This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇളയരാജ (1943 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇളയരാജ (1943 - )

ഇളയരാജ

ഇന്ത്യന്‍ സംഗീതജ്ഞന്‍. മൂന്ന്‌ ദശാബ്‌ദത്തിലേറെയായി സംഗീത ലോകത്ത്‌ നിറഞ്ഞു നില്‍ക്കുന്ന ഇളയരാജയുടെ ഈ മേഖലയിലെ സംഭാവനകള്‍ മഹത്തരമായാണ്‌ പരിഗണിക്കപ്പെടുന്നത്‌. സിംഫണി അവതരിപ്പിച്ച ആദ്യത്തെ ഏഷ്യാക്കാരനാണ്‌ ഇദ്ദേഹം.

1943 ജൂണ്‍ 2-ന്‌ തേനിയിലെ ഒരു ക്രിസ്‌ത്യന്‍ ദലിത്‌ കുടുംബത്തില്‍ ജനിച്ചു. ഡാനിയേല്‍ രാജയ്യ എന്നാണ്‌ യഥാര്‍ഥ നാമം. ലണ്ടന്‍ ട്രിനിറ്റി കോളജ്‌ ഒഫ്‌ മ്യൂസിക്കില്‍നിന്നു ബിരുദമെടുത്ത ഇളയരാജ ചെന്നൈയിലെ പ്രാഫ. ധന്‍രാജിന്റെ ശിക്ഷണത്തില്‍ ക്ലാസ്സിക്കല്‍ സംഗീതത്തില്‍ അവഗാഹം നേടി. സംഗീതസംവിധാന രംഗത്തേക്ക്‌ വരുന്നതിനുമുമ്പ്‌ സലില്‍ ചൗധരിയുടെ സംഗീത ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.

1976-ല്‍ പുറത്തിറങ്ങിയ "അന്നക്കിളി' എന്ന തമിഴ്‌ ചിത്രത്തിനുവേണ്ടിയാണ്‌ ഇളയരാജ ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്‌. പന്നീട്‌ ആറ്‌ ഭാഷകളിലായി 900-ത്തോളം ചിത്രങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. മൂന്നാംപിറ, സാഗര സംഗമം, തേവര്‍മകന്‍, ദളപതി ശിവ, ഓളങ്ങള്‍, മൈഡിയര്‍ കുട്ടിച്ചാത്തന്‍, പാ, കാലാപാനി, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം ആസ്വാദകശ്രദ്ധ നേടിയവയായിരുന്നു. ബി.ബി.സി. നടത്തിയ ഒരു ഹിത പരിശോധനയില്‍ ജനങ്ങള്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട 10 ഗാനങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തത്‌ ഇളയരാജ സംഗീതം നല്‌കിയ ദളപതിയിലെ "രാക്കമ്മ' എന്ന ഗാനമാണ്‌. നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചനയും ആലാപനവും ഇളയരാജ നിര്‍വഹിച്ചിട്ടുണ്ട്‌. 1996-ല്‍ ബംഗളൂരില്‍ നടന്ന ലോകസൗന്ദര്യ മത്സരത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത്‌ ഇദ്ദേഹമാണ്‌. ദക്ഷിണേന്ത്യന്‍ നാടോടി സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രണമാണ്‌ ഇളയരാജയുടെ സംഗീതം. 2010-ല്‍ രാജ്യം ഇദ്ദേഹത്തിന്‌ പദ്‌മഭൂഷന്‍ നല്‍കി ആദരിച്ചു. മൂന്നു പ്രാവശ്യം മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഇളയരാജയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. മക്കളായ കാര്‍ത്തിക്‌ രാജ, യുവാന്‍ ശങ്കര്‍ രാജ, ഭാവതരിണി എന്നിവരും സംഗീതലോകത്ത്‌ സജീവമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B3%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C_(1943_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍