This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈറ്റോലിയന്‍ ലീഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈറ്റോലിയന്‍ ലീഗ്‌

Aetolian League

പ്രാചീന ഗ്രീസിലെ നാലു സൈനികശക്തികളിലൊന്നായ ഈറ്റോലിയയുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച സൈനികസഖ്യം. ബി.സി. നാലാം ശതകത്തിലാണ്‌ ലീഗ്‌ രൂപീകരിക്കപ്പെട്ടത്‌. വിദേശീയാക്രമണങ്ങളെ സംഘടിതമായി എതിര്‍ത്തു തങ്ങളുടെ അംഗരാജ്യങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു ഈ രാഷ്‌ട്രീയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ബി.സി. 426-ലുണ്ടായ അഥീനിയന്‍ ആക്രമണത്തെ ചെറുത്തതോടുകൂടി ഈറ്റോലിയന്‍ ലീഗ്‌ (Aetolian League) ശക്തിയാര്‍ജിച്ചുതുടങ്ങി. 30 അംഗങ്ങളുള്ള ഒരു പ്രവര്‍ത്തകസമിതിയും പ്രത്യേക ഭരണഘടനയും ഇതിനുണ്ടായിരുന്നു. ബി.സി. 322, 314-311 കാലങ്ങളിലുണ്ടായ മാസിഡോണിയന്‍ ആക്രമണങ്ങളെ ലീഗ്‌ വിജയകരമായി നേരിട്ടു. ലീഗ്‌ അതിന്റെ സുവര്‍ണദശയില്‍ സെഫലെനിയ വരെ വ്യാപിച്ചിരുന്നു. പല ഈജിയന്‍ ദ്വീപുകളും അതിനു കീഴിലായി.

റോമന്‍ റിപ്പബ്ലിക്കുമായി സഖ്യം രൂപീകരിച്ച ആദ്യത്തെ ഗ്രീക്‌ ശക്തിയായിരുന്നു ലീഗ്‌. രണ്ടാം മാസിഡോണിയന്‍ യുദ്ധത്തില്‍ റോമുമായിച്ചേര്‍ന്ന്‌ മാസിഡോണിയയെ തോല്‌പിക്കാന്‍ ലീഗിനു കഴിഞ്ഞു. എന്നാല്‍ ഗ്രീസിന്റെ ആഭ്യന്തര കാര്യങ്ങളിലെ അമിതമായ റോമന്‍ ഇടപെടലായിരുന്നു ലീഗും റോമും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്‌ടിച്ചത്‌. തുടര്‍ന്ന്‌ റോമന്‍-സിറിയ യുദ്ധത്തില്‍ ലീഗ്‌ റോമിന്റെ പ്രതിയോഗിയായ സിറിയയുടെ പക്ഷം നിന്നെങ്കിലും റോമാണ്‌ വിജയിച്ചത്‌. ഇതിന്റെ ഫലമായി ലീഗിന്‌ റോമിന്റെ മേല്‍ക്കോയ്‌മ അംഗീകരിക്കേണ്ടിവന്നു. ബി.സി. 189-ഓടുകൂടി ലീഗിന്റെ അധീനതയിലുള്ള മിക്ക പ്രദേശങ്ങളും റോമാക്കാര്‍ക്കധീനമായി.

ഫെഡറല്‍ ഭരണമനുസരിച്ചാണ്‌ ഈറ്റോലിയന്‍ ലീഗ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഏകീകൃത നാണ്യവ്യവസ്ഥിതി തുടങ്ങിയ ഫെഡറല്‍ ഭരണസംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഈ സഖ്യത്തിനുണ്ടായിരുന്നു. ഈറ്റോലിയന്‍ ലീഗിന്റെ 1000 അംഗങ്ങളുള്ള കൗണ്‍സിലിന്‌ (Boule, Synedrion) പട്ടണങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമുണ്ടായിരുന്നു. ഈ സമിതി ഇടയ്‌ക്കിടെ കൂടുകയും ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ യുദ്ധകാലങ്ങളിലും മറ്റും, അടിയന്തരസ്വഭാവമുള്ള കാര്യങ്ങള്‍ കുറഞ്ഞത്‌ 30 അംഗങ്ങളെങ്കിലുമുള്ള അപൊക്ലീറ്റോയ്‌ (Apokletoi) എന്ന നിര്‍വാഹകസമിതിയാണ്‌ നടത്തിയിരുന്നത്‌. പ്രതിവര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിരുന്ന ജനറല്‍ (Stratego) ആയിരുന്നു നിയമസഭയുടെ അധ്യക്ഷന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍