This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌താന്‍ബുള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസ്‌താന്‍ബുള്‍

Istanbul

തുര്‍ക്കി റിപ്പബ്ലിക്കിലെ ഏറ്റവും വലിയ തുറമുഖവും നഗരവും. 1923 വരെ തുര്‍ക്കിയുടെ തലസ്ഥാനവും ഇസ്‌താന്‍ബുള്‍ തന്നെ ആയിരുന്നു. മുമ്പ്‌ ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെയും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെയും തലസ്ഥാനമായിരുന്ന ഈ നഗരം പ്രാചീനകാലത്ത്‌ ബൈസാന്തിയം (ബിസാന്‍ഷിയം) എന്നും എ.ഡി. 330 മുതല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നും അറിയപ്പെട്ടിരുന്നു. കരിങ്കടലിനും മെഡിറ്ററേനിയനും ഇടയ്‌ക്കുള്ള കടല്‍മാര്‍ഗത്തില്‍ ബോസ്‌പറസ്‌ കടലിടുക്കിന്റെ തെക്ക്‌ പടിഞ്ഞാറേ അറ്റത്ത്‌ തന്ത്രപ്രാധാന്യമുള്ള സ്ഥലത്താണ്‌ ഇസ്‌താന്‍ബുള്‍ സ്ഥിതിചെയ്യുന്നത്‌. പുരാതനകാലത്ത്‌ കരമാര്‍ഗമുള്ള വാണിജ്യത്തിന്റെ കേന്ദ്രസ്ഥാനം എന്ന നിലയില്‍ വന്‍ശക്തികള്‍ ഈ സ്ഥാനം കൈയടക്കാന്‍ ശ്രമിച്ചിരുന്നു.

സുല്‍ത്താന്‍ അഹമ്മദ് നിര്‍മിച്ച പള്ളി: ഇസ്‌താന്‍ബുള്‍

ബി.സി. 660-ല്‍ കോറിന്ത്‌ എന്ന നഗരരാഷ്‌ട്രം ഇവിടെ ബൈസാന്തിയം എന്ന പേരില്‍ ഒരു ഗ്രീക്കു കോളനി സ്ഥാപിക്കുകയുണ്ടായി. പിന്നീട്‌ റോമാസാമ്രാജ്യത്തിന്റെ ഭാഗമായ ബൈസാന്തിയത്തില്‍ കോണ്‍സ്റ്റന്റീന്‍ 324-ല്‍ താമസമുറപ്പിക്കുകയും റോമന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ ഇവിടെനിന്നു ഭരിക്കാനുള്ളതന്ത്രം ആവിഷ്‌കരിക്കുകയും ചെയ്‌തു. നഗരത്തിന്‌ കോണസ്റ്റന്റീന്‍ നല്‌കിയ പേരാണ്‌ കോണ്‍സ്റ്റാന്റിനോപ്പിള്‍. അദ്ദേഹവും പിന്‍ഗാമികളുമാണ്‌ നഗരം റോമന്‍മാതൃകയില്‍ പുതുക്കിപ്പണിതത്‌. റോമാനഗരം ഏഴു കുന്നുകളില്‍ പടുത്തുയര്‍ത്തിയിട്ടുള്ളതുപോലെയായിരുന്നു ഇതിന്റെയും നിര്‍മിതി. റോമാചക്രവര്‍ത്തിയായ തിയഡോഷ്യസ്‌ 413-ല്‍ ബലമുള്ള കോട്ടകള്‍ കെട്ടി, നഗരത്തെ സുരക്ഷിതമാക്കി. റോമാസാമ്രാജ്യം രണ്ടായി പിരിഞ്ഞപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, പൗരസ്‌ത്യ റോമാസാമ്രാജ്യത്തിന്റെ (ബൈസാന്തിയന്‍ സാമ്രാജ്യം) ഔദ്യോഗിക തലസ്ഥാനമായി. ജസ്റ്റിനിയന്‍ ചക്രവര്‍ത്തി (527-555) നിര്‍മിച്ച സന്താസോഫിയാപള്ളിയാണ്‌ ബൈസാന്തിയന്‍ കലകളുടെയും വാസ്‌തുശില്‌പത്തിന്റെയും ഉത്തമമാതൃക. 11 നൂറ്റാണ്ടുകാലം കോണ്‍സ്റ്റാന്റിനോപ്പിള്‍ കലാപരവും രാഷ്‌ട്രീയവുമായി യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. യൂറോപ്പ്‌ അന്ധകാരയുഗത്തില്‍ മുങ്ങിയിരുന്നപ്പോള്‍ അവിടത്തെ വിജ്ഞാനദീപം കെടാതെ സൂക്ഷിച്ചിരുന്നത്‌ കോണ്‍സ്റ്റാന്റിനോപ്പിളില്‍ മാത്രമാണ്‌. ഗ്രീക്ക്‌-ലത്തീന്‍ സംസ്‌കാരങ്ങളും റോമന്‍ നിയമസംഹിതാപാരമ്പര്യങ്ങളും അവിടെ സംരക്ഷിക്കപ്പെട്ടു. ഈ പൈതൃകമാണ്‌ പിന്നീടുണ്ടായ നവോത്ഥാനത്തിന്റെ അടിത്തറ. തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി. തുര്‍ക്കികളുടെ വരവോടെയാണ്‌ ഇസ്‌താന്‍ബുള്‍ എന്ന പേര്‌ പ്രചാരം നേടുന്നത്‌. തുര്‍ക്കികളുടെ ആക്രമണത്തിനിരയായ പട്ടണം പുനര്‍നിര്‍മിക്കപ്പെട്ടശേഷം ഒട്ടോമന്‍ തലസ്ഥാനമായി. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ആയുഷ്‌കാലം മുഴുവന്‍ അതിന്റെ തലസ്ഥാനം ഇസ്‌താന്‍ബുള്‍ തന്നെയായിരുന്നു (1453-1922). തുര്‍ക്കി റിപ്പബ്ലിക്കായതിനെത്തുടര്‍ന്ന്‌ ചില മാസങ്ങളോളം തലസ്ഥാനം ഇസ്‌താന്‍ബുള്‍ ആയിരുന്നു എന്നാല്‍ 1925-ല്‍ അങ്കാറ തുര്‍ക്കിയുടെ തലസ്ഥാനമായതോടെ ആ പദവി ഇസ്‌താന്‍ബുളിനു നഷ്‌ടമായി. ചരിത്രപ്രാധാന്യമുള്ള 200-ലധികം മുസ്‌ലിം പള്ളികളും 40 യഹൂദപള്ളികളും 175-ഓളം ക്രിസ്‌ത്യന്‍ പള്ളികളും ഇവിടെ സ്ഥിതിചെയ്യുന്നു. ഇന്നും ഇസ്‌താന്‍ബുള്‍ തുര്‍ക്കിയുടെ വ്യവസായ-വാണിജ്യ രംഗങ്ങളിലും സാംസ്‌കാരിക മണ്ഡലങ്ങളിലും നിര്‍ണായകമായ സ്വാധീനത ചെലുത്തിപ്പോരുന്നു. രണ്ടു വന്‍കരകള്‍ കൂട്ടിമുട്ടുന്ന തന്ത്രപ്രധാനമായ സ്ഥാനത്തു നിലകൊള്ളുന്ന ഈ തുറമുഖം എക്കാലവും അന്താരാഷ്‌ട്രവിനിമയങ്ങളില്‍ അതിപ്രധാനമായ പങ്ക്‌ വഹിച്ചുപോരുന്നു. 1873-ല്‍ ഏഷ്യയിലും യൂറോപ്പിലുമുള്ള വിവിധ നഗരങ്ങളുമായി റെയില്‍ബന്ധം നിലവില്‍വന്നു. യെസില്‍കോയ്‌ (സാന്‍ സ്റ്റീഫാനോ) വിമാനത്താവളം അന്താരാഷ്‌ട്ര വ്യോമഗതാഗതത്തിലെ ഒരു സുപ്രധാന കേന്ദ്രമാണ്‌.

ഇസ്‌താന്‍ബുളിലെ ഒരു ദ‍ൃശ്യം

പുരാതനനഗരം സ്ഥിതിചെയ്യുന്ന ത്രികോണാകൃതിയിലുള്ള മുനമ്പിന്റെ തെക്ക്‌ മര്‍മറാ കടലും വടക്ക്‌ ഗോള്‍ഡന്‍ ഹോണ്‍ എന്നു വിളിക്കപ്പെടുന്ന കടലിടുക്കും സ്ഥിതിചെയ്യുന്നു. 10 കി.മീ. നീളമുള്ള ഗോള്‍ഡന്‍ ഹോണ്‍ യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന ബോസ്‌പറസ്‌ ജലസന്ധിയുടെ ഒരു ശാഖയാണ്‌. ഇന്നത്തെ ഇസ്‌താന്‍ബുള്‍ പുരാതനനഗരത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ നാനാദിശകളിലേക്കും വികസിച്ചിരിക്കുന്നു. ബോസ്‌പറസ്‌ തീരത്തുകൂടി യൂറോപ്പുഭാഗത്തു ശാരിയാ വരെയും ഏഷ്യന്‍ഭാഗത്ത്‌ ബേക്കസ്‌ വരെയും വ്യാപിച്ചിട്ടുള്ള നഗരാധിവാസം പടിഞ്ഞാറ്‌ ഇയൂപ്‌, കുഷ്യുക്‌ ഷെക്‌മീസ്‌ എന്നിവിടങ്ങള്‍വരെയും ഏഷ്യാഭാഗത്ത്‌ മര്‍മറാ തീരത്തെ ഊസ്‌കൂദാര്‍, കാഡികോയ്‌, മോഡ, ബോസ്റ്റന്‍സി തുടങ്ങിയ നഗരങ്ങളെ ഗ്രസിച്ച്‌ പ്രിന്‍സെസ്‌ ദ്വീപുകള്‍വരെയും വികാസം പ്രാപിച്ചിരിക്കുന്നു. തുര്‍ക്കിയിലെ വിദേശവ്യാപാരത്തില്‍ സിംഹഭാഗവും ഇസ്‌താന്‍ബുളിലൂടെയാണ്‌ നടക്കുന്നത്‌. രാജ്യത്തെ പ്രധാന കപ്പല്‍നിര്‍മാണകേന്ദ്രങ്ങള്‍ ഈ നഗരത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. തുണിത്തരങ്ങള്‍, തുകല്‍സാധനങ്ങള്‍, ചുരുട്ട്‌, കളിമണ്‍ സാധനങ്ങള്‍, സിമന്റ്‌, കച്ചാടി, സോപ്പ്‌ തുടങ്ങിയവ ഇവിടെ വന്‍തോതില്‍ നിര്‍മിച്ചുവരുന്നു. ജനസംഖ്യ: 13,854,740 (2012).

തുര്‍ക്കിയുടെ സാംസ്‌കാരിക കേന്ദ്രമാണ്‌ ഇസ്‌താന്‍ബുള്‍. നഗരത്തിലെ ജനങ്ങളില്‍ 80 ശതമാനം പേരും സാക്ഷരരാണ്‌. തുര്‍ക്കിയിലെ ഏറ്റവും വലുതും പുരാതനവുമായ ഇസ്‌താന്‍ബുള്‍ ദേശീയസര്‍വകലാശാല 30,000 അധ്യേതാക്കളെ ഉള്‍ക്കൊള്ളുന്നതാണ്‌. സാങ്കേതികവിദ്യാകേന്ദ്രം, ലളിതകലാ അക്കാദമി, സംഗീതപഠന കേന്ദ്രം തുടങ്ങിയവയുടെ ആസ്ഥാനവും ഇസ്‌താന്‍ബുള്‍തന്നെയാണ്‌. ഇസ്‌ലാമിനെ സംബന്ധിച്ച ആധികാരികഗ്രന്ഥങ്ങളുടെ ഹസ്‌തലിഖിതശേഖരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഗ്രന്ഥശേവധിയും, ചരിത്രപ്രധാനങ്ങളായ സ്‌മാരകങ്ങളും പുരാവസ്‌തുക്കളും സംഭൃതമായിട്ടുള്ള നിരവധി മ്യൂസിയങ്ങളും ഇസ്‌താന്‍ബുളില്‍ ഉണ്ട്‌. ഗ്രീക്കു പാത്രിയാര്‍ക്കീസിന്റെ ആസ്ഥാനം ഇവിടെയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍