This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസാക്കി, ലിയൊ (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസാക്കി, ലിയൊ (1925 - )

Esaki Leo

ലിയൊ ഇസാക്കി

ജാപ്പനീസ്‌ ഭൗതിക ശാസ്‌ത്രജ്ഞന്‍. 1973-ല്‍ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു. റിയൊന ഇസാക്കി (Reona Esaki) എന്നും വിളിക്കപ്പെടുന്ന ലിയൊ ഇസാക്കി 1925 മാ. 12-ന്‌ ജപ്പാനിലെ ഓസക്കയില്‍ ജനിച്ചു. ടോക്കിയൊ സര്‍വകലാശാലയില്‍നിന്നും ഭൗതികശാസ്‌ത്രത്തില്‍ ബിരുദവും (1947) പിഎച്ച്‌.ഡിയും (1959) കരസ്ഥമാക്കി. സോണി കോര്‍പ്പറേഷനില്‍ 1956-ല്‍ മുഖ്യ ഭൗതിക ശാസ്‌ത്രജ്ഞനായി ചുമതല ഏറ്റെടുത്തശേഷം ക്വാണ്ടം ഭൗതികത്തിലും ഇലക്‌ട്രാണിക്‌ ടണലിങ്ങിലും പഠനങ്ങള്‍ നടത്തി. അര്‍ധചാലക പദാര്‍ഥങ്ങളില്‍ വളരെ ഉയര്‍ന്ന തോതില്‍ ഡോപ്പിങ്‌ നടത്തി ചാലക സവിശേഷതകളില്‍ വ്യതിയാനം സൃഷ്‌ടിക്കുന്ന രീതികളെ വിശദമായി അപഗ്രഥിച്ച്‌ പ്രഥമ ക്വാണ്ടം ഇലക്‌ട്രാണിക്‌ ഉപകരണമായ ഇസാക്കി ടണല്‍ ഡയോഡ്‌ രൂപകല്‌പന ചെയ്‌തത്‌ ഇദ്ദേഹമാണ്‌. പില്‌ക്കാലത്ത്‌ (1973) നോബല്‍ പുരസ്‌കാരം ലഭിക്കാന്‍ വഴിയൊരുക്കിയതും പ്രസ്‌തുത പരീക്ഷണ നിരീക്ഷണങ്ങളാണ്‌.

70-80-കളില്‍ ന്യൂയോര്‍ക്കിലെ ഐ.ബി.എം. (IBM) ഗവേഷണശാലയില്‍ അര്‍ധചാലക സൂപ്പര്‍ലാറ്റിസ്‌, ടണലിങ്‌, ക്വാണ്ടം വെല്‍ (quantum well) തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന്‌ നേതൃത്വം നല്‌കി. തന്റെ പഠന ഗവേഷണങ്ങള്‍ക്ക്‌ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. നിഷിത മെമ്മോറിയല്‍ അവാര്‍ഡ്‌ (1959), ഫ്രാങ്ക്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സ്റ്റുവര്‍ട്ട്‌ ബാലന്റയില്‍ മെഡല്‍ (1961), ജപ്പാന്‍ അക്കാദമി അവാര്‍ഡ്‌ (1965), അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ഇന്റര്‍നാഷണല്‍ പ്രസ്‌ ഫൊര്‍ ന്യൂ മെറ്റീരിയല്‍സ്‌ (1985), ഐ.ഇ.ഇ.ഇ. (IEEE) മെഡല്‍ ഒഫ്‌ ഓണര്‍ (1991) മുതലായവ ഇതിനുദാഹരണങ്ങളാണ്‌. ജപ്പാനിലെ വിവിധ സര്‍വകലാശാലകളില്‍ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ച ഇദ്ദേഹം 2006 മുതല്‍ ഇസാക്കിയിലെ യൊക്കൊഹാമ കോളജ്‌ ഒഫ്‌ ഫാര്‍മസിയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍