This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാന്‍സ്‌, ആർതർ ജോണ്‍ (1851 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇവാന്‍സ്‌, ആര്‍തര്‍ ജോണ്‍ (1851 - 1941)

Evans, Arthur John

ബ്രിട്ടീഷ്‌ പുരാവസ്‌തു ഗവേഷകനും എഴുത്തുകാരനും. പ്രശസ്‌ത നാണയവിജ്ഞാനീയ വിദഗ്‌ധനായ ജോണ്‍ ഇവാന്‍സിന്റെ പുത്രനായി 1851 ജൂല. 8-ന്‌ ഹെര്‍ട്‌ഫോര്‍ഡ്‌ഷയറില്‍ ജനിച്ചു. ഹാരോവ്‌, ഓക്‌സ്‌ഫഡ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍തര്‍ ഇവാന്‍സ്‌ 1884-1908 കാലയളവില്‍ ഓക്‌സ്‌ഫഡിലെ ആഷ്‌വോളന്‍ മ്യൂസിയത്തിന്റെ മേധാവിയായി സേവനം അനുഷ്‌ഠിച്ചു. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ചരിത്രാതീത പുരാവസ്‌തുവിജ്ഞാനീയത്തിന്റെ പ്രാഫസറായി 1909-ല്‍ നിയമിതനായതോടുകൂടിയാണ്‌ ഇദ്ദേഹം ആ ശാഖയില്‍ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.

ക്രീറ്റ്‌ ദ്വീപിലെ പ്രാചീനനാണയങ്ങളെയും ശിലാഫലകലിഖിതങ്ങളെയും കുറിച്ചു പഠനം നടത്താന്‍ ഇവാന്‍സ്‌ അവിടം സന്ദര്‍ശിക്കുന്നത്‌ 1894-ലാണ്‌. അക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി ഫിനീഷ്യന്‍ കാലത്തിനു മുമ്പുള്ള ക്രീറ്റന്‍ സംസ്‌കാരത്തെക്കുറിച്ച്‌ ഇദ്ദേഹം ക്രീറ്റന്‍ പിക്‌റ്റോഗ്രാഫി ആന്‍ഡ്‌ പ്രീ-ഫിനീഷ്യന്‍ സ്‌ക്രിപ്‌റ്റ്‌ (Cretan Pictography and Pre-Phoenician Script)എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു (1895). ക്രീറ്റില്‍ പ്രാചീന നോസെസ്‌ രാജധാനി സ്ഥിതിചെയ്‌തിരുന്നതെന്നു കരുതപ്പെട്ടിരുന്ന സ്ഥലം ഇവാന്‍സ്‌ വിലയ്‌ക്കുവാങ്ങി അവിടെ ഉത്‌ഖനനങ്ങള്‍ ആരംഭിച്ചത്‌ അക്കാലത്താണ്‌. ഒരു കൊല്ലം നീണ്ടുനിന്ന ഈ ഉത്‌ഖനനത്തിന്റെ ഫലമായി കണ്ടെത്തിയ പഴയ കൊട്ടാരത്തിന്റെ നഷ്‌ടാവശിഷ്‌ടങ്ങള്‍ ഇതിഹാസകഥാപാത്രമായ മിനോസ്‌ രാജാവിന്റെ കൊട്ടാരത്തിന്റേതാണെന്ന്‌ ഇദ്ദേഹം നിര്‍ണയിച്ചു. അവിടെ കണ്ട നാഗരികതയെ ഇവാന്‍സ്‌ മിനോവന്‍ സംസ്‌കാരമെന്നാണ്‌ നാമകരണം ചെയ്‌തത്‌.

പിന്നീടുള്ള 25 വര്‍ഷക്കാലം പുരാതന ചരിത്രാനാവരണത്തിന്‌ വിനിയോഗിച്ച ഇവാന്‍സിന്‌ താമ്രയുഗാവശിഷ്‌ടങ്ങള്‍ക്കും മുമ്പുള്ള നവീനശിലായുഗസംസ്‌കാരത്തിന്റെ പല ലക്ഷ്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. മിനോവന്‍ ലേഖനങ്ങളടങ്ങിയ മൂവായിരത്തോളം ഫലകങ്ങളും ഇവാന്‍സ്‌ പുറത്തുകൊണ്ടുവന്നു. മിനോവന്‍ സംസ്‌കാരത്തിന്റെ വ്യാപനം നിര്‍ണയിക്കാന്‍ തന്റെ പ്രവര്‍ത്തനരംഗം ഇദ്ദേഹം ഈജിപ്‌തിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. പ്രാചീന മെഡിറ്ററേനിയന്‍ ചരിത്രത്തിന്‌ ഇവാന്‍സ്‌ നേടിക്കൊടുത്ത പുതിയ അറിവുകളുടെ ഫലമായി "സര്‍' സ്ഥാനമുള്‍പ്പെടെ (1911) പല ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചു.

ത്രു ബോസ്‌നിയ (Through Bosnia, 1895), ആന്റിക്വേറിയന്‍ റിസര്‍ച്ചസ്‌ ഇന്‍ ഇലീറിയം (Antiquarian Researches in Illyrium, 1883-'85); ക്രീറ്റന്‍ പിക്‌റ്റോഗ്രാഫി ആന്‍ഡ്‌ പ്രീ-ഫിനീഷ്യന്‍ സ്‌ക്രിപ്‌റ്റ്‌ (Cretan Pictography and Pre-Phoenician Script, 1895), ഫേര്‍തര്‍ ഡിസ്‌കവറീസ്‌ ഇന്‍ ക്രീറ്റന്‍ ആന്‍ഡ്‌ ഈജിയന്‍ സ്‌ക്രിപ്‌റ്റ്‌ (Further Discoveries in Cretan and Aegean Script, 1898), ദ് മൈസീനിയന്‍ ട്രീ ആന്‍ഡ്‌ പില്ലര്‍ കള്‍ട്ട്‌ (The Mycenaean Tree and Pillar Cult, 1901); സേ്‌ക്രിപ്‌റ്റാ മിനോവ (Scripta Minoa, 1909), ദ്‌ പാലസ്‌ ഒഫ്‌ മിനോസ്‌ അറ്റ്‌ നോസെസ്‌ (The Palace of Minos at Knossos, 1922-'35) എന്നിവയാണ്‌ ഇവാന്‍സിന്റെ മുഖ്യ പ്രസിദ്ധീകരണങ്ങള്‍.

1941 ജൂല. 11-ന്‌ ഓക്‌സ്‌ഫഡില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍