This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമോഫോബിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:34, 8 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസ്‌ലാമോഫോബിയ

Islamophobia

ഇസ്‌ലാംമതവും അതിന്റെ അനുയായികളും ലോകത്തിന്‌ ഭീഷണിയാണ്‌ എന്ന മുന്‍ധാരണാജന്യമായ കാഴ്‌ചപ്പാട്‌ ആഗോളതലത്തിൽത്തന്നെ വ്യാപിക്കുന്ന പ്രതിഭാസം. പ്രമുഖ ഫ്രഞ്ച്‌ പണ്ഡിതനായ എറ്റിയെന്‍ദിനെ 1922-ൽ എഴുതിയ ഉപന്യാസത്തിൽ ഈപദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും 1990-കളിലാണ്‌ "ഇസ്‌ലാമോഫോബിയ' കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്‌. കുരിശുയുദ്ധഘട്ടത്തിൽ തുടങ്ങി കൊളോണിയൽ കാലഘട്ടത്തിലൂടെ ശക്തിപ്രാപിച്ച പടിഞ്ഞാറും മുസ്‌ലിം ലോകവും തമ്മിലുള്ള സുഖകരമല്ലാത്ത ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്‌ലാമിന്‌ കല്‌പിച്ചു നല്‌കിയ വികലമായ പ്രതിച്ഛായയുടെ അവസാനത്തെ പരികല്‌പനയാണ്‌ "ഇസ്‌ലാംഭീതി'. 2001 സെപ്‌. 11-ലെ വേള്‍ഡ്‌ട്രഡ്‌ സെന്റർ ആക്രമണത്തെത്തുടർന്ന്‌ അമേരിക്കയുടെ നേതൃത്വത്തിൽ "ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധം' എന്ന പേരിൽ നടന്ന സൈനിക നടപടികളെ തുടർന്നാണ്‌ ഈ പ്രതിഭാസം രൂപപ്പെട്ടത്‌ എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഭാഗികമായി മാത്രം ശരിയായ പ്രസ്‌താവമാണ്‌. ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത്‌ സെപ്‌തംബർ പതിനൊന്ന്‌ സംഭവത്തിനുശേഷമാണ്‌ എന്നത്‌ ഒരു യാഥാർഥ്യമാണ്‌. പക്ഷേ അതിന്റെ വേരുകള്‍ "ഓറിയന്റലിസം' എന്ന്‌ എഡ്വേർഡ്‌ സൈദിനെപ്പോലുള്ളവർ വിശേഷിപ്പിച്ച ചരിത്ര ധാരയുമായി ബന്ധപ്പെട്ടതാണ്‌. ഇന്ന്‌ ആന്റിസെമിറ്റിസിസം, സെനോഫോബിയ തുടങ്ങിയ സംജ്ഞകള്‍ക്ക്‌ സമാനമായ ഒരു പദമായി ഇസ്‌ലാമോഫോബിയയെയും സാമൂഹ്യശാസ്‌ത്രജ്ഞന്മാർ പരിഗണിക്കുന്നു.

20-ാം ശതകത്തിന്റെ അവസാന ദശകങ്ങളിൽ പടിഞ്ഞാറന്‍ നാടുകളിലേക്കുണ്ടായ അറബ്‌-മുസ്‌ലിം കുടിയേറ്റങ്ങള്‍, 1979-ൽ ഇറാനിലെ ഖുമൈനിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവം, 1980-കളിലും 90-കളിലും നടന്ന വിവിധ ഭീകരപ്രവർത്തനങ്ങള്‍ തുടങ്ങി സെപ്‌തംബർ പതിനൊന്നിലെത്തിയ ഭീകാരാക്രമണത്തോടെ ഇസ്‌ലാം ഒരു ഭീകരമതമാണ്‌, മുസ്‌ലിങ്ങള്‍ ഭീകരവാദികളുമാണ്‌ എന്ന ധാരണ ബലപ്പെട്ടു. അതിന്റെ ന്യായാന്യായങ്ങള്‍ ചർച്ചചെയ്‌ത പഠനങ്ങളെല്ലാം ഈ പ്രവണതയെ ഭീതിദമായ ഒരു പ്രതിഭാസമായിട്ടാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. ബ്രിട്ടനിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ദി റച്ചിമീഡ്‌ 1996-ൽ പ്രാഫസർ ഗോർഡന്‍ കോണ്‍വോയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ പ്രതിഭാസത്തെ ഇപ്രകാരമാണ്‌ നിർവചിച്ചത്‌-സങ്കുചിതമായ വീക്ഷണങ്ങളുടെ ഫലമായി ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടും ബീഭത്സമായ വെറുപ്പും ശത്രുതയും സൃഷ്‌ടിക്കുകയും തത്‌ഫലമായി അവരെ അങ്ങേയറ്റം മോശമായ പ്രതിച്ഛായയുള്ള വാർപ്പുമാതൃകകളാക്കി ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രതിഭാസമാണ്‌ ഇസ്‌ലാമോഫോബിയ.

ഈ സമീപനത്തിന്റെ അനന്തരഫലം വംശീയ വിവേചനവും പരമത വിദ്വേഷവുമാണെന്ന്‌ ഈ പഠനം എടുത്തുപറയുന്നു. സാമൂഹികവും സാമ്പത്തികവുമായ അവഗണനയ്‌ക്കു പുറമേ പൊതുധാരയിൽനിന്നും മുസ്‌ലിങ്ങള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. വിവേചനപരമായ സമീപനവും അപകീർത്തിപ്പെടുത്തുന്ന പ്രചാരണവും ഇസ്‌ലാമോഫോബിയയുടെ സവിശേഷതകളാണ്‌. മതം എന്ന നിലയ്‌ക്ക്‌ പടിഞ്ഞാറന്‍ മൂല്യസംസ്‌കൃതിയുമായി ഒത്തുപോകുന്ന മൂല്യങ്ങളോ കാഴ്‌പ്പാടുകളോ ഇല്ലാത്തതിനാൽ ഇസ്‌ലാം സ്വാഭാവികമായും അക്രമോത്സുകവും പിന്തിരിപ്പനുമായ ഒരു ദർശനമാണ്‌ തുടങ്ങിയ വിലയിരുത്തലുകളാണ്‌ ഈ പഠനം മുന്നോട്ടുവയ്‌ക്കുന്നത്‌. സെപ്‌തംബർ പതിനൊന്നിനുശേഷം ഈ വിദ്വേഷസമീപനം പതിന്മടങ്ങ്‌ ശക്തിപ്പെട്ടു എന്നാണ്‌ യൂറോപ്യന്‍ മോണിട്ടറിങ്‌ സെന്റർ ഓണ്‍ റേസിസം ആന്റ്‌ സെനോഫോബിയ (EUMC) കണ്ടെത്തിയത്‌. 2002-ൽ പ്രസിദ്ധീകരിച്ച "ദ്‌ സമ്മറി റിപ്പോർട്ട്‌ ഓണ്‍ ഇസ്‌ലാമോഫോബിയ ഇന്‍ ദ്‌ യൂറോപ്യന്‍ യൂണിയന്‍ ആഫ്‌റ്റർ 11 സെപ്‌തംബർ 2001' എന്ന പഠന റിപ്പോർട്ട്‌ ഈ പ്രതിഭാസത്തെ സമഗ്രവും ശാസ്‌ത്രീയവുമായ പഠനത്തിന്‌ വിധേയമാക്കിയിട്ടുണ്ട്‌. ഈ വിഷയത്തിൽ നടന്ന ഏറ്റവും ബൃഹത്തായ പഠനവും ഇ.യു.എം.സിയുടേതായിരുന്നു. യൂറോപ്യന്‍ യൂണിയനിലെ പതിനഞ്ചോളം രാജ്യങ്ങളിൽ നടത്തിയ പ്രസ്‌തുത പഠനം ഇസ്‌ലാമോഫോബിയയും ആന്റി സെമിറ്റിസിസവും പടിഞ്ഞാറന്‍ സമൂഹത്തിൽ വംശീയതയുടെ-റേസിസത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുകയാണ്‌ എന്ന്‌ അഭിപ്രായപ്പെടുകയുണ്ടായി. ആഗോളതലത്തിൽ മാധ്യമങ്ങള്‍ ഈ വിഷയത്തിൽ പ്രതിബദ്ധതയില്ലാതെ പെരുമാറുന്നു എന്ന വിമർശനവും മേല്‌പറഞ്ഞ രണ്ട്‌ പഠനങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇതിനെല്ലാമുപരിയായി യൂറോപ്പിലും മറ്റ്‌ പടിഞ്ഞാറന്‍ നാടുകളിലും അടുത്തകാലത്ത്‌ രൂപപ്പെട്ട വലതുപക്ഷ തീവ്രനിലപാടുള്ള രാഷ്‌ട്രീയ കക്ഷികള്‍ പ്രശ്‌നം കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകള്‍ക്ക്‌ സാധൂകരണം നല്‌കുന്ന വിശകലന വിദഗ്‌ധരും പാർട്ടികളും മാധ്യമങ്ങളുമൊന്നിച്ചുകൊണ്ടുള്ള പ്രചാരണം ഇസ്‌ലാമിനെ രാക്ഷസവത്‌കരിക്കുന്നതിലും അതിലൂടെ ഒരുതരത്തിലുള്ള സാംസ്‌കാരിക വംശീയത സൃഷ്‌ടിച്ചുവെന്നും ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.

2004-ൽ ഐക്യരാഷ്‌ട്ര സംഘടന കോണ്‍ഫ്രണ്ടിങ്‌ ഇസ്‌ലാമോഫോബിയ: എഡ്യൂക്കേഷന്‍ ഫോർ ടോലറന്‍സ്‌ ആന്‍ഡ്‌ അണ്ടർസ്റ്റാന്റിങ്‌ എന്ന പേരിൽ ഒരു അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ്‌ വിളിച്ചു ചേർത്തിരുന്നു. പരമതനിന്ദയും പുച്ഛവും വെറുപ്പും പ്രചരിപ്പിക്കുന്നത്‌ ലോകസമാധാനത്തിനു തന്നെ ഭീഷണിയാണെന്ന്‌ പ്രസ്‌തുത കോണ്‍ഫറന്‍സിൽ യു.എന്‍. സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതുമൂലം സമൂഹങ്ങള്‍ തമ്മിലുള്ള അകൽച്ച കൂടുതൽ അപകടകരമായ വിധത്തിൽ വർധിച്ചിരിക്കുകയാണെന്നും സർവേ റിപ്പോർട്ടുകള്‍ മുന്നിൽവച്ചു കൊണ്ട്‌ യു.എന്‍. സമ്മേളനം വിലയിരുത്തി. ആയതിനാൽ ഈ വിഷയത്തിലുള്ള വസ്‌തുനിഷ്‌ഠവും യാഥാർഥ്യബോധത്തോടെയുമുള്ള സമീപനം ആഗോളസമൂഹവും നേതൃത്വവും സ്വീകരിക്കണമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു.

പലസ്‌തീന്‍ വിമോചന സംഘടനകളിൽ ചിലത്‌ കാലാകാലങ്ങളിൽ സ്വീകരിച്ച സമരമുറകളിൽ പലതും ഭീകരസ്വഭാവമുള്ളതായിരുന്നു. ഇതിനു പുറമെ 1989-ൽ സൽമാന്‍ റുഷ്‌ദിയുടെ സാത്താനിക്‌ വേഴ്‌സസ്‌ എന്ന നോവലിനെ സംബന്ധിച്ചുണ്ടായ ഖുമൈനിയുടെ വധാഹ്വാനവും തുടർന്ന്‌ പടിഞ്ഞാറന്‍ രാജ്യങ്ങളിൽ പ്രത്യേകിച്ചു ബ്രിട്ടനിൽ നടന്ന അക്രമോത്സുക പ്രതിഷേധങ്ങളുമെല്ലാം ചേർന്ന്‌ രൂപപ്പെട്ട രാഷ്‌ട്രീയ-സാമൂഹ്യപശ്ചാത്തലമാണ്‌ ഇങ്ങനെ ഒരു അവസ്ഥാവിശേഷത്തിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചത്‌. തുടർന്ന്‌ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ഗള്‍ഫ്‌ യുദ്ധങ്ങളും അതിനെ പ്രതിരോധിക്കാനെന്നപേരിൽ അൽഖ്വായിദപോലുള്ള ഭീകരപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളുമെല്ലാം ചേർന്ന്‌ രംഗം കൂടുതൽ വഷളാക്കി. 2005-ൽ പല യൂറോപ്യന്‍ നഗരങ്ങളിലും പ്രത്യേകിച്ച്‌ പാരിസിൽ നടന്ന ആഫ്രാ ഏഷ്യന്‍ വംശജരുടെ പരിധി വിട്ട പ്രതിഷേധ സമരങ്ങളുമെല്ലാം "ഇസ്‌ലാംഭീതി' ശക്തിപ്രാപിക്കുന്നതിനിടയാക്കി. 2005-ൽ ജില്ലന്റ്‌ പോസ്റ്റണ്‍ എന്ന ഡാനിഷ്‌ പത്രത്തിൽ വന്ന കാർട്ടൂണ്‍ സൃഷ്‌ടിച്ച വിവാദവും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം ആഗോള സമാധാനത്തിന്‌ ഭംഗം വരുത്തുന്നതായിരുന്നു. താരതമ്യേന കുടിയേറ്റ സൗഹൃദ അന്തരീക്ഷം ശക്തമായി നിലനിന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിൽപ്പോലും ഈ സംഭവവികാസങ്ങള്‍ ഇസ്‌ലാമോഫോബിയയ്‌ക്ക്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചു എന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സെപ്‌തംബർ 11-നുശേഷം പടിഞ്ഞാറന്‍ നാടുകളിൽ പ്രത്യേകിച്ചും അമേരിക്കയിൽ പള്ളികള്‍ മാത്രമല്ല മുസ്‌ലിം സാംസ്‌കാരികേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. ഇസ്‌ലാമിക ശൈലിയിൽ ഹിജാബ്‌ ധരിക്കുന്ന സ്‌ത്രീകള്‍ ഫ്രാന്‍സിലടക്കം ആക്രമണത്തിന്‌ വിധേയമായി. സിക്കുകാരായ തലപ്പാവ്‌ ധാരികള്‍ മുസ്‌ലിം എന്ന്‌ തെറ്റിദ്ധരിച്ചുകൊണ്ട്‌ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി. അങ്ങനെ ഇസ്‌ലാമും മുസ്‌ലിമുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ വരെ വെറുക്കപ്പെടേണ്ടതും തകർക്കപ്പെടേണ്ടതുമാണ്‌ എന്ന മനോഭാവം ശക്തിപ്പെടുകയും വ്യാപകമാവുകയും ചെയ്യുന്നു എന്നതാണ്‌ ഇതു സംബന്ധിച്ച്‌ ജോണ്‍ എസ്‌പൊസിറ്റോ, ആന്‍ഡ്രൂഷ്‌റയേക്ക്‌, ഫ്രഡ്‌ ഹാലിഡേ തുടങ്ങി കാരണ്‍ ആംസ്‌ട്രാങ്‌ വരെയുള്ള പണ്ഡിതരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

പടിഞ്ഞാറന്‍ നാടുകളിൽ മുസ്‌ലിംപള്ളികള്‍ പുതുതായി നിർമിക്കുന്നതിനെതിരെയുള്ള പ്രചാരണം ശക്തമാണ്‌. മുസ്‌ലിം സ്‌ത്രീകളുടെ വേഷം-ഹിജാബ്‌ വിവാദം ഫ്രാന്‍സടക്കം പല നാടുകളിലും നിയമനിർമാണത്തിലേക്ക്‌ വരെ കൊണ്ടെത്തിച്ചിരിക്കുകയാണ്‌. ഇങ്ങനെയൊരു സാഹചര്യം സംജാതമായതിൽ അൽഖ്വായിദ അടക്കമുള്ള ഭീകരസംഘടനകളും താലിബാന്‍ പോലുള്ള മിലീഷ്യകളും ഉത്തരാവാദികളാണ്‌. ഇസ്‌ലാമോഫോബിയ ഒരു കാഴ്‌ചപ്പാടും ലോകവീക്ഷണവുമായി രൂപപ്പെട്ടതിന്റെ അനന്തരഫലമാണ്‌ ഇന്ന്‌ ലോകം അഭിമുഖീകരിക്കുന്ന പല സങ്കീർണ പ്രശ്‌നങ്ങളും. ഈ സവിശേഷ സാഹചര്യത്തെ ഏകപക്ഷീയവും നിരുത്തരവാദപരവുമായ മാധ്യമപ്രവർത്തനങ്ങള്‍ പ്രത്യേകിച്ചും വാർത്താചാനലുകള്‍ വംശീയ വാദത്തിന്‌ സമാനമായ ഒരു പ്രതിഭാസമാക്കി മാറ്റിയിരിക്കുകയാണ്‌ എന്ന്‌ സിയാവുദ്ദീന്‍ സർദാറിനെപോലുള്ള മാധ്യമനിരീക്ഷകർ വിലയിരുത്തുന്നു. ഇതിനെല്ലാമുപരി "നാഗരികതകളുടെ സംഘട്ടനം', "ചരിത്രത്തിന്റെ അന്ത്യം', "നമുക്ക്‌ എവിടെ പിഴച്ചു' തുടങ്ങിയ പഠനങ്ങളിലൂടെ സാമുവൽ പി. ഹണ്ടിങ്‌ടന്‍, ഫ്രാന്‍സിസ്‌ ഫുക്കുയാമ, ബെർണാർഡ്‌ ലൂയിസ്‌ തുടങ്ങിയ അക്കാദമിക പണ്ഡിതന്മാരും "ഇസ്‌ലാംപേടി' വ്യാപിപ്പിക്കുന്നതിൽ തങ്ങളുടേതായ പങ്ക്‌ വഹിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിന്‌ ഐക്യരാഷ്‌ട്രസഭയടക്കമുള്ള ആഗോളവേദികള്‍ ഫലപ്രദമായി ഇടപെടുന്നുവെങ്കിലും പ്രശ്‌നം കൂടുതൽ സങ്കീർണവും അപകടകരവുമായിക്കൊണ്ടിരിക്കുകയാണ്‌, എന്നാണ്‌ വിദഗ്‌ധാഭിപ്രായം.

(അഷ്‌റഫ്‌ എ. കടയ്‌ക്കൽ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍