This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമിക ബാങ്കിംഗ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌ലാമിക ബാങ്കിംഗ്‌

Islamic Banking

ഇസ്‌ലാമിക തത്ത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബാങ്കിംഗ്‌ സംവിധാനം. പലിശ രഹിത ബാങ്കിംഗ്‌, ശരീഅഃ ബാങ്കിംഗ്‌, പങ്കാളിത്ത ബാങ്കിംഗ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. പലിശ നല്‍കുന്നതും കൊടുക്കുന്നതും, ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക്‌ വിരുദ്ധമായ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പണം നിക്ഷേപിക്കുന്നതും അതില്‍നിന്ന്‌ ലാഭം കൈപ്പറ്റുന്നതും ഇസ്‌ലാമില്‍ നിരോധിക്കപ്പെട്ട കാര്യമാണ്‌. ഈ തത്ത്വം അടിസ്ഥാനപ്പെടുത്തിയുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള ബാങ്കിംഗ്‌ സമ്പ്രദായമാണ്‌ പൊതുവേ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നറിയപ്പെടുന്നത്‌. പരമ്പരാഗത ബാങ്കുകളുടേതുപോലെ ധനസമാഹരണവും ധനവിനിയോഗവുമാണ്‌ ഇസ്‌ലാമിക ബാങ്കുകളും നിര്‍വഹിക്കുന്നത്‌. എന്നാല്‍ പരമ്പരാഗത ബാങ്കുകള്‍ പലിശ ഈടാക്കിയും നല്‍കിയുമാണ്‌ ഇത്‌ നിര്‍വഹിക്കുന്നതെങ്കില്‍ ഇസ്‌ലാമിക ബാങ്കുകള്‍ ലാഭ-നഷ്‌ട പങ്കാളിത്തമാണ്‌ അടിസ്ഥാനമായി സ്വീകരിക്കുന്നത്‌.

കോളനിയാനന്തര ലോകക്രമത്തില്‍ സാമ്പത്തിക ഇടപാടുകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായി മാറിയ ആധുനിക ബാങ്കുകള്‍ പലിശ അധിഷ്‌ഠിതമാക്കിയാണ്‌ പ്രവര്‍ത്തിച്ചുവന്നത്‌. അതേ സമയം, പലിശ സ്വീകരിക്കരുത്‌, നല്‍കരുത്‌ അതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ പങ്കാളിയാവരുത്‌ എന്ന ഇസ്‌ലാമിക കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചുപോന്ന ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്ക്‌ ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്താതെ തങ്ങളുടെ വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നു. ഇത്‌ മുസ്‌ലിം സമൂഹത്തില്‍ വലിയ പ്രതിസന്ധികള്‍ക്കു കാരണമായി. ഈ വിഷമ വൃത്തത്തില്‍ നിന്നാണ്‌ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ എന്ന ആശയം ഉയര്‍ന്നു വന്നത്‌. 1940-കള്‍ മുതല്‍ അറുപതുകള്‍ വരെയുള്ള ഘട്ടം ഇസ്‌ലാമിക്‌ ബാങ്കിംഗുമായി ബന്ധപ്പെട്ട സൈദ്ധാന്തിക വ്യവഹാരങ്ങളുടേതായിരുന്നു. അന്‍വര്‍ ഖുറൈശി (1946), നഈം സിദ്ധീഖി (1948), മഹ്‌മൂദ്‌ അബ്ബാസ്‌ (1952) എന്നിവരുടെ രചനകളില്‍ ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ എന്ന ആശയം ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട്‌ സയ്യിദ്‌ മൗദൂദി ഈ ആശയത്തെ കൂടുതല്‍ വിസ്‌തൃതമാക്കിക്കൊണ്ടുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു. മുഹമ്മദ്‌ ഹമീദുല്ല, അബ്‌ദുല്ല അല്‍ അറബി, നജാത്തുല്ലാ സിദ്ധീഖി, ബാഖിര്‍ സദ്‌ര്‍ എന്നിവര്‍ പിന്നീട്‌ ഇസ്‌ലാമിക ബാങ്കിംഗിനെയും ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രത്തെയും അക്കാദമികമായി വിപുലപ്പെടുത്തി.

മുദാറബ, മുശാറക, മുറാബഹ, ഇജാറ തുടങ്ങിയ പ്രധാന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്‌.

മുദാറബ. ഉത്‌പാദനത്തിന്റെ മുഖ്യ ഘടകങ്ങളായി കണക്കാക്കുന്ന മൂലധനവും സംരംഭകത്വവും തമ്മിലുള്ള സംയോജനമാണ്‌ മുദാറബ. അതായത്‌, മൂലധന ഉടമയും സംരംഭകനും തമ്മില്‍ പരസ്‌പര പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുന്ന ബിസിനസ്‌ ഉടമ്പടിയാണ്‌ മുദാറബ. മുദാറബ തത്ത്വ പ്രകാരമുള്ള ബാങ്കിടപാടുകളില്‍ മൂന്ന്‌ കക്ഷികളാണുണ്ടാവുക. ഒന്ന്‌ ബാങ്കില്‍ പണമിടുന്ന നിക്ഷേപകന്‍, രണ്ട്‌ നിക്ഷേപകനും സംരംഭകനുമിടയില്‍ മധ്യവര്‍ത്തിയായ ബാങ്ക്‌, മൂന്ന്‌ ബാങ്കില്‍ നിന്നുള്ള വായ്‌പ ഉപയോഗപ്പെടുത്തുന്ന സംരംഭകന്‍. ഒരു വശത്ത്‌ ബാങ്കും നിക്ഷേപകനും തമ്മിലും മറുവശത്ത്‌ ബാങ്കും സംരംഭകനും തമ്മിലും ഒരു കരാറില്‍ ഏര്‍പ്പെടുന്നു. ബാങ്കില്‍ നിന്ന്‌ കടമെടുത്ത്‌ സംരംഭം നടത്തുന്നയാള്‍ ലഭിക്കുന്ന ലാഭം 60:40 എന്ന അനുപാതത്തില്‍ ബാങ്കുമായി പങ്കിടണം എന്നാണ്‌ കരാര്‍; ബാങ്കില്‍ പണം നിക്ഷേപിക്കുന്നയാളും ബാങ്കും തമ്മില്‍ ബാങ്കിന്‌ ലഭിക്കുന്ന ലാഭവിഹിതം 50:50 അനുപാതത്തില്‍ പങ്കിടണം. കരാര്‍ പ്രകാരം ബാങ്കിന്‌ ലഭിക്കുന്നതും അതിന്റെ വിഹിതത്തില്‍നിന്ന്‌ നിക്ഷേപകന്‌ കൊടുക്കേണ്ട സംഖ്യയും തമ്മിലുള്ള വ്യത്യാസമായിരിക്കും ബാങ്കിന്റെ ലാഭം. നഷ്‌ടമുണ്ടായാല്‍ അതും ഇതേ സ്വഭാവത്തില്‍ പങ്കിടുന്നുവെന്നതാണ്‌ ഇസ്‌ലാമിക ബാങ്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. ധാര്‍മികവും ഉത്തരവാദിത്തപൂര്‍ണവുമായ സംരംഭകത്വം പ്രാത്സാഹിപ്പിക്കപ്പെടുന്നുവെന്നതാണ്‌ ഈ രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട മെച്ചം. മുശാറക. മൂലധനമിറക്കുന്നതിലും ബിസിനസ്‌ നടത്തിപ്പിലും ബാങ്കും സംരംഭകനും ഒന്നിച്ച്‌ പങ്കാളികളാകുന്ന കരാറാണ്‌ മുശാറക. മുശാറക രീതിയില്‍ ബാങ്കും സംരംഭകനും നേരത്തേ തീരുമാനിച്ചതിനനുസരിച്ച്‌ അവരിറക്കിയ മൂലധനത്തിന്‌ ആനുപാതികമായി ലാഭനഷ്‌ടങ്ങള്‍ പങ്കിടുന്നു.

മുറാബഹ. മെഷിനറിയോ തൊഴിലുപകരണമോ മറ്റെന്തെങ്കിലും ചരക്കോ വാങ്ങാനാഗ്രഹിക്കുന്ന വ്യക്തി ഈയാവശ്യാര്‍ഥം ബാങ്കുമായുണ്ടാക്കുന്ന കരാറാണിത്‌. ഈ കരാര്‍ പ്രകാരം വ്യക്തിക്ക്‌ വേണ്ടി ബാങ്ക്‌ വാങ്ങുന്ന വസ്‌തു, ഒരു നിശ്ചിത ശതമാനം ലാഭമെടുത്ത്‌ വ്യക്തിക്ക്‌ തിരിച്ചു വില്‍ക്കാനുള്ള അവകാശം ബാങ്കിന്‌ ലഭിക്കുന്നു. ഇടപാടുകാരന്‌ ഈ സംഖ്യ ഒന്നിച്ചോ ഗഡുക്കളായോ തന്റെ സംരംഭം മുന്നോട്ടു പോകുന്ന മുറയ്‌ക്ക്‌ തിരിച്ചടയ്‌ക്കാം.

ഇജാറ അഥവാ പാട്ടക്കരാര്‍. മെഷീന്‍, വാഹനം, വീട്‌ എന്നിവ സ്വന്തമാക്കാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക്‌ നിശ്ചിത കാലാവധിക്ക്‌ അത്‌ പാട്ടത്തിന്‌ നല്‍കുന്ന സമ്പ്രദായമാണിത്‌. പാട്ടക്കാലാവധി തീരുന്ന മുറയ്‌ക്ക്‌ നിശ്ചിത വില നല്‍കി വ്യക്തിക്ക്‌ അത്‌ സ്വന്തമാക്കുകയോ അല്ലെങ്കില്‍ ബാങ്കിന്‌ തിരിച്ചെടുക്കുകയോ ചെയ്യാം. പൊതുവേ ഇസ്‌ലാമിക ബാങ്കുകള്‍ അവലംബിക്കുന്ന രീതികളാണിത്‌. ഇതുകൂടാതെ ഓരോ ബാങ്കും അവരുടേതായ വ്യത്യസ്‌തമായ രീതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കാറുണ്ട്‌. ബാങ്കിന്റെ നടത്തിപ്പ്‌ ഇസ്‌ലാമിക ശരീഅത്തിന്‌ അനുസരിച്ചാണോ എന്ന്‌ നിരീക്ഷിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും "ശരീഅഃ ബോര്‍ഡു'കള്‍ ഉണ്ടായിരിക്കും. ശരീഅഃ ബോര്‍ഡിന്റെ അംഗീകാരത്തിനു ശേഷം മാത്രമേ സ്‌കീമുകള്‍ നടപ്പാക്കപ്പെടുകയൂള്ളൂ.

1970-ല്‍ കറാച്ചിയില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനം, 1976-ല്‍ മെക്കയില്‍ നടന്ന പ്രഥമ അന്താരാഷ്‌ട്ര ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനം, 1977-ല്‍ ലണ്ടനില്‍ ചേര്‍ന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനം എന്നിവ ഇസ്‌ലാമിക ബാങ്കിംഗ്‌ മേഖലയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. ക്വാലാലമ്പൂര്‍, ധാക്ക, ബഹ്‌റൈന്‍, കെയ്‌റോ, സൊകോട്ടോ (നൈജീരിയ), ലണ്ടന്‍, ന്യൂയോര്‍ക്ക്‌, തൂനിസ്‌, ജനീവ എന്നിവിടങ്ങളിലായി നടന്ന ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്ര സമ്മേളനങ്ങളും ശില്‌പശാലകളും ശ്രദ്ധേയ സംഭാവനകള്‍ നല്‍കുകയുണ്ടായി. ആധുനിക അര്‍ഥത്തിലുള്ള ആദ്യത്തെ ഇസ്‌ലാമിക ബാങ്ക്‌ ആയി പരിഗണിക്കപ്പെടുന്നത്‌ 1963-ല്‍ ഈജിപ്‌ഷ്യന്‍ പട്ടണമായ മിത്‌ ഗമറില്‍, അഹ്‌മദ്‌ അല്‍നജ്ജാര്‍ തുടങ്ങിയ "മിത്‌ ഗമര്‍ ബാങ്ക്‌' ആണ്‌. ഇസ്‌ലാമിക സംരംഭങ്ങളോട്‌ ഭരണകൂടം കടുത്ത നിഷേധാത്മക നിലപാട്‌ സ്വീകരിച്ചിരുന്നതിനാല്‍ പേരില്‍ ഇസ്‌ലാമിക ധ്വനികള്‍ സ്വീകരിക്കാതെയാണ്‌ പ്രസ്‌തുത ബാങ്ക്‌ തുടങ്ങിയത്‌. 1967-ല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു. 1963-ല്‍ മലേഷ്യയില്‍ തുടങ്ങിയ "തബ്ബുംഗ്‌ ഹാജി ഫൈനാന്‍സ്‌ കോര്‍പ്പറേഷന്‍' ആണ്‌ ഈ രംഗത്തെ മറ്റൊരു സംരംഭം. ഹജ്ജിന്‌ പോകാന്‍ ആഗ്രഹിക്കുന്നവരില്‍നിന്നും സമ്പാദ്യം സ്വീകരിക്കുകയും ഹജ്ജ്‌ യാത്രയ്‌ക്ക്‌ അവസരമൊരുക്കുകയും ചെയ്യുക എന്ന സേവനം മാത്രമാണ്‌ ഈ സ്ഥാപനം നിര്‍വഹിച്ചത്‌. 1973-ല്‍ ഫിലിപ്പീന്‍സ്‌ തലസ്ഥാനമായ മനിലയില്‍ തുടങ്ങിയ "ഫിലിപ്പീന്‍ അമാനാ ബാങ്ക്‌' മറ്റൊരു പ്രധാന സംരംഭമാണ്‌. ഫിലിപ്പീന്‍ പ്രസിഡന്റ്‌ ഫെര്‍ഡിനന്റ്‌ മാര്‍ക്കോസിന്റെ പ്രത്യേക ഉത്തരവ്‌ പ്രകാരം സ്ഥാപിതമായ ബാങ്ക്‌ 1989-ല്‍ "അല്‍ അമാന ഇസ്‌ലാമിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്ക്‌' എന്ന പുതിയ പേര്‌ സ്വീകരിച്ചു.

1973-ല്‍ ജിദ്ദ ആസ്ഥാനമായി ഇസ്‌ലാമിക്‌ ഡെവലപ്‌മെന്റ്‌ ബാങ്കും (ഐ.ഡി.ബി) അതേ വര്‍ഷം തന്നെ ദുബൈ ഇസ്‌ലാമിക്‌ ബാങ്കും സ്ഥാപിതമായി. പൂര്‍ണ സജ്ജമായതും കോര്‍പ്പറേറ്റ്‌ സ്വഭാവത്തിലുള്ളതുമെന്ന നിലയ്‌ക്ക്‌ ഇസ്‌ലാമിക്‌ ബാങ്കുകളുടെ ചരിത്രത്തില്‍ ഈ രണ്ട്‌ സ്ഥാപനങ്ങളുടെയും തുടക്കം വളരെ നിര്‍ണായകമാണ്‌. 1973 ഡിസംബര്‍ 18-ന്‌ ഇസ്‌ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഒഫ്‌ ഇസ്‌ലാമിക്‌ കോണ്‍ഫറന്‍സ്‌; ഇപ്പോള്‍ ഓര്‍ഗനൈസേഷന്‍ ഒഫ്‌ ഇസ്‌ലാമിക്‌ കോര്‍പ്പറേഷന്‍) സംഘടിപ്പിച്ച ഇസ്‌ലാമിക ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ്‌ ഐ.ഡി.ബി സ്ഥാപിതമാവുന്നത്‌. ഒ.ഐ.സിയിലെ 56 അംഗരാജ്യങ്ങളുടെയും പൊതു ഉടമസ്ഥതയിലാണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌. മുസ്‌ലിം രാജ്യങ്ങളിലെ വികസന പ്രക്രിയയില്‍ ഇന്ന്‌ ഐ.ഡി.ബി നിര്‍ണായക പങ്ക്‌ വഹിക്കുന്നു. 62 ശാഖകളുള്ള യു.എ.ഇയിലെ ദുബൈ ഇസ്‌ലാമിക്‌ ബാങ്ക്‌ (ഡി.ഐ.ബി) രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ബാങ്ക്‌ ആണ്‌. ഡി.ഐ.ബി പാകിസ്‌താന്‍ എന്ന പേരില്‍ പാകിസ്‌താനില്‍ ബാങ്കിന്റെ 35 ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന്‌ ലോകത്ത്‌ എല്ലാ മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കൂടാതെ അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ഫ്രാന്‍സ്‌ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്കുകള്‍ സജീവമാണ്‌. ഗ്രീന്‍ലേയ്‌സ്‌, സിറ്റി ബാങ്ക്‌, ചേസ്‌ മാന്‍ഹാട്ടന്‍, എച്ച്‌.ഡി.എഫ്‌.സി തുടങ്ങി ലോകത്തെ പല പരമ്പരാഗത ബാങ്കുകളും ഇന്ന്‌ ഇസ്‌ലാമിക്‌ ബാങ്കിംഗിനായി പ്രത്യേക ജാലകങ്ങള്‍ (വിന്‍ഡോസ്‌) ആരംഭിച്ചിട്ടുമുണ്ട്‌. പലയിനം ഇസ്‌ലാമിക്‌ മ്യൂച്വല്‍ ഫണ്ടുകളും ഇന്ന്‌ അന്താരാഷ്‌ട്ര ധനവിപണിയില്‍ ലഭ്യമാണ്‌. ഇന്ന്‌ 400 സ്ഥാപനങ്ങളിലായി ആയിരം ബില്യന്‍ യു.എസ്‌ ഡോളറിന്റെ ആസ്‌തി (2010) ഇസ്‌ലാമിക ബാങ്കുകള്‍ക്ക്‌ ഉണ്ട്‌ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഇന്ത്യയില്‍ ഇസ്‌ലാമിക ബാങ്കിംഗിന്‌ നിയമപ്രാബല്യമില്ല. എങ്കിലും പലിശ രഹിത ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലും ചെറിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബാങ്കിംഗ്‌ ഇതര സാമ്പത്തിക സ്ഥാപനങ്ങള്‍ (നോണ്‍ ബാങ്കിംഗ്‌ ഫിനാന്‍ഷ്യല്‍ കമ്പനി-എന്‍.ബി.എഫ്‌.സി) എന്ന ഗണത്തില്‍ പെടുത്തിയാണ്‌ ഇന്ത്യയില്‍ ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മസ്‌ജിദ്‌ കമ്മറ്റികള്‍ക്ക്‌ കീഴിലും മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലും പ്രാദേശിക പലിശ രഹിത വായ്‌പാ-നിക്ഷേപ നിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2000 മുതല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍നേറ്റീവ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ആന്‍ഡ്‌ ക്രഡിറ്റ്‌സ്‌ ലിമിറ്റഡ്‌ (എ.ഐ.സി.എല്‍) ആണ്‌ ഇന്ത്യയിലെ ഇസ്‌ലാമിക്‌ എന്‍.ബി.എഫ്‌.സികളില്‍ ശ്രദ്ധേയം. ഇന്ത്യയിലെ ബാങ്കിംഗ്‌ മേഖലയില്‍ ആവശ്യമായ പരിഷ്‌കരണങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ 2008-ല്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ നിയോഗിച്ച രഘുറാം രാജന്‍ കമ്മറ്റി ഇസ്‌ലാമിക ബാങ്കിംഗ്‌ ഇന്ത്യയില്‍ ആരംഭിക്കണമെന്ന്‌ ശിപാര്‍ശ ചെയ്യുകയുണ്ടായി.

(സി. ദാവൂദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍