ ലീഗ്‌ രൂപീകരിക്കപ്പെട്ടത്‌. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിർത്തു തങ്ങളുടെ അംഗരാജ്യങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്‌ട്രീയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ബി.സി. 426-ലുണ്ടായ അഥീനിയന്‍ ആക്രമണത്തെ ചെറുത്തതോടുകൂടി ഈറ്റോലിയന്‍ ലീഗ്‌ (Aetolian League) ശക്തിയാർജിച്ചുതുടങ്ങി. 30 അംഗങ്ങളുള്ള ഒരു പ്രവർത്തകസമിതിയും പ്രത്യേക ഭരണഘടനയും ഇതിനുണ്ടായിരുന്നു. ബി.സി. 322, 314-311 കാലങ്ങളിലുണ്ടായ മാസിഡോണിയന്‍ ആക്രമണങ്ങളെ ലീഗ്‌ വിജയകരമായി നേരിട്ടു. ലീഗ്‌ അതിന്റെ സുവർണദശയിൽ സെഫലെനിയ വരെ വ്യാപിച്ചിരുന്നു. പല ഈജിയന്‍ ദ്വീപുകളും അതിനു കീഴിലായി.

റോമന്‍ റിപ്പബ്ലിക്കുമായി സഖ്യം രൂപീകരിച്ച ആദ്യത്തെ ഗ്രീക്‌ ശക്തിയായിരുന്നു ലീഗ്‌. രണ്ടാം മാസിഡോണിയന്‍ യുദ്ധത്തിൽ റോമുമായിച്ചേർന്ന്‌ മാസിഡോണിയയെ തോല്‌പിക്കാന്‍ ലീഗിനു കഴിഞ്ഞു. എന്നാൽ ഗ്രീസിന്റെ ആഭ്യന്തര കാര്യങ്ങളിലെ അമിതമായ റോമന്‍ ഇടപെടലായിരുന്നു ലീഗും റോമും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകള്‍ സൃഷ്‌ടിച്ചത്‌. തുടർന്ന്‌ റോമന്‍-സിറിയ യുദ്ധത്തിൽ ലീഗ്‌ റോമിന്റെ പ്രതിയോഗിയായ സിറിയയുടെ പക്ഷം നിന്നെങ്കിലും റോമാണ്‌ വിജയിച്ചത്‌. ഇതിന്റെ ഫലമായി ലീഗിന്‌ റോമിന്റെ മേൽക്കോയ്‌മ അംഗീകരിക്കേണ്ടിവന്നു. ബി.സി. 189-ഓടുകൂടി ലീഗിന്റെ അധീനതയിലുള്ള മിക്ക പ്രദേശങ്ങളും റോമാക്കാർക്കധീനമായി.

ഫെഡറൽ ഭരണമനുസരിച്ചാണ്‌ ഈറ്റോലിയന്‍ ലീഗ്‌ പ്രവർത്തിച്ചിരുന്നത്‌. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറൽ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു. ഈറ്റോലിയന്‍ ലീഗിന്റെ 1000 അംഗങ്ങളുള്ള കൗണ്‍സിലിന്‌ (Boule, Synedrion) പട്ടണങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമുണ്ടായിരുന്നു. ഈ സമിതി ഇടയ്‌ക്കിടെ കൂടുകയും ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുകയും ചെയ്‌തിരുന്നു. എന്നാൽ യുദ്ധകാലങ്ങളിലും മറ്റും, അടിയന്തരസ്വഭാവമുള്ള കാര്യങ്ങള്‍ കുറഞ്ഞത്‌ 30 അംഗങ്ങളെങ്കിലുമുള്ള അപൊക്ലീറ്റോയ്‌ (Apokletoi) എന്ന നിർവാഹകസമിതിയാണ്‌ നടത്തിയിരുന്നത്‌. പ്രതിവർഷം തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജനറൽ (Stratego) ആയിരുന്നു നിയമസഭയുടെ അധ്യക്ഷന്‍.

താളിന്റെ അനുബന്ധങ്ങള്‍