This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാനോവിച്ച്‌, അന (1987 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇവാനോവിച്ച്‌, അന (1987 - )

Ivanovic, Ana

അന ഇവാനോവിച്ച്‌


സെര്‍ബിയന്‍ ടെന്നീസ്‌ താരം. ഗ്രാന്റ്‌സ്ലാം ഉള്‍പ്പെടെ വിമന്‍ ടെന്നീസ്‌ അസോസിയേഷന്റെ 11-ഓളം ടൂര്‍ണമെന്റുകളില്‍ ജേതാവായിട്ടുള്ള അന ഇവാനോവിച്ച്‌ 2004 മുതല്‍ ലോക ടെന്നീസില്‍ സജീവമാണ്‌. 1987 ന. 6-ന്‌ ബെല്‍ഗ്രഡിലാണ്‌ ജനനം. ബെല്‍ഗ്രഡിലെ സര്‍വകലാശാലയില്‍നിന്ന്‌ ഫിനാന്‍സ്‌ ബിരുദം നേടിയ ഇവാനോവിച്ച്‌ കുട്ടിക്കാലം മുതല്‍ക്കുതന്നെ മോണിക്കാ സെലസിന്റെ ടെന്നീസ്‌ ശൈലിയില്‍ ആകൃഷ്‌ടയായിരുന്നു.

2004-ലാണ്‌ ഇവാനോവിച്ച്‌ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങുന്നത്‌. 2004-ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ റച്ചര്‍ അപ്പായതോടെ ഇവര്‍ ശ്രദ്ധിക്കപ്പെടുന്ന താരവുമായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്യമായ നേട്ടങ്ങളൊന്നും കൊയ്യാനായില്ലെങ്കിലും ഗ്രാന്റ്‌സ്ലാം മത്സരങ്ങളില്‍ വീനസ്‌ വില്യംസ്‌, സെറീന വില്യംസ്‌, അമേലി മൗറിസ്‌മോ, നദിയ പട്രാവ, മരിയ ഷരപ്പോവ തുടങ്ങിയ മുന്‍നിരതാരങ്ങള്‍ക്കു മുമ്പില്‍ വന്‍വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനം കാഴ്‌ചവയ്‌ക്കാനായി.

2007, 08 വര്‍ഷങ്ങള്‍ ഇവാനോവിച്ചിന്റേതായിരുന്നു. 2007-ലെ ഫ്രഞ്ച്‌ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റച്ചര്‍ അപ്പായ ഇവര്‍ തൊട്ടടുത്ത വര്‍ഷം ജേതാവാകുകയും ചെയ്‌തു. 2008-ലെ ആസ്റ്റ്രലിയന്‍ ഓപ്പണിലും ഇവാനോവിച്ച്‌ റച്ചര്‍ അപ്പായി. ആ വര്‍ഷം ഒന്നാംനമ്പര്‍ പട്ടവും ഇവര്‍ക്ക്‌ സ്വന്തമായി. പരിക്ക്‌ കാരണം ഇവാനോവിച്ചിന്‌ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്യമായ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചില്ല. ഡബിള്‍സില്‍ സെര്‍ബിയയുടെ തന്നെ ദോക്യോവിച്ചിനൊപ്പം കോര്‍ട്ടിലിറങ്ങിയെങ്കിലും അതിലും ശോഭിക്കാനായില്ല. എങ്കിലും വേഗമാര്‍ന്ന നീക്കത്തിലൂടെയും ശക്തിയേറിയ സെര്‍വുകളിലൂടെയും ഗ്രൗണ്ട്‌ സ്‌ട്രാക്കുകളിലൂടെയും ഇവര്‍ ഗാലറികളില്‍ ആവേശം സൃഷ്‌ടിച്ചു.

സാമൂഹിക പ്രവര്‍ത്തനരംഗത്തും ഇവാനോവിച്ച്‌ സജീവമാണ്‌. 2007-ല്‍ യുനിസെഫിന്റെ സെര്‍ബിയന്‍ ദേശീയ അംബാസഡറായി ഇവര്‍ നിയമിതയായി. കായികലോകത്തും അല്ലാതെയുമായി നിരവധി പുരസ്‌കാരങ്ങള്‍ ഇവാനോവിച്ചിനെ തേടിയെത്തിയിട്ടുണ്ട്‌. സോണി എറിക്‌സന്റെ ഡബ്ല്യു.റ്റി.എ. ടൂര്‍ മോസ്റ്റ്‌ ഇംപ്രൂവ്‌ഡ്‌ പ്ലെയര്‍ പുരസ്‌കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്‌. 2008-ല്‍ മൈക്കിള്‍ വെസ്റ്റ്‌ഫാല്‍ അവാര്‍ഡും തേടിയെത്തി. ഇപ്പോള്‍ ലോക 17-ാം നമ്പര്‍ താരമായ (2012 നവംബറിലെ കണക്കനുസരിച്ച്‌) ഇവാനോവിച്ച്‌ സ്വിറ്റ്‌സര്‍ലണ്ടിലെ ബേസലിലാണ്‌ താമസം. (കെ. സുല്‍ഹഫ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍