This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌തിരിപ്പെട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌തിരിപ്പെട്ടി

ഇസ്‌തിരിപ്പെട്ടി

വസ്‌ത്രങ്ങള്‍ ഇസ്‌തിരിക്കിടാന്‍ ഉപയോഗിക്കുന്ന ഒരുപകരണം. ഇതിനു തേപ്പുപെട്ടി എന്നും പേരുണ്ട്‌. വസ്‌ത്രങ്ങള്‍ അലക്കി ഉണക്കിയെടുക്കുമ്പോള്‍ പൊതുവേ ചുക്കിച്ചുളിഞ്ഞിരിക്കുന്നതായി കാണാം. നിവര്‍ന്നു നില്‌ക്കുന്ന നാരുകള്‍ അമര്‍ത്തി ചുളിവുകള്‍ നിവര്‍ത്തിയെടുത്താല്‍ വസ്‌ത്രങ്ങള്‍ക്ക്‌ ശോഭയും മിനുസവും ഭംഗിയുമുണ്ടാകും. ആദ്യകാലങ്ങളില്‍ കൈപ്പത്തികൊണ്ടോ, മിനുസമുള്ള മരക്കഷണം, കല്ല്‌ മുതലായവകൊണ്ടോ വസ്‌ത്രങ്ങള്‍ അമര്‍ത്തി തേച്ചുമിനുക്കിയെടുത്തിരുന്നു. ഓര്‍ക്ക്‌നെ ദ്വീപുകളില്‍ മിനുസമുള്ള കല്ലുപയോഗിച്ച്‌ ഇസ്‌തിരിയിടുന്ന രീതി 1880 വരെ നിലനിന്നിരുന്നു. തേയ്‌ക്കുമ്പോള്‍ വസ്‌ത്രത്തില്‍ അല്‌പം ഈര്‍പ്പമുണ്ടായാല്‍ കൂടുതല്‍ കാര്യക്ഷമമായി ചുളിവുകള്‍ നിവര്‍ത്തി മിനുസപ്പെടുത്തിയെടുക്കാന്‍ കഴിയും. അലക്കിയ വസ്‌ത്രത്തിലെ നനവ്‌ ചൂടുകൊണ്ട്‌ ആവിയായിപ്പോകുന്നതോടെ വസ്‌ത്രം മിനുസപ്പെടുന്നു. ഇസ്‌തിരിയിടാനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഭാരവും വസ്‌ത്രം മിനുസപ്പെടാന്‍ സഹായിക്കുന്നതാണ്‌. ഇരുമ്പുകൊണ്ടു നിര്‍മിച്ച ഇസ്‌തിരിപ്പെട്ടി മധ്യകാലഘട്ടത്തിലാണ്‌ പ്രചാരത്തില്‍ വന്നത്‌.

വെള്ളോട്‌, ഉരുക്ക്‌ മുതലായ ലോഹങ്ങള്‍കൊണ്ടാണ്‌ സാധാരണയായി ഇസ്‌തിരിപ്പെട്ടി നിര്‍മിക്കാറുള്ളത്‌. കരിയിട്ടു കത്തിക്കുന്നതരം ഇസ്‌തിരിപ്പെട്ടികളുടെ മുകള്‍ഭാഗത്ത്‌ മരപ്പിടിയോടുകൂടിയതും തുറക്കാവുന്നതുമായ ഒരു അടപ്പ്‌ ഉണ്ടായിരിക്കും; അടിഭാഗം നല്ല മിനുസമുള്ളതായിരിക്കും. വായു അകത്തു പ്രവേശിക്കുന്നതിനും കരി കത്തുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ അകത്തുനിന്ന്‌ പുറത്തുപോകുന്നതിനും ഇസ്‌തിരിപ്പെട്ടിയുടെ ഇരുവശത്തും ദ്വാരങ്ങളുണ്ട്‌. പെട്ടിയുടെ അടപ്പ്‌ തുറന്ന്‌ ആദ്യം തീക്കനലുകളും അതിനുമുകളിലായി ചിരട്ടക്കരി, കല്‍ക്കരി എന്നിവയിലൊന്നും ഇട്ടശേഷം അടപ്പു മൂടുന്നു. കേരളത്തില്‍ ചിരട്ടക്കരിയാണ്‌ അധികവും ഉപയോഗിക്കാറ്‌; ചൂടധികം വേണ്ടപ്പോള്‍ പെട്ടിക്കകത്തുവച്ചുതന്നെ ചിരട്ട കത്തിക്കുന്നതും സാധാരണമാണ്‌. പെട്ടിയുടെ അടിഭാഗം പാകത്തിന്‌ ചൂടായാല്‍ വസ്‌ത്രങ്ങള്‍ ഇസ്‌തിരിക്കിടുന്നു. ഇസ്‌തിരിക്കിടല്‍ തീരുമ്പോള്‍ പെട്ടിക്കകത്തെ കനലുകളും വെച്ചീറും എടുത്തുകളഞ്ഞ്‌ വൃത്തിയാക്കുന്നു. ഇന്ന്‌ വൈദ്യുതികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഇസ്‌തിരിപ്പെട്ടികള്‍ വ്യാപകമായിരിക്കുന്നു. പ്രധാനമായി താപനിയന്ത്രകവും അല്ലാത്തതുമായ രണ്ടുതരം വൈദ്യുത ഇസ്‌തിരിപ്പെട്ടികളാണുള്ളത്‌. വൈദ്യുത ഇസ്‌തിരിപ്പെട്ടികളില്‍നിന്ന്‌ കരിയും പുകയുമുണ്ടാകുന്നില്ല. എന്നു മാത്രമല്ല അവ ഉപയോഗിക്കുന്നതിനും കൂടുതല്‍ സൗകര്യമുണ്ട്‌. നോ. വൈദ്യുത ഗാര്‍ഹികോപകരണങ്ങള്‍

(പി.വി. ദേവിദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍