This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാന്‍സ്‌, മാർട്ടിന്‍ ജോണ്‍ (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇവാന്‍സ്‌, മാർട്ടിന്‍ ജോണ്‍ (1941 - )

Evans, Martin John

മാര്‍ട്ടിന്‍ ജോണ്‍ ഇവാന്‍സ്‌

നോബല്‍സമ്മാനിതനായ (2007) ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍. ചുണ്ടെലികളുടെ ഭ്രൂണമൂലകോശങ്ങളെ (Embryonic stem cells) പെരീക്ഷണശാലയില്‍ ആദ്യമായി സംവര്‍ധനം (culture) ചെയ്‌തെടുത്ത (1981) ശാസ്‌ത്രകാരനാണിദ്ദേഹം. ഭ്രൂണമൂലകോശങ്ങള്‍ ഉപയോഗപ്പെടുത്തി ചുണ്ടെലികളില്‍ ജീന്‍പരിവര്‍ത്തനം സാധ്യമാക്കിയതിന്റെയും ഇത്‌ മനുഷ്യരോഗചികിത്സയില്‍ വരുത്തിത്തീര്‍ക്കാവുന്ന വിപ്ലവകരമായ മുന്നേറ്റത്തിന്റെയും അടിസ്ഥാനത്തില്‍ ശരീരക്രിയാവിജ്ഞാനം അഥവാ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം മാറിയോ കപീച്ചി, ഒളിവര്‍ സ്‌മിത്തിസ്‌ എന്നിവരുമായി ഇദ്ദേഹം പങ്കുവയ്‌ക്കുകയുണ്ടായി.

മാര്‍ട്ടിന്‍ ജോണ്‍സ്‌ ഇവാന്‍സ്‌ 1941 ജനുവരി 1-ന്‌ ഇംഗ്ലണ്ടിലെ ഗ്‌ളൗസെര്‍സ്റ്റെര്‍ഷയറിലുള്ള സ്‌ട്രൗഡില്‍ ജനിച്ചു. ബാല്യകാലം മുതല്‍ ശാസ്‌ത്രവിഷയങ്ങളില്‍ തത്‌പരനായിരുന്ന ഇദ്ദേഹം ജീവശാസ്‌ത്രം, രസതന്ത്രം, ജൈവരസതന്ത്രം എന്നീ വിഷയങ്ങളില്‍ പഠനം നടത്തുകയും 1963-ല്‍ ക്രസ്റ്റ്‌ കോളജില്‍നിന്നും ബിരുദം കരസ്ഥമാക്കുകയും ചെയ്‌തു. ഇതിനുശേഷം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജില്‍ ഉപരിപഠനം നടത്തുകയും 1969-ല്‍ പിഎച്ച്‌.ഡി. നേടുകയുമുണ്ടായി. തുടര്‍ന്ന്‌ അവിടെ അധ്യാപകവൃത്തി സ്വീകരിച്ച ഇവാന്‍സ്‌ ഗവേഷണം തുടരുകയും ചെയ്‌തു. 1978-ല്‍ കേംബ്രിജ്‌ സര്‍വകലാശാലയിലെ ജനിതകശാസ്‌ത്രവിഭാഗത്തില്‍ച്ചേര്‍ന്നു. 1990-കളില്‍ സെന്റ്‌ എഡ്‌മണ്ട്‌സ്‌ കോളജില്‍ ഗവേഷകനായും പ്രവര്‍ത്തിച്ചു. 1999-ല്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയിലെ സസ്‌തനി ജനിതകശാസ്‌ത്ര വിഭാഗത്തില്‍ പ്രാഫസറും സ്‌കൂള്‍ ഒഫ്‌ ബയോസയന്‍സ്‌ ഡയറക്‌ടറുമായി ജോലിയില്‍ പ്രവേശിച്ച ഇവാന്‍സ്‌ 2007-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു. 2012-ല്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയുടെ ചാന്‍സലറായി.

ഇവാന്‍സിന്റെ ഗവേഷണമേഖല വികസനാത്മക ജീവശാസ്‌ത്രം (Developmental Biology) ആയിരുന്നു. മാത്യു കൗഫ്‌മാന്‍ (Mathew Kaufman) എന്ന സഹഗവേഷകനോടൊപ്പം ചുണ്ടെലിയുടെ എംബ്രിയോബ്‌ളാസ്റ്റ്‌ (Embryoblast) ഘട്ടത്തിലുള്ള ഭ്രൂണത്തില്‍ നിന്നും ഭ്രൂണമൂലകോശങ്ങളെ വേര്‍തിരിച്ചെടുക്കുന്നതില്‍ ഇവാന്‍സ്‌ വിജയിച്ചു. ഈ ഭ്രൂണമൂലകോശങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ചുണ്ടെലികളുടെ ഏതൊരു കോശത്തിലേക്കും വിഭേദന (differentiate) വിധേയമാകാന്‍ കെല്‌പുള്ളവയായിരുന്നു. ഈ ഭ്രൂണമൂലകോശങ്ങളെ ജനിതകപരമായി ഇവാന്‍സും കൗഫ്‌മാനും പരിവര്‍ത്തനം ചെയ്യുകയും പെണ്‍ചുണ്ടെലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്‌തു. ഇത്‌ വളര്‍ന്ന്‌ ജനിതക പരിവര്‍ത്തനം നേടിയെടുത്ത ജീവിയായി പിറവിയെടുക്കുകയുണ്ടായി. വിപ്ലവകരമായ ഈ നേട്ടം ജീവശാസ്‌ത്രരംഗത്തെ ഒരു നാഴികക്കല്ലു തന്നെയായി മാറി. തുടര്‍ന്നും ഇവാന്‍സ്‌ ഈ രംഗത്തുനടത്തിയ ഗവേഷണപഠനങ്ങളാണ്‌ ഇദ്ദേഹത്തിന്‌ നോബല്‍ സമ്മാനം നേടിക്കൊടുത്തത്‌.

റോയല്‍ സൊസൈറ്റി ഫെലോ (1993), അക്കാദമി ഒഫ്‌ മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപക ഫെലോ (1998), വികസനാത്മക ജീവശാസ്‌ത്രഗവേഷണമികവിനുള്ള അമേരിക്കയുടെ മാര്‍ച്ച്‌ ഒഫ്‌ ടൈംസിന്റെ വാര്‍ഷിക പുരസ്‌കാരം (1999), അടിസ്ഥാന വൈദ്യശാസ്‌ത്രഗവേഷണത്തിനുള്ള ആല്‍ബര്‍ട്ട്‌ ലാസ്‌കര്‍ അവാര്‍ഡ്‌ (2001), ന്യൂയോര്‍ക്ക്‌ മൗണ്ട്‌ സിനായ്‌ സ്‌കൂള്‍ ഒഫ്‌ മെഡിസിന്റെ ഓണററി ഡോക്‌ടറേറ്റ്‌ (2002), വൈദ്യശാസ്‌ത്രരംഗത്തെ സേവനങ്ങളെ ആദരിച്ച്‌ പ്രഭുപദവി (2004), ഇംഗ്ലണ്ടിലെ ബാത്ത്‌ സര്‍വകലാശാലയുടെ ഓണററി ഡോക്‌ടറേറ്റ്‌ (2005), ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ ഓണററി ഡോക്‌ടറേറ്റ്‌ (2008), റോയല്‍ സൊസൈറ്റി ഒഫ്‌ മെഡിസിന്റെ ഗോള്‍ഡ്‌ മെഡല്‍ (2009), റോയല്‍ സൊസൈറ്റിയുടെ കോപ്‌ലീ മെഡല്‍ (2009), ഫാരഡേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപദേശകസമിതി അംഗത്വം (2009) എന്നിവ ഇവാന്‍സിനു ലഭിച്ച അംഗീകാരങ്ങളില്‍ ചിലത്‌ മാത്രമാണ്‌.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍