This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസഹാക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇസഹാക്ക്‌

Isaac

ഒരു ബൈബിള്‍ കഥാപാത്രം. യൂഹൂദരുടെ പൂര്‍വികനായ അബ്രഹാമിന്‌ തന്റെ നിയമാനുസൃതഭാര്യയായ സാറായില്‍ ഉണ്ടായ പുത്രന്‍. അബ്രഹാമിന്‌ നൂറുവയസ്സുള്ളപ്പോള്‍ ഭാര്യയായ സാറായില്‍ ഒരു പുത്രന്‍ ജനിക്കും എന്ന്‌ അരുളപ്പാട്‌ ഉണ്ടായതായി വേദപുസ്‌തകത്തില്‍ പറയുന്നു (ഉല്‌പത്തി പുസ്‌തകം: 17-ാം അധ്യായം). അബ്രഹാമിന്‌ തന്നിലുള്ള വിശ്വാസം പരീക്ഷിക്കുന്നതിനായി സാറായില്‍ ജനിച്ച ഇസഹാക്കിനെ ബലി കഴിക്കണമെന്നു യഹോവ ആവശ്യപ്പെട്ടു എന്നാണ്‌ കഥ. അബ്രഹാം അതിനു തയ്യാറായപ്പോള്‍ യഹോവ ആ യത്‌നം തടസ്സപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്‌തു (ഉല്‌പത്തി: 22). ഇസഹാക്കിന്‌ വിവാഹപ്രായമെത്തിയപ്പോള്‍ അബ്രഹാം പുത്രന്‌ വധുവായി കണ്ടെത്തിയത്‌ റിബേക്കയെയാണ്‌; (ഉല്‌പത്തി പുസ്‌തകം: 24). സഹോദരനായ നാഹോറിന്റെ പൗത്രിയായിരുന്നു ഇവര്‍. വന്ധ്യയായിരുന്ന റിബേക്കയില്‍ ഒരു പുത്രനുണ്ടാകാന്‍ വേണ്ടി ഇസഹാക്ക്‌ യഹോവയോടു പ്രാര്‍ഥിച്ചു എന്നും അതിന്റെ ഫലമായി ഇരട്ടകളായി ഏശാവും യാക്കോബും ജനിച്ചുവെന്നും സൂചനയുണ്ട്‌ (ഉല്‌പത്തി: 25). ഏശാവ്‌ ജ്യേഷ്‌ഠാവകാശം യാക്കോബിനു വിട്ടുകൊടുത്തുവെന്നും വാര്‍ധക്യത്തില്‍ അന്ധനായ ഇസഹാക്ക്‌ മരിക്കുന്നതിനു മുമ്പ്‌ ഏശാവിനു നല്‌കാനിരുന്ന അനുഗ്രഹങ്ങള്‍ കപടവേഷം കെട്ടി യാക്കോബ്‌ സ്വായത്തമാക്കിയെന്നും പറയുന്നുണ്ട്‌ (ഉല്‌പത്തി: 27). 180-ാമത്തെ വയസ്സില്‍ ആയിരുന്നു ഇസഹാക്കിന്റെ അന്ത്യം എന്ന്‌ വേദപുസ്‌തകത്തില്‍ പറയുന്നു. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇസ്രായേല്യരുടെ കുലപതിയും പ്രവാചകനുമാണ്‌ ഇസഹാക്ക്‌. ഖുര്‍ആനിലും ബൈബിളിലും തന്റെ ഏകജാതനായ പുത്രനെ ബലിയറുക്കാന്‍ ഇബ്രാഹീമിനു (അബ്രഹാമിന്‌) സ്വപ്‌നദര്‍ശനമുണ്ടായിയെന്നാണ്‌ പരാമര്‍ശിക്കുന്നത്‌. ഇസ്‌ലാംമതവിശ്വാസികള്‍ ഇബ്രാഹീമിന്റെ രണ്ടാംഭാര്യയായ ഹാജറില്‍ ജനിച്ച ഇസ്‌മായേലിനെയാണ്‌ ബലിപുത്രനായി പരിഗണിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍