This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈരാറ്റുപേട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈരാറ്റുപേട്ട

കോട്ടയം ജില്ലയില്‍ പാലാമുനിസിപ്പല്‍ പട്ടണത്തിന്‌ 11 കി.മീ. കിഴക്ക്‌ മീനച്ചിലാറിന്റെയും പൂഞ്ഞാറിന്റെയും സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന വാണിജ്യപ്രധാനമായ പട്ടണം. കുന്നുകളും താഴ്‌വരകളും നിറഞ്ഞ മലമ്പ്രദേശമാണിത്‌. 18-ാം ശതകം വരെ ഈ വഴിക്ക്‌ പാണ്ടിനാടുമായുള്ള കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന കാളവണ്ടിസംഘങ്ങളുടെ താവളമായി വര്‍ത്തിച്ചുപോന്നത്‌ ഈരാറ്റുപേട്ടയായിരുന്നു. റബ്ബര്‍, കുരുമുളക്‌, തേയില, നാളികേരം എന്നിവയാണ്‌ ഈരാറ്റുപേട്ടയിലെ പ്രമുഖ വിപണന വസ്‌തുക്കള്‍. ജനസംഖ്യയില്‍ നല്ലൊരു ഭാഗം ഇസ്‌ലാംമതസ്ഥരാണ്‌. ക്രിസ്‌ത്യാനികള്‍ അംഗസംഖ്യയില്‍ രണ്ടാംസ്ഥാനത്തു നില്‌ക്കുന്നു. ഹിന്ദുക്കളുടെ സംഖ്യ തുലോം കുറവാണ്‌. മുസ്‌ലിം ദേവാലയമായ പുത്തന്‍പള്ളിയില്‍ കുംഭമാസത്തില്‍ നടത്തപ്പെടുന്ന ചന്ദനക്കുടമഹോത്സവം ആയിരക്കണക്കിന്‌ ആളുകളെ ആകര്‍ഷിക്കുന്നു. ക്രിസ്‌ത്യാനികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നാണ്‌ ഈരാറ്റുപേട്ടയിലെ അരുവിത്തുറപ്പള്ളി. ഇത്‌ തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികളില്‍ ഒന്നായി കരുതപ്പെടുന്നു. എരാപ്പുഴ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത്‌ തോമാശ്ലീഹ എ.ഡി. 52-ല്‍ ധാരാളം ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യിക്കുകയും പള്ളി സ്ഥാപിക്കുകയും ചെയ്‌തുവെന്നാണ്‌ ഒരു പക്ഷം. എന്നാല്‍ മറ്റൊരുകൂട്ടരുടെ അഭിപ്രായത്തില്‍ പള്ളി സ്ഥാപിതമായത്‌ 500-ലാണ്‌. 16-ാം ശതകം വരെ കന്യാമറിയത്തിനു സമര്‍പ്പിക്കപ്പെട്ടിരുന്ന ഈ പള്ളി അതിനുശേഷമാണ്‌ ഗീവര്‍ഗീസ്‌ പുണ്യവാളന്റെ പേരില്‍ അറിയപ്പെടുന്നത്‌. 1942-ല്‍ അരുവിത്തുറപ്പള്ളി പുതുക്കിപ്പണിയിക്കപ്പെട്ടു. ഇതിന്റെ ചുവരുകളില്‍ വട്ടെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാലിഖിതങ്ങള്‍ കാണാം. ഈരാറ്റുപേട്ടയില്‍നിന്ന്‌ 38 കി.മീ. കിഴക്കു മാറിയാണ്‌ വാഗമണ്‍ ഗിരിസങ്കേതം.

(എസ്‌. ജയശങ്കര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍