This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഷ്‌ടാപൂർത്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇഷ്‌ടാപൂര്‍ത്തങ്ങള്‍

യാഗാദികളായ പുണ്യകര്‍മങ്ങളുടെയും കിണറു കുഴിക്കുക തുടങ്ങിയ ജനോപകാരപ്രദങ്ങളായ കര്‍മങ്ങളുടെയും അനുഷ്‌ഠാനം. ഇഷ്‌ടവും പൂര്‍ത്തവും കൂടിയതാണ്‌ ഇഷ്‌ടാപൂര്‍ത്തം; "ഇഷ്‌ടം ച പൂര്‍ത്തം ച തയോഃ സമാഹാരഃ പൂര്‍വപദദീര്‍ഘം ച' എന്ന്‌ ഇത്‌ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഇഷ്‌ടം എന്നാല്‍ യാഗാദി കര്‍മാനുഷ്‌ഠാനം; ഇല്ലാതിരുന്നതിനെ ഉണ്ടാക്കുകയാണ്‌ പൂര്‍ത്തം; അതായത്‌ പൂര്‍ത്തിയാക്കല്‍. ആത്മശ്രയസ്സിനു വേണ്ടിയുള്ളവ ഇഷ്‌ടകര്‍മങ്ങളും പരോപകാരാര്‍ഥം നിര്‍വഹിക്കപ്പെടുന്നവ പൂര്‍ത്തകര്‍മങ്ങളുമാണെന്ന്‌ വ്യവച്ഛേദിക്കപ്പെട്ടിരിക്കുന്നു.

"അഗ്നിഹോത്രം തപഃ സത്യം വേദാനാഞ്ചാനുപാലനം
ആതിഥ്യം വൈശ്വദേവം ച ഇഷ്‌ടമിത്യഭിധീയതേ
വാപീകൂപതടാകാദിദേവതായതനാനി ച
അന്നപ്രദാനമാരാമാഃ പൂര്‍ത്തമിത്യഭിധീയതേ'
 

എന്നാണ്‌ പുരാണപ്രസിദ്ധി. അഗ്നിഹോത്രയാഗം അനുഷ്‌ഠിക്കല്‍, സത്യപാലനം, വേദങ്ങളുടെ സംരക്ഷണം, ആതിഥ്യകര്‍മം, വൈശ്വദേവാനുഷ്‌ഠാനം എന്നിവയാണ്‌ യാഗാദിസത്‌കര്‍മങ്ങള്‍. കുളം വെട്ടുക, കിണറു കുഴിക്കുക, തടാകം നിര്‍മിക്കുക, ദേവാലയങ്ങള്‍ സ്ഥാപിക്കുക, സാധുക്കള്‍ക്ക്‌ ആഹാരം നല്‌കുക, ഉദ്യാനമുണ്ടാക്കുക (ചോലമരങ്ങള്‍ വച്ചുപിടിപ്പിക്കുക) ഇവയെല്ലാമാണ്‌ പൂര്‍ത്തകര്‍മങ്ങള്‍. ഈ രണ്ടുവിധ കര്‍മങ്ങളും ദേവതാപ്രീതികരങ്ങളും പുണ്യകരങ്ങളുമാണെന്നാണ്‌ കരുതപ്പെടുന്നത്‌. പാക്കനാര്‍ പൂര്‍ത്തത്തെപ്പറ്റി ഇങ്ങനെ പറഞ്ഞതായി ഒരു പഴഞ്ചൊല്ലുണ്ട്‌. ""നട്ടൂല്‍ കൂട്ടു, കൂട്ടൂല്‍ തോണ്ടൂ, തോണ്ടൂല്‍ തൂര്‍ക്കൂ എന്ന്‌; പുതുതായി ഒരു ദേവാലയം ഉണ്ടാക്കുന്നതിനെക്കാള്‍ പഴയ അമ്പലങ്ങളുടെ ജീര്‍ണോദ്ധാരണം ചെയ്യുന്നതാണ്‌ നല്ലത്‌; പുതുതായി കുളം, കിണറ്‌ തുടങ്ങിയവ കുഴിക്കുന്നതിനെക്കാള്‍ തൂര്‍ന്നു കിടക്കുന്നവയെ തോണ്ടിക്കുന്നതാണ്‌ മെച്ചം; അതിലും മേന്മയേറിയതാണ്‌ അന്നദാനം എന്നാണ്‌ പാക്കനാര്‍ പറഞ്ഞതിന്റെ താത്‌പര്യം. ഇവയുടെ അനുഷ്‌ഠാനങ്ങളില്‍ നിന്നു ലഭ്യമാകുന്ന പുണ്യസഞ്ചയം അഭികാമ്യമായി കരുതപ്പെടുന്നു.

(ഡോ. എന്‍.പി. ഉച്ചി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍