This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈജിയന്‍ കടൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈജിയന്‍ കടൽ

Aegean Sea

എഷ്യാമൈനറിനും ഗ്രീക്‌ ഉപദ്വീപിനും ഇടയ്‌ക്കായി കിടക്കുന്ന മെഡിറ്ററേനിയന്‍ കടലിന്റെ ശാഖ. 608 കി.മീ. നീളവും 298 കി.മീ. വീതിയും 2,14,000 ച.കി.മീ. വിസ്‌തീര്‍ണവും ഉള്ള ജലപ്പരപ്പാണ്‌ ഈജിയന്‍ കടല്‍. ഇത്‌ ഡാര്‍ഡനെല്‍സ്‌ കടലിടുക്കു വഴി മര്‍മറാ കടലുമായും ബോസ്‌പറസ്‌ ജലസന്ധിയിലൂടെ കരിങ്കടലുമായും ബന്ധപ്പെട്ടിരിക്കുന്നു. കടല്‍ എന്നതിലേറെ ഉള്‍ക്കടല്‍ എന്ന പദമായിരിക്കും ഈജിയന്‌ കൂടുതല്‍ അനുയോജ്യം. ക്രീറ്റ്‌ദ്വീപിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഇടുങ്ങിയ കടല്‍ഭാഗമാണ്‌ ഈജിയനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്നത്‌. ഗ്രീസിലെ പെലപ്പൊനീസ്‌ ഉപദ്വീപിനും ക്രീറ്റിനും ഇടയ്‌ക്കുള്ള താരതമ്യേന വീതി കുറഞ്ഞ കടല്‍ഭാഗം പടിഞ്ഞാറ്‌ അയോണിയന്‍ കടലുമായി ലയിക്കുന്നു. ഈജിയന്‍ കടലില്‍ ചെറുതും വലുതുമായി നിരവധി ദ്വീപുകള്‍ കാണാം; ഇവയൊക്കെത്തന്നെ പുരാതനകാലത്ത്‌ നിലവിലിരുന്ന്‌ പില്‌ക്കാലത്ത്‌ കടലില്‍ ആണ്ടുപോയ ഈജിസ്‌ മേഖലയിലെ ഉന്നതതടങ്ങളാണെന്നു കരുതപ്പെടുന്നു. ചരിത്രകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഈ ദ്വീപിലെ ജനങ്ങള്‍ യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്നൂ വന്‍കരകളുമായി നിര്‍ബാധവും നിരന്തരവുമായ സമ്പര്‍ക്കം പുലര്‍ത്തിപ്പോന്നിരുന്നതിന്‌ രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. പാശ്ചാത്യ സംസ്‌കാരത്തിന്റെ മണിത്തൊട്ടിലായിരുന്ന ക്രീറ്റ്‌, ഗ്രീസ്‌ എന്നീ പ്രാചീന സംസ്‌കാര കേന്ദ്രങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നത്‌ ഈജിയന്‍ കടലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ഈജിയന്‍ കടലിന്റെ ശരാശരി ആഴം 362 മീ. ആണ്‌; ഏറ്റവും കൂടിയ ആഴം 3,543 മീറ്ററും. ഈ കടലിന്റെ അടിത്തറ ഏറിയകൂറും ചുച്ചാമ്പുകല്ലുകള്‍കൊണ്ടു മൂടിക്കാണുന്നു. ലവണത 3.6 ശതമാനം മുതല്‍ 3.9 ശതമാനം വരെയാണ്‌. ജീവജാലങ്ങള്‍ താരതമ്യേന കുറവാണ്‌; പ്രത്യുത്‌പാദനത്തിനായി അനുകൂലാവസരങ്ങളില്‍ കരിങ്കടലില്‍നിന്നും മറ്റും വമ്പിച്ച മത്സ്യശേഖരങ്ങള്‍ ഈജിയനിലേക്കു കടന്നു കയറാറുണ്ട്‌. ഈജിയന്‍ കടലിന്റെ അടിത്തട്ടുകളില്‍ കനത്ത എച്ചനിക്ഷേപങ്ങള്‍ ഉള്ളതായി അനുമാനിക്കപ്പെട്ടിരിക്കുന്നു. വന്‍തോതിലുള്ള ഗവേഷണപര്യവേക്ഷണങ്ങള്‍ക്കു വിധേയമായി വരുന്ന ഒരു കടലാണ്‌ ഈജിയന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍