This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ത്രീയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌ത്രീയ

Istria

യൂറോപ്പ്‌ വന്‍കരയില്‍ ട്രീയെസ്റ്റ്‌, ക്വാര്‍ണീറോ എന്നീ ഉള്‍ക്കടലുകള്‍ക്കിടയ്‌ക്ക്‌ എഡ്രിയാറ്റിക്‌ കടലിലേക്ക്‌ ഉന്തിനില്‌ക്കുന്ന ഉപദ്വീപ്‌. എഡ്രിയാറ്റിക്കിലെ ഏറ്റവും വലിയ ഉപദ്വീപാണ്‌ ഇസ്‌ത്രീയ. സ്ലോവ്‌, ഇറ്റാലിയന്‍, ക്രായേഷ്യന്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അധിവസിക്കുന്ന ഈ ഭൂഭാഗം ക്രായേഷ്യ, ഇറ്റലി, സ്ലോവേനിയ എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇസ്‌ത്രീയയുടെ വിസ്‌തീര്‍ണം 3984 ച.കി.മീ. ആണ്‌.

ഇസ്‌ത്രീയയില്‍ ജനവാസം ആരംഭിച്ചത്‌ ബി.സി. രണ്ടാം ശതകത്തിലാണ്‌. ബി.സി. 177-ല്‍ ഈ പ്രദേശം റോമാക്കാര്‍ കൈവശപ്പെടുത്തി. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന്‌ കുറേക്കാലം ഇസ്‌ത്രീയ ബൈസാന്തിയന്‍ ചക്രവര്‍ത്തിമാരുടെ നാമമാത്രഭരണത്തിന്‍കീഴില്‍ കഴിഞ്ഞു. ലൊംബാര്‍ഡുകള്‍, ഗോത്തുകള്‍ എന്നീ ഗോത്രക്കാര്‍ ഈ പ്രദേശം കൈയടക്കിയതിനും രേഖകളുണ്ട്‌. തുടര്‍ന്ന്‌ ഫ്രാങ്കുകളുടെ അധീനതയിലായ ഇസ്‌ത്രീയ 10-ാം ശതകത്തില്‍ ആസ്‌ട്രിയയ്‌ക്കും വെനീസിനുമായി പങ്കുവയ്‌ക്കപ്പെട്ടു. 1797-ലും 1815-ലും ഉണ്ടായ ഉടമ്പടികളുടെ ഫലമായി വെനീസിന്റെ കൈവശത്തിലായിരുന്ന ഭാഗംകൂടി ആസ്‌ട്രിയയ്‌ക്ക്‌ അധീനമായി. ഒന്നാം ലോകയുദ്ധത്തിനു മുമ്പുള്ള കരാറുകള്‍ പാലിക്കപ്പെട്ട്‌ 1920-ല്‍ ഇറ്റലിയുടെ വകയായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ജര്‍മന്‍സേനയെ ഒഴിപ്പിച്ച്‌ യുഗോസ്ലാവിയ ഈ ഭാഗം കൈവശപ്പെടുത്തി. യുഗോസ്ലാവിയയുടെ വിഘടനത്തെ(1991)ത്തുടര്‍ന്ന്‌ ക്രായേഷ്യ, ഇറ്റലി, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ ഈ ഭൂഭാഗം പങ്കിട്ടെടുത്തു. ഇസ്‌ത്രീയയുടെ തീരത്ത്‌ ധാരാളം സുഖവാസകേന്ദ്രങ്ങളുണ്ട്‌.

ഇസ്‌ത്രീയ ഉപദ്വീപിന്റെ 89 ശതമാനവും ക്രായേഷ്യയിലാണ്‌ സ്ഥിതിചെയ്യുന്നത്‌; ക്രായേഷ്യന്‍ ഇസ്‌ത്രീയ എന്നറിയപ്പെടുന്ന ഇവിടം രണ്ടു പ്രദേശങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പശ്ചിമ ക്രായേഷ്യയിലെ ഇസ്‌ത്രീയ കൗണ്ടിയാണ്‌ ഇതില്‍ പ്രമുഖമായിട്ടുള്ളത്‌. ഇസ്‌ത്രീയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗം സ്ലൊവേനിയയില്‍ സ്ഥിതിചെയ്യുന്നു. സ്ലൊവേനിയന്‍ ഇസ്‌ത്രീയ എന്നറിയപ്പെടുന്ന ഇവിടെ അനേകം തീരദേശ മുനിസിപ്പാലിറ്റികളുണ്ട്‌. ഇസ്‌ത്രീയയുടെ നന്നേ ചെറിയ ഭാഗം മാത്രമാണ്‌ ഇറ്റലിയിലുള്ളത്‌. മഗ്ഗിയ, സാന്‍ ഡോര്‍ ലിഗോ ഡെല്ലാ വല്ലേ എന്നീ കമ്മ്യൂണുകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഈ പ്രദേശം. കാര്‍ഷികമേഖലയായ ഇസ്‌ത്രീയയിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷീവലന്മാരാണ്‌. ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ഒലിവെച്ച, വീഞ്ഞ്‌ തുടങ്ങിയവയും ഗവ്യവസ്‌തുക്കള്‍, വിറക്‌ എന്നിവയുമാണ്‌ പ്രധാന ഉത്‌പന്നങ്ങള്‍. ആലം, ബോക്‌സൈറ്റ്‌, കല്‍ക്കരി, മാര്‍ബിള്‍, രസം, ഉപ്പ്‌ എന്നീ ധാതുക്കള്‍ സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു. ഇസ്‌ത്രീയയുടെ തീരങ്ങളില്‍ മത്സ്യബന്ധനം വികസിച്ചിട്ടുണ്ട്‌. ഉത്‌പന്നങ്ങള്‍ ഏറിയകൂറും കയറ്റുമതിച്ചരക്കുകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍