This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:19, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈട്ടി

Rosewood

കേരളത്തിൽ, തീരപ്രദേശം മുതൽ 1,200 മീ. ഉയരമുള്ള മലമ്പ്രദേശങ്ങള്‍ വരെ, എല്ലായിടത്തും കാണപ്പെടുന്ന ഒരു വന്‍വൃക്ഷം. വീട്ടി എന്ന പേരിലും ഇത്‌ അറിയപ്പെടുന്നുണ്ട്‌. ലെഗൂമിനോസേ കുടുംബത്തിൽ പാപ്പിലിയണേസീ ഉപകുടുംബമാണ്‌ ഇതിന്റേത്‌. ശാ.നാ. ഡാൽബേർഗിയ ലാറ്റിഫോളിയ. "റോസ്‌വുഡ്‌' എന്നാണ്‌ ഇംഗ്ലീഷിൽ ഇത്‌ അറിപ്പെടുന്നത്‌.

കേരളത്തിൽ ഒരിടത്തും ഇത്‌ സമൃദ്ധമായുണ്ടെന്ന്‌ പറഞ്ഞുകൂടാ; ഉയരം കുറവായ പ്രദേശങ്ങളിൽ താരതമ്യേന കുറവാണുതാനും. ദക്ഷിണേന്ത്യയിലൊട്ടാകെ ഈട്ടി സുലഭമാണ്‌. മധ്യപ്രദേശിലും സിക്കിമിൽ ഹിമാലയന്‍ പ്രദേശങ്ങളിലും ഇതു വളരുന്നുണ്ട്‌. എന്നാൽ സിക്കിമിൽ കാണപ്പെടുന്നവ ചെറുതരമാണ്‌. മ്യാന്മറിലും ശ്രീലങ്കയിലും ഈട്ടി വളരുന്നില്ല. പശ്ചിമഘട്ട നിരകളിൽ ഈട്ടിമരങ്ങള്‍ ഏറ്റവുമധികം വലുപ്പം വയ്‌ക്കുന്നു. പുൽമേടുകളിൽ തേക്കിനോടൊപ്പമാണ്‌ സാധാരണ ഇതു വളരുന്നത്‌. നിത്യഹരിതവൃക്ഷങ്ങളോട്‌ ഇടകലർന്നും ഇതു കാണപ്പെടാറുണ്ട്‌. വളർച്ചയെത്തിയ ഒരു ഈട്ടിമരത്തിന്‌ ഉദ്ദേശം 25 മീ. ഉയരവും 4-4.5 മീ. ചുറ്റളവും ഉണ്ടായിരിക്കും. തേക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ വളർച്ച, പ്രത്യേകിച്ചും ആദ്യഘട്ടങ്ങളിൽ, വളരെ സാവധാനത്തിലാണെന്നു പറയാം. എന്നാൽ 40 വർഷം പ്രായമുള്ള ഈട്ടിമരം സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിൽ, തേക്കിനെക്കാള്‍ പെട്ടെന്നാണ്‌ വളരുന്നത്‌. ഇതിന്‌ 2 മീ. ചുറ്റളവുണ്ടാകുന്നതിന്‌ 100 വർഷം വേണ്ടിവരുമെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. ഈർപ്പം കൂടിയ പ്രദേശങ്ങളിൽ വളരുന്ന ഈട്ടിയുടെ ഇലകള്‍ വളരെ അപൂർവമായേ കൊഴിയാറുള്ളൂ. നിത്യഹരിതവൃക്ഷം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്‌. വരണ്ട പ്രദേശങ്ങളിൽ വളരുന്നവയുടെ ഇലകള്‍ ഫെബ്രുവരി മാർച്ചു മാസങ്ങളിൽ കൊഴിയുകയും ഏപ്രിൽ മേയ്‌ മാസമാകുന്നതോടെ വീണ്ടും വളരുകയും ചെയ്യുന്നു. ഇല അസമപിച്ഛകമാണ്‌. അനുപർണങ്ങളുണ്ട്‌. പത്രകങ്ങള്‍ 57 എണ്ണം കാണും. പത്രകത്തിന്‌ 27 സെ.മീ. നീളവും ഏതാണ്ട്‌ അത്രയുംതന്നെ വീതിയും കാണും. ഇവ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളാണ്‌ പൂക്കാലം. ബഹുശാഖാമഞ്‌ജരിയിൽ മങ്ങിയ വെള്ളനിറമുള്ള ചെറിയ പൂക്കള്‍ ധാരാളമായുണ്ടാകുന്നു. കായ്‌ പരന്ന പോഡാണ്‌. കായ്‌ വിളയാന്‍ എട്ട്‌ മാസംവേണം.

നനവുള്ള മണ്ണ്ലാണ്‌ ഈട്ടി ഏറ്റവും നന്നായി വളരുന്നത്‌; നദിക്കരയിൽ ഈട്ടി പുഷ്‌ടിയോടെ വളരുന്നതു കാണാം. 75 മുതൽ 500 വരെ സെ.മീ. മഴയുള്ളിടങ്ങളിൽ ഈട്ടി തഴച്ചുവളരുന്നു.

ഈട്ടിക്ക്‌ അല്‌പമാത്രമായ സൂര്യപ്രകാശം മതിയാകുന്നതാണ്‌. ഈട്ടിത്തൈകള്‍ക്ക്‌ സാമാന്യം നല്ല തണലിൽപ്പോലും വളരാന്‍ പ്രയാസമില്ല. നേരെ മുകളിൽനിന്നു കിട്ടുന്ന പ്രകാശമാണ്‌ ഇതിന്റെ വളർച്ചയ്‌ക്ക്‌ ഏറ്റവും ഉത്തമം. സമൃദ്ധമായ സൂര്യപ്രകാശത്തിൽ വളരുന്ന ഈട്ടി വളഞ്ഞു പുളഞ്ഞു പോകുന്നതിനും ബഹുശാഖിയാകുന്നതിനും ഇടയാകുന്നു. കാറ്റാണ്‌ വിത്തുവിതരണം ചെയ്യുന്നത്‌. പുതുമഴ തുടങ്ങിയാൽ വിത്ത്‌ മുളയ്‌ക്കും.

വേരിൽ നിന്നു പൊട്ടിമുളയ്‌ക്കുന്ന കന്നുകള്‍ മൂലമുള്ള പ്രവർധനമാണ്‌ ഈട്ടിയുടെ എടുത്തുപറയത്തക്ക സവിശേഷത. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ നീളമുള്ള ഒരു തായ്‌വേര്‌ രൂപമെടുക്കുന്നു. ഇതിൽ നിന്നാണ്‌ ശാഖാവേരുകളുടെയെല്ലാം ഉദ്‌ഭവം. ഈ വേരുകളെല്ലാം മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നവയാണ്‌. ഇവ കൂടാതെ മണ്ണിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന മറ്റൊരുകൂട്ടം വേരുകളുണ്ട്‌. ഈ വേരിൽ ചെറു "മുകുള'ങ്ങള്‍ കാണപ്പെടുന്നു. ഇവയാണ്‌ പ്രജനനവേരുകള്‍. വളരെപ്പെട്ടെന്ന്‌ ചുറ്റുപാടിലേക്കു വ്യാപിക്കുന്ന ഈ വേരുകളിൽ നിന്ന്‌ പുതിയ തൈകള്‍ വളർന്നു തുടങ്ങുന്നതു കാണാം. ഈ വേരുകളിൽ ഏതെങ്കിലും ഭാഗത്ത്‌ എന്തെങ്കിലും തരത്തിലുള്ള ക്ഷതമേല്‌ക്കുകയാണെങ്കിൽ അവിടെനിന്ന്‌ വളരെ വേഗത്തിലാണ്‌ തൈകളുണ്ടാവുക. പാതവക്കുകള്‍ പോലെ തുറസ്സായ സ്ഥലങ്ങളിൽ വളരുന്ന ഈട്ടിമരത്തിനു ചുറ്റുമായി ധാരാളം തൈകള്‍ ഇപ്രകാരം വളർന്നു നില്‌ക്കുന്നതു കാണാം.

സാമ്പത്തിക പ്രാധാന്യം. ഇന്ത്യയിലുള്ളതിൽ ഏറ്റവും ഉപയോഗപ്രദമായ തടിയാണ്‌ ഈട്ടിയുടേത്‌. വളരെ കടുപ്പമേറിയതും തിങ്ങിയ വരിപ്പുകളുളളതും ഈടുനില്‌ക്കുന്നതും ആയ ഈട്ടിത്തടി മരസാമാനങ്ങള്‍, അലങ്കരണപദാർഥങ്ങള്‍, "പാനലിങ്‌' തുടങ്ങിയവയ്‌ക്കൊക്കെ ധാരാളമായി ഉപയോഗിച്ചു വരുന്നു. വണ്ടിച്ചക്രങ്ങള്‍, വെടിക്കോപ്പുപെട്ടികള്‍, ഉപകരണപ്പിടികള്‍, സംഗീതോപകരണങ്ങള്‍, കാർഷികോപകരണങ്ങള്‍, അലങ്കാരത്തിനു വേണ്ടിയുള്ള പ്ലൈവുഡ്‌, ഊന്നുവടികള്‍, പെട്ടികള്‍, ചീർപ്പുകള്‍, വിവിധതരം ഉരുപ്പടികള്‍ എന്നിവ ഈട്ടിത്തടി കൊണ്ട്‌ നിർമിച്ചുവരുന്നു.

ഗൃഹോപകരണ നിർമാണത്തിൽ കൈവന്നിട്ടുള്ള പുരോഗതി ഈട്ടിയുടെ ആവശ്യകത അതിയായി വർധിപ്പിച്ചിരിക്കുകയാണ്‌.രണ്ടാംലോകായുദ്ധത്തിനു ശേഷം ഇറ്റാലിയന്‍ കൈത്തൊഴിൽ വിദഗ്‌ധർ ഈട്ടിയുടെ മേന്മ മനസ്സിലാക്കിയതോടെയാണ്‌ യൂറോപ്യന്‍ രാജ്യങ്ങളിൽ ഇതിന്‌ ഇത്ര പ്രചാരം സിദ്ധിച്ചത്‌. ഈട്ടിത്തടിയിൽനിന്നു മനോഹരങ്ങളായ കൗതുകവസ്‌തുകള്‍ അവർ നിർമിച്ചു. കഴിഞ്ഞ രണ്ടിലേറെ ദശകങ്ങളായി ഈട്ടിത്തടി യൂറോപ്യന്‍ വിപണി കൈയടക്കിയിരിക്കയാണ്‌. ഇക്കഴിഞ്ഞ ദശകത്തിൽ ജപ്പാനും ഈട്ടികൊണ്ടുള്ള സാധനങ്ങളുടെ നിർമാണം ആരംഭിക്കുകയുണ്ടായി. ഇതോടെ നീളവും വച്ചവും കുറഞ്ഞ ഈട്ടിത്തടിത്തുണ്ടുകള്‍പോലും ഇന്ത്യയിൽനിന്നു ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും ധാരാളമായി കയറ്റി അയച്ചുവരുന്നു.

വിദേശികള്‍ക്ക്‌ ഈട്ടിത്തടി പ്രിയങ്കരമായിത്തുടങ്ങിയതോടെ ഇതിന്റെ വിലയും വർധിച്ചുകൊണ്ടിരിക്കുകയാണ്‌. ഈട്ടി വ്യവസായം സംസ്ഥാനത്തിന്റെ ഒരു പ്രധാന ധനാഗമമാർഗമായിത്തീർന്നിരിക്കുന്നു. വിദേശനാണ്യവും ഇത്‌ നേടിത്തരുന്നുണ്ട്‌.

(വി.ആർ. കൃഷ്‌ണന്‍ നായർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%88%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍