This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇ-ത്‌സിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇ-ത്‌സിങ്‌

Itsing

671-695 കാലഘട്ടത്തില്‍ ഇന്ത്യയില്‍ പര്യടനം നടത്തിയ ചീനസഞ്ചാരിയും ഗ്രന്ഥകാരനും. തീര്‍ഥാടനാര്‍ഥം ചൈനയില്‍നിന്നു പുറപ്പെട്ട ബുദ്ധഭിക്ഷുവായ ഇ-ത്‌സിങ്‌ ആദ്യം സുമാത്രയിലെ ശ്രീഭോഗ(പാലെംബാങ്‌)യിലാണ്‌ എത്തിച്ചേര്‍ന്നത്‌. അവിടെ കുറച്ചുനാള്‍ തങ്ങിയശേഷം 671-ല്‍ ഹൂഗ്ലിനദീമുഖത്തെ താമ്രലിപ്‌തി എന്നു വിളിക്കപ്പെട്ടിരുന്ന തുറമുഖത്ത്‌ കപ്പലിറങ്ങി. ഇന്തോനേഷ്യയിലെ ശ്രീവിജയം ഏഷ്യയിലെ ഏറ്റവും പ്രശസ്‌തമായ ബൗദ്ധവിദ്യാകേന്ദ്രമായി ഇ-ത്‌സിങ്‌ പരാമര്‍ശിച്ചുകാണുന്നു. നാളന്ദാ സര്‍വകലാശാലയില്‍ 10 വര്‍ഷക്കാലം ഇ-ത്‌സിങ്‌ പഠനംനടത്തി. സംസ്‌കൃതത്തില്‍ അവഗാഹം നേടാനും അദ്ദേഹത്തിനു കഴിഞ്ഞു. ഭാരതത്തിലും മലയന്‍ദ്വീപസമൂഹത്തിലും ബുദ്ധമതത്തിന്റെ അന്നത്തെ നിലയെ പുരസ്‌കരിച്ച്‌ ഇ-ത്‌സിങ്‌ രചിച്ച പ്രാമാണികഗ്രന്ഥം 1896-ല്‍ ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്യപ്പെട്ടു (J. Thakakusu, A Record of the Buddhist Religion in India). ഈ ഗ്രന്ഥത്തിലെ മുഖ്യപ്രതിപാദ്യം ബുദ്ധമതവിശ്വാസങ്ങളും, ആചാരാനുഷ്‌ഠാനങ്ങളുമാണെങ്കിലും, താന്‍ നേരിട്ട്‌ ഇടപഴകിയ ജനപദങ്ങളിലെ സാമൂഹികക്രമങ്ങളെയും ജീവിതരീതികളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ നല്‌കുവാനും ഇ-ത്‌സിങ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ ദക്ഷിണോത്തര ഭാഗങ്ങളിലെ സാമൂഹികഘടന, ഭക്ഷണരീതി, വസ്‌ത്രധാരണസമ്പ്രദായം, വിളകള്‍ തുടങ്ങിയവയെക്കുറിച്ച്‌ സവിസ്‌തരമായ പ്രതിപാദ്യങ്ങള്‍ ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. മാംസഭോജനം സാര്‍വത്രികമായിരുന്നില്ലെന്നും, നെയ്യ്‌, തൈര്‌, സസ്യയെച്ചകള്‍, ഫലമൂലാദികള്‍ എന്നിവ ആഹാരത്തിലെ മുഖ്യാംശങ്ങളായിരുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. ഇ-ത്‌സിങ്ങിന്റെ രചനയില്‍ ഭാരതത്തിന്‌ "ആര്യദേശം' എന്നും, ചൈനയ്‌ക്ക്‌ "ദേവദേശം' എന്നുമുള്ള സംജ്ഞകളാണ്‌ നല്‌കപ്പെട്ടുകാണുന്നത്‌. മംഗോളിയര്‍ ഭാരതത്തെ ഹ്‌സിന്‍-തു (ഹിന്ദു) എന്നു വിളിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ചന്ദ്രന്‍ എന്ന്‌ അര്‍ഥമുള്ള ഇന്ദു എന്ന പദത്തെ ആധാരമാക്കിയാണ്‌ ചില ചീനപണ്ഡിതന്മാര്‍ ഇന്ത്യയെ യിന്‍-തു (ഇന്ദു) എന്നു വിളിച്ചിരുന്നതെന്നും ഇ-ത്‌സിങ്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. മന്ത്രവാദം, ചികിത്സാസമ്പ്രദായങ്ങള്‍ തുടങ്ങിയവയില്‍ ചൈന ഇന്ത്യയെ അപേക്ഷിച്ച്‌ മുന്നാക്കം നിന്നിരുന്നതായും സൂചനയുണ്ട്‌. ഏഷ്യന്‍ രാജ്യങ്ങളെ പരാമര്‍ശിക്കുവാന്‍ ഇ-ത്‌സിങ്‌ സംസ്‌കൃതസംജ്ഞകള്‍ ഉപയോഗിച്ചുകാണുന്നു.

രണ്ടാം ശ.-ത്തില്‍ ഹ്യു-ലുന്‍ എന്ന ചീനസഞ്ചാരി നാളന്ദയിലെത്തിയതായും, ഗുപ്‌തരാജാവായ ശ്രീഗുപ്‌തന്‍ ഒരു ചീനദേവാലയം നിര്‍മിച്ചതായും ഇ-ത്‌സിങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആദ്യത്തെ ഗുപ്‌തരാജാവോ, ഗുപ്‌തവംശസ്ഥാപകനോ ആയി കരുതപ്പെടുന്ന ശ്രീഗുപ്‌തനെ സംബന്ധിച്ച ചരിത്രസൂചനകള്‍ ഇ-ത്‌സിങ്ങില്‍ നിന്നുമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇ-ത്‌സിങ്ങിന്റെ സൂചനപ്രകാരം ശ്രീഗുപ്‌തന്റെ ഭരണകാലം 295-300 ആയിരുന്നു. ബുദ്ധന്റെ പൂര്‍വകഥകള്‍ പ്രതിപാദിക്കുന്ന ജാതകകഥകള്‍ ഹര്‍ഷചക്രവര്‍ത്തിയുടെ നിര്‍ദേശാനുസരണം അദ്ദേഹത്തിന്റെ ആസ്ഥാനകവികള്‍ രചിച്ചതാണെന്നും, "ജീമൂതവാഹനന്‍' എന്ന ബോധിസത്വന്റെ കഥ കാവ്യരൂപത്തില്‍ ആദ്യമായി ആവിഷ്‌കരിച്ചത്‌ ഹര്‍ഷനാണെന്നും ഇ-ത്‌സിങ്‌ പ്രസ്‌താവിച്ചുകാണുന്നു. അശോകചക്രവര്‍ത്തിയുടെ ഭിക്ഷുവേഷത്തിലുള്ള പ്രതിമ താന്‍ കണ്ടതായും ഇ-ത്‌സിങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യ സന്ദര്‍ശിച്ച 56 ചൈനീസ്‌ പുരോഹിതന്മാരുടെ ആത്മകഥാപരമായ പരാമര്‍ശങ്ങളും യാത്രാസ്‌മരണകളും ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ഇ-ത്‌സിങ്ങിന്റെതായുണ്ട്‌; സ്വന്തം പര്യടനത്തെ സംബന്ധിച്ച വിശദവിവരങ്ങളും ഈ ഗ്രന്ഥത്തിലാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇ-ത്‌സിങ്‌ 25 വര്‍ഷക്കാലം (671-95) വിദേശസഞ്ചാരം നടത്തിയതായും 30-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും പ്രതിപാദിച്ചിട്ടുണ്ട്‌.

(അടൂര്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍