This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌മത്ത്‌ ചുഗ്‌ത്തായി (1925 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌മത്ത്‌ ചുഗ്‌ത്തായി (1925 - 91)

ഉര്‍ദു കഥാകര്‍ത്ത്രി. ചെറുകഥ, നോവല്‍, നാടകം എന്നീ മൂന്നു സാഹിത്യരൂപങ്ങള്‍ക്കും പുരോഗമനസാഹിത്യകാരിയായ ചുഗ്‌ത്തായി തന്റേതായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ജോധ്‌പൂരില്‍ ജനിച്ച ഇസ്‌മത്ത്‌ അലിഗഢില്‍ വിദ്യാഭ്യാസം നടത്തി. നിരീശ്വരവാദിയായിരുന്ന പിതാവിന്റെയും എല്ലാ മതങ്ങളെയും ഒരുപോലെ ആദരിച്ചിരുന്ന മാതാവിന്റെയും ചിന്താഗതികള്‍ കുട്ടിക്കാലത്തുതന്നെ ഇവരെ സ്വാധീനിച്ചിരുന്നു. ഉര്‍ദുവിലെ ഹാസസാഹിത്യകാരനായ മൂത്തസഹോദരന്‍ അസിംബേഗ്‌ ചുഗ്‌ത്തായിയുടെയും സ്വാധീനം ഇസ്‌മത്തില്‍ ദര്‍ശിക്കാം. കുട്ടിയായിരിക്കുമ്പോള്‍ ഇസ്‌മത്തിനു ഹിന്ദുമതത്തോട്‌ ആത്മബന്ധമുണ്ടായിരുന്നു. വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ത്തന്നെ കഥകള്‍ എഴുതിത്തുടങ്ങിയ ഇവര്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍മൂലം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. ""ആദ്യമായി ഞാന്‍ ഒരു മനുഷ്യസ്‌ത്രീയും പിന്നീട്‌ ഒരു ഇന്ത്യാക്കാരിയും അതിനുശേഷം മാത്രം ഒരു മുസ്‌ലിം സ്‌ത്രീയുമാണ്‌ എന്ന്‌ ഒരിക്കല്‍ ഇസ്‌മത്ത്‌ പറയുകയുണ്ടായി. ഇസ്‌മത്തിന്റെ ആദ്യകാല കഥകളില്‍ ഫ്രായ്‌ഡിയന്‍ മനഃശാസ്‌ത്രത്തിന്റെ സ്വാധീനം പ്രകടമാണ്‌. ഫ്രായ്‌ഡിന്റെ മനഃശാസ്‌ത്രവിശ്ലേഷണ രീതിയെ അടിസ്ഥാനമാക്കി ഇവര്‍ രചിച്ച ചില കഥകള്‍ അശ്ലീല രചനകളെന്ന ആക്ഷേപത്തിനു കാരണമാകുകയുമുണ്ടായി. ഇസ്‌മത്തിന്റെ ആത്മകഥ വളരെ കോളിളക്കം സൃഷ്‌ടിച്ച കൃതിയാണ്‌.

1936-ല്‍ ഉദയം ചെയ്‌ത പുരോഗമന സാഹിത്യ പ്രസ്ഥാനവുമായി അടുത്തിടപഴകിയ എഴുത്തുകാരിയായിരുന്നു ഇസ്‌മത്ത്‌ ചുഗ്‌ത്തായി. സ്വാതന്ത്യ്രപ്രാപ്‌തിക്കു മുമ്പും പിമ്പും ഉര്‍ദുസാഹിത്യത്തില്‍ ആധിപത്യം പുലര്‍ത്തിയ സജ്ജാദ്‌ സഹീര്‍, അഹമ്മദ്‌ അലി, റഷീദ്‌ ജഹാന്‍, കൃഷന്‍ ചന്ദര്‍, രജീന്ദ്രസിംഹ്‌ ബേദി, ഖുറത്തുല്‍ അയിന്‍ ഹൈദര്‍ എന്നിവരുടെ നിരയിലാണ്‌ ഇസ്‌മത്തിന്റെയും സ്ഥാനം. ഫ്യൂഡല്‍ മൂല്യങ്ങളെയും സാമൂഹികദുരാചാരങ്ങളെയും എതിര്‍ത്തവരാണ്‌ പുരോഗമന സാഹിത്യകാരന്മാര്‍. 1939-ല്‍ പ്രസിദ്ധീകരിച്ച ഇസ്‌മത്തിന്റെ ഫസാദ്‌ (കലഹം) എന്ന പ്രശസ്‌ത നാടകത്തില്‍ പുരോഗമന സാഹിത്യത്തിന്റെ സ്വാധീനം കാണാം. ടേ ഢീ ലക്കീര്‍ (വക്രരേഖ) എന്ന ഉജ്ജ്വല നോവല്‍ ഇവര്‍ക്ക്‌ ഈ പ്രസ്ഥാനത്തില്‍ ഉന്നതമായ സ്ഥാനം നേടിക്കൊടുക്കാന്‍ പര്യാപ്‌തമായി. സാമൂഹിക വിലക്കുകള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട്‌ സ്വാതന്ത്യ്രത്തിലേക്കു പ്രയാണം ചെയ്യുന്ന ഇടത്തരക്കാരില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ്‌ 1947-ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ വിഷയം. പഴയ സാമൂഹികസംവിധാനത്തിന്റെ വൈരുധ്യങ്ങളും ക്രൂരതകളും ഇസ്‌മത്ത്‌ നിര്‍ദാക്ഷിണ്യം വരച്ചുകാട്ടുന്നുണ്ട്‌ ഈ നോവലില്‍.

നടുക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളുടെ ചിത്രണമാണ്‌ ഈ കഥാകാരിയെ ശ്രദ്ധേയയാക്കിയത്‌. മുസ്‌ലിംസ്‌ത്രീകളുടെ ആന്തരിക ജീവിതം വര്‍ണിക്കുക വഴി ഇവര്‍ക്ക്‌ ആദ്യകാലത്ത്‌ വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. പര്‍ദേ കേ പീഛേ, ലിഫാഫ്‌ ഗംദാ, ഖിദ്‌മത്ത്‌ഗാര്‍ ഇവ ചുഗ്‌ത്തായിയുടെ സത്യനിഷ്‌ഠമായ കഥകളാണ്‌. തന്മൂലം വിപ്ലവകാരിയായ കഥാകര്‍ത്ത്രിയായി ഇവര്‍ അറിയപ്പെട്ടു. കലിയാം, ചോട്ടോ, ഏക്‌ബാത്ത്‌, ഛുയിമൂയി, ദോ ഹാത്ത്‌ എന്നിവയാണ്‌ ഇവരുടെ പ്രശസ്‌തങ്ങളായ കഥാസമാഹാരങ്ങള്‍. ശക്തമായ സംഭാഷണങ്ങളും ഒഴുക്കുള്ള ഭാഷയും ഇവരുടെ പ്രത്യേകതകളാണ്‌. കലാനൈപുണിയും അവതരണ സങ്കേതങ്ങളുംകൊണ്ട്‌ ഇവരുടെ കഥകള്‍ ആകര്‍ഷകമാകുന്നു. സ്‌ത്രീകളുടെ സാമൂഹിക സ്വാതന്ത്യ്രം യാഥാര്‍ഥ്യമാക്കുന്നതിന്‌ ഇസ്‌മത്ത്‌ നിരന്തരം എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. ഇസ്‌മത്ത്‌ ചുഗ്‌ത്തായിയുടെ ആദ്യകാല രചനകളെ കെ.എ. അബ്ബാസ്‌ സ്വാതന്ത്യ്രസമരത്തിന്റെ യഥാര്‍ഥചിത്രം എന്നാണ്‌ വിശേഷിപ്പിച്ചത്‌. പില്‌ക്കാല രചനകളെ സ്വാതന്ത്യ്രാനന്തര ഭാരതത്തിന്റെ യഥാര്‍ഥ ചിത്രം എന്നും വിശേഷിപ്പിക്കാം. 1991 ഒ. 24-ന്‌ ഇസ്‌മത്ത്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍